നവ ബോധോദയങ്ങൾ
ആപ്പിൾമരച്ചുവടോ
ബോധിവൃക്ഷത്തണലോ
തേടുന്നില്ലെങ്കിലും,
ഞാനെന്നെ വിളിക്കുന്നതു
ബുദ്ധിമാനെന്നാണ്
ഇന്നിന്റെ ആകാശം
അവിശ്വാസത്തിന്റെ ആലയം..!
നക്ഷത്രക്കൂട്ടങ്ങളാണ്
ആദ്യത്തെ ഗ്രൂപ്പിസത്തിന്റെ
വക്താക്കൾ...
സൂര്യൻ,....
സ്വയം അസ്തമിക്കാനെരിയുന്നവന്
കൂട്ടാരുണ്ടാകാൻ..!!
ക്ഷീരപഥങ്ങളൊഴുക്കുന്ന
കാമഥേനു ഏതാണാവോ.?
മുഴക്കമുണ്ടത്രെ
പ്രപഞ്ചത്തിനാകെ...,
എന്നിരിക്കിലും
എന്റെ നഗരത്തിനോളം വരുമോ?
എന്റെ നഗരം
മുഴങ്ങാൻ തുടങ്ങിയത്
ഇന്നലെമുതലാണെന്ന്
മുത്തച്ഛൻ...
ഞാനൊരുമുഴക്കവും
കേൾക്കാറില്ല
ഇരുവശങ്ങളിലും
ആവർത്തനഗീതംമുഴക്കുന്ന
ചെറുയന്ത്രങ്ങളാൽ
ഞാനെന്റെ കർണ്ണങ്ങൾ
മൂടിവച്ചിട്ടുണ്ട്...
ജ്ഞാനപീഠത്തിലല്ലെങ്കിലും
ഞാനെന്നും ലഹരിയിലാണ്..
ആപ്പിൾമരച്ചുവടോ
ബോധിവൃക്ഷത്തണലോ
തേടുന്നില്ലെങ്കിലും,
ഞാനെന്നെ വിളിക്കുന്നതു
ബുദ്ധിമാനെന്നാണ്.
#sreekumarsree
©️reserved.
Comments