ഖസാക്കിലെ കുടകൾ
കൂനൻകാവിൽ ബസ്സ് ചെന്നുനിന്നപ്പോൾ ആ സ്ഥലം "കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ മാധവനും" പുതിയതായി തോന്നിയില്ല... കുട നന്നാക്കുന്ന ചോയിയുടെ അടുത്ത തലമുറയായി ബീയേക്കാരൻ മാധവൻ മാറിയത് യാദൃച്ഛികമായല്ല..
ഇരുപത്തിയഞ്ചുപൈസക്ക് രേവതിയുടെ കുട നന്നാക്കിയതിലൂടെയായിരുന്നു പരിവർത്തനം...
അതിനുമുന്നേ BA ക്കാരൻ മാധവൻ വെറും കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ മാധവനായിമാറിയിരുന്നു. പെങ്ങൾക്ക് ഇരുപത്തഞ്ച് പവൻ നൽകാനാകാതെ തോറ്റുപോയ മാധവൻ...!. എന്നിട്ടും "ഡഗ്ലസ്സ് കാൽശരായി" വച്ചുനീട്ടിയ രണ്ടായിരംരൂപ നിരസിച്ച മാധവൻ..!. ചോയിയുടെ ആത്മാവായി കുഞ്ഞിക്കുനിമുതൽ നാടാകെ കുടനന്നാക്കി ചോയിയുടെ അന്ത്യാഭിലാഷം നിറവേറ്റിയശേഷമാണ് മാധവൻ പുസ്തകമേറിയത്..
മാധവൻ കൂനൻകാവിലെത്തിയതും യാദൃച്ഛികമായല്ല..., *മുന്നൂറ്റിയേഴ് പേജുകളിലായി പരന്നുനിറഞ്ഞ കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ, കുടനന്നാക്കുന്ന ബീയേക്കാരൻ മാധവൻ , കവിയുടെ പുസ്തകക്കൂട്ടത്തിലെത്തിയിട്ട് വർഷം പത്തായി...
ആദ്യമൊക്കെ ആ വിശ്രമം മാധവൻ നന്നായി ആസ്വദിച്ചു... പിന്നെ കവിയുടെ തുണിസഞ്ചിയിലിടക്കിടെ ഒരുയാത്ര... ഇപ്പോൾ കുറച്ചധികകാലമായി കവിയാലും ശ്രദ്ധിക്കപ്പെടാതെ, കൂട്ടിലടക്കപ്പെട്ടുകിടക്കവെയാണ് അതു സംഭവിച്ചത്... അലമാരയുടെ ഇടുങ്ങിയ സ്ഥലത്തേയ്ക്ക് ഖസാക്കിൽനിന്നുമൊരു ചെറുസംഘമെത്തി... അല്പം മുഷിപ്പ് തോന്നാതിരുന്നില്ല മാധവന്.. പതിയെ ആ ഞെരുക്കത്തിലും അവരോട് കൂടുകയായിരുന്നു... അവരുടെ കഥമുഴുവനറിയുകയായിരുന്നു... ഇന്ന് കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ മാധവന് ഖസാക്കിലെ ഒരു മൺതരിയെപ്പോലുമറിയാം.. ഖസാക്കിലെ വഴികളും നിസ്കാരപള്ളിയും പനമരങ്ങളും എല്ലാം എല്ലാം മാധവന് മനപ്പാഠമായി... അങ്ങനെയിരിക്കവെയാണ് പുസ്തകങ്ങളിൽ പുതിയവയെയും കേടുപാടില്ലാത്തവയെയും ആ അലമാരയിൽനിന്നാരോ കടത്തിയത്... ഇരട്ടവാലനും പാറ്റയും കടിച്ചതും കേടായതുമായവയുടെ കൂടെ താനും അല്ലെങ്കിൽ തന്റെ കഥാപുസ്തകവും ഉപേക്ഷിക്കപ്പെടുകയായിരുന്നു... ശ്വാസംകിട്ടാതെ ഞെരുങ്ങിയിരുന്ന ഒരുപാടുപേർ അവിടെനിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഉപേക്ഷിക്കപ്പെട്ടവരിൽ മാധവനും... കണ്ടും മിണ്ടിയും പരസ്പരം ഗതകാലവിശേഷങ്ങൾ പങ്കുവച്ചുമിരുന്നവർ പിരിഞ്ഞുപോയി... ഒറ്റയ്ക്കായവന്റെ വേദനയ്ക്ക് ആരും തുണവന്നില്ല വനജയോ രേവതിയോ അമ്പൂട്ടിയുടെയും ചോയിയുടെയും ആത്മാവോ, ഡഗ്ലസ് കാൽശരായിയോ, കമലേച്ചിയോ മാഷോ രാധയോ ആരും... അങ്ങനെയാണ് മാധവൻ കവിയുടെ വീടുവിടാൻ തീരുമാനിച്ചത്.... മറ്റെവിടേക്കുമല്ല പ്രിയപ്പെട്ടവരുടെ ഖസാക്കിലേക്ക്... !
