ഇടവപ്പാതികൾ
ഇടവപ്പാതി ഇടമുറിയാതെ,
മച്ചിറമ്പിലെ വെള്ളിനൂൽധാര
പൊട്ടുന്നേയില്ല...
ആദ്യമൊക്കെ ചന്നംപിന്നം
കലപിലകൂട്ടിയ മഴത്തുള്ളികളും
പാടാനാരംഭിച്ചിരിക്കുന്നു..
എത്ര താളത്തോടെയാണവർ പുരപ്പുറത്തെ പ്രതലത്തിൽ
മൃദംഗധ്വനിയുണർത്തുന്നത്
എത്രമനോഹരമായാണവ,
മുളയിലകളിൽ തമ്പുരുശ്രുതിയൊരുക്കുന്നത്...
നനുത്ത ചിറകുകൾ പൂട്ടിയൊരു പുള്ളിവാലൻകിളിതാ
എന്റെ ജാലകപ്പടിയിൽ..
കടുംകാപ്പിയേക്കാൾ ചൂടാണ് പെണ്ണേ
നിന്നുടലിനെന്ന്
പിന്നുടലിനോട് ചേർന്ന്
മൊഴിയുമ്പോൾ...
മഴ ഒച്ചയൊതുക്കിയതെന്തിനാവാം...?
നിന്റെ മറുവാക്കിനുതന്നെ...
ഒരുകമ്പിളിച്ചൂടിനുള്ളിലേക്കവൾ
ശബ്ദങ്ങളടക്കുമ്പോൾ
മഴ..
വീണ്ടുമൊരു രതിനടനതാളം.
Comments