Unknown Call



ഉച്ചസൂര്യന് ക്ഷീണംപോലെ.. വെയിലൊളി വിതറാൻ മടിച്ച് അങ്ങിങ്ങ് ചിതറിയ വെയിൽ നാളങ്ങളുമായി ആ നട്ടുച്ചനേരം കടന്നുപോകാൻ മടിച്ചെന്നപോലെ അന്തരീക്ഷം നിന്നു... ആദിത്യകിരണങ്ങൾ ഭൂമിയെ പൂണ്ടടങ്കം പുണർന്നില്ലയെങ്കിലും ടാർ റോഡിലെ ചൂടിനും പൊടിക്കും കുറവൊന്നുമില്ല... ബൈപാസ് റോഡുവിട്ട് ബൈക്ക് ഇടത്തേയ്ക്കുതിരിഞ്ഞു... ചിരപരിചിതമായ വഴി ബൈക്കിനും ഹൃദിസ്ഥമാണിപ്പോൾ... കൈകൾ ഹാൻഡിലിൽ വിശ്രമിക്കുംപോലെയാണ്.

വണ്ടി പതിവുവഴിയിലൂടെ നിശ്ചിതവേഗത്തിലൊഴുകുന്നു... ഇനിയും ആറേഴു കിലോമീറ്റർകൂടിയേയുള്ളൂ വീട്ടിലേക്ക്... കൃസ്ത്യൻപള്ളികഴിഞ്ഞ്  ഗവൺമെന്റ് കണ്ണാശുപത്രിക്കുമുന്നിലൂടെ കടന്നുപോയപ്പോളാണ് ഇടനെഞ്ചിലൊരു കുഞ്ഞുറുമ്പു കരളുംപോലെ... ചെറിയ വേദന..!!
     വണ്ടി സൈഡിലേക്കൊതുക്കി ഹെൽമറ്റ് ഊരി, തലയ്ക്ക്  അല്പം കാറ്റുകൊള്ളട്ടെ... അഞ്ചുനിമിഷം കഴിഞ്ഞ് വീണ്ടും ഹെൽമറ്റ് യഥാസ്ഥാനത്തുറപ്പിച്ചു.. "പുകയില നിങ്ങളുടെ ജീവിതം പുകച്ചുതീർക്കുന്നു..  പുകയില ഉൽപന്നങ്ങൾ ഉപേക്ഷിക്കുക...കൃത്യമായ ചികിത്സ നേടുക"   ഇടതുവശത്തെ ഗവൺമെന്റ് ജനറൽഹോസ്പിറ്റൽ മതിലിന്റെ ബോർഡിലെ വാക്യങ്ങൾ അപ്പോഴാണ് ശ്രദ്ധിച്ചത്... ഇത്രയും കാലം അതവിടെ ഉണ്ടായിരുന്നിട്ടും ശ്രദ്ധിച്ചിട്ടേയില്ല... വണ്ടി വീണ്ടും മുന്നോട്ടെടുത്തു.. ആദ്യ സിഗ്നൽ കടന്ന്  സെന്റ് ജോസഫ് സ്കൂളിനുമുന്നിൽ വീണ്ടും സിഗ്നൽ... ഇനി ആറുകിലോമീറ്റർ താണ്ടാൽ നിരവധി സിഗ്നലുകളുണ്ട്... നെഞ്ചുവേദന കൂടിവരികയാണ്... ഇടനെഞ്ചിലെ ചോനനുറുമ്പുകളുടെ എണ്ണം കൂടിവരുന്നു... അവ ഹൃദയഭിത്തികളിലൊരു സുക്ഷിരം ചമയ്ക്കുകയാണോ... ഏകെജി സെന്റർ പിന്നിട്ടു പ്രശസ്തമായ സർവ്വകലാശാലാ ഓഫീസ് സമുച്ചയത്തിനടുത്ത് കുമാരനാശാൻ സ്ക്വയറിനപ്പുറം വണ്ടി മുന്നോട്ടെടുക്കാനായില്ല... കൈകളിലേക്ക് ഒരു തരിപ്പ് ഇരച്ചുകയറുന്നു.. വിരലുകളുടെ ബലം ചോർന്നുപോകുന്നു... സ്ക്വയറിനോരം അരമതിൽ ചേർത്ത് വണ്ടി ചാരിവച്ചു.. അതിൽനിന്നിറങ്ങാനാകാതെ.... മുന്നിലെ കാഴ്ചകളിലൊരു അതാര്യമായ തിരശ്ശീലവീഴുന്നപോലെ... 

