Posts

Showing posts from 2025

അമർചിത്രകഥയല്ല_ചരിത്രം

Image
"Those who can't remember the past are condemned to repeat it." - ........ജോർജ് സാന്റായാന "ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു." - ...........ഹെഗൽ തളർന്നുപോകാതെ, ചരിത്രത്തെ അതിന്റെ മുഴുവൻ പാഠങ്ങളോടും കാണാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉദ്ദേശിക്കുന്ന ഈ രണ്ട് ഉദ്ധരണികളിലൂടെയാണ് നമ്മൾ ചരിത്രചിന്ത ആരംഭിക്കേണ്ടത്. ജോർജ് സാന്റായാനയും ഹെഗലും പറയുന്നത് ഒന്നുതന്നെ — ചരിത്രം ഒരു അധ്യാപകനാണ്, പക്ഷേ അതിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ മനസ്സില്ലാത്തവർക്ക് അതു ദണ്ഡനമാണ്. മേലുദ്ദരിച്ചവ രണ്ടും ഒരേ അവബോധത്തിന്റെ അകത്തു നിന്ന് ഉയർന്നുവന്ന വാക്കുകളാണ്. ചരിത്രം ഒരു ദിശാനിർദ്ദേശമാകേണ്ടതുള്ളതെങ്കിലും, അതിനെ നിരാകരിക്കുന്നതിലൂടെയാണ് മനുഷ്യൻ വീണ്ടും വീണ്ടും വഞ്ചിതനാകുന്നത്. ഭരണഘടനകളിലൂടെയും, യുദ്ധങ്ങളിലൂടെയും, സാമൂഹിക നീതിയിലൂടെയും കാലം നൽകിയ പാഠങ്ങൾ പലതവണ നാം അവഗണിച്ചിട്ടുണ്ട്. നമുക്കു നോക്കാം.. ചരിത്രം — ഒരു പാഠപുസ്തകമോ മുന്നറിയിപ്പോ? മനുഷ്യചരിത്രം ഒരു വിജ്ഞാനകോശമായി ചിന്തിക്കുമ്പോൾ, അതിലെ ഓരോ പേജും മുന്നറിയിപ്പുകൾ കൊണ്ട് നിറഞ്ഞതാണ്. എങ്കിലും ...

തുടർച്ച

Image
ഞാൻ ജീവിതത്തോട് ആവശ്യപ്പെട്ടു — "എനിക്ക് മരണം സംസാരിക്കുന്നത് കേൾക്കണം." അപ്പോൾ ജീവിതം, അവളുടെ സ്വരം അല്പം ഉയർത്തി, ഒരു നിശ്ശബ്ദതയുടെ അതിരിൽ നിന്നു പറഞ്ഞു: "നീയിപ്പോൾ കേൾക്കുന്നു..."                   (Kalil Gibran)* ഞാനാഗ്രഹിച്ച ശബ്ദമല്ല  അതെന്നറിഞ്ഞപ്പോൾ എന്റെയള്ളിലൊരുജ്വലമായ  പേടി പെയ്തുവീണു. "ഇത് മരണം ആണോ?"  ഞാനവളോടു ചോദിച്ചു. അവൾ  ചിരിച്ചപോലെ തോന്നി: "മരണം  അതൊരു വാക്കല്ല, പൂർണ്ണമായ കാഴ്ചയാണത്, ആഴങ്ങളുള്ള ചിന്തയുടെ പ്രതിച്ഛായ." "മരണം ശബ്ദമല്ല, നിന്റെ മനസ്സിൽ നീ ഭയക്കാതെ നിറയ്ക്കുന്ന ശൂന്യതയാണ്." "എന്നിൽ നീ ജീവിക്കുന്നില്ലെങ്കിൽ മരണത്തെ നിനക്ക് അറിയാനാവില്ല. എന്നെ അറിഞ്ഞോളൂ   അതിലൂടെ മരണത്തെക്കൂടി  നീ ഓർക്കാൻ പഠിക്കും." ഞാൻ ചിന്തിച്ചു: മരിക്കുമ്പോൾ ജീവിതം  ഒന്നുമല്ലാതെ വേരിലേക്കു മടങ്ങുന്ന ഒരു കടുത്ത ഓർമ്മയാകുന്നു. ഒരു ശബ്ദം അത് ആത്മാവിന്റെതോ,  അതോ കാലത്തിന്റേതോ, എനിക്ക് കേൾക്കാനാകുന്നുണ്ട്. "മരണം അവസാനമല്ല, അത് വാക്കുകളുടെ മൗനമാണ് ജീവിതത്തിന്റെ രണ്ടാം നിശ്വാസം."  ©️sree29062025  (ശ്രീ ഖലീൽജിബ്രാന്റെ  ആ...

അന്ത്യഗീഥ

Image
അന്ത്യഗീഥ മരണം,  അതിലെത്തിച്ചേരുക ഒരു പകൽ കഴിയുമ്പോഴല്ല, കനൽച്ചാരം പൂശിയ കാറ്റായി മനസ്സിന്റെ അഴുക്കുവഴികളിലൂടെ അലഞ്ഞുതിരിയുമ്പോഴാണ്. മനുഷ്യൻ ഒരു കാവ്യമാണ് ഉരുണ്ടു പോകുന്ന നിമിഷങ്ങളിലൊരു അവസാന പദവുമാണവൻ. നിരാശയുടെ ശിഖരത്തിരുന്ന് ഒരു പുതുച്ചെപ്പ് തുറന്നിടുമ്പോൾ, അതിലാനന്ദം കാണുമ്പോൾ, അവിടെയും അവനെ കാത്തിരിക്കുന്നുണ്ട് മരണം. പക്ഷേ,  മരണം ഒരവസാനമല്ല; ഒരു മറവിയല്ല,  ഒരു തുടക്കമാണ്. ചൂടാറിയ കരങ്ങൾക്കുള്ളിൽ ഒരു പുതിയ കിനാവു  പൊട്ടിമുളയ്ക്കുന്നപോലെ ലളിതം. നക്ഷത്രങ്ങൾ ഇനിയും വിടരും  ഉരുളൻ കല്ലുകളെ ചീകിമിനുക്കിയൊരിടവഴി, പകുതിയിലവസാനിച്ച കാല്പാടുകളുമായി ഇനിയാരെയോ കാക്കും... നിലാവിന്റെ തിരമാലകൾ  ആ പാതയോരങ്ങളിൽ ഇനിയും തരംഗം തീർക്കാം.., അതിനുമുമ്പെപ്പോഴോ ആകാശഗംഗയുടെ പാതയിൽ ഓർമ്മയുടെ നിറമെന്നോണം അലിഞ്ഞുചേരണം.. Sreekumar Sree ©️r. 22062025

അനുവദിക്കുമെങ്കിൽ

Image
നീ അനുവദിക്കുമെങ്കിൽ ഒരിക്കൽകൂടി ഈ ആകാശക്കാഴ്ചയുടെ ആലസ്യത്തിൽ എനിക്കുനിന്റെ മടിയിലുണരണം... ആകാശം ചെറുതായി തളരുന്ന വേളയിൽ മഴത്തുള്ളികൾ മിഴിയിലായൊളിക്കുന്ന പോലെ നിന്റെ നിശബ്ദതയിൽ ഞാൻ ചേർന്നു കിടക്കട്ടെ... നീ പറഞ്ഞുതീർക്കാതെ, എന്റെ ഹൃദയം സ്പർശിക്കുന്ന നിന്റെ ഉളളൂർച്ചകളിൽ ഒരു അക്ഷരം പോലും ഞാൻ തെറ്റാതെ വായിക്കട്ടെ... നിന്റെ നാവിലെ മിണ്ടാത്ത കാവ്യങ്ങൾ ഞാൻ മാത്രം വീണാനാദംപോലെ കേൾക്കട്ടെ... മറുവാക്കുകൾ ആവശ്യമേയില്ല, ഓർമ്മയാക്കി വയ്ക്കുക.. ഒരു ക്ഷണമെങ്കിലും നിന്നെയറിയുകയെന്നാൽ നിന്നിൽ ഉറയുന്നുവെന്നുതന്നെ. #Sreekumarsree. ©️19.06.2025

വികാരങ്ങളുടെ വിപണിയോ മാധ്യമങ്ങൾ

Image
മാധ്യമങ്ങൾ,ഇന്നത്തെ ലോകത്തിൽ, അപാരമായ സ്വാധീനശേഷിയുള്ള ശക്തികളായി മാറിക്കഴിഞ്ഞു. എന്നാൽ, അതേ സമയത്ത്, മാധ്യമങ്ങളുടെ ധർമ്മബോധത്തെയും യാഥാർത്ഥ്യത്തോടുള്ള ഉത്തരവാദിത്തത്തെയും കുറിച്ച് നമ്മൾ കാതലോടെ ചിന്തിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മൃദുലമായ വികാരങ്ങളെ മാധ്യമങ്ങൾ അധികമായി ഏറ്റെടുക്കുന്നു, അതിനെ വിപണനയോഗ്യമാക്കുന്നു. മനുഷ്യമനസ്സിലെ നനവുള്ള നിമിഷങ്ങളെ, പ്രണയത്തിന്റെ ഉമ്മയോ ഒരു മുപ്പത് സെക്കൻഡ് ദു:ഖത്തിൻറെ കാതലായ നിമിഷങ്ങളോ, അവർ പ്രധാന വസ്തുക്കളാക്കുന്നു... കാഴ്ചക്കാരുടെ കാഴ്ചപ്പാട് വിറ്റഴിക്കാവുന്ന ഒരു ഉപഭോഗവസ്തുവായി മാറ്റുന്നു. ജീവിതത്തിന്റെ ആഴങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേല്‍പ്പിച്ച തനിമയും, മനസ്സിന്റെ അത്രയും ലോലമായ ഓളവും, മാധ്യമപ്രവാഹത്തിൽ നഷ്ടപ്പെടുന്നു. ഇതോടെ സംഭവിക്കുന്നതെന്താണ്: കാതലായ വിഷയങ്ങൾ സമൂഹത്തിലെ അന്തർധാരകളും, മനുഷ്യാവകാശ ചർച്ചകളും, പാവപ്പെട്ടവരുടെ നിശബ്ദ പോരാട്ടങ്ങളും മാഞ്ഞുപോകുന്നു. അവ ലോകത്തിന്റെ മുൻതൂക്കത്തിലേക്ക് എത്തുന്നതിന് മുമ്പേ മറവിയുടെ കറുത്ത മറയിൽ അടയുന്നു. സത്യത്തിന്റെ ദീപം, ഒരു കാറ്റിൻറെ തലോടലിൽപ്പോലും കുലുങ്ങുന്ന ഒരു കിരണമായി, വിറങ്ങലിക്കുന്ന...

