എന്റെ കവിത (8)
(കവിതയ്ക്ക് നിരൂപകൻ ശ്രീ സുരേഷ് മൊഴിമുറ്റത്തിന്റെ നിരൂപണം സഹിതം)
നിരൂപണം
കവിതയുടെ ലളിതമായ നിര്‍വ്വചനമൊരുക്കുന്ന രചനയാണ് മൊഴിമുറ്റം സഹയാത്രികന്‍ ശ്രീകുമാര്‍ ശ്രീ വായനയ്ക്കെത്തിച്ച 'എന്റെ കവിത' എന്ന സൃഷ്ടി. എന്റെ കവിത ഇത്തരത്തിലാണെന്നു പറയുമ്പോള്‍ കവിതകള്‍ ഇത്തരത്തിലാവണമെന്ന് കവിതയിലൂടെ കടന്നുപോകുന്ന ഓരോ വായനക്കാരനുമനുഭവപ്പെടുകയാണെങ്കില്‍, ആത്മവിമര്‍ശനത്തിനതുതകുമെങ്കില്‍ മുഖപുസ്തകത്തില്‍ കവിതയെന്നപേരിലെത്തിച്ചേരുന്ന സൃഷ്ടികളുടെ ഗുണപരമായ നിലവാരമുയര്‍ത്താനാതുപകരിച്ചേക്കാം.
വെറും വരികളുടെ സമന്വയത്വത്തിനപ്പുറം കവിത വായനക്കാരുമായി സംവദിക്കുന്നവിധം എന്റെ കവിത വെളിവാക്കുകയാണ്. ഭാവനയ്ക്കും കാല്പനികതയ്ക്കുമൊപ്പം യാഥാര്‍ത്ഥ്യത്തിന്റെ അംശംകൂടി ഉള്‍ക്കൊള്ളുമ്പോള്‍ കാവ്യശാഖയ്ക്ക് സത്യസന്ധത കൈവരിക്കുകയും അത് മാനുഷികതലത്തിലേക്കിറങ്ങി മാനവികത കൈവരിക്കുകയും ചെയ്യുന്നു.
കവിത മഷിത്തണ്ടിനിണങ്ങുന്ന പുള്ളിവാലന്‍തുമ്പിയായി ഗൃഹാതുരത്വവും ഓര്‍മ്മകളും അനുഭവങ്ങളുമാകുമ്പോള്‍ത്തന്നെ തന്റെ കുഞ്ഞിച്ചിറകാല്‍ മഞ്ഞുതുള്ളിക്കനവുകളെ നെറുകയിലേക്കു തെറ്റിവീഴ്ത്തുമ്പോള്‍ സ്വപ്നസദൃശ്യമയക്കത്തില്‍നിന്ന് നമ്മെയുണര്‍ത്തുന്നു.
അതുപോലെ മീനമാസത്തിലെ പോക്കുവെയിലായ് വിരിയുന്ന കവിത തന്റെ മഞ്ഞവെയിലാല്‍ നിലാവുപിണങ്ങിപ്പോയ അമാവാസിയിരുട്ടിലേക്ക് കോരിനിറയ്ക്കുന്നത് അറിവിന്റെ വെളിച്ചം തന്നെയാവുന്നു. വായനക്കാരനെ അറിവിന്റെ, പ്രതീക്ഷയുടെ, പ്രത്യാശയുടെ വെളിച്ചത്തിലേക്കു നയിക്കാനാവണം ഒരു യഥാര്‍ത്ഥ കവിയ്ക്ക്. സമകാലിക നേര്‍വിവരണം മാത്രമായവതരിപ്പിക്കപ്പെടുന്ന കവിതകള്‍ വെറും ദൃക്സാക്ഷി/കേട്ടറിവുകളുടെ വിവര്‍ത്തനം മാത്രമാവുന്നു.
