തോർത്തുമുണ്ട്
#
തോളിൽ തൂങ്ങിയ
ഒറ്റയ്ക്കുമുണ്ടാകും
ഗന്ധങ്ങളിലൂടെ
പറയാനായിരം...
മൂന്നാൾപൊക്കം
വെള്ളംനീന്തി
മറുകരയിലെ
തകരതേടിയത്..
പൊരിവെയിലിൽ
കോൽകുത്തി,
ചിക്കിവിരിയ്ക്കുന്ന
കച്ചിത്തുറുവിന്റെ
വിയർപ്പുഗന്ധം,
വിശന്നവയറിനെ
ആളിക്കുമ്പോൾ ഇളകുന്ന,
മനംപുരട്ടലുകളിൽ
തടയണതീർക്കുന്നത്..
കതിരുകോതിമാറ്റിയ
മുണ്ടകൻകുറ്റികൾ
ചേറിൽ ചവിട്ടിയമർത്തുമ്പോൾ,
ചവിട്ടടിയിൽനിന്നുയരുന്ന
ചെളിവെള്ളത്തിനൊപ്പം,
തവളയും വരാലിനും
തെന്നിമാറാനൊരിടസമയം
കൊടുത്ത്, മുഖത്തൊഴുകും
വിയർപ്പൊപ്പിയത്..
ഇടവക്കരിമഴയിൽ
മടവകളിൽ മടലുകുത്തി,
ബലപ്പെടുത്തിക്കുനിയുമ്പോൾ
തല നനയാതെ കാത്തത്..
അന്തിക്കള്ളിലെ
ചോനനുറുമ്പിനെയും
കറുകനുറുമ്പിനെയും
അരിച്ചൊഴിഞ്ഞ് കുടിച്ച്,
അരികുകൊണ്ട് ചിറിതുടച്ചത്...
അടിമുടി കുളിരുംവരെ
കുളികഴിഞ്ഞ്
അരവെള്ളത്തിൽ അരയിൽ
ചുറ്റിയതുരിഞ്ഞ്,
തല തുവർത്തിയേറിയാൽ
ഈറനോടെയൊരുരാത്രി വിശ്രമം,
നന്ത്യാർവട്ടമണത്തിൽ
രാജമല്ലിയിലും
ചെമ്പരത്തിയിലും
ചേർത്തുകെട്ടിയൊരു
അയയിൽ.. പിന്നെ
പുലരുമ്പോൾ വീണ്ടുമാ
ഇടതുതോളിൽ.....
and illustration #sree
Comments