ഒറ്റമരത്തിലെ പരാഗണങ്ങൾ

Image
മരുഭൂവിലെ ഒറ്റമരങ്ങളിലെ പൂക്കൾ, പരാഗണവിധേയരല്ല... വനാന്തരങ്ങളിൽ പരാഗരേണുക്കൾ കൈമാറുന്ന കാറ്റുകൾ ഇവയെ കാണാറില്ല; അവയോട് മിണ്ടാറില്ല.... അവ തങ്ങളുടെ ഗന്ധങ്ങൾ സ്വയം ശ്വസിക്കുന്നു അവയുടെ സ്വപ്നങ്ങളിൽ രേണുക്കൾ പൂക്കൾ തേടി ആകാശസീമകളിൽ പറക്കുന്നു.. മഴപെയ്യാത്ത ആകാശം പോലെ, വാക്കുകളില്ലാത്ത വാക്യംപോലെ ഇവയുടെ കാത്തിരിപ്പുകൾ..., ഒരു തൂമഞ്ഞു പോലും അവയുടെ ഓർമ്മപാത്രത്തിൽ പൊഴിഞ്ഞിട്ടില്ല... എങ്കിലും പറയാതെ ഒഴിയുന്നൊരു ഈ ഒറ്റനിലാവിൻ നെഞ്ചിൽ ഇവ ഇപ്പോഴും വിടരുന്നു പരാഗമില്ലാതെ... പരപരാഗണവുമില്ലാത്ത അർദ്ധപുഷ്പങ്ങളായി. Sree.23.05.2025.  ©️is reserved

നവ ബോധോദയങ്ങൾ

Image
ആപ്പിൾമരച്ചുവടോ ബോധിവൃക്ഷത്തണലോ തേടുന്നില്ലെങ്കിലും, ഞാനെന്നെ വിളിക്കുന്നതു ബുദ്ധിമാനെന്നാണ് ഇന്നിന്റെ ആകാശം അവിശ്വാസത്തിന്റെ ആലയം..! നക്ഷത്രക്കൂട്ടങ്ങളാണ് ആദ്യത്തെ ഗ്രൂപ്പിസത്തിന്റെ വക്താക്കൾ... സൂര്യൻ,.... സ്വയം അസ്തമിക്കാനെരിയുന്നവന് കൂട്ടാരുണ്ടാകാൻ..!! ക്ഷീരപഥങ്ങളൊഴുക്കുന്ന കാമഥേനു ഏതാണാവോ.? മുഴക്കമുണ്ടത്രെ പ്രപഞ്ചത്തിനാകെ..., എന്നിരിക്കിലും എന്റെ നഗരത്തിനോളം വരുമോ? എന്റെ നഗരം മുഴങ്ങാൻ തുടങ്ങിയത് ഇന്നലെമുതലാണെന്ന് മുത്തച്ഛൻ... ഞാനൊരുമുഴക്കവും കേൾക്കാറില്ല ഇരുവശങ്ങളിലും ആവർത്തനഗീതംമുഴക്കുന്ന ചെറുയന്ത്രങ്ങളാൽ ഞാനെന്റെ കർണ്ണങ്ങൾ മൂടിവച്ചിട്ടുണ്ട്... ജ്ഞാനപീഠത്തിലല്ലെങ്കിലും ഞാനെന്നും ലഹരിയിലാണ്.. ആപ്പിൾമരച്ചുവടോ ബോധിവൃക്ഷത്തണലോ തേടുന്നില്ലെങ്കിലും, ഞാനെന്നെ വിളിക്കുന്നതു ബുദ്ധിമാനെന്നാണ്. #sreekumarsree   ©️reserved.
Image
സ്പർശം(ചെറുകഥ) പ്രഭാതങ്ങളിൽ ഇപ്പോൾ മനസ്സിലൊരു അസ്വസ്ഥതയുമായാണ് എണീക്കുക...! കൈവിരലുകളിൽ വലതുകൈയുടെ നടുവിരലും മോതിരവിരലും തളർന്നുപോകുന്നു, കഴിഞ്ഞ ചില ആഴ്ചകളായി ഇതു പതിവായിരിക്കുന്നു ...  പകൽപോലെ രാത്രികളിലും ആ മരവിപ്പ് വേട്ടയാടുന്നുണ്ടിപ്പോൾ.. പ്രഭാതങ്ങളിലെല്ലാം ആ മരവിപ്പ് മനസ്സിലേക്കും അരിച്ചുകയറുന്നതുപോലെയാണ്...  ആയുസ്സ് പകുതികഴിഞ്ഞ വഴിയിൽ നിൽക്കുന്ന മനുഷ്യൻ, ജീവിതമെന്ന പടവുകൾ ഒരുപാട് കയറിയവനാണ്. തനിക്ക് തന്റെ കൈകൊണ്ടുമാത്രം ജീവിക്കാനാവുമെന്ന് എപ്പോഴും വിശ്വസിച്ചവൻ. കൗമാരകാലംമുതൽ മണ്ണിനൊപ്പം കളിച്ചും കിതച്ചും നടന്നതാണ്, എല്ലാം ഈ കൈകളുടെ കരുത്തിലായിരുന്നു... പക്ഷേ ഇപ്പോൾ,... ഈ രണ്ട് വിരലുകൾ ചെറുതായി "ഒന്നിനും പറ്റാത്തവ" ആയി മാറിയതുപോലെ തോന്നുന്നു. ആദ്യദിവസങ്ങളിൽ അത് അവഗണിച്ചിരുന്നാണ് പക്ഷെ...  'ചൂടേറിയതുകൊണ്ടായിരിക്കാം', ' കൈ തലയ്ക്കടിയിൽ വച്ചു കിടന്നതിനാലാകാം"  അവൾ ആശ്വസിപ്പിക്കുകയാണ്.. ... സ്വഭാവികമായ വീക്ഷണം. ആകാം ആകട്ടെ... പിന്നെ അങ്ങനെ ആയിരുന്നെങ്കിലെന്ന് ആശ്വസിക്കുകയായിരുന്നു... പക്ഷേ, ഭയംകൊണ്ട് ഉള്ളിൽ മാനസികമായൊരു കുഴൽപ്പാട്ട് തുടങ്ങിയിരുന്നു. ര...

നാല്പതാംനമ്പർ_മഴ

Image
# "ച്ഛാ.... ഈ മഴയൊന്ന് നനഞ്ഞോട്ടെ ഞാനും..? " കുഞ്ഞിചെക്കന്റെ കൊഞ്ചൽ കേട്ടാണ്. മുഖമുയർത്തിനോക്കിയത്... ചിക്കുപായ മടക്കി ഉണങ്ങാനിട്ട പുന്നെല്ല് കൂട്ടിവാരുകയാണ്. ഇതൊന്ന് തളത്തിലാക്കിയിട്ടുവേണം ചിക്കിയിട്ട വയ്ക്കോൽ കൂട്ടാൻ... നൂൽമഴയാണ്.. അധികം നനയില്ല എന്നാലും പുന്നെല്ലിന് നനവ് കേടാണ്. വൈയ്ക്കോലിന് സാരമില്ല. നാളെ വെയിലുവരുമ്പോൾ വീണ്ടും ചിക്കിയിടാം. കൂട്ടിവച്ചത് കോലുകൊണ്ട് കുത്തിമറിക്കുമ്പോൾ ആവിയെഞ്ചിനിൽ നിന്നെന്നപോലെ ചൂടുയരും. പകുതിവെന്തപോലാകും വയ്ക്കോൽ. സാരമില്ല. ഈയാണ്ടിന് പശുവിനും കിടാവിനും തിന്നുതീർക്കാനുള്ളതേ വരൂ. നെല്ല് അങ്ങനല്ലല്ലോ.. അടുത്താണ്ടിനപ്പുറം വിത്തുകൂടിയാണ്.. കിരുകിരെ ശബ്ദിക്കുന്ന ഉണക്കുവേണം. പിന്നെ വൃത്തിയാക്കി ചൂടാറ്റി പത്തായത്തിൽ നിറയ്ക്കണം... " ച്ഛാ.... ഞാനും വരട്ടെ മഴയത്ത്...? " ആറുവയസ്സുകാരന്റെ കൊഞ്ചൽ വീണ്ടും.. "നീയെറങ്ങടാ കുട്ടാ..." മറുപടി തീരുംമുമ്പ് അവനും മുറ്റത്തേയ്ക്ക്.. "ഈ ചെക്കനിതെന്നാ കേടാ... ങ്ങള് കണ്ടില്ലേയിദ്...? വേനൽമഴയാ.. പുതുമഴ.. പനിപിടിക്കാൻ ഇനിയെന്താ വേണ്ടത്..." പറമ്പിൽനിന്ന് കന്നിനെയഴിച്ച് വിട്ട് അവളും മുറ്റത്...