സ്വന്തം അനുഭവതീക്ഷണതയിലും വായനയിലൂടെയുള്ള അറിവിലുമുരുവാകുന്ന അക്ഷരഉറവയായ് കവിത മാറ്റപ്പെടുമ്പോഴാണത് ജീവിതവുമായി ചേര്‍ന്നുനില്ക്കുക. കവിയെന്ന നിലയില്‍ സാമൂഹികപ്രതിബദ്ധത നിറവേറ്റുംവിധത്തില്‍ കാവ്യമധുമാരിയായതു അവനവനില്‍ പെയ്തിറങ്ങുമ്പോഴാണ് യഥാര്‍ത്ഥ കവിത ജനിക്കുന്നതും കാവ്യധര്‍മ്മമനുവര്‍ത്തിക്കുന്ന ഏതൊരു കവിയുടേയും അസ്തിത്വം വെളിവാക്കുന്നതും. അതിലൂടെ മറവിത്തിമിരം ബാധിക്കാതെ അവനവനെ വെളിപ്പെടുത്തുന്നവനാവണം കവി.
കവിതയുടെ ലളിതപരിഭാഷ്യം കവിതയിലൂടെതന്നെ വരച്ചിടുമ്പോള്‍ കവിതയിലനുവര്‍ത്തിച്ചിരിക്കുന്ന പദങ്ങളുടെ മനോഹാരിതയും എടുത്തുപറയേണ്ട വസ്തുതയാണ്. മഷിത്തണ്ടും പുള്ളിവാലന്‍തുമ്പിയും മഞ്ഞുതുള്ളിക്കനവും മഞ്ഞവെയിലും നിലാവു പിണങ്ങിപ്പോയ അമാവാസിയും മറവിത്തിമിരവുമൊക്കെ സൂക്ഷ്മാവതരണത്തിലൂടെ കവിതയ്ക്ക് മികച്ച വായനാസുഖമൊരുക്കുവാന്‍ ഫലപ്രദമായുപയോഗിച്ചിരിക്കുന്നു കവിതയില്‍.
കവിതയുടെ ലളിതസുന്ദരാഖ്യാനത്തിലൂടെ മികച്ച വായനാനുഭവമൊരുക്കിയ രചനയ്ക്ക് അഭിനന്ദനങ്ങള്‍
കവിതയെയടുത്തറിയുവാന്‍ കവിതകൂടി ചേര്‍ക്കുന്നു.
കവിത
എന്റെ കവിത...,
മഷിത്തണ്ടിനിണങ്ങുന്ന
പുള്ളിവാലൻ തുമ്പിയാണത്..
കുഞ്ഞിച്ചിറകാലത്
മഞ്ഞുതുള്ളിക്കനവുകളെ
എന്റെ നെറുകയിലേക്ക്
തെറ്റിവീഴ്ത്താറുണ്ടെന്നും..
എന്റെ കവിത...,
മീനമാസത്തിലെ
പോക്കുവെയിലാണത്...
മഞ്ഞവെയിലിന്റെ
വർണ്ണമാകെ
വാരിയെടുക്കാറുണ്ടത്..
കോരിനിറയ്ക്കാറുണ്ടത്,
നിലാവുപിണങ്ങിയപ്പോയ
അമാവാസിയിരുട്ടിലേക്ക്.
എന്റെ കവിത...,
ഉയിരിലുറങ്ങിയ
അക്ഷരങ്ങളാലാണ്
പിറവിയെടുക്കാറുള്ളത്..
ഉറവവറ്റാതെയൊഴുകാൻ
അതെന്നിലെന്നുമൊരു
മധുമാരിയായ് പെയ്യുകയാണ്.
മറവിത്തിമിരം
വന്നുമൂടാതിരിക്കാനാകും
അധരദലങ്ങളാലെന്നും
കൺപോളകളിൽ
മുദ്രണംചെയ്തുണർത്തുന്നുണ്ടെന്നും.
ശ്രീ.
Comments