പൂക്കാതെ കായ്ക്കുന്ന മരങ്ങൾ
ചിന്തയുടെ വേരുപടലങ്ങൾ..
ശിരസ്സിൽ നിന്ന്
പടർന്നിറങ്ങി പാദംവരെ
കെട്ടുപിണഞ്ഞൊരു
തടവറ തീർക്കയാണ്...
ഉള്ളിലെ ഉന്മാദങ്ങളെ
അനുസരിപ്പിച്ചടക്കാനൊരു കവചം.
നീരുപൊട്ടിയൊലിച്ച്
തായ്ത്തടിയിലൊരു ചെറുപുഴ..!
സർഗ്ഗചേതനകളുടെ
മന്ദമായൊരൊഴുക്കിനെ
പകുതിയിലാറ്റിയുണക്കുന്നു
വറുതികളിലും ശീതസൂര്യൻ,
നിലംതൊട്ടൊഴുകാനിടയേകാതെ
നിലതെറ്റിയുറഞ്ഞ ചിന്തകൾ.
ഉച്ചിയിൽനിന്നുച്ചത്തിലുയരുന്നു
വാസനിക്കാത്ത വാക്കിന്റെ മുകുളങ്ങൾ.
വിടരുന്നദലങ്ങളിലാകവേ
വിദ്വേഷവിഷക്കുമിളകൾ.
പൂക്കാതെമുളയ്ക്കുന്ന ഫലങ്ങളിൽ
പുഴുക്കുത്തേറ്റ വിത്തുകൾ...
വിതയ്ക്കാനുതകാത്ത വിത്തുകൾ
പാഴ്നിലംതേടിപറക്കുന്നു..
പാഴ്ക്കിനാക്കളാൽ
പകലുവറ്റുന്നു..
ഇരവിലിനിയെന്തു സർഗ്ഗകാമന.
Comments