കൂട്ടുപ്രതി

# ഓർമ്മകൾ.., അവയെന്റെ വാതായനപ്പുറം  ചിലയ്ക്കാറുണ്ടെന്നും.. പരസ്പരമവ വാതോരാതെ, എന്തെക്കെയോ....!! ഗൃഹാതുരമായ മനവുമായാണ് ഞാനപ്പോൾ  വാതായനം  മലർക്കെ തുറന്നത്... ഭയന്നിട്ടാകണം.. (ലജ്ജകൊണ്ടല്ല തീർച്ച) വിജാഗിരികളുടെ അപശ്രുതിതീരുംമുമ്പവ ഓടിയൊളിക്കുന്നു...!! ഇരുളിലേക്ക്...? എത്ര ചികഞ്ഞിട്ടും തിരികെയണയാതെ, മസ്തിഷ്കവടുക്കളിൽനിന്നവ എന്നോ പറന്നുപോയിരിക്കുന്നു. വിചാരണയ്ക്കുവച്ചത് മറന്നുപോയ സത്യങ്ങൾ തേഞ്ഞുപോയ നന്മകൾ.. ജീവന്റെ കോടതിമുറിയിൽ കാലം മാപ്പുസാക്ഷി പ്രായം കൂട്ടുപ്രതി... #sree.
വർത്തമാനകാലത്ത്  അടയാളപ്പെടുത്താനൊന്നുമില്ലാതാകുമ്പോൾ...  ഭാവികാലം ആശങ്കകളുടെ വായ്പിളർന്നുവരുമ്പോഴാണ് ആരും ഭൂതകാലത്തിന്റ ആശ്വാസങ്ങളിലേക്ക് കൂപ്പുകുത്തുന്നത്..  എത്ര കേവലനാകിലും ഒരു ഭൂതകാലവും അതിലങ്ങിങ്ങ് ഇഷ്ടങ്ങളുടെ മിന്നാമിനുങ്ങുവെട്ടങ്ങളും അയാൾ തേടിപ്പിടിക്കുമപ്പോൾ.  പിന്നെ ആ ഓർമ്മകളുടെ തേഞ്ഞടർന്ന വക്കുകളിൽ തെരുപ്പിടിച്ച് അവയെ താലോലിച്ച് മനസ്സെപ്പൊഴും അതിലഭിരമിക്കും.. മറ്റുള്ളവയെ അയാൾ ബോധപൂർവ്വം തിരസ്കരിക്കയോ വിസ്മരിക്കയോ ചെയ്യുമ്പോൾ അയാളിലെ അൾഷിമേഴ്സിനെ സമകാലീനർ കണ്ടെത്തിയേക്കും.  എന്നാൽ ഓർമ്മ നശിച്ചവനെന്ന് സമൂഹം സങ്കടപ്പെടുമ്പോൾ ഓർമ്മയുപേക്ഷിച്ചവന്റെ സന്തോഷം അറിയാതെ പോകുന്നു....  (from the part of my uncompleted Novel- പടന്തലയുടെ അവബോധങ്ങൾ)  ©️reserved

അകത്തായിപ്പോയവർ

Image
ചിലപ്പോൾ അയാളൊരു 'മുറിവുകൾ ഇല്ലാത്ത  ഹൃദയപേടകം' പോലെയാണ്. അവന് പൊട്ടിക്കരയാൻ ഇടവേളകളില്ല.  അവനെ ആശ്വസിപ്പിക്കാൻ കാത്തിരിപ്പുകളുമുണ്ടാവില്ല... അതുകൊണ്ടാണയാൾ  'ആകാംക്ഷകളെ  അടുക്കളപ്പാത്രങ്ങളിലേക്കും  അടുപ്പിലേക്കും നിറച്ച്'  അതിജീവിക്കാൻ ശ്രമിക്കുന്നത്. അയാൾ വെള്ളം തിളപ്പിക്കുന്നത്  വെറുമൊരു അടുപ്പിലാകില്ല അവൻ തിളപ്പിക്കുന്നത്  സ്വാഭിമാനത്തെയാണ്, സാമൂഹികാക്ഷേപത്തെയാണ്, ആത്മസംഘര്‍ഷങ്ങളെയാണ്, ഒടുവിൽ,  ഒരു സമൂഹത്തെ നഷ്ടപ്പെട്ട, വ്യക്തിപരമായ സംഘര്‍ഷങ്ങളെയും, മനസ്സുമരവിച്ച വികാരങ്ങളെയുമാണ്.. കാരണം.. ജീവിതത്തിന്റെ തീവ്രത അനുഭവിക്കുന്ന അടുക്കളയിലാണയാൾ.... അകത്തായിപ്പോയവൻ... ജീവിതത്തിന്റെ അടുക്കളയിലെ  ഈ മനുഷ്യൻ  മറവിയിലാകുകയാണ് പതിവ്. Sree. 

കൗമാരവെളിച്ചം

Image
കൗമാരവെളിച്ചം നിന്റെ കണ്ണുകളിലൂടെ ഒരു മഴയായ് വീണിരുന്നു, ഓർമ്മകളിലെ  കറുത്ത പുറമ്പോക്കിൽ നീ കളിപറഞ്ഞ വാക്കുകൾക്ക് ഒരു വര്‍ണ്ണം നല്‍കിഞാൻ. നിഴലുകളുടെ മിഴിയിലാഴ്ന്നു പ്രണയത്തിന്റെ ആദ്യ  തുടിപ്പെരിയലുകൾ, മിഴിയകങ്ങളിൽ  തിരയിളകിയിരുന്നു..., അറിയാതെ പെയ്ത  കാമനകളുടെ ഗന്ധം. കൈ തൊട്ടു പറന്നുപോയ ഒരു പ്രണയചൂട്  അതോ ദൂരെയുള്ള കനലോ? കണ്ണീരിന്റെ കവിതയായിരുന്നു അവസാനം നീ ആത്മാവിലെഴുതിയത് . ഇന്നും, കൗമാര വിരഹത്തിലെ ആ വെളിച്ചം എന്നെ പിടിച്ചു നിർത്തുന്നു കാലമെന്ന ഇരുട്ടിന്റെ നടുവിൽ ഒരു പുഞ്ചിരി പോലെ. — ശ്രീകുമാർ ശ്രീ ( മകൾ nidhikas ന്റെ വര)

പാട്ടിന്റെകനൽ

Image
പാട്ട് താരാട്ടാണെങ്കിൽ ആർക്കുമില്ല ചേതം.. അമ്മയുടെ മുഷിഞ്ഞ കരംപോലെ, ഇടറിയതെങ്കിലും കുഞ്ഞിനു മധുരമായ, അല്ലങ്കാരങ്ങളില്ലാത്ത ചമയമാകുന്നു.. ഇതുവരെ. കാറ്റിൽ കുയിൽപാടി പാലിൽ മാധുര്യം ചാർത്തി ചൂടിൽ കുളിർമേഘമായി ഒരു സ്വപ്നം വിരിയുന്നു ശാന്തമായി അതങ്ങനെ. . പക്ഷേ, പാട്ട് പോരാട്ടമാകുമ്പോൾ, മണ്ണിന്റെ കരച്ചിലായ് ഉയരുമ്പോൾ, ഇടനിലക്കാരൻ മുഖം തിരിക്കും, സോഷ്യലിസ്റ്റിന്റെ ചിന്തയിൽ പോലും ഇരുണ്ട കോണുകളുണ്ടെന്ന് പറയുമ്പോഴാണ്  നാമറിയുന്നത്, പാട്ടിന്റെ ഭീമനീതി ചിലർക്കു പേടിയാണെന്ന്.. വിപ്ലവത്തിന്റെ ചുവപ്പുടയാടയ്‌ക്കുള്ളിൽ കറുത്ത പുള്ളിക്കുത്തുണ്ടാവാം, പാട്ട് അതിന്റെ നിറം ചോദിക്കുമ്പോൾ ഉത്തരങ്ങളില്ലാതെ മൌനം മാത്രം. എങ്കിൽ ഞങ്ങൾ പാടും – താരാട്ടിനും പോരാട്ടത്തിനും ഇടയിൽ ഒരു പക്ഷിരൂപം പോലെ സ്വതന്ത്രമായി,  അതിജീവനത്തിന്റെ ഗന്ധവാതം തൊട്ട് ഞങ്ങൾ പാടിക്കൊണ്ടേയിരിക്കും.. കറുത്തരാവിന്റെ പാട്ടുകൾ. #Sree.30042025 ©️reserved

ഒന്നു വീണാൽ

Image
ഒന്നു വീണാൽ...? മേഘം പോലെ തളിർത്ത ആകാശം മാറിമറിയും പ്രതീക്ഷയുടെ പുഞ്ചിരി ചേർത്തുപിടിച്ചവർ പുതിയൊരു മഴക്കാലത്തിന് കറുത്തിരുളും.. ഒന്നു വീണാൽ...? കരളുറക്കിയ മൗനത്തിന്റെ അടിവാരം അഗാധചിന്തയുടെ പോർക്കളമാവും, അവിടെയാരംഭിക്കും നമ്മൾ കാണാത്ത വെളിച്ചത്തിനായുള്ള യുദ്ധം... ഒന്നു വീണാൽ...? ഒരു കടലിരമ്പത്തിൽ വേദനയുടെ തൊലിപ്പുറത്ത്, ജീവിതം വീണ്ടും തന്റെ ഭാഷ ചൊല്ലും, നമ്മൾ കേൾക്കാതിരുന്ന ആ സംഗീതം നമ്മെ തൊട്ടുണർത്തും, പുതുവെളിച്ചത്തിലേക്ക്... ഒന്നു വീണാൽ... അതൊരു തുടർച്ച മാത്രമാകാം ഒരുപാട് ഉയരങ്ങളിലേക്കുള്ള മറ്റൊരു പടിയിറക്കവുമാകാം. വീഴ്ചയെ പാടിപ്പാടി ഉയരാനാണ് ജീവിതം നമ്മെ എഴുത്തിനിരുത്തിയത്.. -ശ്രീകുമാർ ശ്രീ-

ശ്രാദ്ധവിഹിതം

Image
ഇരുൾകനക്കുന്ന നേരത്തുനീയെന്റെ ഇടതുഭാഗത്തുതന്നെയിരിക്കുക..   മിഴിയനക്കങ്ങളുടയുന്നനേരമെൻ അതിമയക്കമുണർത്താതിരിക്കുക.. ചിറകുപൂട്ടുകയാകുമെൻ ചിന്തകൾ ചെറുചിരിയെന്റെ ചുണ്ടിൽ വിരിഞ്ഞിടാം ചിലഞരക്കങ്ങൾ പോലതിൻ വാക്കിനായ് ചെവിയണച്ചുപിടിക്കാതിരിക്കുക. ഒരുകണമെന്റെ മിഴിയിലുടഞ്ഞിടാം മറുമൊഴി മിഴി നിറയാതിരിക്കണം പെരുവിരൽതുമ്പു ചെറുതായ് വിറച്ചിടാം ചേർത്തുവച്ചു വിളിക്കാതിരിക്കുക... ഓർക്കുകയേറെ ദൂരമുണ്ടാമെന്റെ നേർത്ത ജീവനുപോകുവാനായിനി, കാത്തുവയ്ക്കുവാനൊന്നും കരുതാത്ത മൂർദ്ധജീവിതമസ്തമിക്കുന്നിതാ.. കൂട്ടിവച്ചില്ല ശ്രാദ്ധമൂട്ടാൻ തരി, നെൽമണിക്കതിർ കോലോത്തറകളിൽ, നട്ടുകാത്തില്ല തെക്കേത്തൊടിയിലായ് നാട്ടുമാവൊന്നു ചുട്ടുകരിക്കുവാൻ.. സ്മരണചേർത്തൊരു ചില്ലുകൂടാക്കിയീ തിരുമുഖത്തു നീ തൂക്കാതിരിക്കണം തിരിതെളിക്കരുതെന്നുടെ ചിന്തകൾ മനമിടയ്ക്കു പതംപറഞ്ഞീടുകിൽ.. ചേർത്തണയ്ക്കരുതോർമ്മകളെന്നെയും നേർത്ത ചിന്തകളാചിതയിലൂട്ടുക ഓർത്തുവയ്ക്കരുതൊന്നുമേ മേലിലും ഓർമ്മകൾ വിറ്റു ശ്രാദ്ധമൂട്ടീടുക. ഒരുതിരികെട്ടപോലെ കരുതണം മറുതിരിക്കായി നല്ലെണ്ണകരുതണം ശുഭകരം ജന്മനിമിഷമെന്നാകുകിൽ മരണവുമതുപോൽതന്നെ നിശ്ചയം.. ഇരുനിമിഷങ്ങളും ഭവാനറിയാതെ ഭവിതമാകുകയി...

