Posts

Showing posts from 2021

മധുരനെല്ലിക്കകൾ

Image
നോക്കു വാചാലമായ പ്രായം.. വാക്കു വാസനിക്കുന്ന കാലം. നോക്കു വാക്കിനു പകരമായായിരം വാക്യമാല്യം പകർന്നജാലം. മൊട്ടുടൽ തൊട്ടുനോക്കാതെ നോക്കുകിൽ, പൊട്ടിയങ്ങുവിരിയുന്ന പ്രായം. ഒട്ടൊരാലസ്യഭാവം നിറയുന്ന മുഗ്ദലാവണ്യ ദാവണിക്കാലം. ഞെട്ടടർന്നങ്ങു വീണുപോം പ്രായം.... അറ്റമല്പം കടിച്ചോമനിക്കും നിൻ കൊച്ചുദാവണിയാകുവാൻ മോഹം.. കൂർത്തനിൻമിഴിത്തുമ്പുകളെയ്യുന്ന നേർത്ത തേനമ്പു കൊള്ളുവാൻ മോഹം. നാട്ടുമാൻചുനപ്പാടുമറയ്ക്കുവാൻ, പുസ്തകങ്ങളടക്കുമിടനെഞ്ചിൽ ചേർത്തുവച്ചിടാമെന്നയുമോർത്തു ഞാൻ, രാത്രിയേറെ പുളകിതനായതും, രാത്രിമഞ്ഞേറ്റുറങ്ങാതിരുന്നതും.. നാട്ടുമന്ദാര മൊട്ടുവിരിയുന്ന നേർത്തസന്ധ്യയിലീറനായ് നീയുമാ- നാട്ടിടവഴിയോരത്തുനിൽക്കുമീ  നിസ്വനായൊരു ദർശനം തന്നതും.. പാലൊളിതൂകി നിൽക്കുന്ന പൗർണ്ണമി പോലെനീനിന്നു മെല്ലെച്ചിരിച്ചതും... പാർവ്വണേന്ദുവോ നാണിച്ചുനിന്നതും... പാതിരാപ്പൂക്കളാകെ വിടർന്നതും... ആർദ്രമോമനേ നാം നട്ടരോർമ്മതൻ നേർത്തമുന്തിരിവള്ളികളിൽ വന്ന് ചേർക്കുമോർമ്മക്കുരുപ്പുനുണയവേ ആദ്യമല്പം വിഷാദം ചവർക്കിലും ഏറ്റവും സുഖം, മധുരം, സ്മരണകൾ..... കാട്ടുനെല്ലിക്കപോൽ കാത്തിടുന്നുഞാൻ. Sree. 19.9.21.

മൂന്നുഖണ്ഡികയിലെ കഥ

Image
ഖണ്ഡിക-1. (അതായത് കഥ) ഒരിടത്തൊരു കുഞ്ഞുപൂച്ചയുണ്ടായിരുന്നു.. ഏകാന്തത തീരെ മടുത്തപ്പോളത് ചിങ്ങേലിക്കാട്ടിലേക്ക് വണ്ടിയോടിച്ചുപോയി... അവിടെ വച്ചാണ് ഒരു സന്ധ്യയ്ക്ക്... പ്രശസ്തമായ ആ കടൽത്തീരത്തുവച്ചാണ് ഒരു സുന്ദരികാക്കയെ കണ്ടുമുട്ടുന്നത്.. സമാനചിന്താഗതിക്കാരുടെ സമാഗമം താമസിയാതെ വിവാഹത്തിലേക്കെത്തിച്ചു... കാലചക്രത്തിന്റെ ഒഴുക്കിനനുസരിച്ച് അവർക്ക് രണ്ടു കൺമണികൾ പിറന്നു... പൂച്ചമുഖവും വാലും കാക്കച്ചിറകുമായി പിറന്ന അവർ കാഴ്ചയ്ക്ക് സുന്ദരമായിരുന്നു. എന്നാൽ ആ സമൂഹം അവരെ കല്ലെറിഞ്ഞു. അവർ അവിടം വിട്ട് പലയിടത്തും പോയി പക്ഷെ ഏകസ്വത്വമില്ലാത്ത അവർക്ക് ഒരിടത്തും ജീവിക്കാനായില്ല. ഒടുവിൽ അവർ ഈ ഭൂമിയെ ശപിച്ച് ആത്മഹത്യചെയ്തു.... ശുഭം. ഖണ്ഡിക-2. (അഥവാ കമന്റുകൾ)  എന്തുവാടെ കഥ ഇങ്ങനെയാണോ കഥ നീയെന്താ കുട്ടികൾക്ക് കഥയെഴുതിയതാണോ... പിള്ളാരു കാണണ്ടാ നിന്റെ തലയടിച്ചു പൊളിക്കും...🥶🥶 ഇതെന്താ ഒരു ലോജിക്കുമില്ലാത്ത കഥ...🤣🤣 ഇങ്ങനാണോ കഥയെഴുതുന്നത്.... തുടരൂ മാഷേ.❤.  അനിതരസാധാരണമായ കുഞ്ഞുകഥ...🙂🙂 കഥയോട് ഇഷ്ടംകൂടി കഥാകാരനോടായിപ്പോകുന്നു....❤❤❤ ഇതാണ് കഥ ഇങ്ങനെവേണം കഥ....😢 "ഇതെന്തു ....... ഡാഷേ... വായനക്കാരനെ

വർഷചക്രം

Image
'കർക്കിടക'രാവുകളിൽ മരക്കൂട്ടം മുടിയഴിച്ചുലയണം. 'ചിങ്ങ'നിലാവിൽ  കദളിവാഴത്തടങ്ങളിൽ നിഴലുകൾ നിലാവിനൊത്തു കളംവരച്ചാടണം. കറുകവിളയുന്ന വരമ്പുകളിൽ 'കന്നി'കൊയ്ത്താടണം. 'തുലാ'മഴയിൽ കരകവിഞ്ഞൊഴുകണം നീ. 'വൃശ്ചിക'ക്കുളിരിൽ തിരുനെറ്റിഭസ്മം ചൂടണം, ഉടലാകെയൊരു ചൂട്, 'ധനു'ത്തിരുവാതിരയാടി വിയർപ്പാറ്റുന്ന തണുത്തരാവിൽ. മാമ്പൂമണമുയരണം 'മകര'മഞ്ഞിനൊപ്പമരികിൽ. തീചെമ്പകം കുറിക്കണംകാവിൽ  'കുംഭ'മാസക്കുരുതികൾ. നിറതെയ്യങ്ങളാടണം 'മീന'സന്ധ്യാതടങ്ങളിൽ.. 'മേട'രാശിക്കുതിർക്കണം രാക്കുയിൽപ്പാട്ടിടയ്ക്കിടെ, ഇടയിലിടവേളയില്ലാതെ പെയ്യണം 'ഇടവ'മാസപ്പെരുമഴ.. ഇവിടെയെത്തുകെൻ പൂമുഖം അതിവിശാലമാണോമനേ വരികചേർന്നൊന്നിരിക്കുക 'മിഥുന'മാണിനി മാസവും.          sree.

ഭയം_കൂട്ടാക്കിയ_യാത്രികന്റെ_ചിന്തകൾ

Image
ഒന്ന് ````````` പേടകയാത്രകൾക്ക് കൂട്ടിരുന്ന പരീക്ഷകനായിരുന്നു മനസ്സ്.  അടയാളസന്ദേശത്തിന്  കാത്തിരുന്നവൻ. കാത്തിരിപ്പിന്റെ  പകലിരവുകളിൽ കനവുകടഞ്ഞു തീർത്തുവച്ചത് കരളേറി, കടന്നുവന്നവരാരോ കവർന്നുപോയി.. ബാക്കിയയായതൊരുപിടി ചിന്തകൾ  കഴുമരത്തിനു കയറുപോൽ. രണ്ട് °°°°°°°°°° ദേശാന്തരങ്ങൾ താണ്ടി  പുണ്യനദികളിലാറാടി പുണ്യഗേഹങ്ങളെവണങ്ങി പിതാമഹൻ മടങ്ങിവന്നനാൾ....  പനയോലവിശറിയും ഭസ്മക്കിഴിയും വാങ്ങിസൂക്ഷിച്ചതെന്തിനാവോ..? യാത്രാമംഗളമോതി,  അവയേകുവാനായിരുന്നോ.? പരിത്യജിക്കലുകളില്ലാത്ത  തീർത്ഥാടനമാണ് ജീവിതം. കൂട്ടിച്ചേർക്കപ്പെടുന്ന പുണ്യങ്ങളാണ് ജിവിതയാത്രയിലെ ബന്ധങ്ങൾ.. ഓരോ നഷ്ടപ്പെടലുകളും  ഓരോ സ്വയം മരണങ്ങളായിരുന്നു..   മൂന്ന് ```````````` യാത്രകളവസാനിച്ചിരിക്കുന്നു...      ഒരുപിടി പൂക്കളാരാണീ അടയാളകുടീരത്തിലർപ്പിച്ചത്... ശവകുടീരത്തിലർപ്പിക്കപ്പെട്ട പുഷ്പങ്ങൾ നോക്കൂ... ഭാഗ്യ സൂനങ്ങളാണവ മൺമറഞ്ഞവനെക്കാൾ.... മണ്ണോട് ചേർന്നലിയുംവരെ ആരുമാരും ചവിട്ടിമെതിക്കപ്പെടാതെ...  അന്ത്യനിമിഷങ്ങളോർത്ത്, ആരും മുതലക്കണ്ണീരൊപ്പി വിലപിക്കാതെ...  സ്വസ്ഥജന്മങ്ങൾ..... അവയുടെ ഓരോ ഇതളഴുകിച്ചേരുന്നതും നോക്കി, കുഴിമാടഗർഭത്തിലിരിക്കയാണ

