ഇച്ചേയി

...

അക്കൊല്ലത്തെ ഓണം വിച്ചുവിന് പൊന്നോണമായാണ് വരുന്നത് കാരണം, അക്കൊല്ലം അവനൊരു പുത്തനുടുപ്പു കിട്ടുന്നു ആദ്യമായി ഒരോണക്കോടി...!

ഇച്ചേയിക്കു കിട്ടിയ സ്റ്റൈഫന്റിന്റെ വിഹിതമാണവന്റെ ഓണക്കോടി.  

"ഇച്ചേയീ നിക്ക് ചൊമപ്പും വെള്ളേം നെറം മത്യേ...." ഒന്നരക്കാലുമായി ഇച്ചേയി ബസ്സിലേയ്ക്ക് വലിഞ്ഞുകേറുമ്പോൾ ചോറുസഞ്ചി കൊടുത്തു പതിയെ ഓർമ്മിപ്പിച്ചത് ഇച്ചേയി മറന്നില്ല...
 ചൊമപ്പും വെള്ളേം നിറംകൊണ്ട് ചെക്കിന്റെ കോട്ടൺതുണിതന്നെ ഇച്ചേയി വൈകുന്നേരം വാങ്ങിവന്നു..

 ഇച്ചേയിയുമായി വീടണയുംമുമ്പുതന്നെ അവനാ പൊതിതുറന്ന് പുത്തനുടുപ്പിന്റെ മണം ആവോളം ശ്വസിച്ചു.

 പട്ടണത്തിലെ ജോലിസ്ഥലത്തേയ്ക്ക് അപ്രന്റീസായി പോകുന്ന
ഇച്ചേയിക്കു എന്നും ബസ്റ്റോപ്പുവരെ വിച്ചുവാണ് തുണപോകുന്നത്.. സന്ധ്യയ്ക്ക് ഇച്ചേയി മടങ്ങിവരാൻനേരവും അവൻപോകും.
 ഇച്ചേയിക്ക് വലതുകാലിന് ശേഷിക്കുറവുണ്ട്. ഇച്ചേയിക്ക് പത്തുവയസ്സായപ്പോൾ പോളിയോ വന്നതാണ്. എന്നാലും വിച്ചുവിന്റെ ഇച്ചേയി നന്നായി പഠിച്ചു. വിച്ചുവിന് ട്യൂഷനെടുക്കുന്നതും ഇച്ചേയിയാണ്. 
അപ്രന്റീസു കഴിഞ്ഞാൽ ഇച്ചേയിക്കു ജോലികിട്ടുമെന്നാണ് അച്ഛനുമ്മയും പറയുന്നത്....
 എനിക്കും പഠിക്കണം ഇലക്ട്രോണിക്സ്  എന്നിട്ട് ഇച്ചേയിയെപ്പോലെ റേഡിയോ ഉണ്ടാക്കണം... 

സ്കൂളിൽ എക്സിബിഷൻ നടന്നപ്പോൾ ഇച്ചേയിയാണ് വെള്ളത്തിൽ തൊട്ടാൽ ലൈറ്റുകൾ കത്തുന്ന സൂത്രം ഉണ്ടാക്കിത്തന്നത്. എനിക്കും ഉണ്ടാക്കണം അതുപോലെ പലതും... 

തിരികെ വരുമ്പോൾ വഴിയിൽ മുഴുവൻ ഇച്ചേയിയോട് അന്നത്തെ വിശേഷങ്ങൾ പറയും തിരികെ ഇച്ചേയിയും ജോലിസ്ഥലത്തെ അന്നത്തെ  വിശേഷങ്ങൾ അവനു പറഞ്ഞുകൊടുക്കും. 

ഇച്ചേയിയുമൊത്ത് വീടെത്തിയാൽ അമ്മ രണ്ടാൾക്കും മധുരമുള്ള കട്ടൻകാപ്പിതരും.. പിന്നെ, ഇച്ചേയി കുളിച്ചുവന്നാൽ പ്രാർത്ഥിക്കുകയും  ട്യൂഷനുമാണ്.. ശേഷം അമ്മ കപ്പയും ചോറും മീൻകൂട്ടാനും തരും ഇച്ചേയിയും അവനും അച്ഛനും അമ്മയും മൂന്ന് പൂച്ചകളും വളഞ്ഞിരിക്കും.. അപ്പോഴാണ് അച്ഛൻ എല്ലാവരോടും സംസാരിക്കുക. 

രാത്രി ഉറക്കവും ഇച്ചേയിയുടെ അടുത്തുതന്നെയാണ്. 