"എന്തുപറ്റി.. നന്നായി വിയർക്കുന്നുണ്ടല്ലോ... ആരാ.. എവിടെയാ വീട്... പതിയെ ഇറങ്ങൂ ഞാൻ സഹായിക്കാം... വണ്ടിയുടെ ചാവി എടുക്കൂ... അത് അങ്ങോട്ട് മാറ്റിവയ്ക്കൂ... അദ്ദേഹത്തെ പിടിച്ചോളൂ.. അയാൾ വീഴുന്നു... ഏയ് ഓട്ടോ...." ഒരുപിടി അപരിചിതമായ ശബ്ദങ്ങൾ. തലയ്ക്കുള്ളിലാ ശബ്ദങ്ങൾ തലങ്ങും വിലങ്ങും പ്രകമ്പനം സൃഷ്ടിക്കുന്നു.. ആരോ തന്നെ താങ്ങിപ്പിടിച്ച് ഓട്ടോയിലേക്ക് കയറ്റി... പകുതിബോധത്തിലും ആ ചെറുപ്പക്കാരന്റെ നനുനനുത്ത താടിരോമം നിറഞ്ഞമുഖം മനസ്സിലേക്ക് ചേക്കേറി.. ഒപ്പം ബലിഷ്ഠമായ ആ കരങ്ങൾ തന്നെ ചേർത്തുപിടിച്ചിരിക്കുന്നതറിഞ്ഞു... ഒരു സുരക്ഷിതത്വംപോലെ.. 

"ആ ഫോൺ ഇങ്ങുതരിക.. വീട്ടുകാരുടെ ആരുടെയെങ്കിലും നമ്പർ അതിലുണ്ടോ.. അറിയിക്കാം... നിങ്ങൾ ഭയപ്പെടേണ്ട.. നമുക്ക് അടുത്തുള്ള ഹോസ്പിറ്റലിലേക്ക് പോകാം.." അദ്ദേഹം അങ്ങനെയാണ് പറഞ്ഞതെന്ന് തോന്നുന്നു.. ഓട്ടോറിക്ഷ അണ്ടർപാസ്സേജിലേക്കിറങ്ങുംമുമ്പ് കണ്ണിൽതെളിഞ്ഞത്.. പുരാതനമായ ക്രൃസ്ത്യൻ പള്ളിയുടെ മേലാപ്പിൽ ഇരുകരവുമുയർത്തിനിൽക്കുന്ന വെള്ളിനിറംപൂശിയ ക്രിസ്തുരൂപം, "ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും  നട്ടുച്ചയ്ക്കു വരുന്ന വിനാശത്തെയുംനീ പേടിക്കേണ്ടതില്ലാ.. ഞാൻ നിന്നോടുകൂടെയുണ്ട്.." എന്നുരിയാടുന്നതായാണ് തോന്നിയത്....
ബേക്കറി ജംഗ്ഷനിലെ ആ പ്രശസ്തമായ ഹോസ്പിറ്റലിലെത്തിയപ്പോഴേക്കും വേദന അതിന്റെ പാരമ്യതയിലെത്തിയിരുന്നു. 
കണ്ണുതുറന്നപ്പോഴേക്കും ഭാര്യയും ബന്ധുക്കളുമൊക്കെ സന്നിഹിതരായിരുന്നു... എന്നാലും ആ യുവാവിനെയാണ് കണ്ണുകൾ പരതിയത്.. ചുറ്റിനും നോക്കിയതിൽ ആശുപത്രി ചുവരിലെ ബൈബിൾ വചനത്തിലാണ് കണ്ണുടക്കിയത്... 
" നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും....
തന്റെ തൂവലുകള്‍കൊണ്ട് അവിടുന്നു നിന്നെ മറച്ചുകൊള്ളും; അവിടുത്തെ ചിറകുകളുടെകീഴില്‍ നിനക്ക് അഭയംലഭിക്കും; അവിടുത്തെ വിശ്വസ്തത നിനക്കു കവചവും പരിചയും ആയിരിക്കും."