കുഞ്ഞും വാടിയും

Image
അഴകിയ മുറ്റത്തൊ- രഴകാർന്ന തുമ്പിപോൾ അരുമക്കിനാവൊന്ന് വെയിൽകായുമ്പോൾ... നിറയെപ്പൂക്കും നറു പനിനീർപ്പൂവിൻതല അറിയാതെ നാണിച്ചുതാഴ്ന്നുപോയീ... നടുമുറ്റത്തുളസിതൻ ദലമൊന്നുകൊതിയോടെ- യവളുടെ വാർമുടിത്തുമ്പുതേടീ.... ചെറുമുല്ലപ്പുഞ്ചിരി വരവേൽപ്പുപോലവെ, അവളുടെ വാർമുഖം നോക്കിനിന്നു... ചൊടികളിൽ വിടരുവാൻ കൊതിതേടി ചെന്തെറ്റി മലരുകൾ പുതുചിരിതൂകിനിന്നു.. നറുമന്ദാരം അകിൽ മണവുമായവളുടെ ചെറുചേലത്തുമ്പിൽ പടർന്നുനിന്നൂ.. ഒരുപിച്ചകവള്ളിയരുമയായവളുടെ നറുവിരലിൽ മുത്തിയോമനിച്ചു..  ചെറുമുറ്റത്തൊരുകൊച്ചു  വാസന്തം തീർക്കുന്ന നറുവാടി പൂർണ്ണതതേടിടാനായ് പുലരുമ്പോളോമനേ നിൻപദനിസ്വനം പതിവായി പതിവായി കാത്തിടുന്നു.  Sree... 14.11.21 4.10 am

ഖസാക്കിലെ കുടകൾ

Image
കൂനൻകാവിൽ ബസ്സ് ചെന്നുനിന്നപ്പോൾ ആ സ്ഥലം "കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ മാധവനും" പുതിയതായി തോന്നിയില്ല... കുട നന്നാക്കുന്ന ചോയിയുടെ അടുത്ത തലമുറയായി  ബീയേക്കാരൻ മാധവൻ മാറിയത് യാദൃച്ഛികമായല്ല..   ഇരുപത്തിയഞ്ചുപൈസക്ക്  രേവതിയുടെ കുട നന്നാക്കിയതിലൂടെയായിരുന്നു പരിവർത്തനം...  അതിനുമുന്നേ BA ക്കാരൻ മാധവൻ വെറും കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ മാധവനായിമാറിയിരുന്നു. പെങ്ങൾക്ക്  ഇരുപത്തഞ്ച് പവൻ നൽകാനാകാതെ തോറ്റുപോയ മാധവൻ...!. എന്നിട്ടും "ഡഗ്ലസ്സ് കാൽശരായി" വച്ചുനീട്ടിയ രണ്ടായിരംരൂപ നിരസിച്ച മാധവൻ..!.  ചോയിയുടെ ആത്മാവായി കുഞ്ഞിക്കുനിമുതൽ നാടാകെ കുടനന്നാക്കി ചോയിയുടെ അന്ത്യാഭിലാഷം നിറവേറ്റിയശേഷമാണ് മാധവൻ പുസ്തകമേറിയത്.. മാധവൻ കൂനൻകാവിലെത്തിയതും യാദൃച്ഛികമായല്ല..., *മുന്നൂറ്റിയേഴ് പേജുകളിലായി പരന്നുനിറഞ്ഞ കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ, കുടനന്നാക്കുന്ന ബീയേക്കാരൻ മാധവൻ , കവിയുടെ പുസ്തകക്കൂട്ടത്തിലെത്തിയിട്ട് വർഷം പത്തായി...  ആദ്യമൊക്കെ ആ വിശ്രമം മാധവൻ നന്നായി ആസ്വദിച്ചു... പിന്നെ കവിയുടെ തുണിസഞ്ചിയിലിടക്കിടെ ഒരുയാത്ര... ഇപ്പോൾ കുറച്ചധികകാലമായി കവിയാലും ശ്രദ്ധിക്കപ്പെടാ

നിന്നിൽ_തുടങ്ങിയൊടുങ്ങുന്നു...

Image
നീയൊരു ഹിമശൈലമാണെന്നറിഞ്ഞപ്പോൾ, അലിയാതെ കാക്കേണ്ട കടമയോർത്തു. ആരോഹണങ്ങളിൽ നീയൊന്നുരുകിയാൽ; ഞാന്‍ മുങ്ങിയമരുവാൻ വേണ്ടുവോളം. നീയൊരു കടലെന്നറിഞ്ഞപ്പോൾ നിൻ മീതേ,  വീശാതിരിക്കേണ്ട കാര്യമോർത്തു. അലകളായ് അലറികുതിച്ചു നീ ഉയരുകിൽ  ഒരുമണൽ കൂനഞാനെന്തുചെയ്യും. നീയൊരു കനലെന്നറിഞ്ഞപ്പോൾ നിൻ മുന്നില്‍ നിശ്വസിച്ചീടാതിരിക്കയായ് ഞാന്‍, എൻശ്വാസമേറ്റുനീയാളിപ്പടർന്നെന്നാൽ പടുമരം ഞാന്‍ പിന്നെ ബാക്കിയുണ്ടോ. നീയൊരു സ്ത്രീയെന്നറിഞ്ഞ നാൾ ഞാനിതാ, കാതര്യനായൊരു കുംഭകാരൻ. നീയെന്ന നീലക്കടൽനുകരുമ്പോൾ നീ, നീളെപ്പറക്കുന്ന പക്ഷിയാകും നിൻതൂവൽതേടി ഞാനാകാശം പൂകുമ്പോൾ  നീയൊരു നീല ഗഗനമാകും ആമേഘക്കീറിൽ ഞാൻ ആശ്വാസം കൊള്ളുമ്പോൾ നീയൊരു പേമാരിയാർത്തുപെയ്യും ആമഴ മെല്ലെ നനയാനിരിക്കവെ നീയൊരു കുഞ്ഞുതടാകമാകും... രൂപാന്തരങ്ങളിന്നേറെയുണ്ടെങ്കിലും നീയൊരു പെണ്ണായിത്തന്നെവേണം നീർമിഴിക്കോണിലൊരായിരംകാന്തിക, മേഘസന്ദേശങ്ങൾ ചേർക്കവേണം ചാരത്തിരിക്കിലും ദൂരത്തുമേവുന്ന പൈക്കിടാവെന്നപോലായിടേണം ആയിരമാവർത്തി വായിച്ചിടീലും നീ വായനയ്ക്കപ്പുറം തന്നെവേണം.. ജന്മാന്തരങ്ങളിലിന്നലെപ്പോലെനീ അമ്മയായ് പെങ്ങളായ് കാമിനിയായ് പിന്നെമകളായവതരിച്ചീടണമെങ്കിലോ ജീവിതം പൂ

മൗനത്തിന്റെ വില

Image
ശബ്ദകോലാഹലമാണ് നീയെങ്കിൽ ശബ്ദമില്ലാത്ത ശക്തനാണു ഞാൻ കിലുകിലാരവമുന്നയിച്ചാലും നീ പഥിതപാത്രത്തിൽ പൊഴിയുന്ന തുട്ടുകൾ.. ഒരുസ്വരവുമുതിർക്കില്ല കനമില്ല, പെരിയവിലയാണ് കാവലിലാണുഞാൻ.. "നിറയെനിന്നു ചിലക്കിലും ഭാരത്താൽ വലിയതെന്നു നിനയ്ക്കിലുമോർക്കണം വാഗ്മിയാകേണ്ട ശബ്ദം ചമയ്ക്കേണ്ട മൂല്യമേറുവാൻ മൗനവുമായിടാം..." നോട്ടു നാണയത്തോടിതു ചെല്ലുന്നു ഓർക്ക മൗനത്തിൻ  വില തീർച്ചവയ്ക്കേണ്ട. -sree-