"ചെക്കാ നീയിങ്ങനെ ചേച്ചിക്കു പുറകെനടന്നാൽ മാത്രം പോരാ... അവളെപ്പോലെ പഠിക്കണം കേട്ടോ..." അമ്മ ഇടയ്ക്കിടെ ഓർമ്മിപ്പിക്കും. 
"മോൻകുട്ടൻ നന്നായി പഠിക്കുമമ്മേ... അവൻ പഠിച്ചുമിടുക്കനായി വല്യസാറാകും ന്നിട്ട് കാറുവാങ്ങും ഈ ചേച്ചിയെ കൊണ്ടുപോകാൻ.
.." ഇച്ചേയി പക്ഷം പിടിക്കും പിന്നെ ഇരുട്ടിലേക്ക് നോക്കി ഏറെമൗനത്തോടെ ഇരിക്കും. അങ്ങനെ ഇച്ചേയി ചിലപ്പോഴൊക്കെ ഇരിക്കാറുണ്ട് പിന്നെ പഠിപ്പിക്കുന്നത് നടക്കില്ല. ആ ദിവസങ്ങളിൽ ഇച്ചേയി കിടക്കുമ്പോൾ കഥയും പറഞ്ഞുതരില്ലായിരുന്നു. 

" ചെക്കിന്റെ തുണിയാ.. ചെറുക്കനു കോളടിച്ചല്ലോ... എത്രയായി മോളേ ഇത്...? അമ്മയുടെ സന്തോഷം.  

"കിട്ടുന്നത് ദൂർത്താക്കണ്ട അപ്രന്റീസു ഒരു വർഷേയുള്ളൂ.. കൈയ്യിൽ വരണത് തേവിക്കളയണ്ടാ.. ഞാൻ വെട്ടിയാലും കെളച്ചാലും ഇനിയൊന്നും കൂടൂല്ലാ..."
അച്ഛൻ പറഞ്ഞതൊന്നും മനസ്സിലായില്ല... 

"മോൻകുട്ടന് പുത്യതൊന്നും കിട്ടീട്ടില്ലല്ലോ അച്ഛാ... പഴേതല്ലേ ആരും കൊടുക്കൂ... ഓണത്തിന് അവനിടട്ടെ... " 
ചേച്ചി അച്ഛനെ ആശ്വസിപ്പിച്ചു.. 
 
"ഓണത്തിന് ഇനി രണ്ടാഴ്ച തെകച്ചില്ല.. ആ സരള തയ്ച്ചുതരുമോ ആവോ... അതിനുംവേണം പത്തെങ്കിലും" അമ്മ തുണിയെടുത്തു പൊതിഞ്ഞുവച്ചു. 

അന്ന് വിച്ചുവിന്റെ സ്വപ്നത്തിനാകെ നിറം ചൊമപ്പും വെള്ളയുമായിരുന്നു കമുങ്ങിൻതൊടിയും പന്തടിക്കളവും മുറ്റത്തെ നന്ദ്യാർവട്ടവും  ചൊമപ്പും വെള്ളയും നിറംവാരിയണിഞ്ഞു.
 കുങ്കുമരാശികടംകൊണ്ട ഓണസന്ധ്യയവൻ സ്വപ്നം കണ്ടുറങ്ങി, ആ ചൊമപ്പൻ സന്ധ്യയിൽ അവന്റെ ഇച്ചേയി ഒന്നരക്കാലുമായി തൂവെള്ള നിറമുള്ള ഒരു മാലാഖയെപ്പോലെ അവനെ ചേർത്തുപിടിച്ച് ദൂരെ ചക്രവാളങ്ങൾക്കപ്പുറം അവനായുള്ള പ്രഭാതം ചൂണ്ടിക്കാണിക്കുകയായിരുന്നു. അവിടെ വെളുത്ത ആകാശത്തിലെ ചൊമപ്പുനിറമുള്ള നക്ഷത്രങ്ങൾ തിളങ്ങുന്നതുകണ്ട് അവൻ പുഞ്ചിരിച്ചു. 

സ്വപ്നങ്ങൾ കാണാൻ നിറമില്ലാതെപോയ അവന്റെ ഇച്ചേയിയപ്പോൾ അവനെചേർത്തണച്ചുപിടിച്ചു  രാപക്ഷിയുടെ രോദനംകേട്ട് ഉറങ്ങാതെ പനമ്പായപറ്റി കിടക്കുകയായിരുന്നു...

ശ്രീ.. 8/7/20


Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്