മധുരനെല്ലിക്കകൾ
നോക്കു വാചാലമായ പ്രായം..
വാക്കു വാസനിക്കുന്ന കാലം.
നോക്കു വാക്കിനു പകരമായായിരം
വാക്യമാല്യം പകർന്നജാലം.
മൊട്ടുടൽ തൊട്ടുനോക്കാതെ നോക്കുകിൽ,
പൊട്ടിയങ്ങുവിരിയുന്ന പ്രായം.
ഒട്ടൊരാലസ്യഭാവം നിറയുന്ന
മുഗ്ദലാവണ്യ ദാവണിക്കാലം.
ഞെട്ടടർന്നങ്ങു വീണുപോം പ്രായം....
അറ്റമല്പം കടിച്ചോമനിക്കും നിൻ
കൊച്ചുദാവണിയാകുവാൻ മോഹം..
കൂർത്തനിൻമിഴിത്തുമ്പുകളെയ്യുന്ന
നേർത്ത തേനമ്പു കൊള്ളുവാൻ മോഹം.
നാട്ടുമാൻചുനപ്പാടുമറയ്ക്കുവാൻ,
പുസ്തകങ്ങളടക്കുമിടനെഞ്ചിൽ
ചേർത്തുവച്ചിടാമെന്നയുമോർത്തു ഞാൻ,
രാത്രിയേറെ പുളകിതനായതും,
രാത്രിമഞ്ഞേറ്റുറങ്ങാതിരുന്നതും..
നാട്ടുമന്ദാര മൊട്ടുവിരിയുന്ന
നേർത്തസന്ധ്യയിലീറനായ് നീയുമാ-
നാട്ടിടവഴിയോരത്തുനിൽക്കുമീ
നിസ്വനായൊരു ദർശനം തന്നതും..
പാലൊളിതൂകി നിൽക്കുന്ന പൗർണ്ണമി
പോലെനീനിന്നു മെല്ലെച്ചിരിച്ചതും...
പാർവ്വണേന്ദുവോ നാണിച്ചുനിന്നതും...
പാതിരാപ്പൂക്കളാകെ വിടർന്നതും...
ആർദ്രമോമനേ നാം നട്ടരോർമ്മതൻ
നേർത്തമുന്തിരിവള്ളികളിൽ വന്ന്
ചേർക്കുമോർമ്മക്കുരുപ്പുനുണയവേ
ആദ്യമല്പം വിഷാദം ചവർക്കിലും
ഏറ്റവും സുഖം, മധുരം, സ്മരണകൾ.....
കാട്ടുനെല്ലിക്കപോൽ കാത്തിടുന്നുഞാൻ.
Sree. 19.9.21.
Comments