ഭ്രാന്ത് അരമതിലിനപ്പുറം ഇപ്പുറവും

Image
എനിക്കും നിനക്കും ഭ്രാന്താണ്.... നമുക്കു നമ്മളിൽ ഭ്രാന്താണ്.. നമുക്കുചുറ്റും ഭ്രാന്തില്ലാത്തവരുടെ ലോകവും... നീ കൈചേർത്തുപിടിച്ചത്, ഞാൻ ചുണ്ടുകളുരസിയത്, നീ നെഞ്ചോരം ചാരിയത്, ഞാനത് ഹൃദയധമനികളാൽ ബന്ധിച്ചു നിർത്തിയത് ഭ്രാന്തല്ലാതെയെന്താണത്..? എനിക്കും നിനക്കും ഭ്രാന്താണ്.... നമുക്കുനമ്മളിൽ ഭ്രാന്താണ്.. നമുക്കുചുറ്റും ഭ്രാന്തില്ലാത്തവരുടെ ലോകവും... നീ പുഴപോലൊഴുകിയപ്പോൾ ഞാനൊരു പട്ടമായുയർന്നത്, നീ ശലഭക്കൂടുതീർത്തപ്പോൾ ഞാനൊരു വേനൽ മഴയായത്.., നീ വിരഹിണിയായപ്പോൾ ഞാനൊരു മേഘദൂതുതേടിയത്, നീയന്നൊരു പുൽനാമ്പിലെ തണലുകൊണ്ടത്.. ഭ്രാന്തല്ലാതെയെന്താണത്..? ഞാനൊരു മഴക്കീറായാകാശം പിളർന്നത്, നീയതിൽ നനനനഞ്ഞനാൾ ഞാൻ നിന്നിലൂടൊഴുകിയത്, നീ നിന്നെയറിഞ്ഞത്.. ഞാൻ നിന്നിലൂടറിഞ്ഞത്.. ഭ്രാന്തല്ലാതെയെന്താണത്..? എനിക്കും നിനക്കും ഭ്രാന്താണ്.... നമുക്കുനമ്മളിൽ ഭ്രാന്താണ്.. നമുക്കുചുറ്റും ഭ്രാന്തില്ലാത്തവരുടെ ലോകവും... നമുക്കുചുറ്റും ഭ്രാന്തില്ലാത്തവരുടെ സുരലോകമാണ് മറുമരുന്നാണവരുടെ വാക്കുകൾ, വദനങ്ങൾ മരുന്നുഭരണികൾ, ഭ്രാന്തുരച്ചെറിയുന്ന സിദ്ധമരുന്നുവൈദ്യന്മാർ, നീയെന്റെ ഭ്രാന്തിൽ കുടികൊള്ളുമ്പോൾ ഞാനാ ഭ്രാന്തിൻ രസമറിയവേ, ചികിത്

വഴികൾ മറയുമ്പോൾ

Image
ഓർമ്മകളിൽ തെളിയുന്നൊരു വഴിയുണ്ട്...  ഒറ്റയ്ക്കു നടന്നുവന്നൊരു നാട്ടുവഴി...! കോൺക്രീറ്റുകട്ടകളിൽ ഇരുപുറവും ഗോചരമല്ലാത്ത പെരുവഴിയല്ലത്... രാമച്ചവും നന്ദ്യാർവട്ടവും നാമമാത്രമതിരുതീർത്ത, വെള്ളാരംകല്ലുരുണ്ട നടവഴി. ഇന്ന്... ചിന്തകൾക്ക് വഴിതെറ്റിയിരിക്കുന്നു... ഇരുപുറവും എത്തിനോക്കലപ്രാപ്യമായ, ചൂടുഫലകങ്ങൾ പാകിയ, പുതുവഴികൾ  അപരിചിതവും.. ഭയംതീണ്ടിയവഴികളുപേക്ഷിച്ച് അടയിരിക്കയാണ്  ഗൃഹാതുരതകൾക്കുമേൽ ശാഖോപശാഖകൾ കെട്ടു പിണഞ്ഞ, വൻമരംപോലെയായ മനസ്സ്.  ഏത് മുറിക്കണം ഏത്  കരുതണമെന്നറിയാതെ .... ഇരുളില്‍ മഴുകൈ തടവി ഞാനും, ഇരുളിന് കട്ടികൂട്ടി  രാവും.. എന്നാലും... ഇരുട്ടിനെ പ്രണയിച്ചതെത്ര  നന്നായി..! തനിച്ചാവുന്നതുനോക്കി  ഒരു കൺപോളമറയ്ക്കപ്പുറം  മുഷിയാതെ  കാത്തിരിക്കുമവൾ.. പരാതികളില്ലാതെ പരിഭവങ്ങളും....! ...#ശ്രീ...

പച്ചമീനിന്റെ കച്ചോടം

Image
ചീഞ്ഞമീനല്പവും കടലിലേയില്ലെന്നും വാങ്ങാൻ മടിച്ചാണ്  ചീഞ്ഞതെന്നും മീൻകാരനിന്നും  പതിവുകാരോടായി ചുമ്മാ വിടുന്നുണ്ട് മീൻവേദാന്തം. കൈയ്യോടെ വാങ്ങിയാൽ വിലകൂട്ടുകില്ലേന്ന് പതിവുകാരിക്കൊരു മറുസന്ദേഹം ഇല്ല ചേച്ചി ഞങ്ങൾ "പെട്രോളു"കാരല്ല പച്ചമീനാണെ ഞാൻ, ചുമ്മാ വലക്കണ വെലപേശില്ല.  അല്ലേലുമീതർക്കം കണ്ടു ഞാൻ മിണ്ടില്ല അമ്മേണെ ഞാനിവിടുത്തതല്ല. -sree-

ഒരു ഓണപ്പാട്ട്

മലയാളം ദാവണി ചുറ്റുന്ന നാള് തിരുവോണ തിരുനാള്.... മലയാളമനസ്സിനെ പുളകിതമാക്കുവാൻ മാവേലിയെത്തുന്ന നാള് തിരുവോണ തിരുനാള്... ഒരുകുമ്പിൾപൂവിനാലൊരുകളം തീർക്കവേ, പൊലിയേ പൊലി പാടിയാടുന്ന ബാല്യം പടികേറിവരുമോണപൊട്ടന്റെ നാള് തിരുവോണത്തിരുനാള്... ഇലകൂട്ടിയമ്മവിളമ്പിയ നന്മ നറുപായസത്താൽ നുകർന്ന കാലം പഴയ കിനാവിന്റെ നറുവള്ളിയിൽ ഞാനും ചെറിയൊരു കളിയൂഞ്ഞാൽ കെട്ടിടും നാള്...  തിരുവോണ തിരുനാള്.... Sree. 23.09.2021

സിംഹാസനങ്ങൾ ഉച്ചയുറങ്ങുമ്പോൾ

Image
"സാർ ഇവിടംകൂടിയേ ഇനി ആശയുള്ളൂ..  മറ്റുമാർഗ്ഗങ്ങളില്ലാത്തതിനാലാണ്... ഇവിടുന്നും കൈവിട്ടാൽ..."  അതു പറയുമ്പോഴേക്കും അവരുടെ കണ്ണുകളിലൂറിയ ചെറുനനവിന് ചുവപ്പുനിറമാണെന്ന് തോന്നി..  തുളസീധരൻ ആകെ വിഷണ്ണനായി ഈ സ്ത്രീ ഇതു എത്രാമതാണ് ഈ ആവശ്യവുമായി എന്റെ മുന്നിൽ വരുന്നത്...   Legal heir certificate നൽകേണ്ടത്  തഹസീൽദാർ എന്നനിലയ്ക്ക് എന്റെ അധികാരത്തിൽ വരുന്നതാണെങ്കിലും അതിന്റെ അന്വേഷണ ചുമതല സ്ഥലം വില്ലേജാഫീസർക്കാണ്. അയാളെ നേരാംവണ്ണം കാണാത്തതുകൊണ്ടാണ് അയാൾ Report വൈകിപ്പിക്കുന്നതെന്നത് സെഷൻ ക്ലർക്ക് പറഞ്ഞത് സത്യമാണോ.... നാശം ഗവൺമെന്റ് ജീവനക്കാരെ ആകെ നാറ്റിക്കുന്നത് ഇവനെപ്പോലെയുള്ള ന്യൂനപക്ഷം നാറികളാ...  നിത്യവൃത്തിക്കു ദൈവത്തിനോട് സമരംചെയ്യുന്ന ഇവരെങ്ങനെയാണ് കൈക്കൂലി കൊടുത്ത് ഉദ്യോഗസ്ഥദൈവത്തെ പ്രീതിപ്പെടുത്തുക..  ഇവരുടെ സങ്കടം കണ്ടാണ്  വില്ലേജോഫീസറെ നേരിട്ട് വിളിച്ചു ചോദിച്ചത്... ഉച്ചസമയത്തായതിനാലാകും പലതവണ വിളിച്ചശേഷമാണ് ഒരു കോട്ടുവായുടെ അകമ്പടിയോടെ അയാൾ സംസാരിച്ചത്  അതയാൾക്ക് ദഹിച്ചുമില്ല, അതുകൊണ്ടാണല്ലോ യൂണിയൻ നേതാവ് വിളിച്ചു പരുഷമായി സംസാരിച്ചത്.. കഷ്ടം... ആലോചന കാടുകയറുകയാണ് പാവം സ്ത്ര

എന്റെ കവിത(11)