വാതിൽതുറന്ന് അയാൾകയറിവന്നപ്പോഴാണ് ഒരാശ്വാസം തോന്നിയത്.. നന്നായി പുഞ്ചിരിച്ചു അയാളും..  "ഇപ്പോൾ കുഴപ്പമൊന്നുമില്ലല്ലോ സാർ.." ഇല്ലായെന്ന് തലകുലുക്കി.. '" സാർ താങ്കളുടെ മാലയും, മോതിരവും പഴ്സും മൊബൈൽ ഫോണും ഇവിടെ ഏല്പിച്ചിട്ടുണ്ട്..."  അയാൾ ഭാര്യയെചൂണ്ടി പറഞ്ഞു " ഇതാ ബൈക്കിന്റെ ചാവി.. വണ്ടി താഴെ പാർക്കിംഗിൽ കൊണ്ടുവന്നു വച്ചിട്ടുണ്ട് നോക്കണേ..."  അയാൾ ചാവി ബെഡിൽ വച്ചു ...
 ഇരു കൈകളുമെടുത്ത് തൊഴാനാരംഭിച്ചതാണ് അയാൾ കൈകളിൽ കടന്നുപിടിച്ചു.. " പാടില്ല സാർ.. ഞാനൊരു സഹജീവിയാണ്.. എന്റെ കടമയാണ് ഞാൻ ചെയ്തത്.. " ദയവായി നിങ്ങളുടെ ഫോൺനമ്പർ?.. പ്രയാസപ്പെട്ടാണ് വായ്തുറന്നു ചോദിച്ചത്... " സാർ ഇപ്പോൾ റെസ്റ്റ് എടുക്കൂ... അങ്ങയുടെ നമ്പർ ഞാനെടുത്തിട്ടുണ്ട്  സമയം വരുമ്പോൾ ഞാൻ വിളിക്കാം.. ഇതിനൊന്നും  നന്ദി പറയേണ്ടതില്ല സാർ.. നിങ്ങളുടെയൊക്കെ മുഖത്തെ ഈ പുഞ്ചിരിയുണ്ടല്ലോ അതാണ് ഏറ്റവും വലിയ നന്ദി... ശരി ഇനിയും കാണാം.. " ഏവരോടുമായി പറഞ്ഞശേഷം അയാൾ പതിയെ പുറത്തിറങ്ങി.

ചെറിയൊരറ്റാക്കാണ്.. സമയത്തിന് ആശുപത്രിയിലെത്തിയത് കാര്യങ്ങൾ വഷളാക്കാതെ കാത്തു.. ഒരാഴ്ച ആശുപത്രിയിൽ കിടക്കണം... ഇനി സൂക്ഷിക്കണം.. രണ്ടുമാസം   മരുന്നുകഴിച്ചിട്ട് നോക്കാം.. കൂടുതൽ സ്ടെസ്സ് വേണ്ട.. മാനസികാരോഗ്യവും പ്രധാനമാണ്... ഡോക്ടർ ചികിത്സ വിധിച്ചു.. 

' ചികിത്സ തുടരണം ഒരു സർജ്ജറി ഒഴിവാക്കാനാണ് ഞാൻ ശ്രമിക്കുന്നത്.. മാനസികസമ്മർദ്ദമില്ലാതെ ജീവിക്കാൻ ശ്രമിക്കണം.. പുകവലി മദ്യപാനം തുടങ്ങിയ ഒരുവിധ ലഹരിയും പാടില്ല.. കൃത്യമായ ഇടവേളകളിൽ പരിശോധന അത്യാവശ്യമാണ്.." ഉപദേശവും മരുന്നുമായി ആശുപത്രിവിട്ടു...  ദിവസങ്ങൾ കൊഴിഞ്ഞുവീണു.. എന്നാലും ആ നനുനനുത്ത താടിരോമക്കാരനെ മറക്കാനായില്ല.. പേരുപോലും പറയാതെ ഒരു നന്ദിവാക്കുപോലും സ്വീകരിക്കാതെ അയാൾ.. ആരാകും അവദൂതനെപ്പൊലെ തന്നെ രക്ഷിച്ചത്.. അയാൾ വിളിക്കാമെന്നല്ലേ പറഞ്ഞത് ഉറപ്പായും വിളിക്കുമായിരിക്കും ചിന്തകളുടെ അവസാനം അങ്ങിനെ  ആശ്വസിക്കും.. അസുഖവിവരമറിയാനായി  മുഴങ്ങുന്ന കാളുകളിൽ ഒരു "അൺനോൺ" നമ്പരിനായി കാത്തിരുന്നു.. അയാൾ വിളിക്കുമായിരിക്കും. 