ആദ്യന്തം

ഒരിക്കൽ മണ്ണ് ചോദിച്ചു: "ഞാനൊരു പൊടിയുടെ കണമാണോ?" പിറവിയും പുനർജന്മവും കൈകോർത്തു ചിരിച്ചു. ഒരു തിരമാല കരയോട് ചോദിച്ചു: "ഞാനൊരു നിമിഷത്തിന്റെ നീരാളിയല്ലേ?" സമുദ്രം ഉച്ചത്തിൽ ചിരിച്ചു: "നീ എനിക്ക് തിരികെ ചേരുമ്പോൾ കാലത്തിന്റെ അർത്ഥം തീരുന്നു!" ഒരു തിരുമുറിവിൽ നിന്നു താഴെവീണ നക്ഷത്രം ചോദിച്ചു: "അഗ്നിയും ഇരുളും ഒരുമിച്ചോ?" നിശാഭൂഷണം വെളിച്ചമാകവേ നിഴൽ പിന്നിലാക്കി പോയി. അറിവിന്റെ അതിരുകൾക്കപ്പുറം ചിന്തയുടെ ചിറകുകൾ വീശുമ്പോൾ നാമെല്ലാം നിമിഷങ്ങൾ മാത്രം നിറയുന്ന അതിർവരമ്പുകൾ. പക്ഷേ, നിമിഷങ്ങൾ പെയ്തിറങ്ങുമ്പോൾ കാലം എക്കാലവും മൗനിയാകുന്നു. ഒരിക്കലും മടങ്ങിയെത്താത്ത യാത്രകൾ മാത്രം അടയാളങ്ങൾ... നീ ചിന്തിക്കുന്നതും ഞാൻ കാണുന്നതും ഒരു തുടർച്ചയുടേതോ? അല്ല, ഒരു പിരിയലിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്... തീരങ്ങൾ ചോദിക്കുന്നു: "സമുദ്രം എത്ര നീളമേറുന്നു?" കാറ്റ് ഉണർന്നുപോകുന്നു: "അനന്തം അളക്കാൻ വാക്കില്ലേ." നമുക്ക് ചോദിക്കാൻ പറ്റുന്ന എല്ലാ ചോദ്യങ്ങളും സമാധാനങ്ങൾക്കരികെ ഒരിക്കലുമെത്താത്ത ദിശകളാണ്. നമ്മുടെ സത്യം എന്നും പാതിയിൽ നിൽക്കുന്ന ഒരു പ്രകാശരശ്മ...
Image
#സന്യാസത്തിലേക്കെത്തുന്നത്.  കാറ്റിനോടോ പറവയോടോ ചോദിക്കുവാൻ പറ്റുമോ? നിന്റെ ജന്മരഹസ്യമെന്തെന്ന്.. എവിടെ നിന്നാണ് വന്നതെന്നും എന്തിനാണ് പോയതെന്നും?.. മഴത്തുള്ളിയോട് ചോദിക്കുമോ? "വിശാലമായൊരു നീലാകാശം നിന്നിൽ ഒളിച്ചിരിപ്പുണ്ടോ?" നീ പേറിവന്നതൊരാകാശത്തിന്റെ ജന്മരഹസ്യമാണോ എന്ന്, അതപ്പോൾ അണിയുമായിരിക്കും ഒരായിരം ചിന്തകളുടെ മാല.. ജനനം ഒരു താളമാണ്, നദിയിൽ വീണ ഒരു തരംഗമാണത്, പാറകളെ തൊട്ടുരുമ്മി സമുദ്രമായി പരിണമിക്കുന്നൊരു യാത്രയാണത്... എന്തിനാണൊരു ജനനം? ഉണ്ടാകാൻ, കാണാൻ, അനുഭവിക്കാൻ, തണലിലൊന്ന് മയങ്ങാൻ വെയിലിലൊന്നു വിയർക്കാൻ കാറ്റിനൊപ്പം പറക്കാൻ, മഴയിലൊന്ന് നനയാൻ, ഒരു പുഞ്ചിരി വിടർത്താൻ മറുപുഞ്ചിരിയാലൊന്നു പുതയ്ക്കാൻ... ഇത്രേയോ? അതോ അതിനപ്പുറം? നമ്മുടെയാർത്തികൾ തീരുമ്പോൾ മറുപടികൾ നമുക്കു മതിയാകില്ല.. ശരിയായ മറുപടി മറ്റെവിടെയോ മറഞ്ഞിരിക്കും, ഒരിക്കലുമറിയാത്ത ഒരു രഹസ്യമായി... തേടലാരംഭിക്കുമ്പോൾ, അദ്ധ്യാത്മികമായി.. സന്യാസമായി...

കവി

Image
കവി.... കാഴ്ച്ചയിൽ കഴിയാത്ത കാരണങ്ങൾ കാണുന്ന കണ്ണ്. വാക്കുകളുടെ വിരൽതുമ്പുകളിൽ വ്യാഖ്യാനമില്ലാത്ത വിസ്മയം... കവി, മാനവ മനസ്സിന്റെ മൗനതാളം കേൾക്കുന്ന ഹൃദയം. ഒരു ജലകണത്തിൽ സമുദ്രം കാണുന്ന, ഒരിക്കലുമില്ലാത്ത ഒരാൾ... കവി കർമ്മവീതിയിൽ കണ്ണീരിറ്റുവീഴുന്ന ചെറുസ്വരമറിയുന്ന ചിത്തം. ആദിയിലൊരുങ്ങിയ ലോകത്തിന്റെ ചോദ്യങ്ങൾക്ക് പുതുവഴികൾ ചൂണ്ടുന്നവൻ...
Image
വാക്കുകൾ തിരയുമ്പോൾ വെറുതെയൊരു ശൂന്യത മാത്രം, അർത്ഥങ്ങൾ മറ്റെവിടെയോ മറഞ്ഞിരിക്കുന്നു, ഒരു കാറ്റീലലിഞ്ഞോ, ഒരു മറവിയിലുരുകിയോ, അർത്ഥങ്ങളപ്രസക്തമാകുന്നു. പദങ്ങൾ ചിതറുമ്പോൾ അവക്കുള്ളിൽ ഉണർന്നോർക്കുന്നു.. ഓർമ്മകളുടെ ശബ്ദം മാത്രം, ഒരു സ്വപ്നം പോലെയോ, ഒരു മറുവചനം പോലെയോ. സംഗീതമില്ലാതെ ഒരു പാട്ട് പിറക്കുമോ? മുമ്പെപ്പോഴോ തിമിർത്തുപെയ്ത മഴയില്ലാതെ ഒരു പൂവ് വിരിയുമോ? എങ്കിലും ഒരു കവിത പിറക്കുന്നതോ.? ഒരു വേദനയ്ക്കുള്ളിൽ  ഒരു കവിത ഉണ്ടാകും, നിശ്ശബ്ദതയിൽ നിന്ന് വാക്കുകൾ പിറക്കും, വിഷയമില്ലായ്മ പോലും ഒരു വിഷയമാകും! ഒരു ചിത്രശകലം മാത്രം ഒരു കവിതയായ് പിറവികൊള്ളും.... @highlight  #ശ്രീ

ജനനം_ഒരു തുടക്കമോ_മറ്റൊരു_ഒടുക്കത്തിന്റെ_ബാക്കിപത്രമോ?

Image
ജീവിതത്തിന്റെ ഗഹനത്വം ആലോചിക്കുമ്പോൾ, ജനനത്തെക്കുറിച്ചുള്ള ഒരു വസ്തുത നാം കാണാതെ പോകുന്നു—ജനനം എപ്പോഴും ഒരു പുതിയ തുടക്കമാണെങ്കിലും, അതിനു മുമ്പ് എന്തൊക്കെയോ അവസാനിച്ചിട്ടുണ്ടെന്നതും സത്യമാണല്ലോ. ഒരു പുതിയ പടിയിലേക്ക് കടക്കുമ്പോൾ പിന്നിലെ പടിയിലൊരിടത്ത് യാത്ര അവസാനിക്കണം. അതുപോലെ, ഓരോ ജനനവും മറ്റൊരൊന്ന് അവസാനിച്ചതിന്റെ സാക്ഷ്യപത്രമാണോ? 1. ജനനം ഒരു തുടക്കം മാത്രമാണോ? ജനനം പുതിയ ജീവിതത്തിന്റെ തുടക്കമാണ്. കുഞ്ഞ് ഈ ലോകത്ത് ആദ്യമായി വരുമ്പോൾ, അവൻ ഒരു പുതിയ അനുഭവ ലോകത്തേക്ക് പ്രവേശിക്കുന്നു. ശ്വാസം എടുക്കുന്ന ആദ്യ നിമിഷം മുതൽ അവൻ/അവൾ ലോകവുമായി ബന്ധപ്പെടുന്നു. ജീവന്റെ തുടർച്ചയ്ക്കായുള്ള പ്രകൃതിയുടെ മാന്ത്രിക നിയമമാണിത്. ഓരോ കുഞ്ഞും ഒരുപാട് സാധ്യതകളുടെ പ്രവേശനവാടമാണ്. കുടുംബത്തിന് ഒരു പുതുമ, സമൂഹത്തിന് ഒരു പുതിയ അംഗം, ഈ ഭൂമിക്ക് ഒരു പുതിയ സാക്ഷി. പക്ഷേ, ഇതു മാത്രമോ? ജനനം ഒരു പുതിയ അധ്യായത്തിന്റെ തുടക്കം മാത്രമോ?  അതിന് മുമ്പുള്ള ഒരധ്യായം അടച്ചുപൂട്ടിയതിന്റെ തെളിവുമാണോ? 2. ജനനത്തിന് മുൻപുള്ള അവസാനങ്ങൾ.... ഒരു കുഞ്ഞ് ജനിക്കുന്നതിന് മുൻപ്, അമ്മയുടെ ഗർഭകാലം അവസാനിക്കണം. അമ്മയുടെ ശരീരത്തിന് ഒരു മാ...