Image
എന്റെ കവിത...., കൂത്തമ്പലമച്ചിലെ വെള്ളരിപ്രാവാണത്.. ഞാനുറങ്ങുമ്പോഴും ഞാനുണർന്നിരിക്കിലും ഇടനെഞ്ചിലതു  കുറുകികൊണ്ടേയിരിക്കുന്നു. നിത്യം കേട്ടുപരിചരിച്ചൊരു- സോപാനസംഗീതതാളത്തിൽ. എന്റെ കവിത.... ഇളം തളിർപ്പടർപ്പുകളിലാണ് അതിന്റെ വാസം. വേനലറുതികാത്തുഴറി ഞാനാ- ചെറുവള്ളിപ്പടർപ്പുകളിലഭയം തേടുമ്പോൾ... നനുത്ത തൂവലുകളാൽ മഴമേഘങ്ങളെ ഘനീഭവിപ്പിച്ച് എന്നിലേക്കൊരുമഴ സന്നിവേശിപ്പിക്കുമത്... എന്റെ കവിത... മഴമേഘങ്ങളിലൊളിച്ചിരിക്കുന്ന ഇടിമുഴക്കങ്ങളേയല്ല... വേനൽ മഴയ്ക്കുശേഷം ഇളംതളിരുകളിലിരുന്ന് കുറുകുന്നൊരു കുരുന്നു കുരുവിയുടെ  കുറുമ്പാണത്... ശ്രീ

അൾഷിമേഴ്സ്

Image
തീർച്ചയായും നാം ഓർമ്മനശിച്ചവർ പുരപൊളിച്ചേറിയോൻ കലമുടയ്ക്കുമെന്നതും പുരപണിയാനെന്തും പണയമാക്കുമെന്നുമോർക്കാത്തവർ... തീർച്ചയായും നാം പ്രതിഷേധം മറന്നവർ  മുതുകിൽ  സൗജന്യസഞ്ചികളാൽ നുകംകെട്ടിയ കാളകൾ തീർച്ചയായും നമ്മൾ അൾഷിമേഴ്സ് ബാധിതർ മറവികൾ മഹാഭാഗ്യമായ് പേറുവോർ.. തീർച്ചയായും നമ്മൾ പെരുവിരലുകൾ ഡിജിറ്റലൈസ് ചെയ്ത്, മെമ്മറിക്കാർഡുകളിലൊളിച്ചവർ.. തീർച്ചയായും നമ്മൾ ചൂണ്ടുവിരലുകൾ  ചൂണ്ടാൻ മറന്നവർ കാലാകാലങ്ങളിൽ ചൂണ്ടും വികാരങ്ങളെ നീലമഷികളാൽ മുക്കിയാറ്റുന്നവർ.. #ശ്രീ

പറയാതെ

Image
മുഷ്ടിചുരുട്ടി ആകാശത്തേയ്ക്കായുമ്പോൾ.. നൂറുചുവപ്പൻ അഭിവാദ്യങ്ങളെറിയുമ്പോൾ  സഖാവേ....  ഞാനൊരു പെണ്ണും  നീയൊരാണുമെന്നതു  മറന്നുപോയോ നാം...    വില്ലുവണ്ടിയേറി എന്നോ വിരുന്നുവരുമെന്ന് സ്വപ്നംകണ്ട  വിപ്ലവക്കരുത്തിനായി പടവാളുകൾ മെനയാൻ ഉലയൂതിപ്പെരുക്കുമ്പോൾ,  ആ തീക്കനലേറ്റ് കരിഞ്ഞുപോയോ  നാം പറയാൻ മറന്ന വാക്കും  അതിലൂടെ പിറവിയെടുക്കേണ്ടൊരു  പ്രണയഭ്രൂണവും...  നഷ്ടവസന്തത്തിന്റെ ഗദ്ഗദചിന്തകൾ ശുഷ്കബോധമണ്ഡലങ്ങളിൽ ചെറുസ്മരണകണുർത്തുമ്പോഴും, നമുക്കാവതില്ല മുഷ്ടിച്ചുരുളുകൾ നിർത്തിപ്പിടിക്കാൻ, ചുറ്റിവരിഞ്ഞൊന്നു പുണരാനും... ശ്രീ
Image
നിശയെത്തിയൊത്തിരി  നേരം കടന്നുപോയ് നിദ്രവന്നെന്തിനോ പടിവാതിലപ്പുറം കുറുകുന്നയിരവിലൊന്ന- ലിയാൻ കഴിഞ്ഞെങ്കിലി- രവിനുമപ്പുറമുണരാതിരിക്കണം ഒരുമുറം കനവുമായെത്തുന്ന നിദ്രയെ  അരുമയായ് പുണരണം അടരാതെ ചേരണം... ഒരുവേള ശുഭദിനം പറവതിനായിഞാൻ ഉണരുവാനിടയേതുമില്ലാതെയമരുകിൽ പരിഭവം ചേർക്കരുതെന്നോടു മിത്രമേ അരുമയായ് മൊഴിയുന്നു ശുഭരാത്രി കൂട്ടരേ...     #ശ്രീ
Image
കിളിവന്നു കൊഞ്ചിപ്പറഞ്ഞുനീയിനിയുമാ മലരണിക്കാടിലേക്കണയുന്നില്ലേ... ഉത്രാടരാത്രിയകന്നു, നാൾ തിരുവോണ പുലരി മഞ്ഞച്ചേല ചുറ്റിവന്നൂ... ഒരുകുടം തുമ്പപ്പൂ പൂത്തുലഞ്ഞൂ.... ഒരുകുടം മുക്കുറ്റി ചോപ്പണിഞ്ഞൂ... വരിക പൂക്കൂടയുമായെന്റെ പൂങ്കിളീ ഒരുകളം മൂടുവാൻ പൂവുതേടാം... ഒരുഗാനപല്ലവി പാടിനീയൂഞ്ഞാലി- ലായമിട്ടാടുമ്പോൾ കൂട്ടുപോരാം.. തിരുവോണപ്പാട്ടുകൾ പാടിയാടാം... Sree.

Unknown Call

Image
ഉച്ചസൂര്യന് ക്ഷീണംപോലെ.. വെയിലൊളി വിതറാൻ മടിച്ച് അങ്ങിങ്ങ് ചിതറിയ വെയിൽ നാളങ്ങളുമായി ആ നട്ടുച്ചനേരം കടന്നുപോകാൻ മടിച്ചെന്നപോലെ അന്തരീക്ഷം നിന്നു... ആദിത്യകിരണങ്ങൾ ഭൂമിയെ പൂണ്ടടങ്കം പുണർന്നില്ലയെങ്കിലും ടാർ റോഡിലെ ചൂടിനും പൊടിക്കും കുറവൊന്നുമില്ല... ബൈപാസ് റോഡുവിട്ട് ബൈക്ക് ഇടത്തേയ്ക്കുതിരിഞ്ഞു... ചിരപരിചിതമായ വഴി ബൈക്കിനും ഹൃദിസ്ഥമാണിപ്പോൾ... കൈകൾ ഹാൻഡിലിൽ വിശ്രമിക്കുംപോലെയാണ്. വണ്ടി പതിവുവഴിയിലൂടെ നിശ്ചിതവേഗത്തിലൊഴുകുന്നു... ഇനിയും ആറേഴു കിലോമീറ്റർകൂടിയേയുള്ളൂ വീട്ടിലേക്ക്... കൃസ്ത്യൻപള്ളികഴിഞ്ഞ്  ഗവൺമെന്റ് കണ്ണാശുപത്രിക്കുമുന്നിലൂടെ കടന്നുപോയപ്പോളാണ് ഇടനെഞ്ചിലൊരു കുഞ്ഞുറുമ്പു കരളുംപോലെ... ചെറിയ വേദന..!!      വണ്ടി സൈഡിലേക്കൊതുക്കി ഹെൽമറ്റ് ഊരി, തലയ്ക്ക്  അല്പം കാറ്റുകൊള്ളട്ടെ... അഞ്ചുനിമിഷം കഴിഞ്ഞ് വീണ്ടും ഹെൽമറ്റ് യഥാസ്ഥാനത്തുറപ്പിച്ചു.. "പുകയില നിങ്ങളുടെ ജീവിതം പുകച്ചുതീർക്കുന്നു..  പുകയില ഉൽപന്നങ്ങൾ ഉപേക്ഷിക്കുക...കൃത്യമായ ചികിത്സ നേടുക"   ഇടതുവശത്തെ ഗവൺമെന്റ് ജനറൽഹോസ്പിറ്റൽ മതിലിന്റെ ബോർഡിലെ വാക്യങ്ങൾ അപ്പോഴാണ് ശ്രദ്ധിച്ചത്... ഇത്രയും കാലം അതവിടെ ഉണ്ടായി

സ്ത്രീധനം

Image
ഞാൻ ഒന്നും  ചോദിച്ചിട്ടേയില്ല.. ദേ നിൽക്കുന്നു ചോദിച്ചു നോക്ക്യേ... അല്ലേലും  അതൊക്കെ എ ത്ര മോശം പെണ്ണിനെ നോക്കാൻ ഗതിയില്ലാത്തോൻ കെട്ടണ്ട.. അതേ.. മോൾക്ക് തന്യാ നല്ലൊരു പയ്യനെ വേണം. നൂറുപവനുണ്ടാകും നല്ലൊരു കാറും.. രണ്ടരയേക്കറും വീടും അവളുടെ പേരിലാ... അതിനൊത്ത പയ്യനെ വേണം.. നോക്കീം കണ്ടും വേണം.

