ഭ്രാന്ത് അരമതിലിനപ്പുറം ഇപ്പുറവും
എനിക്കും നിനക്കും
ഭ്രാന്താണ്....
നമുക്കു നമ്മളിൽ ഭ്രാന്താണ്..
നമുക്കുചുറ്റും
ഭ്രാന്തില്ലാത്തവരുടെ
ലോകവും...
നീ കൈചേർത്തുപിടിച്ചത്,
ഞാൻ ചുണ്ടുകളുരസിയത്,
നീ നെഞ്ചോരം ചാരിയത്,
ഞാനത് ഹൃദയധമനികളാൽ
ബന്ധിച്ചു നിർത്തിയത്
ഭ്രാന്തല്ലാതെയെന്താണത്..?
എനിക്കും നിനക്കും
ഭ്രാന്താണ്....
നമുക്കുനമ്മളിൽ ഭ്രാന്താണ്..
നമുക്കുചുറ്റും
ഭ്രാന്തില്ലാത്തവരുടെ
ലോകവും...
നീ പുഴപോലൊഴുകിയപ്പോൾ
ഞാനൊരു പട്ടമായുയർന്നത്,
നീ ശലഭക്കൂടുതീർത്തപ്പോൾ
ഞാനൊരു വേനൽ മഴയായത്..,
നീ വിരഹിണിയായപ്പോൾ
ഞാനൊരു മേഘദൂതുതേടിയത്,
നീയന്നൊരു പുൽനാമ്പിലെ തണലുകൊണ്ടത്..
ഭ്രാന്തല്ലാതെയെന്താണത്..?
ഞാനൊരു മഴക്കീറായാകാശം പിളർന്നത്,
നീയതിൽ നനനനഞ്ഞനാൾ
ഞാൻ നിന്നിലൂടൊഴുകിയത്,
നീ നിന്നെയറിഞ്ഞത്..
ഞാൻ നിന്നിലൂടറിഞ്ഞത്..
ഭ്രാന്തല്ലാതെയെന്താണത്..?
എനിക്കും നിനക്കും
ഭ്രാന്താണ്....
നമുക്കുനമ്മളിൽ ഭ്രാന്താണ്..
നമുക്കുചുറ്റും
ഭ്രാന്തില്ലാത്തവരുടെ
ലോകവും...
നമുക്കുചുറ്റും
ഭ്രാന്തില്ലാത്തവരുടെ സുരലോകമാണ്
മറുമരുന്നാണവരുടെ വാക്കുകൾ,
വദനങ്ങൾ മരുന്നുഭരണികൾ,
ഭ്രാന്തുരച്ചെറിയുന്ന
സിദ്ധമരുന്നുവൈദ്യന്മാർ,
നീയെന്റെ ഭ്രാന്തിൽ
കുടികൊള്ളുമ്പോൾ
ഞാനാ ഭ്രാന്തിൻ രസമറിയവേ,
ചികിത്സിക്കപ്പെടുന്നുണ്ട്..
നാമറിയാതെയാ
മരുന്നുഭരണികൾ
നമ്മിൽ മരുന്നൂറ്റിനിറയ്ക്കുന്നു
നമ്മിൽ മറുമരുന്നുകൾ
പരീക്ഷിക്കപ്പെടുന്നു..
ഭ്രാന്തുകിളിർക്കുന്ന
അരമതിലിനപ്പുറമിപ്പുറം,
ഉടലറിയാതെ തിളയ്ക്കയാണ്,
ഞാനും നീയും നമ്മുടെ ഭ്രാന്തും.
പരാഗരേണുക്കളെ
പറക്കാനനുവദിക്കാതെയവർ
നമ്മിലെ ചെറുകാറ്റുകളെ
അടക്കിപ്പിടിക്കയാണെപ്പൊഴും.
എനിക്കോ നിനക്കോ
നമ്മിലാർക്കാണ് ഭ്രാന്ത്
നമുക്കാണ് ഭ്രാന്ത്...
നാം ചികിത്സാർത്ഥകരാണ്
നാമാരാലോ പരീക്ഷിക്കപ്പെടുന്ന,
ഗിനിപ്പന്നികളാണിപ്പോൾ..
നമ്മിലൊരാളിലെങ്കിലും
ചികിത്സ ഫലിക്കുകിൽ,
ഭ്രാന്ത് ഭേദമാകുകിൽ...
അവിടെ നാം കാത്തുവച്ച
വളപ്പൊട്ടുകളുടയുന്നു...
മഞ്ചാടിമണികൾ
പാഴ്നിലങ്ങളിലുരുളുന്നു..
മയിൽപ്പീലിസ്വപ്നങ്ങൾ
ചാപിള്ളകളെ പെറ്റുകൂട്ടുന്നു..
അരമതിലുകളലിയുന്നു
കണ്ണീർമഴകളിൽ.
SREEKUMARSREE
Comments