ലോകഅജാതശിശുദിനം

Image
കുട്ടിത്തം... സ്വപ്നത്തേരിലാണെപ്പോഴുമത്... മുതിർന്നവക്കൊപ്പമത് നടക്കാറേയില്ല... അതെപ്പോഴും സ്വപ്നങ്ങളുടെ വിഹായസ്സിലായിരിക്കും പറന്നുനടക്കുക...! അതെ... കുട്ടിത്തമറിയണമെങ്കിൽ സ്വപ്നത്തിലെങ്കിലും പറക്കാൻ പഠിക്കുകതന്നെവേണം. #ശ്രീ അജാതശിശുദിനം – ജനിച്ചുവരാനിരിക്കുന്ന ജീവനുള്ളൊരു ആദരവേകലാണ്.. അജാതശിശുദിനം ഗർഭസ്ഥശിശുക്കളുടെ അവകാശങ്ങൾക്കും അമ്മമാരുടെ സുരക്ഷയ്ക്കുമായി ആചരിക്കുന്ന ഒരു പ്രത്യേക ദിനമാണ്. ഭ്രൂണജനനത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ഒരു ശിശുവിന്റെ ജീവൻ തുടങ്ങുന്നു എന്ന ബോധ്യം പര്യവേക്ഷണാത്മകമായി ശക്തിപ്പെടുത്തുന്നതിന് ഈ ദിനം സഹായിക്കുന്നു. ഗർഭകാലം ആരോഗ്യപരമായും മാനസികമായും അമ്മക്കും കുഞ്ഞിനും സമാധാനപ്രദമായിരിക്കണമെന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു. ഗർഭസ്ഥശിശുക്കളുടെ ജീവിതം സംരക്ഷിക്കേണ്ടത് കുടുംബത്തിലും സമൂഹത്തിലും നിർണായക ഉത്തരവാദിത്തമാണ്. ഭ്രൂണവികാസം ശാസ്ത്രീയമായും ആദ്ധ്യാത്മികമായും അപരിഷ്കൃതമായില്ലെങ്കിൽ, വരാനിരിക്കുന്ന തലമുറകളുടെ നന്മയ്ക്ക് ഭീഷണിയാകും. അമ്മമാരുടെ ആരോഗ്യസംരക്ഷണത്തിനും സമഗ്ര വികസനത്തിനുമുള്ള നിയമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഗർഭസ്ഥശിശുക്കളുടെ അവകാശങ്ങൾ സംരക്ഷിക്കു...

അവനണയുന്നുണ്ട്_വീണ്ടും

Image
മധ്യവേനലവധി....!! വെള്ളരിമാവിന്റെ മലർഗന്ധമേറ്റ മീനവെയിൽച്ചൂട്... കശുമാവിൻ ചൊനയേറ്റു പൊള്ളിയ കൈത്തണ്ടകൾ.. നെഞ്ചിലൂടൊഴുകിയിറങ്ങുന്ന നാട്ടുമാമ്പഴത്തേൻ.... മച്ചിങ്ങവണ്ടികളുടെ പടയോട്ടം... താമരക്കടവുകളിലെ കുതിച്ചുചാട്ടം.. വാഴക്കുടപ്പൻ തേനുണ്ണുന്ന ശീൽക്കാരം... മേടക്കുടമാറ്റാൻ വെമ്പി, ഇടയ്ക്കിടെ എത്തിനോക്കി ഇടവം മൂക്കാൻ കാത്തക്ഷമനാകുന്ന കരിമേഘക്കാളക്കുട്ടന്മാർ.... മധ്യവേനലവധി വന്നുപോയതെന്നും ഇങ്ങനെതന്നെയായിരുന്നു. തൃസന്ധ്യകളിൽ നിലവിളക്കുകളുടെ  മിഴിയടഞ്ഞാലൊരു കൊച്ചുശയനം പൂതപ്പാട്ടും പൂരവിശേഷങ്ങളുമൊരു മന്ത്രച്ചെപ്പിൽനിന്നു തുറന്നുവിടുന്ന, മുത്തശ്ശിമടിയിലൊരു സുഖശയനം.. മുടിയിഴകളിലൂടൊഴുകുന്നംഗുലീലാളനം സുഖദം, സുഖശീതളം. അവനണയുന്നുണ്ട് വീണ്ടും.         #ശ്രീ.

തീണ്ടാരി പെണ്ണ്

തീണ്ടാരിപ്പെണ്ണുമെടഞ്ഞൊരു പൂമാല ചാർത്തിയദേവൻ പൂപോലെ ചിരിപ്പവതെന്തേ തീണ്ടലുചുറ്റിയിരിക്കണതെന്തേ... ? പൂമാല വാങ്ങുന്നവനത് പൂനൂലിൽ മെടഞ്ഞവളുടെയുടൽ തീണ്ടാരിപ്പുടവയണിഞ്ഞത് കാണാഞ്ഞത് സത്യമതാകാം. മൂലോകം മുഴുവൻകാണാൻ മുക്കണ്ണുതുറക്കണദൈവം ഉള്ളാലെ കണ്ടതുമില്ലേ പെണ്ണുതികഞ്ഞൂ പൂത്തദിനം... പൂത്തവൾ തിർത്തൊരു പൂമാല..?. കാന്താരം വാണൊരു മാരനെ കണ്ണാലെയടക്കിയ പെണ്ണ് കൂന്തൽകാടൊന്നുമെടഞ്ഞൊരു പൂമാരനു വാസമൊരുക്കി കലചൂടിയമുടിതൻമുകളിൽ പുഴപോലെ പതുങ്ങിയ പെണ്ണിൻ ൠതുഭേദം മാറുന്നേരം ഭഗവാനും തൃക്കണ്ണൊളിമറ... പെണ്ണാണവളരചനു- മരയനുമൊരുമിഴിനനവാൽ കുളിരുനിറയ്ക്കും കണ്ണാലതുകാണുവനെങ്ങനെ പെണ്ണെന്നു പറഞ്ഞുതടുക്കും...? തീണ്ടാരിയഴിച്ചുകുളിച്ചു താഴംപൂവുടലകിലുപുകച്ചാൽ തീക്കണ്ണുമടയ്ക്കും ദേവൻ, തീരംപൂകും കടലരയൻ.... പെണ്ണാണിവളുലകംവെല്ലും കണ്ണാലൊരു സംജ്ജകൊടുത്താൽ കല്ലായൊരുകല്പനപോരും കൽക്കണ്ടത്തരിയായീടും.. പെണ്ണാണവളരചനു- മരയനുമൊരുമിഴിനനവാൽ കുളിരുനിറയ്ക്കും കണ്ണാലതുകാണുവനെങ്ങനെ പെണ്ണെന്നു പറഞ്ഞുതടുക്കും...? ....... Sree. 

ലോക കവിതാ ദിനം

Image
#അതിനാൽ_ഞാനില്ല_ഇന്ന് ഇന്ന് (മാർച്ച് 21) ലോക കവിതാദിനമാണ്.. ഈ അവസരത്തിൽ മലയാളത്തിലെ ഏറ്റവും നല്ല കവിത ഏതാണെന്ന് കൃത്യമായി പറയാൻ സാധിക്കില്ല എന്നാൽ എനിക്കിഷ്ടപ്പെട്ട ചില കവിതകൾ സൂചിപ്പിക്കുന്നു... ഓരോരുത്തരുടെയും ഇഷ്ടങ്ങളും താൽപര്യങ്ങളും വ്യത്യസ്തമായിരിക്കും. അതിനാൽ, ഓരോ വ്യക്തിക്കും ഓരോ കവിതയായിരിക്കും ഏറ്റവും നല്ലത്. എന്നിരുന്നാലും, മലയാളത്തിലെ എന്റെ ഇഷ്ടകവിതകളെക്കുറിച്ചും കവികളെക്കുറിച്ചും പറയാം ചങ്ങമ്പുഴ കൃഷ്ണപിള്ള: അദ്ദേഹത്തിന്റെ "രമണൻ" മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. കുമാരനാശാൻ: അദ്ദേഹത്തിന്റെ "വീണപൂവ്", "നളിനി" തുടങ്ങിയ കവിതകൾ മലയാള സാഹിത്യത്തിലെ ക്ലാസിക്കുകളാണ്. വള്ളത്തോൾ നാരായണ മേനോൻ: അദ്ദേഹത്തിന്റെ "എന്റെ ഗുരുനാഥൻ", "കേരളം വളരുന്നു" തുടങ്ങിയ കവിതകൾ ദേശീയബോധം ഉണർത്തുന്നവയാണ്. വൈലോപ്പിള്ളി ശ്രീധരമേനോൻ: അദ്ദേഹത്തിന്റെ "മാമ്പഴം", "സഹ്യന്റെ മകൻ" തുടങ്ങിയ കവിതകൾ മലയാള കവിതക്ക് പുത്തൻ ഭാവുകത്വം നൽകി. ബാലചന്ദ്രൻ ചുള്ളിക്കാട്: അദ്ദേഹത്തിന്റെ "ചിദംബര സ്മരണ...