ജാതകം

Image
എന്റെ കല്യാണസമയത്ത് അച്ഛനാണതൊക്കെ നോക്കിയത്... ഏയ്,.  എനിക്കിതിലൊന്നും വിശ്വാസമില്ലായിരുന്നു.. തട്ടിപ്പുകളാണെന്നേ... മകൾക്കോ...?.. ആ വേണം വേണം  നല്ലൊരു പയ്യനെ.. ജാതകം തരാം പിന്നേയ്..,  നോക്കീട്ട് പൊരുത്തമുള്ളതുമാത്രം  കൊണ്ടുവന്നാൽ മതി.. കേട്ടോ..  ..ശ്രീ..

വാല്മീകം

Image
ഉണ്ടവനും  ഉണ്ണിച്ചവളും തുല്ല്യമായി വീതിച്ചില്ല ഉണ്ടുകൂട്ടിയ പാപം..! നീ ഉണ്ടത്  ഞാനെന്തിനു ചുമക്കണമെന്ന് പ്രിയവേടത്തിയും മക്കളും..? കാലം വീണ്ടുമൊരു  വാല്മീകമൊരുക്കുന്നു....., ഇതിഹാസകഥകളെഴുതാൻ നാരായമുനകളൊടിഞ്ഞുപോയി.. വൃത്താലങ്കാരങ്ങളില്ലാത്ത, മാനവികതയുടെ  പടുകവിതയെങ്കിലും കുറിക്കാൻ ഇനിയുമൊരു മാമുനി പിറക്കുമായിരിക്കും... അവിടംവരെ...തപമാണ്  ഉടലുപേക്ഷിച്ചുപോകിലും മനസ്സ്... #ശ്രീ.

പൂക്കാതെ കായ്ക്കുന്ന മരങ്ങൾ

Image
ചിന്തയുടെ വേരുപടലങ്ങൾ..   ശിരസ്സിൽ നിന്ന് പടർന്നിറങ്ങി പാദംവരെ കെട്ടുപിണഞ്ഞൊരു  തടവറ തീർക്കയാണ്... ഉള്ളിലെ ഉന്മാദങ്ങളെ അനുസരിപ്പിച്ചടക്കാനൊരു കവചം. നീരുപൊട്ടിയൊലിച്ച് തായ്ത്തടിയിലൊരു ചെറുപുഴ..! സർഗ്ഗചേതനകളുടെ മന്ദമായൊരൊഴുക്കിനെ പകുതിയിലാറ്റിയുണക്കുന്നു വറുതികളിലും ശീതസൂര്യൻ, നിലംതൊട്ടൊഴുകാനിടയേകാതെ നിലതെറ്റിയുറഞ്ഞ ചിന്തകൾ.  ഉച്ചിയിൽനിന്നുച്ചത്തിലുയരുന്നു വാസനിക്കാത്ത വാക്കിന്റെ മുകുളങ്ങൾ. വിടരുന്നദലങ്ങളിലാകവേ വിദ്വേഷവിഷക്കുമിളകൾ. പൂക്കാതെമുളയ്ക്കുന്ന ഫലങ്ങളിൽ പുഴുക്കുത്തേറ്റ വിത്തുകൾ...  വിതയ്ക്കാനുതകാത്ത വിത്തുകൾ  പാഴ്നിലംതേടിപറക്കുന്നു.. പാഴ്ക്കിനാക്കളാൽ  പകലുവറ്റുന്നു.. ഇരവിലിനിയെന്തു സർഗ്ഗകാമന.       #ശ്രീ

എന്റെ കവിത (8)

Image
(കവിതയ്ക്ക് നിരൂപകൻ ശ്രീ സുരേഷ് മൊഴിമുറ്റത്തിന്റെ നിരൂപണം സഹിതം) നിരൂപണം കവിതയുടെ ലളിതമായ നിര്‍വ്വചനമൊരുക്കുന്ന രചനയാണ് മൊഴിമുറ്റം സഹയാത്രികന്‍ ശ്രീകുമാര്‍ ശ്രീ വായനയ്ക്കെത്തിച്ച 'എന്റെ കവിത' എന്ന സൃഷ്ടി. എന്റെ കവിത ഇത്തരത്തിലാണെന്നു പറയുമ്പോള്‍ കവിതകള്‍ ഇത്തരത്തിലാവണമെന്ന് കവിതയിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനുമനുഭവപ്പെടുകയാണെങ്കില്‍, ആത്മവിമര്‍ശനത്തിനതുതകുമെങ്കില്‍ മുഖപുസ്തകത്തില്‍ കവിതയെന്നപേരിലെത്തിച്ചേരുന്ന സൃഷ്ടികളുടെ ഗുണപരമായ നിലവാരമുയര്‍ത്താനാതുപകരിച്ചേക്കാം.  വെറും വരികളുടെ സമന്വയത്വത്തിനപ്പുറം കവിത വായനക്കാരുമായി സംവദിക്കുന്നവിധം എന്റെ കവിത വെളിവാക്കുകയാണ്. ഭാവനയ്ക്കും കാല്പനികതയ്ക്കുമൊപ്പം യാഥാര്‍ത്ഥ്യത്തിന്റെ അംശംകൂടി ഉള്‍ക്കൊള്ളുമ്പോള്‍ കാവ്യശാഖയ്ക്ക് സത്യസന്ധത കൈവരിക്കുകയും അത് മാനുഷികതലത്തിലേക്കിറങ്ങി മാനവികത കൈവരിക്കുകയും ചെയ്യുന്നു. കവിത മഷിത്തണ്ടിനിണങ്ങുന്ന പുള്ളിവാലന്‍തുമ്പിയായി ഗൃഹാതുരത്വവും ഓര്‍മ്മകളും അനുഭവങ്ങളുമാകുമ്പോള്‍ത്തന്നെ തന്റെ കുഞ്ഞിച്ചിറകാല്‍ മഞ്ഞുതുള്ളിക്കനവുകളെ നെറുകയിലേക്കു തെറ്റിവീഴ്ത്തുമ്പോള്‍ സ്വപ്നസദൃശ്യമയക്കത്തില്‍നിന്ന് നമ്മെയുണര്‍ത്തു

ഉണ്ണിയുടെ സന്ധ്യകൾ

Image
നാമജപം കഴിഞ്ഞ് മുത്തശ്ശി ഒരു ചെമ്പരത്തിയിതളെടുത്തു തിരിനാളത്തെ ഒപ്പിയണയ്ക്കും... ഉമ്മറപ്പടിയിലെ തൂക്കുവിളക്കിലെ നാളം അപ്പോഴും തെളിയുന്നുണ്ടാകും. വല്യമാമ വരുംവരെ നിന്നുകത്താൻ അതിനവകാശമുണ്ട്. എന്നാൽ അണയ്ക്കാനായി ആരും ചെല്ലാത്ത പടിപ്പുരപ്പുറത്തെ ദീപം..! അതു ഇളയമ്മയാണ് തെളിയിക്കാറുള്ളത്, അതു കാറ്റത്തോ മഴയേറ്റോ അല്ലെങ്കിൽ എണ്ണവറ്റിയോ നേരത്തെതന്നെ സമാധിയാകും.. അതിന്റെ ചൂടാറുംമുമ്പ് മതിലുവഴിയൊരു കണ്ടൻപൂച്ച ആ തിരിക്കുഴി നക്കിതുടച്ചുവയ്ക്കും...  സന്ധ്യാവന്ദനം കഴിഞ്ഞാൽ ഉണ്ണിയുടെ മനസ്സ് ഉമ്മറത്തിനു പുറത്തെ തൊടിയിലെ ഇരുട്ടിനൊപ്പം ഒരോട്ടപ്പാച്ചിലിലാണ്.. ഉമ്മറത്ത് വല്യമാമനെ കാത്തിരിക്കെ, ഉണ്ണി പടിപ്പുരക്കപ്പുറത്ത് മറ്റാരും കാണാത്ത കാഴ്ചകൾ കണ്ട് അങ്ങനെ ഇരിക്കും...  ""അങ്ങാടിയിലേക്കുള്ള വഴിതാണ്ടി ഒരാൾ വരുന്നു... നീലിച്ചുതുടങ്ങിയ വലതു കാൽവണ്ണയിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്.. പടിപ്പുരവരെ വന്നപ്പോഴേക്കും ദേഹമാകെ നീലിച്ച്,.. വിറങ്ങലിച്ച് അകത്തേക്ക് വീഴുന്നു...! ഒരപശബ്ദമുണ്ടാക്കിക്കൊണ്ട് കണ്ടൻപുച്ച കുറുകെ പാഞ്ഞുപോകുമപ്പോൾ. പിന്നെ തന്റെ വായിൽനിന്ന് മുലക്കണ്ണ് വലിച്ചെടുത്ത് അകത്ത് ഏതോമുറിയിൽ അലമുറയി

