രണ്ടറയുള്ള അമ്മയുടെ പേടകം
അമ്മയ്ക്കൊരു
കുഞ്ഞുപേടകമുണ്ട്..!
രണ്ടറയുള്ള പേടകം..
ഭദ്രമായ് പൂട്ടിയൊരു പേടകം
ആരും തുറന്നുകാണാത്ത
കുഞ്ഞുപേടകം.....
അമ്മപ്പേടകത്തിലൊരു
കസവുമുണ്ടുണ്ട്..
ഒരോണത്തിനമ്മയ്ക്കുകിട്ടിയ
മഞ്ഞുമണമുള്ള മുണ്ട്..!
അമ്മയുടുക്കാത്ത മുണ്ടാണത്
അച്ഛനണഞ്ഞശേഷം
അമ്മയുടെ യാത്രകളെല്ലാം
മന:പഥങ്ങളിൽ മാത്രം..
അമ്മയിന്നുടുക്കുകയാണാ
രാമച്ചമണമുള്ള മുണ്ട്..
അമ്മയിന്ന് പുറത്തുപോകയാണ്..
മകനിന്നാണ് സമയമുണ്ടായത്
അമ്മയ്ക്കൊരു യാത്രയ്ക്ക്..
******
വൃദ്ധസദനത്തിൽ നിന്ന്
തിരികവന്ന മകൻ
ആദ്യം തുറന്നുനോക്കിയത്
അമ്മയുടെ പേടകമായിരുന്നു..
രണ്ടറയുള്ള അമ്മപ്പേടകം.
ആദ്യത്തെ അറ വിശാലമാണ്..
വാത്സല്യത്തിന്റെ ഒരായിരം
നെടുവീർപ്പുകളുറങ്ങിയ,
ഒരുപിടി മഞ്ചാടിമണികൾ
മയിൽപ്പീലിപ്പെരുമകൾ
ബോർഡിങ്ങിലുറങ്ങുന്ന
പേരക്കിടാവിന്റെ
നഷ്ടബാല്യത്തിന്റെ ചിന്തുകൾ....
രണ്ടാമത്തെയറയിലാകെ
പഴമയുടെ ഗന്ധമായിരുന്നു
അച്ഛന്റെ നെഞ്ചുപറ്റിയിണങ്ങിയ
മുന്നുവയസ്സുകാരൻ
ഒപ്പം മഞ്ഞുചേലചുറ്റിയൊരമ്മ
നിറമില്ലാത്ത ചിത്രം....
നിറംചേർക്കാതമ്മ,
കരുതിയൊളിപ്പിച്ച ചിത്രം...
ശ്വാസംമുട്ടിക്കുന്നുണ്ടവയെന്നറിഞ്ഞ്
അവളവ തട്ടിത്തൂവി..,
രണ്ടറകളും വൃത്തിയാക്കിവച്ചു...
ചില്ലുകൂട്ടിൽനിന്ന്
കഴിഞ്ഞവെക്കേഷനെടുത്ത
കുടുംബചിത്രംചേർത്ത്
അയാളൊന്നാമത്തെ അറയടച്ചു...
പിന്നെ.....
മഞ്ചാടിമണികളില്ലാത്ത
മയിൽപ്പീലികൾ
പെറ്റുപെരുകാത്ത
മഞ്ഞുചേലകളിൽ
രാമച്ചമണംവീശാത്ത
ആകാശപ്പെരുമയിലിരുന്നു
താഴെയുള്ള മാനം നോക്കി
തന്റെ കാലംനോക്കിയവനിരുന്നു...
രണ്ടാമത്തെയറയപ്പോഴും
ഒഴിഞ്ഞുതന്നെ കിടന്നു...
#ശ്രീ 29-03-21
Comments