ഒരുനാൾ കുടനന്നാക്കുന്ന സാമഗ്രികൾ നിറച്ച തകരപ്പെട്ടിയുമായി കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ മാധവൻ കവിയുടെ അലമാരയിൽനിന്നിറങ്ങി.
*****************
കൂനൻകാവിൽ ബസ്സ് ചെന്നുനിന്നപ്പോൾ ആ സ്ഥലം കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ മാധവനും പുതിയതായി തോന്നിയില്ല... നേരം വൈകിത്തുടങ്ങി അടുത്തുകണ്ട ചായചായ്പിലേക്ക് കയറിയ മാധവന് മുന്നിലേക്ക് ചോദ്യമില്ലാതെ ചൂടുചായ വന്നു... ഒരിറക്ക് ചായയിൽ മാധവന് ഖസാക്കിന്റെ രുചിയറിയാനായി... ആത്മാവിലലിഞ്ഞ രുചി.
(മാതൂ... ഇഞ്ഞി ത്തിരി പാലു കറന്നുതാ...." കേളു ഓട്ടുഗ്ലാസ്സ് അവളുടെ നേരെ നീട്ടി..
"എന്തിനാ ഓളീ.?"
"ഞ്ഞി കറന്ന് ബേഗം താ.. ആന്റണിപോലീസ് അപ്രത്ത് കാത്തിരിക്കണ്..."
ഓർക്കെന്തിനാ ഓളീ.. ന്റെ പാല്..? മാതു ബ്ലൗസ് ഇടാറില്ല.. അതുകൊണ്ട് പാൽ കറക്കാൻ എളുപ്പമായിരുന്നു.. ഒരു കുടത്തിന്റെ വലുപ്പമുള്ള മാറിൽനിന്ന് അവൾ ഓട്ടുഗ്ലാസ്സിലേക്ക് പാൽ ചീറ്റിച്ചു...
പാലൊഴിച്ച് കടുപ്പത്തിൽ ഒരു ചായകാച്ചി കേളു, ആന്റണി പോലീസിനു മുന്നിൽ വച്ചു
"അസ്സലു ചായ ആട്ടുമ്പാലാ ഞ്ഞി ഇതീ ഒയിച്ചത്..?".
ആന്റണി പോലീസ് ചായകുടിച്ചു തലകുലുക്കി... ആട്ടിൻപാലിനെക്കാൾ മനുശത്തിയുടെ പാലിന് രുശിയേറുമെന്ന് അയാൾക്കറിയില്ലായിരുന്നു)
ചായ കുടിച്ചിരിക്കെ മാധവന് കുഞ്ഞിക്കുനിയിലെ ആന്റണിപോലീസിനെ ഓർമ്മവന്നു... കേളുവിനെയും മാതുവിനെയും ഓർമ്മവന്നു... ചുണ്ടിലൂറിയപുഞ്ചിരിയടരുംമുമ്പ് ഒരു തിരുപ്പുബീഡി ഒരാൾ നീട്ടിപ്പിടിച്ചു... ബീഡികൈയുടെ അറ്റംപരതിയ കണ്ണുകളിൽ അത്ഭുതംപകർന്ന് മുന്നിലതാ നൈസാമലി...!!. മൊല്ലാക്ക വളർത്തിയ, പാമ്പുപിടിക്കാൻ വന്ന, മുടിനീട്ടിവളർത്തിയ, നൈസാമലി... അത്തരിന്റെ ബീഡികമ്പനിയിൽ പോയ ഇബിലീസ്, നൈസാമലി... !!.