ഒരു ലളിതഗാനം

#ഒരു_ലളിതഗാനം കൂത്തമ്പലത്തിന്റെ അരമതിൽചാരിനീ കൂത്തുകഴിഞ്ഞിട്ടും നിന്നതെന്തേ.. കൂട്ടുചമയങ്ങളഴിച്ചുഞാൻ പോരുമ്പോൾ  കൂട്ടുവരാൻ കാത്തുനിന്നതാണോ...       (കൂത്തമ്പലത്തിന്റെ...) ഫൽഗുനവേഷത്തിലാടിഞാൻ നിൽക്കുമ്പോൾ  ചിത്രാംഗദയായിരുന്നുനീ.., ഞാനപ്പോൾ, ഉത്തരാസ്വയംവരമാടിനിന്നൂ.. ഉത്തരീയംകൊണ്ട് മെയ്പാതിമറച്ചനീ ഉത്തമമാം ദാരുശില്പമായ്നിന്നൂ ഉത്സവതുടിതാളമുയിരാകെ നിറഞ്ഞൂ...       (കൂത്തമ്പലത്തിന്റെ...) കൃഷ്ണനാട്ടം പകർന്നാടുവാനായിഞാൻ കൃഷ്ണവേഷംചാർത്തികാത്തിരിക്കേ കേളികൊട്ടുണരുന്നവേളയിലാരാരും കാണതെ ചാരത്തുവന്നതെന്തേ കാതരവാക്കുകൾ ചോരുമ്പോളാമിഴി കോണിൽ തെളിഞ്ഞതിന്നേതുരാഗം..     (കൂത്തമ്പലത്തിന്റെ....)  #ശ്രീ

എന്റെ കവിത

Image
ധനുക്കുളിരുള്ള പുലരിയിൽ തളിരിലത്തുമ്പിലൂടെ,  അടരാൻ വെമ്പിനിൽക്കുന്ന  മഞ്ഞുതുള്ളിയാണെന്റെ  കവിത, നറുമഞ്ഞുനനച്ച പൂഞ്ചോലക്കുളിരിൽ ആടിപ്പാടുന്ന  തിരുവാതിര നർത്തകിയാണത്... അതിന്റെ കസവുടയാടകളിലെ തനുവിയർപ്പിനെ പാരിജാതസുഗന്ധത്താൽ ഒപ്പിമാറ്റുമൊരു മാരുതൻ. പുലരിവെട്ടത്തിന്റെ  നറുതാപമേറ്റ് ഉരുകിയടരുംമുമ്പത് കുഞ്ഞുസൂര്യനെ നെറുകയിലണിയാറുണ്ടെന്നും. ചിറകുനനഞ്ഞൊരു  ശലഭസൗരഭത്തിന്റെ ദാഹമകറ്റാനായില്ലയെങ്കിലും ഉയിരുണങ്ങിയ  കറുകച്ചുവടുകളിൽ നനവേകാനാകുമതിന് ചെറുതായെങ്കിലും.... #ശ്രീ.

പുഞ്ചിരികൾ വിതയ്ക്കുമ്പോൾ.

Image
ഓർമ്മകൾ  പടിയിറങ്ങിപ്പോയ സന്ധ്യയാണെന്റെ  അവസാനത്തെ ഓർമ്മ. നിദ്രയിലടവച്ച സ്വപ്നങ്ങളിൽ വിരിഞ്ഞത് ഇച്ഛാഭംഗത്തിന്റെ കുഞ്ഞുങ്ങൾ.... പകൽവെട്ടത്തിലൊളിപ്പിച്ചുവച്ചുഞാൻ ഇതുവഴി കടന്നുപോകുമ്പോൾ, വിരൽചൂണ്ടിനീ പരിഹസിക്കാതിരിക്കാൻ... പരൽമീൻ നീന്തിയ പുഴതേടിപ്പോകുന്ന യാത്രക്കാരീ... വഴിയിലുപേക്ഷിച്ച പുഞ്ചിരികൾ എനിക്ക് സമ്മാനിക്കരുത്.. തിരികെ പോകുമ്പോഴെങ്കിലും തിരിച്ചെടുക്കാൻ വേണ്ടിയാവണം നീയതു വിതയ്ക്കേണ്ടത്. മലയേറ്റിയതെല്ലാം  എന്റെ സ്വപ്നങ്ങൾ വിയർപ്പൂറ്റിയുപ്പുപോയൊരു മനസ്സിൽ നിലതെറ്റാതടവച്ചതെല്ലാം  എന്റെ ചിന്തകൾ.. ഉയരമറിയാത്തവന്റെ പാഴ്ശ്രമമായിരുന്നത്... ചിതയേറ്റും വരെയാണീ പരിശ്രമങ്ങളൊക്കെയും തിരിയണയുംവരെയെന്റെ സ്വപ്നദർശനം.. ഒടുവിലാണ് നീ മടങ്ങുവതെങ്കിൽ, എന്റെ പട്ടടയ്ക്കുമുകളിലെ നനഞ്ഞമണ്ണടർത്തി നിന്റെ പുഞ്ചിരികൾ വിതയ്ക്കുക.. നവധാന്യക്കുരുപ്പുകളായി.. ശ്രീ.

ഒരു നിരർത്ഥഭാഷണം

Image
പ്രതിമകൾ..., പ്രതിമകൾ..., പ്രതിമകളമരന്മാർ. പ്രതിമകളിലൂടെ പുനർജ്ജനിച്ചവരെത്ര.. കാകവിസർജ്യങ്ങൾ പേറി പുളഞ്ഞോരെത്ര.. കല്ലുപോൽ നിൽപ്പോരെത്ര.. വായില്ലാത്തപ്പന്മാർ വാക്കില്ലാ പ്രതീകങ്ങൾ. ഓർക്കുക, മഹാന്മാർക്കാവതുണ്ടായെങ്കിൽ തച്ചുടച്ചേനെ സ്വയം തല്പരരല്ലാത്തവർ പിന്നെയാ ശിലപാകി- യിന്നവർ തീർത്തേനെ നന്മയാമാതുരാലയ ശ്രീകോവിൽ നാടാകവെ. ഓർക്കുക മഹാന്മാർക്ക് കാഷ്ഠാഭിഷേകം ചെയ്യും സ്മാരകപ്രതിമകളല്ല നാം തീർക്കേണ്ടതു... ആതുരാലയങ്ങളാണാവശ്യം വേണ്ടുകിൽ ആയതിൻ നാമം നമുക്കാമഹാനേകാമല്ലോ. ചിന്തകൾ ചന്തികളിൽ അങ്കുരിക്കുന്നോർക്കത് ചന്തമാകില്ലെന്നെനി ക്കറിയാമെന്നാകിലും. ചൊന്നുപോയ് ക്ഷമിക്കുക ചിന്തനം ചെയ്തീടുക... #ശ്രീ..

ഇച്ചേയി

Image
... അക്കൊല്ലത്തെ ഓണം വിച്ചുവിന് പൊന്നോണമായാണ് വരുന്നത് കാരണം, അക്കൊല്ലം അവനൊരു പുത്തനുടുപ്പു കിട്ടുന്നു ആദ്യമായി ഒരോണക്കോടി...! ഇച്ചേയിക്കു കിട്ടിയ സ്റ്റൈഫന്റിന്റെ വിഹിതമാണവന്റെ ഓണക്കോടി.   "ഇച്ചേയീ നിക്ക് ചൊമപ്പും വെള്ളേം നെറം മത്യേ...." ഒന്നരക്കാലുമായി ഇച്ചേയി ബസ്സിലേയ്ക്ക് വലിഞ്ഞുകേറുമ്പോൾ ചോറുസഞ്ചി കൊടുത്തു പതിയെ ഓർമ്മിപ്പിച്ചത് ഇച്ചേയി മറന്നില്ല...  ചൊമപ്പും വെള്ളേം നിറംകൊണ്ട് ചെക്കിന്റെ കോട്ടൺതുണിതന്നെ ഇച്ചേയി വൈകുന്നേരം വാങ്ങിവന്നു..  ഇച്ചേയിയുമായി വീടണയുംമുമ്പുതന്നെ അവനാ പൊതിതുറന്ന് പുത്തനുടുപ്പിന്റെ മണം ആവോളം ശ്വസിച്ചു.  പട്ടണത്തിലെ ജോലിസ്ഥലത്തേയ്ക്ക് അപ്രന്റീസായി പോകുന്ന ഇച്ചേയിക്കു എന്നും ബസ്റ്റോപ്പുവരെ വിച്ചുവാണ് തുണപോകുന്നത്.. സന്ധ്യയ്ക്ക് ഇച്ചേയി മടങ്ങിവരാൻനേരവും അവൻപോകും.  ഇച്ചേയിക്ക് വലതുകാലിന് ശേഷിക്കുറവുണ്ട്. ഇച്ചേയിക്ക് പത്തുവയസ്സായപ്പോൾ പോളിയോ വന്നതാണ്. എന്നാലും വിച്ചുവിന്റെ ഇച്ചേയി നന്നായി പഠിച്ചു. വിച്ചുവിന് ട്യൂഷനെടുക്കുന്നതും ഇച്ചേയിയാണ്.  അപ്രന്റീസു കഴിഞ്ഞാൽ ഇച്ചേയിക്കു ജോലികിട്ടുമെന്നാണ് അച്ഛനുമ്മയും പറയുന്നത്....  എനിക്കും പഠിക്കണം ഇലക്ട്രോണിക്സ്  എ

