വാക്സിനേഷനും_ദാമ്പത്യകലഹവും

.
---------------------
കുറച്ചുദിവസമായി എന്നും വൈകുന്നേരം കിറുകൃത്യം മൂന്നുമണിമുതൽ മൂന്ന് മൊബൈലെങ്കിലും വച്ചു വാക്സിനേഷൻ സ്ലോട്ട് തേടലാണ് പണി... ഈ വാക്സിനെ വിശ്വസിക്കണോ കൊറോണയെ വിശ്വസിക്കണോ എന്ന ചിന്ത മണ്ടേലുണ്ടായിരുന്ന സമയത്ത്, വഴിയേ പോകുന്നവരെ പിടിച്ചുകൊണ്ടുപോയി വാക്സിൻ കൊടുത്തപ്പോൾ ആ പിടിയിൽ വീഴാതെ വരാലുകളിച്ചുനടന്നതാണ്.. ആദ്യത്തെ കൊറോണ ഞാൻ പോണേ....ന്ന് പറഞ്ഞു പോയപ്പോൾ വാക്സിനെടുത്തവന് വട്ടെന്ന് പറഞ്ഞ് പല്ലുംകുത്തിയിരുന്നതാ.. അപ്പോഴാ പോയ കൊറോണ മതിലേലിരുന്നിട്ട് തിരിച്ചിങ്ങോട്ട് വീണ്ടുമൊരു ചാട്ടം ഒരുമാതിരി മ..മ.. മത്തങ്ങത്തലയന്റെ സ്വഭാവം.. 
ദീപാവലിപടക്കത്തിലെ തീ പിടിപ്പിച്ച റോക്കറ്റ്പോലെ ഡെത്ത്റേറ്റ് കുതിച്ചപ്പോഴാ നുമ്മക്ക് വാക്സിനെടുത്തവനോടൊക്കെ ഒരു ബഹുമാനം വന്നുതുടങ്ങിയത്.. എന്നാൽപിന്നെ ഞാനും വാക്സിനേറ്റഡ് എന്ന പ്രൊഫൈലിട്ട് ,മീ ടൂ വിൽ പങ്കെടുക്കാനാ ഇപ്പോഴെത്തെ മേൽ പറഞ്ഞ അഭ്യാസം.. 
നമ്മള് ജില്ല തിരയുമ്പോൾ തന്നെ സ്ലോട്ട് ഫുൾ ആകും എന്നാൽ പെയ്ഡ് നോക്കാന്നുവച്ചാ അപ്പോഴേക്കും ടൈം ഓവറായി അന്നത്തെ ഇന്നിംഗ്സ് അവസാനിക്കും .. അടുത്ത ദിവസം നമ്മൾ പോസ്റ്റൽ കോഡ് വച്ച് തിരയുന്നു അപ്പോൾ പറയും ഈ കോഡിൽ ഇന്ന് സൂചിവയ്പില്ലാന്ന്.. സത്യത്തിൽ മടുപ്പിനെക്കാൾ ഭയപ്പാടായീത്തുടങ്ങി.. മിക്കപ്പോഴും വൈകീട്ടത്തെ വാർത്താസ്കോറിംഗിൽ ഡെത്ത്റേറ്റിന്റെ ഗ്രാഫ് കണ്ടാൽ പിറ്റേന്നും സ്ലോട്ട് തിരയലെന്ന അഭ്യാസത്തിനിറങ്ങും. കാര്യങ്ങളീവിധം കൈവിട്ടുപോകുമെന്നുറപ്പായപ്പോഴാണ് യെന്തരോ ഏനക്കേടിന് സ്ലോട്ട് വന്നത്...  ഇനിയാണ് വിഷയത്തിന്റെ ഗൗരവം...
