സിംഹാസനങ്ങൾ ഉച്ചയുറങ്ങുമ്പോൾ
"സാർ ഇവിടംകൂടിയേ ഇനി ആശയുള്ളൂ.. മറ്റുമാർഗ്ഗങ്ങളില്ലാത്തതിനാലാണ്... ഇവിടുന്നും കൈവിട്ടാൽ..."
അതു പറയുമ്പോഴേക്കും അവരുടെ കണ്ണുകളിലൂറിയ ചെറുനനവിന് ചുവപ്പുനിറമാണെന്ന് തോന്നി..
തുളസീധരൻ ആകെ വിഷണ്ണനായി ഈ സ്ത്രീ ഇതു എത്രാമതാണ് ഈ ആവശ്യവുമായി എന്റെ മുന്നിൽ വരുന്നത്...
Legal heir certificate നൽകേണ്ടത് തഹസീൽദാർ എന്നനിലയ്ക്ക് എന്റെ അധികാരത്തിൽ വരുന്നതാണെങ്കിലും അതിന്റെ അന്വേഷണ ചുമതല സ്ഥലം വില്ലേജാഫീസർക്കാണ്. അയാളെ നേരാംവണ്ണം കാണാത്തതുകൊണ്ടാണ് അയാൾ Report വൈകിപ്പിക്കുന്നതെന്നത് സെഷൻ ക്ലർക്ക് പറഞ്ഞത് സത്യമാണോ.... നാശം ഗവൺമെന്റ് ജീവനക്കാരെ ആകെ നാറ്റിക്കുന്നത് ഇവനെപ്പോലെയുള്ള ന്യൂനപക്ഷം നാറികളാ...
നിത്യവൃത്തിക്കു ദൈവത്തിനോട് സമരംചെയ്യുന്ന ഇവരെങ്ങനെയാണ് കൈക്കൂലി കൊടുത്ത് ഉദ്യോഗസ്ഥദൈവത്തെ പ്രീതിപ്പെടുത്തുക..
ഇവരുടെ സങ്കടം കണ്ടാണ് വില്ലേജോഫീസറെ നേരിട്ട് വിളിച്ചു ചോദിച്ചത്... ഉച്ചസമയത്തായതിനാലാകും പലതവണ വിളിച്ചശേഷമാണ് ഒരു കോട്ടുവായുടെ അകമ്പടിയോടെ അയാൾ സംസാരിച്ചത് അതയാൾക്ക് ദഹിച്ചുമില്ല, അതുകൊണ്ടാണല്ലോ യൂണിയൻ നേതാവ് വിളിച്ചു പരുഷമായി സംസാരിച്ചത്.. കഷ്ടം...
ആലോചന കാടുകയറുകയാണ് പാവം സ്ത്രീ, പ്രതീക്ഷയോടെ മുന്നിലിരിക്കുന്നു.. ഒരു പ്രദേശത്തിന്റെ റവന്യൂ അധികാരിയായിട്ടും നിസ്സഹായമാകുന്ന അവസ്ഥ.
പലപ്രാവശ്യം ആവർത്തിച്ച അവരുടെ കദനകഥ ഇപ്പോൾ മനപാഠമാണ്.. പതിമൂന്ന് വർഷംമുമ്പാണ് അവരുടെ ഭർത്താവിനെ ഒരു വാഹനമിടിച്ചു കിടപ്പിലാക്കിയത്. പിന്നീട് ഹൃദ്രോഹി ആയ ഏകമകളെയും കിടപ്പിലായ ഭർത്താവിനെയും സംരക്ഷിക്കാനായി കൂലിപ്പണിക്കിറങ്ങി.. അപ്പോൾതന്നെ MACT യിൽ കേസ്സും കൊടുത്തതാണ്.. ഈ അടുത്താണ് വിധി അനുവദിച്ചുകിട്ടിയത്. എന്നാൽ തുകവാങ്ങാൻ അവരുടെ ഭർത്താവ് കാത്തുനിന്നില്ല.. മരണപ്പെട്ട ഭർത്താവിന്റെ അവകാശി അമ്മയും മകളും മാത്രമാണ്. അതു ലോകർക്കറിയാം പക്ഷെ നിയമസംവിധാനത്തിന് രേഖകൾ വേണം അതിനാണ് അവർ കയറിയിറങ്ങുന്നത്..
മകൾക്ക് 19 വയസ്സുകഴിഞ്ഞു....