വാക്സിനേഷനും_ദാമ്പത്യകലഹവും

. --------------------- കുറച്ചുദിവസമായി എന്നും വൈകുന്നേരം കിറുകൃത്യം മൂന്നുമണിമുതൽ മൂന്ന് മൊബൈലെങ്കിലും വച്ചു വാക്സിനേഷൻ സ്ലോട്ട് തേടലാണ് പണി... ഈ വാക്സിനെ വിശ്വസിക്കണോ കൊറോണയെ വിശ്വസിക്കണോ എന്ന ചിന്ത മണ്ടേലുണ്ടായിരുന്ന സമയത്ത്, വഴിയേ പോകുന്നവരെ പിടിച്ചുകൊണ്ടുപോയി വാക്സിൻ കൊടുത്തപ്പോൾ ആ പിടിയിൽ വീഴാതെ വരാലുകളിച്ചുനടന്നതാണ്.. ആദ്യത്തെ കൊറോണ ഞാൻ പോണേ....ന്ന് പറഞ്ഞു പോയപ്പോൾ വാക്സിനെടുത്തവന് വട്ടെന്ന് പറഞ്ഞ് പല്ലുംകുത്തിയിരുന്നതാ.. അപ്പോഴാ പോയ കൊറോണ മതിലേലിരുന്നിട്ട് തിരിച്ചിങ്ങോട്ട് വീണ്ടുമൊരു ചാട്ടം ഒരുമാതിരി മ..മ.. മത്തങ്ങത്തലയന്റെ സ്വഭാവം..  ദീപാവലിപടക്കത്തിലെ തീ പിടിപ്പിച്ച റോക്കറ്റ്പോലെ ഡെത്ത്റേറ്റ് കുതിച്ചപ്പോഴാ നുമ്മക്ക് വാക്സിനെടുത്തവനോടൊക്കെ ഒരു ബഹുമാനം വന്നുതുടങ്ങിയത്.. എന്നാൽപിന്നെ ഞാനും വാക്സിനേറ്റഡ് എന്ന പ്രൊഫൈലിട്ട് ,മീ ടൂ വിൽ പങ്കെടുക്കാനാ ഇപ്പോഴെത്തെ മേൽ പറഞ്ഞ അഭ്യാസം..  നമ്മള് ജില്ല തിരയുമ്പോൾ തന്നെ സ്ലോട്ട് ഫുൾ ആകും എന്നാൽ പെയ്ഡ് നോക്കാന്നുവച്ചാ അപ്പോഴേക്കും ടൈം ഓവറായി അന്നത്തെ ഇന്നിംഗ്സ് അവസാനിക്കും .. അടുത്ത ദിവസം നമ്മൾ പോസ്റ്റൽ കോഡ് വച്ച് തിരയുന്നു അപ്പോൾ പറയും ഈ കോഡ

വീട്

Image
രാജപാതകളിലേക്കുമാത്രം തുറന്നുവച്ച ആഗമന നിർഗ്ഗമനദ്വാരങ്ങളാണ് വീടുകളിൽ... ചുറ്റിനുമുള്ള കാഴ്ചകളെയത് അതാര്യസ്ഫടിക ജനാലകളാൽ മറച്ചിരിക്കുന്നു നിത്യം. പഴയവാതിലുകൾ, തുറന്നാൽ വെയിൽത്തടങ്ങൾ, തണ്ണീർത്തടാകങ്ങൾ, ഹരിതഭൂമികൾ, വയലോലകൾ, അയവാട്ടിനിൽക്കുന്ന പശുക്കിടാങ്ങൾ, പുഴമണൽപ്പരപ്പുകൾ,.. ഇല്ലയൊന്നുമിനി പഴയവാതിലുകളെ നാമെന്നോ കൊട്ടിയടച്ചു. വീടുകൾ... നാലുകാൽ പുരകളല്ല നാലുകെട്ടിൻ പ്രൗഡിയല്ല മച്ചില്ല പത്തായമില്ല ഉത്തരം താങ്ങുന്ന ഗൗളികളുമില്ല... വീടുകളല്ലിന്ന് സമുച്ചയങ്ങൾ മാത്രം.. ജീവഞരമ്പുകളില്ലതിൽ ഉച്ചിമുതൽ പാദംവരെ, ആരൂഡംമുതൽ അടുക്കളകൾവഴി പൂമുഖംവഴി, വിസർജ്ജ്യമൊഴുക്കുന്ന പൈപ്പുകൾ...  പുതു സംസ്കാരത്തിന്റെ നീർച്ചാലുകൾ... ഒഴുക്കുമറന്ന പുഴകളിൽ വഴുക്കൻ രസമൊലിപ്പിച്ച് അടച്ചുമൂടിയ സംസ്കാരം. വിടില്ലാത്ത സംസ്കാരം വീടുമറന്ന സംസ്കാരം. ശ്രീ.

തോർത്തുമുണ്ട്

Image
#  തോളിൽ തൂങ്ങിയ ഒറ്റയ്ക്കുമുണ്ടാകും  ഗന്ധങ്ങളിലൂടെ  പറയാനായിരം... മൂന്നാൾപൊക്കം  വെള്ളംനീന്തി  മറുകരയിലെ  തകരതേടിയത്..  പൊരിവെയിലിൽ  കോൽകുത്തി,  ചിക്കിവിരിയ്ക്കുന്ന  കച്ചിത്തുറുവിന്റെ  വിയർപ്പുഗന്ധം,  വിശന്നവയറിനെ  ആളിക്കുമ്പോൾ ഇളകുന്ന,  മനംപുരട്ടലുകളിൽ  തടയണതീർക്കുന്നത്..  കതിരുകോതിമാറ്റിയ  മുണ്ടകൻകുറ്റികൾ  ചേറിൽ ചവിട്ടിയമർത്തുമ്പോൾ, ചവിട്ടടിയിൽനിന്നുയരുന്ന  ചെളിവെള്ളത്തിനൊപ്പം,  തവളയും വരാലിനും തെന്നിമാറാനൊരിടസമയം കൊടുത്ത്, മുഖത്തൊഴുകും  വിയർപ്പൊപ്പിയത്.. ഇടവക്കരിമഴയിൽ  മടവകളിൽ മടലുകുത്തി,  ബലപ്പെടുത്തിക്കുനിയുമ്പോൾ  തല നനയാതെ കാത്തത്.. അന്തിക്കള്ളിലെ  ചോനനുറുമ്പിനെയും   കറുകനുറുമ്പിനെയും  അരിച്ചൊഴിഞ്ഞ് കുടിച്ച്,  അരികുകൊണ്ട് ചിറിതുടച്ചത്... അടിമുടി കുളിരുംവരെ  കുളികഴിഞ്ഞ്  അരവെള്ളത്തിൽ അരയിൽ  ചുറ്റിയതുരിഞ്ഞ്,  തല തുവർത്തിയേറിയാൽ  ഈറനോടെയൊരുരാത്രി വിശ്രമം,  നന്ത്യാർവട്ടമണത്തിൽ രാജമല്ലിയിലും  ചെമ്പരത്തിയിലും  ചേർത്തുകെട്ടിയൊരു  അയയിൽ.. പിന്നെ  പുലരുമ്പോൾ വീണ്ടുമാ  ഇടതുതോളിൽ.....  and illustration #sree

വേരുപടലങ്ങൾ_അടയാളപ്പെടുത്തുന്നത്

Image
വഴികൾ... വഴികൾ... കൂട്ടിമുട്ടാത്ത വഴികളാണെങ്ങും.. വഴികളവസാനിക്കാത്ത കാലം...  ഭൂമി ഉരുണ്ടെന്നത് പൊളിവാക്കുപോലെ,... ജീവിതം തേടിപ്പോകുന്ന മഗല്ലന്മാർ  ചുറ്റിത്തീരുന്നേയില്ല..! കപ്പൽചേദങ്ങളെ കുറ്റപ്പെടുത്താം വഴിതീർത്തവനെ അയോഗ്യനാക്കാം ദൂരദർശിനികളുടെ പോരായ്മയെ നിശിതം വിമർശിക്കാം... എതിർ ദിശകളിലേക്ക് പാലായനം ചെയ്തവരാണ് നാം.. പരിക്ഷീണിതരാണു നാം.. എന്നാലും പാതകളുടെ  പാർശ്വങ്ങളിലേക്ക്  പരതരുത്...! ഒരുപക്ഷെ പൂവാംകുരുന്നുകൾ മരതകഞൊറിതീർത്ത മറകൾക്കുപിന്നിലൊരുവഴി..!! ഉണ്ടാകുമതു നിശ്ചയം... അവതെളിച്ച വഴിതിരിഞ്ഞുനടന്നാൽ നാമൊരു ബിന്ദുവിൽ വീണ്ടും കൂട്ടിമുട്ടില്ലെന്നാരുകണ്ടു..  ഒരുപക്ഷെ  അപ്പോഴെങ്കിലും നമുക്കനുമാനിക്കാം, അല്ലെങ്കിൽ... വേരുപടലങ്ങളടയാളപ്പെടുത്തും എത്രയകന്നുപോകിലും  ഭൂമിയുരുണ്ടുപോയത് നമുക്കുവേണ്ടിയായിരുന്നെന്ന്. #sree

