ഉണ്ണിയുടെ സന്ധ്യകൾ



നാമജപം കഴിഞ്ഞ് മുത്തശ്ശി ഒരു ചെമ്പരത്തിയിതളെടുത്തു തിരിനാളത്തെ ഒപ്പിയണയ്ക്കും... ഉമ്മറപ്പടിയിലെ തൂക്കുവിളക്കിലെ നാളം അപ്പോഴും തെളിയുന്നുണ്ടാകും. വല്യമാമ വരുംവരെ നിന്നുകത്താൻ അതിനവകാശമുണ്ട്. എന്നാൽ അണയ്ക്കാനായി ആരും ചെല്ലാത്ത പടിപ്പുരപ്പുറത്തെ ദീപം..! അതു ഇളയമ്മയാണ് തെളിയിക്കാറുള്ളത്, അതു കാറ്റത്തോ മഴയേറ്റോ അല്ലെങ്കിൽ എണ്ണവറ്റിയോ നേരത്തെതന്നെ സമാധിയാകും.. അതിന്റെ ചൂടാറുംമുമ്പ് മതിലുവഴിയൊരു കണ്ടൻപൂച്ച ആ തിരിക്കുഴി നക്കിതുടച്ചുവയ്ക്കും... 

സന്ധ്യാവന്ദനം കഴിഞ്ഞാൽ ഉണ്ണിയുടെ മനസ്സ് ഉമ്മറത്തിനു പുറത്തെ തൊടിയിലെ ഇരുട്ടിനൊപ്പം ഒരോട്ടപ്പാച്ചിലിലാണ്.. ഉമ്മറത്ത് വല്യമാമനെ കാത്തിരിക്കെ, ഉണ്ണി പടിപ്പുരക്കപ്പുറത്ത് മറ്റാരും കാണാത്ത കാഴ്ചകൾ കണ്ട് അങ്ങനെ ഇരിക്കും... 
""അങ്ങാടിയിലേക്കുള്ള വഴിതാണ്ടി ഒരാൾ വരുന്നു... നീലിച്ചുതുടങ്ങിയ വലതു കാൽവണ്ണയിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്.. പടിപ്പുരവരെ വന്നപ്പോഴേക്കും ദേഹമാകെ നീലിച്ച്,.. വിറങ്ങലിച്ച് അകത്തേക്ക് വീഴുന്നു...! ഒരപശബ്ദമുണ്ടാക്കിക്കൊണ്ട് കണ്ടൻപുച്ച കുറുകെ പാഞ്ഞുപോകുമപ്പോൾ. പിന്നെ തന്റെ വായിൽനിന്ന് മുലക്കണ്ണ് വലിച്ചെടുത്ത് അകത്ത് ഏതോമുറിയിൽ അലമുറയിട്ടു കരയുന്ന അമ്മ....,"

കാഴ്ചകൾ ഉണ്ണിയെത്തേടി വീണ്ടും വരുന്നു...  
"ദൂരെ പുഴക്കടവിലേക്ക് തിരിയുന്ന ഇടവഴിതാണ്ടി നടന്നുവരുന്നത് അവന്റെ അമ്മതന്നെയായിരുന്നു... നനഞ്ഞൊട്ടിയ വെളുത്തസാരിക്കുമുകളിൽ ഉന്തിനിക്കുന്ന അവന്റെ അമ്മയുടെ വയറിനുള്ളിൽ അവളുണ്ടായിരുന്നു.. അവന്റെ ഏകാന്തതയകറ്റേണ്ട അവന്റെ അനുജത്തി.."
 പിഴച്ചവൾ,.. പിഴച്ചവൾ,..  മതിലിനിപ്പുറം നിന്ന് വല്യമാമയും മുത്തശ്ശിയുമൊക്കെ ഓരിയിടുന്നു.നിസ്സംഗയായി അമ്മ പടിപ്പുരയ്ക്കപ്പുറം വന്ന് തിരിക്കുഴി നക്കുന്ന കണ്ടനെ നോക്കി നിൽക്കും അവന്റെ മേലാകെ അവർ ഉഴിയും.. അതപ്പോൾ അവരുടെ കൈകളിലൂടെ മേനിയിലേക്ക്... പിന്നെയൂർന്ന്  തലകീഴായി അവളുടെ ഉന്തിയ ഉദരത്തിലെത്തി, വെന്ത നല്ലെണ്ണമണക്കുന്ന അതിന്റെ  വായിലെ ദ്രംഷ്ടങ്ങൾ വളർന്നുവരും... പിന്നെ ഉണ്ണി കുറച്ചുനേരം കണ്ണടച്ചുപിടിക്കും അവനറിയാം അവിടെന്താണെന്ന്. "കണ്ടൻപൂച്ച ദ്രംഷ്ടങ്ങളമർത്തി അമ്മയുടെ വയർ കീറിപിളർന്ന്... കീറിപിളർന്ന വയറിൽനിന്ന് പടിപ്പുരകയറി അവൾ, കുഞ്ഞനുജത്തി മുറ്റത്തുവന്ന് വിളിക്കുമ്പോഴാണ് ഉണ്ണി കണ്ണു തുറക്കാറുള്ളത്...."
 അപ്പോഴേക്കും അകലെ ചൂട്ടുകറ്റ തെളിയുന്നുണ്ടാകും. ദേവസ്വം കാര്യക്കാരന്റെ ജോലിതീർത്ത്  മൂളിപ്പാട്ടുംപാടി ചൂട്ടുകറ്റ ആഞ്ഞാഞ്ഞുവീശി വലിയമാമയുടെ വരവുകണ്ടാലുടനെ കണ്ടൻപൂച്ച തെക്കുദിക്കിലേക്ക് മതിലുകടന്നുപായും.. മുറ്റത്തു കളിക്കാനെത്തിയവൾ ഓടി അമ്മയുടെ ഉദരത്തിനുള്ളിലേക്ക്... നിറവയറുപൊത്തി വിഷാദത്തോടെ അമ്മ വഴിയൊഴിഞ്ഞുനിൽക്കുന്നു. ഒന്നു ഗൗനിക്കാതെ വല്യമാമ പടിപ്പുരപ്പുറത്തു ചൂട്ടുകുത്തിയണച്ച് അതു അമ്മയുടെ നിറവയറിലേക്ക് വലിച്ചെറിയും.. അമ്മയുടെ നനഞ്ഞ വെളുത്തസാരിയിൽ തീപടരും...  ഒരാന്തലോടെ അമ്മ പുഴയിലേക്കോടിപോകും.. അമ്മ ആ തീയോടുകൂടി പുഴയിലേക്ക് വീണ്ടും ചാടുമ്പോൾ പുഴയുടെ പ്രതലമാകെ ആ തീ പടരുന്നതുകാണാം..

അപ്പോൾ വല്യമാമ ഉണ്ണിയുടെ നെറുക തലോടികൊണ്ട് അകത്തേയ്ക്ക്...

 അപ്പോഴും ഉണ്ണി പുറത്തേയ്ക്കുതന്നെ നോക്കും.. ഒരിക്കൽ ഒരിക്കലെങ്കിലും പുഴയിൽനിന്ന് അമ്മ ഉണ്ണിയെ നോക്കിയോ എന്നറിയാൻ.  ഉണ്ണീയെന്ന് സ്നേഹത്തോടെ വിളിച്ചോ എന്നറിയാൻ... പിന്നെ ഇനിവരുന്ന സന്ധ്യകൾക്കായി ഉണ്ണി കാത്തിരിക്കും.


ശ്രീ 3/5/2020.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്