അമ്മയില്ലാത്തൊരു_വീടൊഴിയുമ്പോൾ
ആദ്യം നിശ്ശബ്ദതപേറുക
അടുക്കളയാണ്...
അല്ലെങ്കിൽ, അടുക്കളശബ്ദങ്ങൾ
അന്യമാകുമ്പോഴാണ്
വീടൊഴിയേണ്ടത്....
അടുപ്പെരിയാതെ,
പുകതുപ്പാതെ,
അരകല്ലുരയാതെ,
പാത്രങ്ങൾ ചിലയ്ക്കാതെയൊരുടുക്കള..!
വീടൊഴിയലിന്റെ ആദ്യചിഹ്നനമാണത്.
സ്ഫടിക ഭരണിയിൽ
അവശേഷിക്കുന്ന ബിസ്കറ്റുതുണ്ടുകളാണ്
വിരുന്നുമുറിയിലെ അവസാന-
ഭോജ്യരസവസ്തുത.
പിന്നെയേറെ പരിതപിക്കുക,
മകളുടെ ഉറക്കമുറിയാവും..
കുറുംചുവരിലേക്കവൾ പകർന്ന-
തെത്രമാത്രം പരിഭവങ്ങൾ
പരിവേദനങ്ങൾ....
പറഞ്ഞുതീരാത്ത സൗഹൃദകഥകൾ
പരിസമാപ്തിയിലെത്താത്ത
പ്രണയകഥകൾ..
പകൽക്കിനാവുകൾ പ്രതീക്ഷകൾ
നെടുവീർപ്പുകൾ...
എല്ലാമടക്കിപ്പിടിച്ചൊരു മുറി
നിശ്ശബ്ദം തേങ്ങുകയാവും.
ചുവരിൽ കോറിയ ബോബ്മാർലിചിത്രം...!
മകന്റെ മുറിയടയാളമാണത്.
പൂർത്തിയാക്കാത്തൊരു പ്രണയലേഖനം
അവനുമുപേക്ഷിക്കുമാ മുറിയിൽ.
അച്ഛനായൊരു മുറിയുണ്ടാകില്ല വീട്ടിൽ
അടുക്കളയൊഴിവിനൊപ്പം
അച്ഛന്റെ സ്വകാര്യതകളും മുന്നേ ഒഴിഞ്ഞിട്ടുണ്ടാകും.
പടികൾക്കും തറയോടിനുമുണ്ട് വേദന,
ചവിട്ടിമെതിച്ചിരുന്നെന്നാകിലും..
പുതുനിറംചേർത്ത് എത്രവേഗം
ചുവരിന്റെ നിറങ്ങൾ മായ്ക്കുന്നവർ
അതിന്റെ ആത്മാവിലെഴുതിയ
ചുമർചിത്രങ്ങളറിയുമോ...?
ഉമ്മറവും അടുക്കളപ്പുറവുമൊക്കെ
വിടപറയുമ്പോൾ
നീലക്കണ്ണുള്ളൊരു വയസ്സൻപൂച്ച
കുറുകിപ്പറയുന്നുണ്ടാകും വീടിനോട്,
ഞാനുണ്ടാകുമെന്നുമെന്ന്.
പോകാനിടമില്ലാത്തവന്റെ സത്യം.
പടികടക്കുമ്പോളോർക്കണം
ഒരു ചിതയ്ക്കുള്ളിലുരുകുകയാവും വീട്.
പിന്തിരിഞ്ഞുനോക്കരുതൊരിക്കലും
തെക്കേ തൊടിയിലെ ഗൗളിഗാത്രത്തെങ്ങ്
കണ്ണീർ പൊഴിക്കയാവുമപ്പോൾ...
ശ്രീ
Comments