"നോക്കൂ നിങ്ങൾ ഒരു ആഴ്ചകൂടി ക്ഷമിക്കൂ.. ആ റിപ്പോർട്ട് വന്നാലുടനെ ഞാനെഴുതിത്തരാം..." അതുപറയുമ്പോൾ തുളസീധരന് ഒട്ടും ശുഭാപ്തിവിശ്വാസമില്ലായിരുന്നു.. ആയാസപ്പെട്ട് എണീറ്റ ആ സ്ത്രീയുടെ മുഖത്തുനോക്കാൻ ശേഷിയില്ലാതെ അയാൾ ചുവരിലെ ഗാന്ധിജിയുടെ ചിത്രത്തിലേക്ക് നോക്കിയിരുന്നു...
പതിവുപോലെ ഗാന്ധിജി പുഞ്ചിരിക്കയാണ് നൂറ്റാണ്ടുകളുടെ അടിമത്വംപേറിയ ജനത സ്വാതന്ത്ര്യം നേടിയശേഷം, ജനാധിപത്യമെന്ന് രാഷ്ട്രീയം പേരിട്ട് മഹത്വവത്ക്കരിച്ച സംവിധാനത്താൽ, സ്വന്തം തടവറയിലകപ്പെട്ട അനേകലക്ഷങ്ങളുടെ പ്രതിനിധിയായി ഇറങ്ങിപ്പോകുന്ന ആ സ്ത്രീയെ നോക്കിയായിരുന്നു അപ്പോഴദ്ദേഹം പുഞ്ചിരിച്ചതെന്ന് തോന്നി....
പലരുമായും ആലോചിച്ചുതീരുമാനിച്ചു. പിന്നെ ആ സ്ത്രീയുടെ സ്ഥലത്തെത്തി നന്നായി അന്വഷിച്ചശേഷമാണ് Village Officer ടെ റിപ്പോർട്ട് ഇല്ലാതെതന്നെ ആ സർട്ടിഫിക്കറ്റ് ഒപ്പിട്ടത്, വരുംവരായ്കകൾ സെഷൻ ക്ലർക്ക് സൂചിപ്പിച്ചെങ്കിലും അവരുടെ ദൈന്യതമുറ്റിയ മുഖം മറക്കാനായില്ല. മാത്രമല്ല ഇതല്പം നേരത്തെ ആകാമായിരുന്നു എന്നുതോന്നി. ആ സർട്ടിഫിക്കറ്റുമായി അവർ പടിയിറങ്ങിപ്പോയപ്പോൾമാത്രമാണ് മനസ്സൊന്ന് ആയാസരഹിതമായത്..
•••••••••••••••••
പരമേശ്വരൻ വക്കീൽ ഇല്ലാത്ത തിരക്കഭിനയിച്ചു നിന്നു. അദ്ദേഹത്തിന്റെ മുന്നിൽ പഞ്ചപുച്ഛമടക്കി ദൈവത്തിനുമുന്നിലെന്നപോലെ അവർ നിൽക്കുകയാണ്.
" സമയമിപ്പോൾ പതിനൊന്നാകാറായി കോടതി കൂടാറായി ഇനിയിപ്പോൾ എപ്പോഴാ അപേക്ഷ തയ്യാറാക്കുക.. കോടതി ഉച്ചയ്ക്കിറങ്ങുമ്പോൾ ഞാൻ വരാം നിങ്ങളിവിടെ ഇരിക്കുക.. " അപേക്ഷയും ലീഗൽ ഹയർ സർട്ടിഫിക്കറ്റും കോടതിയിൽ ഹാജരാക്കാനുള്ള Petition തയ്യാറാക്കാൻ ഗുമസ്തനെ ചുമതലപ്പെടുത്തി വക്കിൽ കോടതിയിലേക്ക് പാഞ്ഞു...
ദിവസങ്ങൾ ഇഴഞ്ഞുനീങ്ങി അപേക്ഷ ഫയൽ ചെയ്തിട്ടും അതു ജഡ്ജിയദ്ദേഹത്തിന്റെ മുന്നിലെത്തി ഉത്തരവിറങ്ങാൻ പിന്നെയും ദിവസമെടുത്തു... ഒടുവിൽ ചെക്കപേക്ഷ അനുവദിച്ചശേഷമാണ് വക്കീലദ്ദേഹം തന്റെ ഫീസ് വിഹിതം അറിയിച്ചത്.. എന്നാലും ബാക്കിതുകയുണ്ടല്ലോ.. മാത്രമല്ല ഇതുവരെ ഫീസൊന്നും നൽകിയിട്ടില്ല, അവർ ആശ്വസിക്കതന്നെ ചെയ്തു.