മരണം_ഒരവസാനമോ_തുടക്കമോ

Image
? ഇത് മരണത്തിന്റെ ദാർശനികത പ്രതിഫലിപ്പിക്കുന്ന ഒരു ചിത്രമാണിത്. മഞ്ഞുമൂടിയ കൊക്കയുടെ അതിരിൽ ഏകാന്തമായി ഒരു മരം, അതിന്റെ ഇലകൾ ശാന്തമായി താഴേക്ക് പതിക്കുന്ന കാഴ്ച. മേഘങ്ങൾക്കിടയിലൂടെ ഒരു മൃദുവായ സ്വർണ്ണവെളിച്ചം ചിതറിയൊഴുകുന്നു, ജീവനും മരണവും തമ്മിലുള്ള പരിവർത്തനം സൂചിപ്പിച്ച്. ദൂരത്ത്, ഒരാൾ ശാന്തമായി നടക്കുമ്പോൾ, അവൻ പ്രകാശത്തോടൊപ്പം ലയിക്കുന്നു. ഈ കാഴ്ച മനസ്സിൽ ഒരു ശാന്തിയും ആലോചനയും ഉണർത്തുന്ന തരത്തിലാണ്... ഒരുപക്ഷെ മരണമെന്നതിനെ ഭയത്തിൽനിന്നു വേർപെടത്തി അനുഭൂതിദായകമാക്കുന്നൊരു ചിത്രം... മരണം, മാനവചിന്തയുടെ അതിരുകൾ സന്ധിക്കുന്ന കേന്ദ്രബിന്ദുവാണ്. ജീവിതം എന്ന യാത്രയിൽ ഒരിക്കലെങ്കിലും അതു ആലോചിക്കാതെ ആരുമില്ല... അതിന്റെ അനന്തതയും അത്യന്തം സ്വകാര്യതയും മനുഷ്യനെ വിചാരത്തിന്റെയും ഭീതിയുടെയും അഗാധത്തിലേക്ക് തള്ളിവിടുന്നു. എന്നാൽ, മരണം അവസാനമാണോ, അതോ ഒരു പുതിയ തുടക്കമോ?... ഭയമോ, മോചനമോ? പലരും മരണത്തെ ഭയക്കുന്നു. അത് അജ്ഞാതമാണെന്നതുകൊണ്ടോ, അതിനു ശേഷം എന്ത് സംഭവിക്കുമെന്ന സംശയമോ കൊണ്ടാണ്? എന്നിരുന്നാലും, ചിലർ അതിനെ മോചനമായി കാണുന്നു ജീവിതത്തിന്റെ ബന്ധനങ്ങളിൽ നിന്ന്, വേദനകളിൽ നിന്ന് ഒരു വിടുതൽ....

സൗഹൃദാനന്തരം

Image
ഇടയിലിടവേള നൽകിടാം ചൊല്ലിടൂ പകരമേകണമിനിയുമാ സൗഹൃദം പകുതിയിൽ വച്ചു പോകുവാനല്ലല്ലോ പഥിതർ നാമീ വഴിയമ്പലമുറി, പകുതി പങ്കിട്ടതോർക്കണം നീ സഖീ. പകലുപലതിലും ചൂടേറ്റെരിഞ്ഞൊരാ പതിവു കനവുകൾ നാംകണ്ടെതെത്രനാൾ മതിലുകൾ നമ്മിലില്ലാതിരുന്നനാൾ വളരുവാൻ വെമ്പിനിന്നുനാമെന്തിനോ...? ഇരുളുവെട്ടിവെളുത്തുപോയെപ്പൊഴോ ഇഴയടുപ്പമകന്ന വസനമായ് ഇടയിലിടവേള തീർത്തവർ ചുറ്റിലും പലവുരു ചുണ്ടു, വിരലാൽ തടഞ്ഞവർ പതിവുചോരാതെ ചൊല്ലുന്നു കാക്കുന്നു പുരികനേരുകൾ വക്രിച്ചുനോക്കുന്നു. ഒരുസദാചാരവസ്ത്രം പുതയ്ക്കുന്നു അരുമസൗഹൃദം തല്ലിക്കെടുത്തുന്നു. ഒരു കിനാവിന്റെ തീരത്തൊരിക്കൽനാം ചെറിയകളിയോട- മൊത്തു തുഴഞ്ഞതും പിരിയുവാനാശയില്ലാത്ത സൗഹൃദം പ്രണയമല്ലാതെ കാത്തതുമൊക്കെയും പുതിയഭാഷ്യം ചമയ്ക്കുന്നവർക്കായി വെറുതെ പിരിയണോ  ചെല്ലുക പ്രിയസഖീ. പകുതിയിൽ പിരിഞ്ഞേകയായ് പോകുവാൻ കഴിയുമോ കൂട്ടുകാരീ നിനക്കിനി.. പറവതത്രയും തീരുമോ നമ്മളിൽ കറപുരളാത്ത സൗഹൃദമുള്ളനാൾ. ©️Sree

ഗ്രാമസന്ധ്യകൾ

Image
ഓർമ്മകളിലെ ഗ്രാമസന്ധ്യയിൽ അനശ്വരമായി നിൽക്കുന്ന ഒരു കാഴ്ചയുണ്ട്... പകലണയുന്ന നേരം  പാടംതാണ്ടി വരുന്ന ഗൃഹനാഥനെത്തേടി കണ്ണുനട്ടിരിക്കുന്ന മുഖങ്ങൾ.. സന്ധ്യ വിടപറയാനാരംഭിക്കുമ്പോൾ ഗ്രാമമാകെ ഒരു ഗന്ധമുണ്ട് വെണ്മേഘങ്ങൾ താഴേക്ക്  വീണുചിതറിയപോലെ പിച്ചകവും പാരിജാതവും  മൊട്ടുവിടരുന്ന സുഗന്ധം.. വേലിത്തെറ്റി പകരുന്ന ഗന്ധം.. അത്താഴശ്ശീവേലി കഴിഞ്ഞ് ഗ്രാമക്ഷേത്രത്തിൽ നിന്നുയരുന്നൊരു ശംഖനാദമുണ്ട് അതിനൊപ്പം അമ്മമ്മമാർ ഒരു ചെമ്പരത്തിയിതളെടുത്ത് കിണ്ടിയിലെ ജലത്തിൽ മുക്കി നിലവിളക്കിന്റെ തിരിയണയ്ക്കും... അപ്പോഴേക്കുമവരുടെ നാവിൽ ഹരിനാമകീർത്തനത്തിന്റെ  അവസാന വരികളാവും... അതുവരെ നിശ്ശബ്ദതപൂണ്ട തെഴുത്തിലെ പശുക്കിടാവുമുതൽ അടുക്കളപ്പുറത്തെ അരുമപ്പൂച്ചകൾവരെ തങ്ങളുടെ വിശപ്പറിയിക്കും... അതേ..., അത്താഴത്തിനു സമയമായി.. മനയിലായാലും തറവാടിലായാലും കുടിലിലായാലും... അത്താഴത്തിന് സമയമായി.  പകൽബന്ധനത്തിന്റ അറുതികാത്ത് സ്വാതന്ത്ര്യത്തിന്റെ നിശയിലേക്കിറങ്ങാൻ ഉരക്കളമുറ്റത്ത് ബന്ധിതനായ ശ്വാനൻ തിരക്കുകൂട്ടുമപ്പോൾ..  ഇനി രാവ് അവനു സ്വന്തം...  ഗ്രാമം സൗന്ദര്യം തന്നെയായിരുന്നു.. ഗ്രാമത്തിന്റെ സമസ്ത ഭാവങ്ങളും എന്നും വശ്യമനോഹരമായിര...

മകൾക്കൊരു താരാട്ട്

Image
മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ, കിളിത്തൂവൽ തൊങ്ങലിടാം... കാറ്റുപൂക്കും തണൽവഴിയിൽ ഉറങ്ങുറങ്ങൂ ഇനി മണിക്കുയിലേ.. മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ, ഉറങ്ങുറങ്ങൂ... മണിക്കുയിലേ... നക്ഷത്രമണികളിലൊന്ന് അടർത്തിനൽകാം... നിൻസ്വപ്ന തോട്ടത്തിൽ പൂമ്പൊടിയാകാം... ഉറങ്ങുറങ്ങൂ... ഇനി മണിക്കുയിലേ... മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ, ഉറങ്ങുറങ്ങൂ... ഇനി മണിക്കുയിലേ... കുയിലമ്മപാപാട്ടിൻ അനുപല്ലവിപാടൂ നീ നീരാടും പൊയ്കയിലെ, നെയ്യാമ്പലായ് വിടരാം.. ഉറങ്ങുറങ്ങൂ... ഇനി മണിക്കുയിലേ... മഴത്തുള്ളി കുഞ്ഞേ, മിഴിമണിയേ, ഉറങ്ങുറങ്ങൂ... ഇനി മണിക്കുയിലേ...

വനിതാദിനത്തിലെ അമ്മയുടെ ഓർമ്മ

Image
(ഏതൊരു പുരുഷനും അവന്റെ ആദ്യവനിത അമ്മയാണ്..രണ്ടാമവൾ ഭാര്യയും പിന്നെ മകളും... ) #ശീർഷകമില്ലാതെ..... ..അതൊരു വൃശ്ചിക മാസത്തിലെ കാർത്തികദിനമായിരുന്നു. അയന്തിച്ചിറതൊടിയിൽ ഒരാണ്ടുമുമ്പ് വിത്തിട്ട് പടർത്തിയ "കാച്ചിലും" "നനകിഴങ്ങും" ചേമ്പുമൊക്കെ വെട്ടി മണ്ണുകളഞ്ഞ് ഉച്ചയ്ക്കുമുമ്പ് തന്നെ അടുക്കളവരാന്തയിലെത്തിയിരുന്നു. ഉച്ചയൂണിനുമുമ്പ് അപ്പുനാടാർ തെക്കേതൊടിയിലെ ഗൗളിഗാത്ര തെങ്ങിൽനിന്ന് ഇളയത് നോക്കി രണ്ടുകുല കരിക്കും കുരുത്തോലയും വെട്ടിയിറക്കി. ഊണ്കഴിഞ്ഞ് ഗോപിയും അപ്പുനാടാരും ചേർന്ന് വലിയൊരു കപ്പവാഴത്തട വൃത്തിയാക്കി നടുമുറ്റത്ത് ഉറപ്പിച്ച കവുങ്ങിന്റെ കുറ്റിയിൽ ഉറപ്പിച്ചു. പിന്നെ കുരുത്തോല വെട്ടിയും പിന്നിയും അതിനെയൊരു രസികൻ വിളക്കാക്കിത്തുടങ്ങി കാഴ്ചക്കാരനായിനിന്നു മൂത്തപുത്രൻ മണി. ഏറ്റവും ഇളയവനായ ഉണ്ണി ചീന്തിയിട്ട കുരുത്തോലയിൽ ചെറുകിളിയെ ചമയ്ക്കുന്നതുകണ്ടുരസിച്ചു. ഉച്ചമയക്കത്തിലാണ്ട അമ്മയ്ക്ക് സമിപം കിടന്ന പൂർണ്ണഗർഭിണിയായ "സാവു"വെന്ന സാവിത്രിക്കും വിളക്കൊരുക്കുന്നതു കാണണമെന്നുണ്ടായിരുന്നെങ്കിലും നടുമുറ്റത്തേയ്ക്ക് നടക്കുവാൻ ആയാസമുണ്ടായതുകൊണ്ട് വേണ്ടാന്ന് വച്ചു. വീട...