വീട്ടിൽ ധർമ്മാദാരവും അവളുടെ അമ്മയുമുണ്ട്... അപ്പോൾ അത്യാവശ്യം മുന്ന് കുത്തിവയ്പ് വേണം..  എന്നാൽ മൂന്നെങ്കിൽ മൂന്ന്.. അപ്പോഴതാ അടുത്ത കീറാമുട്ടിവിഷയം. ഈ കുത്തിക്കലാശം കഴിഞ്ഞാൽ രാത്രി പനിവരുമത്രെ.. അടുത്ത ദിവസം നല്ല ക്ഷീണവുമുണ്ടാകുമെന്ന് അനുഭവസ്ഥർ.. ദാ കിടക്കുന്നു വിഷയം.. മൂന്ന്പേരും പനിച്ചുകിടന്നാൽ പിള്ളാർക്ക് ആര് അരിവച്ചുകൊടുക്കും.. മറ്റൊരു ചിന്തയിലാണ് വിഷയം സങ്കീര്‍ണമായത് അതാവത് യാർക്കേലും പനിക്കപ്പുറം യതാവത് സൈഡ്എഫക്ട് കെടക്കിലോ...? 
ആ ചിന്ത കടന്നപ്പോഴാണ് ഒരു പുത്തി തോന്നിയത് (വിനാശകാലേ ഓപ്പോസിറ്റ് പുത്തി) ആദ്യം വയസ്സായ അമ്മയ്ക്കെടുക്കാം അമ്മയ്ക്ക് തുണ അവളും പോകണമല്ലോ അപ്പോൾ അവർ രണ്ടുപേരും ആദ്യം എടുക്കട്ടെ അതുക്കപ്പുറം ഞാൻ, എന്ന് ഗൗരവ/സദുദ്ദേശ്യാ ചിന്തിച്ചു. അങ്ങനെ വാക്സിനേഷൻ കഴിഞ്ഞപ്പോഴാ അവളുടെ സോദ്യം... "നിങ്ങക്കെന്താ എടുക്കണില്ലേന്ന്..." നിങ്ങൾക്ക് നാളെ വയ്യാതാകുന്നു എങ്കിൽ പിള്ളാർക്കു കഞ്ഞി വയ്ക്കേണ്ടേ.. ഞാൻ നാളെ കഴിഞ്ഞുള്ള ദിവസത്തേയ്ക്ക് ബുക്കു ചെയ്യാമെന്ന് പറഞ്ഞെങ്കിലും അവളിരുത്തിയൊന്നു നോക്കി... " വാക്സിനെക്കെ എടുത്തു ഇനീപ്പോ വല്ല സൈഡ് എഫക്ടും വന്ന് ചാവുമോന്നാ പേടി" തിരികെ കാറിലേക്ക് നടക്കുംവഴി ഒരു രസികൻ തട്ടിവിട്ടത് അവൾ കേട്ടിരിക്കും.. വലിയൊരു കടന്നൽകൂട് മുഖത്തൊട്ടിച്ചുവച്ചതുപോലാണ് അവൾ കാറിലേക്ക് കയറിയത്... വല്ല പ്രയാസവും തോന്നണുണ്ടോന്ന് ചോദിച്ചിട്ട് മുഖംവെട്ടി തിരിഞ്ഞതാണ്...
" ഞാൻ സൈഡ് എഫക്ട് വന്ന് ചത്താൽ പിന്നെ സുഖമായല്ലോ.... ഫേസ്ബുക്കിലെ ഏവളെയെങ്കിലും കെട്ടി സുഖമായിട്ട് ജീവിച്ചോ.. അതിനല്ലേ വാക്സിനേഷൻ  എടുക്കാത്തത്..."  മുൻസീറ്റിലിരുന്നുള്ള ആദ്യവെടി പൊട്ടി... കാര്യം മനസ്സിലാകാത്തതിനാലാകും പിന്നിലിരുന്ന അമ്മയിൽ നോ കമന്റ്.. ഇനി അടുത്ത സ്ലോട്ട് കിട്ടി ഞാനും വാക്സിനേറ്റഡ് ആകുന്നതുവരെ വീട്ടിൽ  ഉണ്ടാകാനിടയുന്ന ആഭ്യന്തര ഗാർഹിക പ്രശ്നങ്ങളിൽ നിന്ന് എന്നെ കാത്തോളണോ സ്ലോട്ട് അനുവദിക്കുന്ന മുത്തപ്പാന്ന് പ്രാർത്ഥിച്ച് ഞാൻ  വേഗം വണ്ടിവിട്ടു.
#sree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്