എന്റെ കവിത(11)



എന്റെ കവിത....,
കൂത്തമ്പലമച്ചിലെ
വെള്ളരിപ്രാവാണത്..
ഞാനുറങ്ങുമ്പോഴും
ഞാനുണർന്നിരിക്കിലും
ഇടനെഞ്ചിലതു 
കുറുകികൊണ്ടേയിരിക്കുന്നു.

നിത്യം കേട്ടുപരിചരിച്ചൊരു-
സോപാനസംഗീതതാളത്തിൽ.

എന്റെ കവിത....
ഇളം തളിർപ്പടർപ്പുകളിലാണ്
അതിന്റെ വാസം.
വേനലറുതികാത്തുഴറി ഞാനാ-
ചെറുവള്ളിപ്പടർപ്പുകളിലഭയം
തേടുമ്പോൾ...
നനുത്ത തൂവലുകളാൽ
മഴമേഘങ്ങളെ ഘനീഭവിപ്പിച്ച്
എന്നിലേക്കൊരുമഴ സന്നിവേശിപ്പിക്കുമത്...

എന്റെ കവിത...
മഴമേഘങ്ങളിലൊളിച്ചിരിക്കുന്ന
ഇടിമുഴക്കങ്ങളേയല്ല...
വേനൽ മഴയ്ക്കുശേഷം
ഇളംതളിരുകളിലിരുന്ന്
കുറുകുന്നൊരു കുരുന്നു
കുരുവിയുടെ 
കുറുമ്പാണത്...

ശ്രീ


Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്