നിന്നിൽ_തുടങ്ങിയൊടുങ്ങുന്നു...
നീയൊരു ഹിമശൈലമാണെന്നറിഞ്ഞപ്പോൾ,
അലിയാതെ കാക്കേണ്ട കടമയോർത്തു.
ആരോഹണങ്ങളിൽ നീയൊന്നുരുകിയാൽ;
ഞാന്‍ മുങ്ങിയമരുവാൻ വേണ്ടുവോളം.
നീയൊരു കടലെന്നറിഞ്ഞപ്പോൾ നിൻ മീതേ,
വീശാതിരിക്കേണ്ട കാര്യമോർത്തു.
അലകളായ് അലറികുതിച്ചു നീ ഉയരുകിൽ
ഒരുമണൽ കൂനഞാനെന്തുചെയ്യും.
നീയൊരു കനലെന്നറിഞ്ഞപ്പോൾ നിൻ മുന്നില്‍
നിശ്വസിച്ചീടാതിരിക്കയായ് ഞാന്‍,
എൻശ്വാസമേറ്റുനീയാളിപ്പടർന്നെന്നാൽ
പടുമരം ഞാന്‍ പിന്നെ ബാക്കിയുണ്ടോ.
നീയൊരു സ്ത്രീയെന്നറിഞ്ഞ നാൾ ഞാനിതാ,
കാതര്യനായൊരു കുംഭകാരൻ.
നീയെന്ന നീലക്കടൽനുകരുമ്പോൾ നീ,
നീളെപ്പറക്കുന്ന പക്ഷിയാകും
നിൻതൂവൽതേടി ഞാനാകാശം പൂകുമ്പോൾ
നീയൊരു നീല ഗഗനമാകും
ആമേഘക്കീറിൽ ഞാൻ
ആശ്വാസം കൊള്ളുമ്പോൾ
നീയൊരു പേമാരിയാർത്തുപെയ്യും
ആമഴ മെല്ലെ നനയാനിരിക്കവെ
നീയൊരു കുഞ്ഞുതടാകമാകും...
രൂപാന്തരങ്ങളിന്നേറെയുണ്ടെങ്കിലും
നീയൊരു പെണ്ണായിത്തന്നെവേണം
നീർമിഴിക്കോണിലൊരായിരംകാന്തിക,
മേഘസന്ദേശങ്ങൾ ചേർക്കവേണം
ചാരത്തിരിക്കിലും ദൂരത്തുമേവുന്ന
പൈക്കിടാവെന്നപോലായിടേണം
ആയിരമാവർത്തി വായിച്ചിടീലും നീ
വായനയ്ക്കപ്പുറം തന്നെവേണം..
ജന്മാന്തരങ്ങളിലിന്നലെപ്പോലെനീ
അമ്മയായ് പെങ്ങളായ് കാമിനിയായ്
പിന്നെമകളായവതരിച്ചീടണമെങ്കിലോ
ജീവിതം പൂർണ്ണമല്ലോ....
നിന്നിൽ തുടങ്ങുന്നു ജീവനും ജീവന,
സംവേദനങ്ങളും സംസാരവും
നിന്നിലൊടുങ്ങുന്നു കാലവും സർവ്വവും
നിന്നിലെ നീയുമതെന്തു പുണ്യം..
. .24/10/2014.
Comments