"ചെക്ക് ഒപ്പിടുന്നത് ഉച്ചയക്ക് ശേഷമാണെന്ന് അറിയില്ലേ.. അതിനുമുമ്പ് ജഡ്ജിയദ്ദേഹം ഫയൽ അനുവദിക്കണം, എന്തിനാ രാവിലെത്തന്നെ കക്ഷികളേയും കൊണ്ട്...?"
കോടതി ക്ലാർക്കിന്റെ ചോദ്യം ഗുമസ്തൻ നേരിട്ടു.
" സർ ഇതു അനുവദിച്ചിട്ട് ഒരാഴ്ചയായി ഇവർ എന്നും വരികയാണ്.. എല്ലാദിവസവും ഉച്ചയ്ക്ക് എന്നു പറയും ഉച്ചയ്ക്ക് ജഡ്ജിന് തിരക്കാണെന്ന് പറയും.. അതുകൊണ്ടാ.. മകളുടെ ആവശ്യമാണ്.."
പതിനൊന്നുമണിക്കുള്ള സിറ്റിംഗ് 1.30 വരെയാണ്, ജഡ്ജിന്റെ ലഞ്ചുബ്രേക്ക് 2.15 വരെ. അതിനുശേഷം മൂന്നുമണിവരെ ആർക്കും പ്രവേശനമില്ല..!! "ജഡ്ജിയദ്ദേഹം ചേമ്പറിൽ കേസ്സുപഠിക്കയാണെന്നാണ് വയ്പെങ്കിലും ഇദ്ദേഹം ഉച്ചയ്ക്ക് ചേമ്പറിലിരുന്ന് ഉറങ്ങുന്നതാണെന്നും അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ഗുമസ്തൻ അടക്കം പറഞ്ഞു". അതിലൊന്നും അവർക്കൊരു വിശേഷവും തോന്നിയില്ല അല്ലെങ്കിലും അതൊന്നും അവരുടെ ചിന്താസരണികളിലേക്ക് പ്രവേശിക്കാതായിട്ട് കാലങ്ങളായി.. തുക ഇന്നിനി കിട്ടിയില്ലെങ്കിലും സന്ധ്യയ്ക്കു മുമ്പ് ധർമ്മാശുപത്രിയിലേക്കുള്ള ബസ്സുപിടിക്കുന്നതോർത്തു ആ സാധുസ്ത്രീ വ്യാകുലപ്പെട്ടു.
പതിവുപോലെ ഉച്ചയുറക്കമോ കേസ്സുപഠിപ്പോ കഴിഞ്ഞ് ജഡ്ജിന് അന്നും അവരുടെ ഫയൽ ഒപ്പിടാനായില്ല. അന്നുരാവിലെ വൈകിവന്നവരെ നിറുത്തിപ്പൊരിച്ചും ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഫയലുകൾ നോക്കിയും, കീഴ്ജീവനക്കാരുടെ തെറ്റുകുറ്റങ്ങൾ കണ്ടുപിടിച്ചും ശകാരിച്ചും 2.45 ന്റെ രണ്ടാമത്തെ സെക്ഷൻ കോടതികൂടലും കഴിഞ്ഞപ്പോഴേക്കും അദ്ദേഹത്തിന്റെ ശരീരവും മനസ്സും നന്നെ ക്ഷീണിച്ചിരുന്നു. അപ്പോഴേക്കും അഞ്ചുമണിക്ക് കോടതിയടയ്ക്കുംമുമ്പ്തന്നെ ആ സാധുസ്തീ ധർമ്മാശുപത്രിക്കുള്ള വണ്ടിപിടിക്കാനായതിൽ സന്തോഷിച്ചു.
