മൂന്നുഖണ്ഡികയിലെ കഥ
(അതായത് കഥ)
ഒരിടത്തൊരു കുഞ്ഞുപൂച്ചയുണ്ടായിരുന്നു.. ഏകാന്തത തീരെ മടുത്തപ്പോളത് ചിങ്ങേലിക്കാട്ടിലേക്ക് വണ്ടിയോടിച്ചുപോയി... അവിടെ വച്ചാണ് ഒരു സന്ധ്യയ്ക്ക്... പ്രശസ്തമായ ആ കടൽത്തീരത്തുവച്ചാണ് ഒരു സുന്ദരികാക്കയെ കണ്ടുമുട്ടുന്നത്.. സമാനചിന്താഗതിക്കാരുടെ സമാഗമം താമസിയാതെ വിവാഹത്തിലേക്കെത്തിച്ചു... കാലചക്രത്തിന്റെ ഒഴുക്കിനനുസരിച്ച് അവർക്ക് രണ്ടു കൺമണികൾ പിറന്നു... പൂച്ചമുഖവും വാലും കാക്കച്ചിറകുമായി പിറന്ന അവർ കാഴ്ചയ്ക്ക് സുന്ദരമായിരുന്നു. എന്നാൽ ആ സമൂഹം അവരെ കല്ലെറിഞ്ഞു. അവർ അവിടം വിട്ട് പലയിടത്തും പോയി പക്ഷെ ഏകസ്വത്വമില്ലാത്ത അവർക്ക് ഒരിടത്തും ജീവിക്കാനായില്ല. ഒടുവിൽ അവർ ഈ ഭൂമിയെ ശപിച്ച് ആത്മഹത്യചെയ്തു.... ശുഭം.
ഖണ്ഡിക-2.
(അഥവാ കമന്റുകൾ)
എന്തുവാടെ കഥ ഇങ്ങനെയാണോ കഥ നീയെന്താ കുട്ടികൾക്ക് കഥയെഴുതിയതാണോ... പിള്ളാരു കാണണ്ടാ നിന്റെ തലയടിച്ചു പൊളിക്കും...🥶🥶
ഇതെന്താ ഒരു ലോജിക്കുമില്ലാത്ത കഥ...🤣🤣
ഇങ്ങനാണോ കഥയെഴുതുന്നത്....
തുടരൂ മാഷേ.❤.
അനിതരസാധാരണമായ കുഞ്ഞുകഥ...🙂🙂
കഥയോട് ഇഷ്ടംകൂടി കഥാകാരനോടായിപ്പോകുന്നു....❤❤❤
ഇതാണ് കഥ ഇങ്ങനെവേണം കഥ....😢
"ഇതെന്തു ....... ഡാഷേ... വായനക്കാരനെ ഒരുമാതിരി ഐസ് ചൂ.... ആണോ ഡാഷേ...?
നിനക്ക് വേറെ പണിയൊന്നുമില്ലേടാ ... മോനേ..😡🤬
എനിമേലിൽ ഇങ്ങനെ എഴുതി ഗ്രൂപ്പ് നിറച്ചാൽ നിന്റെ കാലുതല്ലിയൊടിക്കും ____ മോനേ....
ഗ്രൂപ്പ് അഡ്മിൻ...? നിങ്ങളെന്തു മാങ്ങാത്തൊലിക്കാടോ അവിടിരിക്കുന്നത്... ?
(ബാക്കി കമന്റുകൾ സെൻസറിംഗ്.....)
ഖണ്ഡിക-3
(അഥവാ എഴുത്തുകാരന്റെ മറുപടി)
പ്രിയപ്പെട്ട കമന്റൻമാരെ... എന്റെ ഈ മാസത്തെ 1237മത് കഥയാണിത് . ഈ കഥ #അമ്പിളിപ്പൂച്ച എന്ന ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.. അവിടെയൊക്കെ ആയിരക്കണക്കിന് പ്രോത്സാഹന കമന്റിട്ടത് നോക്കൂ.... അവിടെയൊക്കെയുള്ളവർക്ക് നല്ല ഗ്രാഹ്യശേഷിയുണ്ട് നിങ്ങൾക്ക് ആസ്വാദനശേഷിയും അവഗാഹനക്കുറവും ഉള്ളത് എന്റെ കുറ്റമല്ല... ഈ ഗ്രൂപ്പിൽ മാത്രമാണ് ഇങ്ങനെ... ഈ ഗ്രൂപ്പ് മാത്രമെന്താ ഇങ്ങനെ ആയിപ്പോയത്... കഷ്ടം... ഒരു മിനിട്ടിൽ ഒരു കഥവീതം എഴുതി അടുത്ത മിനിട്ടിൽ 37 ഗ്രൂപ്പിൽ പോസ്റ്റിടുന്നവനാണ് ഞാൻ.. എഴുത്തിന്റെ തിരക്കിൽ പോസ്റ്റിടലിന് ഞാൻ കൂലിക്ക് ആളെവരെ വച്ചിരിക്കുകയാണ് ആ എന്റെ രചനയാണ് ആണ്ടിലൊരിക്കൽ വല്ല ചവറും ഇടുന്ന നീയൊക്കെ വിമർശിക്കുന്നത്.. കഷ്ടം എനിക്ക് നിങ്ങളോട് സഹതാപമുണ്ട്... നിങ്ങൾക്ക് നിങ്ങളുടെ കഴിവനനുസരിച്ചല്ലേ വായികകാനാകൂ...
(ഇത്രയും എഴുതിയ സമയം മറ്റൊരു ഗഥയെഴുതാനുള്ള സമയമാ പോയത്.. സാരമില്ല ഈ കമന്റിനെ ഒരു കഥയായി #കുഞ്ഞമ്മേടെ_മരതകപ്പച്ച എന്ന ഗ്രൂപ്പിലിടാം)
By. ഗഥാകൃത്ത്
(വാൽ- ഈ ഗഥാകൃത്ത് ഞാൻതന്നെയാണെങ്കിലും കമ്ന്റർമാർ നിങ്ങളാരുമായും സാമ്യമില്ല)
Comments