നീയെന്തിനാ നൈസാമേ ആ മൈമൂനയെ ചുക്രുരാവുത്തർക്ക് കെട്ടാൻ കൊടുത്തെ..? ചോദിക്കാതിരിക്കാനായില്ല... നൈസാമലി കുനിഞ്ഞുനിന്നു പിന്നെ പതിയെ പിന്തിരിഞ്ഞ് കൂമൻകാവും ഖസാക്കും വിട്ട് മാവുകളും പനകളെയും പിന്നിലാക്കി നീണ്ടുനിവർന്നു നടന്നുപോയി.
ചെതലിമലയുടെ മിനാരങ്ങളിൽ കണ്ണുംനട്ട് കിടക്കുന്ന, ഷേയ്ക്കിന്റെ കല്ലറയിലും, രാജാവിന്റെ പള്ളിയിലും, അറബിക്കുളത്തിലും, പോതി കുടിപാർക്കുന്ന പുളിങ്കൊമ്പത്തിനുമടുത്തുമൊക്കെ മാധവൻ അലഞ്ഞുനടന്നു കുടനന്നാക്കി...., മാധവൻ നായർ, കുപ്പുവച്ചൻ, നാച്ചി, കോച്ചി, പാച്ചി, കാളി, നീലി, അവർ വളർത്തിയ അപ്പുക്കിളി, കുട്ടാപ്പു നൈജാമലി,മൈമുന, കുഞ്ഞാമിന, മായാണ്ടി, കുപ്പ്വച്ചൻ... എല്ലാവരും മാധവന് സുപരിചിതരായിരുന്നു... അവരിൽ കുടയുള്ളവർ കുറവായിരുന്നു..
ഖസാക്കിലെ കുടകളെല്ലാം നന്നാക്കികഴിഞ്ഞിരുന്ന കുഞ്ഞിക്കുനിയിൽ അമ്പൂട്ടിയുടെ മകൻ മാധവൻ ഖസാക്കിലെത്തിയിട്ട് നാളുകളേറെയായി... ചോയിയുടെ ആത്മാവായി ഖസാക്കിലെ മുഴുവൻ കുടയും നന്നാക്കിതീർത്തു മാധവൻ...
ഇനി... ?
ഒരു നിയോഗംപോലെ മാധവൻ വടക്കോട്ടു നടന്നുചെന്നെത്തിയത് പ്രമാണിയായ ശിവരാമൻ നായരുടെ ഞാറ്റുപുരയിൽ... ഏകാധ്യാപകപള്ളിക്കൂടത്തിന്റ അകംപുറം തൂത്തിട്ടും തൂത്തിട്ടും മതിയാകാത്തപോലെ വീണ്ടും വീണ്ടും തൂത്തുകൊണ്ടേയിരിക്കുന്നു പുതിയ തൂപ്പുകാരൻ അള്ളാപ്പിച്ച മൊല്ലാക്ക..!!.
"മൊല്ലാക്കാ... ഈടെ ഒരു കുടയുണ്ടാവ്വോ... നന്നാക്കാൻ.."
ഖസാക്കിലെത്തിയിട്ട് ആദ്യമായാണ് മാധവൻ കുട നന്നാക്കാനുണ്ടോന്ന് ചോദിച്ചത്.... മൊല്ലാക്ക മുഖമുയർത്തി പുരികങ്ങൾക്കുമേൽ കൈ മറച്ചുപിടിച്ചുനോക്കി... തിമിരക്കണ്ണുകളിൽ ഒന്നും കണ്ടില്ല... പിന്നെ വീണ്ടും മുറ്റമടിക്കാൻ തുടങ്ങി...
"നീ തേടുന്നത് എന്ത്...?" പിന്നിൽവീണ കൈപടത്തിന് മഞ്ഞിനെക്കാൾ നൈർമല്യം.. പിന്തിരിഞ്ഞു... നൈസാമലി...!! അല്ല ഖസാക്കിന്റെ പുതിയ ഖാലിയാർ.... !! നൈസാമലി ഖാലിയാർ....,!
