വഴികൾ മറയുമ്പോൾ




ഓർമ്മകളിൽ തെളിയുന്നൊരു വഴിയുണ്ട്... 
ഒറ്റയ്ക്കു നടന്നുവന്നൊരു നാട്ടുവഴി...!
കോൺക്രീറ്റുകട്ടകളിൽ
ഇരുപുറവും ഗോചരമല്ലാത്ത
പെരുവഴിയല്ലത്...
രാമച്ചവും നന്ദ്യാർവട്ടവും
നാമമാത്രമതിരുതീർത്ത,
വെള്ളാരംകല്ലുരുണ്ട നടവഴി.

ഇന്ന്...
ചിന്തകൾക്ക് വഴിതെറ്റിയിരിക്കുന്നു...
ഇരുപുറവും
എത്തിനോക്കലപ്രാപ്യമായ,
ചൂടുഫലകങ്ങൾ പാകിയ,
പുതുവഴികൾ 
അപരിചിതവും..

ഭയംതീണ്ടിയവഴികളുപേക്ഷിച്ച്
അടയിരിക്കയാണ് 
ഗൃഹാതുരതകൾക്കുമേൽ
ശാഖോപശാഖകൾ കെട്ടു പിണഞ്ഞ,
വൻമരംപോലെയായ മനസ്സ്. 

ഏത് മുറിക്കണം ഏത് 
കരുതണമെന്നറിയാതെ ....
ഇരുളില്‍ മഴുകൈ തടവി ഞാനും,
ഇരുളിന് കട്ടികൂട്ടി  രാവും..

എന്നാലും...
ഇരുട്ടിനെ പ്രണയിച്ചതെത്ര 
നന്നായി..!
തനിച്ചാവുന്നതുനോക്കി 
ഒരു കൺപോളമറയ്ക്കപ്പുറം 
മുഷിയാതെ 
കാത്തിരിക്കുമവൾ..
പരാതികളില്ലാതെ
പരിഭവങ്ങളും....!
...#ശ്രീ...

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

കാളകൾ ഒരു പഠനം

poem - morning wishes പുലർകാല വന്ദനം