ദിനപത്രങ്ങൾ അരിച്ചുപെറുക്കി വായിച്ചിരുന്നു.. ഇപ്പോളങ്ങനെ വായനയില്ല.. ഒന്നു മറിച്ചുനോക്കും പിന്നെ ചരമകോളങ്ങളെ സാകൂതം നോക്കും.  മുമ്പില്ലാതിരുന്ന ശീലമാണത്. മനുഷ്യനെ മരണം ഓർമ്മിപ്പിക്കുമ്പോഴാകും മറ്റുള്ള മരണങ്ങളെ ശ്രദ്ധിക്കുന്നത്... 
ഒരുദിനം അപ്രതീക്ഷിതമായാണ് ആ ചിത്രം കണ്ണിലുടക്കിയത് നനുനനുത്ത താടിമീശയുള്ള ആ ചെറുപ്പക്കാരന്റെ ചിത്രം.. 
"അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു..!!""  ഹൃദയം പെരുമ്പറമുഴക്കിയാണ് തുടർന്ന് വായിച്ചത്...  ഏറെ ദിവസമായി അപകടത്തെത്തുടർന്ന് അബോധാവസ്ഥയിലായിരുന്ന യുവാവ് ഇന്നലെ മെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ അന്തരിച്ചു.. ഏതാനും ദിവസംമുമ്പ് ഒരു സുഹൃത്തിനെ ആശുപത്രിയിൽ എത്തിച്ച് മടങ്ങവെ ബേക്കറി ജംഗ്ഷനിലുള്ള സ്വകാര്യ ആശുപത്രിക്കുമുന്നിൽ വച്ചാണ് അപകടമുണ്ടായത്......... തുടർവായനയ്ക്കാകാതെ കൈകളിൽനിന്ന് പത്രമൂർന്നുപോയതറിഞ്ഞില്ല...  ഹൃദയത്തിൽ ചോനനുറുമ്പുകൾ മറ്റൊരാക്രമണത്തിനു വട്ടംകൂട്ടുന്നുണ്ടോ..... കൈകൾ തളർന്നുതുങ്ങിയോ... ചെവിക്കുപിന്നിലൂടെ വിയർപ്പുചാലുകളുണരുന്നോ...
കണ്ണുകളിൽ ഇരുളുനിറയുന്നപോലെ ചിമ്മിത്തുറന്ന കാഴ്ചയിലേക്ക് കറുത്തഫലകത്തിൽ വെളുത്ത അക്കങ്ങളാൽ കൊത്തിയ വാക്യങ്ങൾ തെളിഞ്ഞു... അവയോരോന്നും പതിയെ അകകണ്ണിനാൽ വായിച്ചു...
 """" അവന്‍ സ്‌നേഹത്തില്‍ എന്നോട് ഒട്ടിനില്‍ക്കുന്നതിനാല്‍ ഞാന്‍ അവനെ രക്ഷിക്കും; അവന്‍ എന്റെ നാമം അറിയുന്നതുകൊണ്ട് ഞാന്‍ അവനെ സംരക്ഷിക്കും. 
"""
 അപ്പോഴേക്കും മേശപ്പുറത്തിരുന്ന മൊബൈൽഫോണിൽ ഒരു അൺനോൺ നമ്പർകാൾ നിർത്താതെ റിംഗ് ചെയ്തുകൊണ്ടിരുന്നു.


#ശ്രീ...

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്