"കൂമൻകാവിലപ്പോഴും ആ വെളുത്തമഴ നിന്നുപെയ്തു.. പിന്നെ കട്ടകളിൽ നിന്നൊരു നീലവർണ്ണൻ വാത്സല്യത്തോടെ അവന്റെ കാല്പടത്തിൽ പല്ലുകളമർത്തിയത് നീ വായിച്ചിരുന്നില്ലേ.. ഞങ്ങളുടെ കഥയിൽ...?"
നൈസാമലി ഖാലിയാർ പതിയെ മന്ത്രിക്കയാണ്..
ഉവ്വ്... വായിച്ചറിഞ്ഞു... പലവട്ടം... പക്ഷെ...
"മനസ്സിന്റെ മഴക്കാടുകളിലൂടെയുള്ള സുദീര്‍ഘമായ യാത്രയ്ക്കുശേഷം അവസാനത്തെ വഴിയമ്പലത്തിൽ നിന്ന് രവി വീണ്ടും പുറപ്പെടുന്നത് ഒരു സഞ്ചിയും കുടയുമായാണ്" അതും വായിച്ചിരുന്നു ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ... ഒടുവിലയാൾ ബസ്സുകാത്തു കിടന്നപ്പോൾ അനാഥമായ ആ "കുട"...?!! അതുമാത്രം അതുമാത്രം ഇതുവരെ നന്നാക്കാനായിട്ടില്ല... അതുമാത്രം... മാധവന്റെ കണ്ണുകളിലെ ഉത്കണ്ഠയും നൈരാശ്യവും നൈസാമലി ഖാലിയാരിലൂടെ ഒരു മഞ്ഞുപടലംപോലെ ഖസാക്കിലാകെ നിറയുകയാണ്... ഖസാക്കൊന്നാകെ ആ കുട തിരയുകയായപ്പോൾ... മാനത്ത് വെള്ളിടിവെട്ടി... കരിമ്പനയുടെ കാനലുകൾ ഉടിലുപോലെ പൊട്ടിവീണു....
ഖസാക്കിലാകെ പരന്നുനിറഞ്ഞമഞ്ഞ് മണ്ടിയൊളിച്ചു.. പിന്നെ മഴ തുളിച്ചു.. കനത്തുപിടിച്ചു.. കണ്ണുചിമ്മിനോക്കിയ മാധവനുമുന്നിൽ നൈസാമലിഖാലിയാരില്ലായിരുന്നു... ഖസാക്കില്ലായിരുന്നു... ഇരുട്ട് മാത്രം. മാധവൻ പെട്ടിതുറന്നൊരു കുടയെടുത്ത് നിവർത്തിപ്പിടിച്ച് പതിയെ കൂമൻകാവിലേക്ക് നടന്നു.
കൂമൻകാവങ്ങാടിയുടെ ഏറുമാടങ്ങൾ വീണ്ടും തകർന്നുവീണുകൊണ്ടിരുന്നു...
"ബസ്സുവരാൻ ഇനിയും നേരമുണ്ട്..." ഇടിഞ്ഞുവീണ ഏറുമാടകട്ടകൾക്കിടയിലെ മൂർഖൻ ചതഞ്ഞുകിടന്നു... ഒരു തനിയാവർത്തനത്തിന് മനക്കരുത്തുപോരാതെ....
(ആരാധ്യരായ ശ്രേഷ്ഠ സാഹിത്യകാരായ ശ്രീ. എം മുകുന്ദനോടും ശ്രീ. ഒ വി വിജയനോടും കടപ്പാടോടെ നൃത്തംചെയ്യുന്നകുടകൾ ഖസാക്കിന്റെഇതിഹാസം എന്നീ വിഖ്യാത പുസ്തകങ്ങൾ വായിച്ചിട്ടുള്ളവർക്കുമുന്നിൽ സമര്‍പ്പിക്കുന്നു...).
sree.
*നൃത്തംചെയ്യുന്ന കുടകൾ
Comments