×××××××××××××××××
"നോക്കൂ ഇതൊരു സർക്കാർ ആശുപത്രിയായതിനാലാണ് നിങ്ങളുടെ മകളെ ഇത്രകാലവും സൗജന്യമായി ചികിത്സിക്കുന്നത്.. പക്ഷെ ഞാൻ ആദ്യമേ പറഞ്ഞതാണ്.. ഇനിയും ഓപ്പറേഷൻ നീട്ടികൊണ്ടുപോകുവാനാകില്ല.. ഒരുദിവസമല്ല ഒരുമണിക്കൂർ മുമ്പാകുമെങ്കിൽ അങ്ങനെ.. നിങ്ങളീ കുട്ടിയെ മെഡിക്കൽ കോളെജിലേക്ക് കൊണ്ടുപോകണം.. അത്യാവശ്യമായി സർജ്ജറിചെയ്യണം.. സർജ്ജറി മാത്രമേ അവിടെ സൗജന്യമുള്ളൂ.. സ്റ്റെൻട്സും മറ്റ് സർജിക്കൽ സാമഗ്രഹികളും വാങ്ങികൊടുക്കണം.. പിന്നെ, നിങ്ങൾ ദാരിദ്ര്യരേഖ കടന്നിട്ടില്ലെങ്കിൽ കുറച്ച് ഇളവുകൾ കിട്ടും..ഇനിയും ഞാനിങ്ങനെ നീട്ടികൊണ്ടുപോയാൽ നാളെ എനിക്കാകും കുറ്റം.." ഡോക്ടർ തന്റെ നിസ്സഹായാവസ്ഥ അറിയിച്ചു നഴ്സിനോട് അവരെ മെഡിക്കൽകോളെജിലേക്ക് റഫർചെയ്യാനുള്ള നടപടികൾ ചെയ്യാൻ ചട്ടംകെട്ടി...
വീട്ടിലേക്ക് നടക്കുമ്പോൾ മകൾ ഏച്ചുവീഴാതിരിക്കാൻ നന്നെ പണിപ്പെട്ടു.. അവളുടെ നിറംമങ്ങിയ കണ്ണുകളിൽ ഇരുട്ടുവീണുതുടങ്ങിയിരുന്നു. മെല്ലിച്ച ചടച്ച ആ ശരീരത്തിനെ താങ്ങാനുള്ള കെല്പുപോലുമില്ലാതെ ആ അമ്മയും... ആശുപത്രി വിട്ടപ്പോൾ നഴ്സ് നൽകിയ അരക്കവർ ബ്രഡും പുറത്തെ ധർമ്മസംഘടന നൽകിയ ഒരുപൊതിച്ചോറും ആ സ്ത്രീ നെഞ്ചോട് ചേർത്തുപിടിച്ചിരുന്നു. അപ്പോഴും ആരോ വരച്ച, ഡോക്ടർ പറഞ്ഞ ആ ദാരിദ്ര്യരേഖ അവർക്കു താഴെയെവിടെയോ ആയിരുന്നു. പുഴുവിനും പല്ലിയ്ക്കും പാറ്റയ്ക്കുമെന്നപോലെ അവർക്കും പതിച്ചുകിട്ടിയ ഭൂമിയുടെ അവകാശികൾ എന്ന ജന്മിത്വം അവരെ ആ രേഖയ്ക്കുള്ളിലേക്ക് അടുപ്പിച്ചില്ല.
××××××××××××
ഒരു പത്തൊൻപതുവയസ്സുകാരി പെൺകുട്ടി വീടിനുപുറകിലെ പറങ്കിമാവിൽ തൂങ്ങിനിന്നത് വലിയ വാർത്തയൊന്നുമായില്ല.. എന്നാൽ തൂങ്ങിമരണമെന്ന ലേബലിൽ തഹസീൽദാർ സന്നിഹിതനായിരുന്നു... കണ്ണുനീരുവറ്റിയൊഴിഞ്ഞ ആ സാധുസ്ത്രീ തന്നെ നോക്കരുതേയെന്ന് തുളസീധരൻ ആഗ്രഹിച്ചു.. നടപടികൾ പൂർത്തിയാക്കുമ്പോഴും വില്ലേജാഫീസറുടെ ചുണ്ടിൽ പല്ലിൽ തിരുകിയൊരു പച്ച ഈർക്കിൽ തുള്ളിക്കളിച്ചു.. അയാളാ ഈർക്കിൽ തെറിച്ചുപോകാതെ ഇടയ്ക്കിടെ പറങ്കിമാവിൻചോട്ടിലേക്ക് തുപ്പി,
ഒരുപക്ഷെ ആ അമ്മ ഇനിയുമൊരു പുതിയ legal hair certificate നു വരുമോ... തിരികെയാത്രയിൽ തുളസീധരൻ ഔദ്യോഗിക വാഹനത്തിലിരുന്നു സമയംനോക്കി.. കൃത്യം 2.15...!!? ഉറക്കം വരുന്നുണ്ട് ശരിയാണ് ഉച്ചയുറക്കത്തിനുള്ള സമയം.. അയാൾ പതിയെ ചാരിയിരുന്ന് കണ്ണുകളടച്ചു.. അയാളുടെ വാഹനം ഉച്ചയുറങ്ങാത്ത ഡ്രൈവറുടെ വരുതിയിൽ മുന്നോട്ടു നീങ്ങികൊണ്ടിരുന്നു..
#ശ്രീ.
Comments