ഇടവപ്പാതികൾ

Image
ഇടവപ്പാതി ഇടമുറിയാതെ, മച്ചിറമ്പിലെ വെള്ളിനൂൽധാര പൊട്ടുന്നേയില്ല... ആദ്യമൊക്കെ ചന്നംപിന്നം കലപിലകൂട്ടിയ മഴത്തുള്ളികളും പാടാനാരംഭിച്ചിരിക്കുന്നു.. എത്ര താളത്തോടെയാണവർ പുരപ്പുറത്തെ പ്രതലത്തിൽ മൃദംഗധ്വനിയുണർത്തുന്നത് എത്രമനോഹരമായാണവ,  മുളയിലകളിൽ തമ്പുരുശ്രുതിയൊരുക്കുന്നത്... നനുത്ത ചിറകുകൾ പൂട്ടിയൊരു പുള്ളിവാലൻകിളിതാ എന്റെ ജാലകപ്പടിയിൽ.. കടുംകാപ്പിയേക്കാൾ  ചൂടാണ് പെണ്ണേ നിന്നുടലിനെന്ന് പിന്നുടലിനോട് ചേർന്ന് മൊഴിയുമ്പോൾ... മഴ ഒച്ചയൊതുക്കിയതെന്തിനാവാം...? നിന്റെ മറുവാക്കിനുതന്നെ... ഒരുകമ്പിളിച്ചൂടിനുള്ളിലേക്കവൾ ശബ്ദങ്ങളടക്കുമ്പോൾ മഴ..  വീണ്ടുമൊരു രതിനടനതാളം. #ശ്രീ.

അമ്മയില്ലാത്തൊരു_വീടൊഴിയുമ്പോൾ

Image
ആദ്യം നിശ്ശബ്ദതപേറുക അടുക്കളയാണ്... അല്ലെങ്കിൽ, അടുക്കളശബ്ദങ്ങൾ അന്യമാകുമ്പോഴാണ് വീടൊഴിയേണ്ടത്.... അടുപ്പെരിയാതെ, പുകതുപ്പാതെ, അരകല്ലുരയാതെ, പാത്രങ്ങൾ ചിലയ്ക്കാതെയൊരുടുക്കള..! വീടൊഴിയലിന്റെ ആദ്യചിഹ്നനമാണത്. സ്ഫടിക ഭരണിയിൽ  അവശേഷിക്കുന്ന ബിസ്കറ്റുതുണ്ടുകളാണ് വിരുന്നുമുറിയിലെ അവസാന- ഭോജ്യരസവസ്തുത. പിന്നെയേറെ പരിതപിക്കുക, മകളുടെ ഉറക്കമുറിയാവും.. കുറുംചുവരിലേക്കവൾ പകർന്ന- തെത്രമാത്രം പരിഭവങ്ങൾ  പരിവേദനങ്ങൾ.... പറഞ്ഞുതീരാത്ത സൗഹൃദകഥകൾ പരിസമാപ്തിയിലെത്താത്ത പ്രണയകഥകൾ.. പകൽക്കിനാവുകൾ പ്രതീക്ഷകൾ നെടുവീർപ്പുകൾ... എല്ലാമടക്കിപ്പിടിച്ചൊരു മുറി നിശ്ശബ്ദം തേങ്ങുകയാവും. ചുവരിൽ കോറിയ ബോബ്മാർലിചിത്രം...! മകന്റെ മുറിയടയാളമാണത്. പൂർത്തിയാക്കാത്തൊരു പ്രണയലേഖനം അവനുമുപേക്ഷിക്കുമാ മുറിയിൽ.  അച്ഛനായൊരു മുറിയുണ്ടാകില്ല വീട്ടിൽ  അടുക്കളയൊഴിവിനൊപ്പം അച്ഛന്റെ സ്വകാര്യതകളും മുന്നേ ഒഴിഞ്ഞിട്ടുണ്ടാകും. പടികൾക്കും തറയോടിനുമുണ്ട് വേദന, ചവിട്ടിമെതിച്ചിരുന്നെന്നാകിലും.. പുതുനിറംചേർത്ത് എത്രവേഗം ചുവരിന്റെ നിറങ്ങൾ മായ്ക്കുന്നവർ അതിന്റെ ആത്മാവിലെഴുതിയ ചുമർചിത്രങ്ങളറിയുമോ...? ഉമ്മറവും അടുക്കളപ്പുറവുമൊക്കെ  വിടപറയുമ്പോൾ നീ
Image
എത്ര വാചാലമാണ്  നമ്മുടെ സൗഹൃദം. നാമറിയുമ്പോഴും നമ്മെയറിയുമ്പോഴും പങ്കുവയ്ക്കുക  എത്ര കാര്യങ്ങൾ എത്ര സന്തോഷങ്ങൾ എങ്കിലുമെപ്പോഴും നമ്മിലൊരു മൗനം കുടികൊള്ളുന്നില്ലേ.. ആരാദ്യം പങ്കുവയ്ക്കുമെന്ന ചോദ്യം നമ്മുടെ മൗനനിമിഷങ്ങളിൽ വീണുടയുകയല്ലേ.. നമ്മുട വാക്കുകളിലെ മൗനമുടയുന്നത് ഇന്നാകുമെന്നോർത്ത് വെള്ളിപ്രഭവിതറുന്നുണ്ട് മേലാകാശത്തൊരു പൗർണ്ണമി.. #ശ്രീ

രണ്ടറയുള്ള അമ്മയുടെ പേടകം

Image
അമ്മയ്ക്കൊരു കുഞ്ഞുപേടകമുണ്ട്..! രണ്ടറയുള്ള പേടകം.. ഭദ്രമായ് പൂട്ടിയൊരു പേടകം ആരും തുറന്നുകാണാത്ത കുഞ്ഞുപേടകം..... അമ്മപ്പേടകത്തിലൊരു കസവുമുണ്ടുണ്ട്.. ഒരോണത്തിനമ്മയ്ക്കുകിട്ടിയ മഞ്ഞുമണമുള്ള മുണ്ട്..! അമ്മയുടുക്കാത്ത മുണ്ടാണത് അച്ഛനണഞ്ഞശേഷം അമ്മയുടെ യാത്രകളെല്ലാം മന:പഥങ്ങളിൽ മാത്രം.. അമ്മയിന്നുടുക്കുകയാണാ രാമച്ചമണമുള്ള മുണ്ട്.. അമ്മയിന്ന് പുറത്തുപോകയാണ്.. മകനിന്നാണ് സമയമുണ്ടായത് അമ്മയ്ക്കൊരു യാത്രയ്ക്ക്..     ****** വൃദ്ധസദനത്തിൽ നിന്ന് തിരികവന്ന മകൻ ആദ്യം തുറന്നുനോക്കിയത് അമ്മയുടെ പേടകമായിരുന്നു.. രണ്ടറയുള്ള അമ്മപ്പേടകം. ആദ്യത്തെ അറ വിശാലമാണ്.. വാത്സല്യത്തിന്റെ ഒരായിരം നെടുവീർപ്പുകളുറങ്ങിയ, ഒരുപിടി മഞ്ചാടിമണികൾ മയിൽപ്പീലിപ്പെരുമകൾ ബോർഡിങ്ങിലുറങ്ങുന്ന പേരക്കിടാവിന്റെ നഷ്ടബാല്യത്തിന്റെ ചിന്തുകൾ.... രണ്ടാമത്തെയറയിലാകെ പഴമയുടെ ഗന്ധമായിരുന്നു അച്ഛന്റെ നെഞ്ചുപറ്റിയിണങ്ങിയ മുന്നുവയസ്സുകാരൻ ഒപ്പം മഞ്ഞുചേലചുറ്റിയൊരമ്മ നിറമില്ലാത്ത ചിത്രം.... നിറംചേർക്കാതമ്മ, കരുതിയൊളിപ്പിച്ച ചിത്രം... ശ്വാസംമുട്ടിക്കുന്നുണ്ടവയെന്നറിഞ്ഞ് അവളവ തട്ടിത്തൂവി.., രണ്ടറകളും വൃത്തിയാക്കിവച്ചു... ചില്ലുകൂട്ടിൽനിന്ന്  ക