വാണി എഴുതുന്നു

Image
.. എന്നോ മൺകുടത്തിലൊളിപ്പിച്ച മോഹങ്ങളെ തുറന്നുവിടുമ്പോൾ നീ അറിഞ്ഞോ.. അവക്ക് ചിറകുമുളയ്ക്കുമെന്ന് ? ഇന്നവ ചിറകുകൾ വിരിച്ച് പറന്നുനടക്കുന്നു. സ്വാതന്ത്ര്യം ആസ്വദിച്ചല്ല നിന്റെ കൂട്ടുതേടി .... ഒരിക്കലും കണ്ടുമുട്ടില്ല എന്നുറപ്പുള്ള ഇണയെത്തേടി .... എന്നാലും, നീയടുത്തല്ലെങ്കിലും നീയവിടുണ്ടെന്ന അറിവാണിന്ന് ശ്വാസം.. ആ ഗന്ധങ്ങളാണ് ഊർജ്ജം ആ ഓർമ്മകളിലാണ് ജീവിതം.... പ്രേമത്തിനും പ്രണയത്തിനുമപ്പുറം എല്ലാം നിന്നിലലിഞ്ഞിരിക്കുന്നു... നീയറിയാതെ... നീയറിയാത്ത സ്നേഹമാണത്... നീരുറവവറ്റാത്ത പ്രണയമാണത്... ലോകത്തിലെ ഒരു മാപിനികളിലും അളന്നെടുക്കാനാകാത്ത സ്നേഹം.. പ്രിയനേ….. നീയെന്ന മഹാസമുദ്രത്തിലേക്കൊഴുകാൻ വെമ്പി, തടയണകളിൽ വിതുമ്പിനിൽക്കുന്ന കുഞ്ഞരുവിയാണ് ഞാൻ️

അകാലം..

Image
ശിശിരമല്ലാതിരുന്നിട്ടും പൊഴിഞ്ഞുപോയ തളിരിലകൾ  നമ്മെ എത്ര അഗാഥമായ  ദുഖത്തിലാഴ്ത്തി...  തെളിനീരുറവകളിൽ പോലും  നാവുണങ്ങിമരിച്ച മത്സ്യങ്ങളെപ്പോലെ  നമ്മളെത്ര തേങ്ങിയന്ന്.. കാലവർഷമല്ലാതിരുന്നിട്ടും നമ്മിലെത്രമഴ കൂലംകുത്തിയൊഴുകി.. ഓരോ മഴപ്പാച്ചിലിനുശേഷവും മനശ്ശുദ്ധിയാകുമെന്ന് വെറുതേ മോഹിച്ചുനാം...  മീനച്ചൂടല്ലാതിരുന്നിട്ടും അഗ്നിക്കാവടിക്കു നമ്മിൽ കൊടിയുയർന്നതെത്രവട്ടം.. ആട്ടക്കലാശത്തിനൊടുവിലും ചാരംമൂടിക്കിടക്കുന്നു കത്തിയമരാതിന്നും പൂക്കുലത്തെയ്യങ്ങൾ..! ©️sree.02032025

ഇരുട്ടിന്റെ ആത്മാവ്

Image
സുഖമരണമല്ലെങ്കിലും അവർക്കിന്നൊരു വീരസ്വർഗ്ഗമുണ്ട് നിനക്കോ..? ഇരുളിന്റെ തമ്പറകളിലേറി വാൾത്തലപ്പിലൂടെ നിണമിറ്റൊഴുക്കിയ അശ്വത്ഥാമാ.... ചതികളിലെ വിജയമാണ് നിന്റെ രോക്ഷാഗ്നിക്ക് നിദാനമെങ്കിൽ കളിക്കൂട്ടിലെ  ദുര്യോധനവിഷപാത്രം തച്ചുടയ്ക്കണമാദ്യം. അരക്കില്ലത്തിലുറപ്പിച്ച മരപ്പശക്കൂട്ടുചമച്ച കരങ്ങളുമരിയണം.. ധൃതരാഷ്ട്രാലിംഗനത്തിലെ കാളകൂടം മണക്കണം.. ചൂതറയിലെ  ശകുനിക്കണ്ണുകളെ ചൂഴ്ന്നെടുക്കണമാദ്യം... പകൽവെളിച്ചത്തിലട്ടഹസിച്ച ഭീമഗർജ്ജനത്തിനുമേൽ ചുവടുകൾ പിഴയ്ക്കാതെ സൂര്യമണ്ഡലത്തിലുയർന്ന് ഖഡ്ഗമുയർത്തി, ആക്രോശിക്കണമായിരുന്നു നീ നിന്റെയമരത്വം... പകൽയുദ്ധങ്ങളിലലിഞ്ഞവർ നിശാവസ്ത്രത്തിലഭയമായവർ... നിരായുധരായവർ... ഇരുളിന്റെ മറവെട്ടി, സംഹാരത്തിലെന്തുനേടിനീ,  തമോഗർത്തത്തിലഭയംതേടി ഇരുട്ടിന്റെ ആത്മാവായി, ഇരുളിലലിയുംമുമ്പ്, അശ്വത്ഥാമാ.... സുഖമരണമല്ലെങ്കിലും  യോദ്ധാവിനൊരു  വീരസ്വർഗ്ഗമുണ്ട്  നിനക്കോ..?.  ©️sree. 22012025

#അന്തിക്കള്ള്.... (നാടൻപാട്ട്)

Image
കള്ളുനുരയണം ഉള്ളിൽ കിടന്നിട്ട് തെങ്ങിലിരിക്കെ ലഹരിയില്ലാ... പെണ്ണു തുളുമ്പണമാണിന്റെ നെഞ്ചത്ത് കന്നിവെയിലൊന്നു ചാഞ്ഞിടുമ്പോൾ.... അന്തിക്കു ഞാനല്ല നീയല്ല പൊൻപന- കുന്നിലൊരിത്തിരിയെത്തിനോട്ടം... തെല്ലുമിരുട്ടു പരക്കുമ്പോളാനല്ല കള്ളനീ ചന്ദ്രനെ ഞാനറിയും.. വെള്ളിനിറമുള്ള മൂക്കുത്തിയേറ്റുമ്പ- മെന്തരു ചേലാണ് മുല്ലച്ചെടീ.... അന്തിയിരുട്ടിന് ചന്ദ്രനെക്കണ്ടപ്പം വള്ളിച്ചെടിയ്ക്കാകെ പൂത്തുനാണം.. പൂമണംകാറ്റത്തു പാറിപ്പറന്നിട്ട് കേളന്റെ പാട്ടിന് കൂട്ടുപോയീ.. പാടത്തിനോരത്തെ വീടായവീടെല്ലാം കേളന്റെ പാട്ടിലുറങ്ങിപ്പോയീ.. എന്തൊരു ചേലാണ് രാവിനിന്നിത്തിരി അന്തിക്കള്ളുള്ളിൽ പതയുംനേരം, ചുന്നരിയല്ലേലുമന്നേരം കുന്നുമ്മേൽ മല്ലിയും കണ്ടാലിതെന്തുചന്തം.. മോന്തിക്കു മോന്തിയ കള്ളിന്റെ ചൂരലിൽ മല്ലിയ്ക്കു നൽകിയോ വേലക്കൂലി . പോതം തെളിഞ്ഞപ്പം കൂരപിടിച്ചപ്പം കാലണ നാലണ കൈയിലില്ല.. ചുട്ടപ്പം കട്ടപ്പം പോലെപോയ് എട്ടണ, കുട്ടികൾ നാളെയും പഷ്ണിയല്ലോ കള്ളു ചതിച്ചതോ മല്ലി ചതിച്ചതോ അമ്മേണെ ദേവ്യാണെ ഇന്നിയില്ല... ©️sreesreekumar.blogspot.

ഒടുവിൽ

Image
#.... തുറന്നിട്ട ജാലകങ്ങൾ സാക്ഷിയായി എന്റെ കൈകളിൽ ആ കൈകൾ ചേർത്തുവയ്ക്കുക... മീനമാസസന്ധ്യയുടെ ഇളംതുടിപ്പ് ആകാശം വിട്ടൊഴിയുംമുന്നേ നീയെന്റെ അധരത്തിൽ ചുണ്ടുകൾ ചേർക്കുക...  ചൂടേറ്റിയ എന്റെ മേനിയാവരണങ്ങളിൽനിന്ന് ഞാനൂർന്നുപോകുമ്പോൾ വാതായനപ്പുറം ഇരുളാണെന്നുറപ്പാക്കുക. ആ ഇരുളിലേക്ക് നിന്റെ കൈകളിലൂടൂർന്നിറങ്ങുമ്പോൾ പിന്തിരിഞ്ഞു നോക്കാതെയെങ്ങനെ,? ഒരു പിടി ഗദ്ഗദങ്ങൾ.. പകുതിയിലുറയുന്ന നിലവിളികൾ... ബാക്കിവച്ച സൗഹൃദങ്ങൾ അക്ഷരം മാഞ്ഞുപോയ അന്തിമോപചാരങ്ങൾ... ആകാശത്തൂളിയിട്ടുയരുന്ന പുകപടലങ്ങളുടെ  അകമ്പടിയാണിനി യാത്രയ്ക്ക്....! മണ്ണിലലിയുന്ന ഒരുപിടിസ്വപ്നങ്ങളുടെ  ചാരമാണൊടുവിൽ  പാവന സ്മരണയ്ക്ക്. ©️Sreekumararee.

