പുഞ്ചിരികൾ വിതയ്ക്കുമ്പോൾ.
ഓർമ്മകൾ പടിയിറങ്ങിപ്പോയ സന്ധ്യയാണെന്റെ
അവസാനത്തെ ഓർമ്മ.
നിദ്രയിലടവച്ച സ്വപ്നങ്ങളിൽ വിരിഞ്ഞത്
ഇച്ഛാഭംഗത്തിന്റെ കുഞ്ഞുങ്ങൾ....
പകൽവെട്ടത്തിലൊളിപ്പിച്ചുവച്ചുഞാൻ
ഇതുവഴി കടന്നുപോകുമ്പോൾ,
വിരൽചൂണ്ടിനീ പരിഹസിക്കാതിരിക്കാൻ...
പരൽമീൻ നീന്തിയ
പുഴതേടിപ്പോകുന്ന യാത്രക്കാരീ...
വഴിയിലുപേക്ഷിച്ച പുഞ്ചിരികൾ
എനിക്ക് സമ്മാനിക്കരുത്..
തിരികെ പോകുമ്പോഴെങ്കിലും
തിരിച്ചെടുക്കാൻ വേണ്ടിയാവണം
നീയതു വിതയ്ക്കേണ്ടത്.
മലയേറ്റിയതെല്ലാം
എന്റെ സ്വപ്നങ്ങൾ
വിയർപ്പൂറ്റിയുപ്പുപോയൊരു മനസ്സിൽ
നിലതെറ്റാതടവച്ചതെല്ലാം
എന്റെ ചിന്തകൾ..
ഉയരമറിയാത്തവന്റെ പാഴ്ശ്രമമായിരുന്നത്...
ചിതയേറ്റും വരെയാണീ
പരിശ്രമങ്ങളൊക്കെയും
തിരിയണയുംവരെയെന്റെ സ്വപ്നദർശനം..
ഒടുവിലാണ് നീ മടങ്ങുവതെങ്കിൽ,
എന്റെ പട്ടടയ്ക്കുമുകളിലെ
നനഞ്ഞമണ്ണടർത്തി
നിന്റെ പുഞ്ചിരികൾ വിതയ്ക്കുക..
നവധാന്യക്കുരുപ്പുകളായി..
ശ്രീ.
Comments