നെയ്യാമ്പൽ ചേലൊത്തൊരാത്തോല്

Image
നെയ്യാമ്പപ്പൂവൊത്തൊരാത്തോല്.. കൽപ്പടവിൻചാരെയോരത്ത് തൂവെള്ളക്കാലുകൾ നീട്ടിജലത്തിലൊ- രോമനക്കുഞ്ഞല തീർത്തിടുമ്പോൾ.. വെള്ളിക്കൊലുസ്സലവെട്ടം തിളങ്ങണ ചന്തത്തിലയ്യയ്യാ ചേർന്നിട്ട് കുഞ്ഞലനീന്തിയാ തുള്ളിത്തുടിക്കണ പൊന്മീനും പൂമീനുമെത്തിടുന്നു ആ പൊൻപാദമയ്യയ്യാ മുത്തിടുന്നൂ.. ഇക്കിളിപൂണ്ടവളന്നേരമോമന കൈകളാവെള്ളത്തിലാഴ്ത്തുമ്പോൾ നെയ്നിറകൈകളിലെന്തോ പരതിയ കുഞ്ഞുമീൻകൂട്ടങ്ങൾ തുള്ളുന്നൂ പിന്നെ ഓട്ടുകരിവള മുത്തുന്നു മാനംനോക്കുമാ മീനുകൾ ചുറ്റുന്നു.. കള്ളിക്കരമുണ്ടു ചുറ്റിയെന്നാത്തോല് മെല്ലജലാശയം പൂകുമ്പോൾ കുഞ്ഞരഞ്ഞാണത്തിൻ വെള്ളിക്കുണുക്കിലാ വെള്ളിവാലൻ മീനുമുത്തുന്നു അരക്കിങ്ങിണിമുത്തുകളാടുന്നു. കുഞ്ഞുപരൽമീൻ വിളിക്കവെയാത്തോല് കൈകൾ വിടർത്തിത്തുഴയുന്നു കാലുകളന്നോരമോമനവാലായി മെയ്യാകെസ്വർണ്ണശല്ക്കങ്ങളായീ.. കൂടെനീന്തും സ്വർണ്ണമീനുകളാത്തോലിൻ പീതവർണ്ണംകണ്ടു കൺമിഴിക്കേ നീളെനീന്തിയെന്റെകണ്ണുവെട്ടത്തിന്റെ ദൂരെമാഞ്ഞെങ്ങോമറഞ്ഞുനീന്തി..  പിന്നെയിതേവരെ വന്നില്ലയാത്തോല് പുള്ളിവാൽമെല്ലെയിളക്കിനീന്തി പിന്നൊയൊരിക്കലും കേട്ടില്ലയാത്തോലിൻ ചന്തംവഴിയും മൊഴിയൊന്നുമേ ©️sree11022025.
Image
"അച്ഛൻ ചത്തുമണക്കുന്നൂ.. അമ്മ കരഞ്ഞു മയങ്ങുന്നൂ.. പൂച്ച വിശന്നുമയങ്ങുന്നു പട്ടി പതുക്കെ മോങ്ങുന്നു... " .... കാലം കുറച്ചപ്പുറത്തെ കവിതയാണ്.. ഏകദേശം 30 വർഷം പഴക്കമുള്ള കവിത...!! അച്ഛന്റെ മരണമണമെഴുതിയ കവി ഇപ്പോൾ അച്ഛനായിക്കഴിഞ്ഞിരിക്കുന്നു.. അപ്പൂപ്പനാകാൻ നിൽക്കുന്നു... കൗമാരകാലത്താണ്.... കൂട്ടുകാരന്റെ അച്ഛൻ, നാട്ടിലെ ഗവൺമെന്റാശുപത്രിയിൽ കിടപ്പാണ്.. വാറ്റുചാരായസേവയിൽ post graduate ആയ അപ്പന് ആശുപത്രിയിൽ കൂട്ടിരിപ്പുകാരൻ കൂട്ടുകാരനാണ്...   'കൂട്ടാരനോടുള്ള കൂട്ടിന്റെ തോതു കുറയാതിരിക്കാനാണ് ഞങ്ങൾ മറ്റുകൂട്ടാരന്മാർ ആശുപത്രിയിലെത്തിയത് രോഗിയെ (അവന്റെ അച്ഛനെ) സന്ദര്‍ശിക്കലാണ് സദുദ്ദേശം. ' രാത്രി അപ്പന് കലശലായ പ്രയാസമനുഭപ്പെടുന്നതിനാലും മറ്റു രോഗികളുടെ പ്രശ്നങ്ങളാലും മകൻ കൂട്ടാരനും ഉറങ്ങാൻ പറ്റുന്നില്ലത്രെ.. പീഡീസീ (pre-degree) ക്കാരനായ മകൻ പഠിക്കാനുള്ള സദുദ്ദേശാർത്ഥം... ഒന്നുരണ്ടു പൊത്തോം ബുക്കുംകൂടി ആശുത്രീലേക്കെടുത്തിട്ടുണ്ട് എന്തിനോ ആവോ..?  എന്നാലും ഒരു വലിയ വിശേഷമുണ്ടായി... പഠിക്കാനെടുത്ത ബുക്കിന്റെ നടുപേജിൽ ഒരു നെടുനീളൻ കവിത എഴുതി നമ്മുടെ കൂട്ടാരൻ... കവിതയക്ക് പേരിടൽ ച...

ബാക്കി

Image
#.... ബാക്കിതരാമെന്ന വാക്കിന്റെ നടുചില്ലയിലാണ് എന്റെ ചിന്തകൾ തൂങ്ങിമരിച്ചത്... യാത്രയുടെ ആദ്യംതന്നെ യാത്രപ്പടി നൽകണമെന്ന നിയമാവലി പകർത്തിയ സൂചിക കണ്ടാണ് എന്റെ സ്വസ്ഥതയ്ക്ക് മറവിരോഗം ബാധിച്ചത്... കൈയുംതലയും പുറത്തിടരുതെന്ന് ഉദ്ബോധനത്തിലാണ് എന്റെ സ്വാതന്ത്ര്യത്തിനുമേലുള്ള കൂച്ചുവിലങ്ങു ഞാനറിഞ്ഞത് നിറയെ യാത്രക്കാരിൽ ഓരോരുത്തരുമൊറ്റയെന്ന ബോധമുണ്ടായപ്പോഴാണ് യാത്രയൊരു ഭയമാണെന്ന് ഞാനറിഞ്ഞത്... എനിക്കിപ്പോൾ  ബാക്കിയേക്കാളാവശ്യം യാത്രയുടെ സമാപനമാണ്. ©️reserved sreekumarsree26012025

മൗനത്തിന്റെ മുറിവുകൾ

Image
അമ്മ മരണപ്പെടുംവരെ അയാളൊരു രോഗിയായിരുന്നു... വിവാഹശേഷമാണ് അയാളുടെ രോഗങ്ങൾ അമ്മയുടെ നാവുവിട്ടൊഴിഞ്ഞത് പതിയെ പതിയെ... അവളുടെ രോഗങ്ങളിലാണ് അയാളുടെ രോഗം മുക്തിനേടിയത്.. മക്കളുടെ രോഗങ്ങൾ കണ്ട് അയാളിലെ അസുഖങ്ങളെല്ലാം മണ്ടിയൊളിച്ചു... എവിടേക്കോ...... വൃദ്ധമാതാവിന്റെ രോഗങ്ങൾ വാർദ്ധക്യസഹജമെന്നയാൾ ആശ്വാസിച്ചു... ഏകനായപ്പോഴാണ് അയാളുടെ രോഗങ്ങൾ മടങ്ങിവന്നത്...കൂട്ടിന്. നല്ലപ്രായത്തിലെ  കള്ളുകുടിയെന്ന് കൺമണിമകളോതുന്നു, നല്ലപാതിയോട്...!! അനവസരത്തിലിനിയെന്ത് മരുന്നുസേവയെന്നാണ് മകൻ അപ്പോത്തിക്കിരി..! മുറിഞ്ഞുപോകുന്നൊരു നിശ്വാസം  കാത്തുകാത്താണ് അവളുണരുന്നത്.. ശിഷ്ടജീവിതം മക്കളോടാക്കുവാൻ..! തളർച്ചയില്ലാതെ തഴമ്പിച്ച മനസ്സാണയാൾക്ക് താങ്ങിനും തണലിനുമിന്ന് ഒരുപിടി രോഗങ്ങളുടെ  കൂട്ടുണ്ടയാൾക്ക്.. അതിനാലയാൾക്കെന്നും  മൗനമാണിപ്പോൾ... സ്വയം മുറിവേല്പിക്കുന്ന മൗനം. ©️reserved.sreekumarsree24012025

ഗ്രേസമ്മാ വർഗ്ഗീസ്

Image
വയറു നിറയ്ക്കാനുള്ള വഴിതേടി കവലയിലെ ആൽമരച്ചുവട്ടിൽ ഇരിക്കുന്നവരുടെ മുന്നിലൂടെയാണ് വയറു കുറയ്ക്കാനുള്ള വഴിതേടി ഗ്രേസമ്മ വർഗീസ് നിത്യവും പ്രഭാത സവാരി ചെയ്യാറുള്ളത്... ആലിലവയർ അല്ലെങ്കിലും ഗ്രേസ്സമ്മയുടെ വയറിന് അത്യാവശ്യം ഭംഗിയുണ്ടെന്നാണ് നാട്ടുകാർക്ക് പൊതുവേ അഭിപ്രായം. എന്നാലും കഷ്ടിച്ച് മുട്ടോളം എത്തുന്ന ചെറിയ നിക്കറും ഇംഗ്ലീഷ് അക്ഷരങ്ങൾ തലകീഴായി തുന്നിപ്പിടിപ്പിച്ച ഇറുകിയ ടീഷർട്ടും ധരിച്ച് ഗ്രേസ്സമ്മാ വർഗ്ഗീസ് വരുന്നത് കാണാൻ തന്നെ ചേലുണ്ട്...  ഗ്രേസ്സമ്മാ വർഗ്ഗീസ് വന്നു പോകുന്നതുവരെ അവരെല്ലാം ആ മുൻകാഴ്ചയും പിൻകാഴ്ചയും കണ്ടങ്ങനെ ഇരിക്കും അത്രയും സമയം അവിടം നിശ്ശബ്ദമായിരിക്കും. നിത്യവും കുറച്ച് കാഴ്ചാദാഹികളും അക്കൂട്ടത്തിലുണ്ടെന്നത് സത്യം.  പലപ്പോഴും ഗ്രേസമ്മാ വർഗ്ഗീസിനൊപ്പം ഒരു വലിയ നായയുമുണ്ടാകും നടത്തത്തിനിടയിൽ വഴിയോരത്തെ ആറാംമൈൽ കുറ്റിയ്ക്കു ചുവട്ടിൽ ആ വലിയനായയ്ക്ക് അപ്പിയിടാനുള്ള സമയം ഗ്രേസമ്മ കൊടുക്കും.. വഴിയോരത്തെ നായമഹിളകളെ കാണുമ്പോൾ ആ നായശ്രേഷ്ടന്റെ ലിംഗാഗ്രം പുറത്തേയ്ക്കുന്തിനിൽക്കുന്നതു കാണുമ്പോൾമാത്രമാണ് ആൽമരച്ചുവട്ടിൽ ഒരു ചിരി ഉണരുക... അതൊന്നും കാര്യമാക്കാതെ തന്റെ ചുമല...