സൗഹൃദാനന്തരം
ഇടയിലിടവേള നൽകിടാം ചൊല്ലിടൂ
പകരമേകണമിനിയുമാ
സൗഹൃദം
പകുതിയിൽ വച്ചു പോകുവാനല്ലല്ലോ
പഥിതർ നാമീ വഴിയമ്പലമുറി,
പകുതി പങ്കിട്ടതോർക്കണം നീ സഖീ.
പകലുപലതിലും ചൂടേറ്റെരിഞ്ഞൊരാ
പതിവു കനവുകൾ
നാംകണ്ടെതെത്രനാൾ
മതിലുകൾ നമ്മിലില്ലാതിരുന്നനാൾ
വളരുവാൻ വെമ്പിനിന്നുനാമെന്തിനോ...?
ഇരുളുവെട്ടിവെളുത്തുപോയെപ്പൊഴോ
ഇഴയടുപ്പമകന്ന വസനമായ്
ഇടയിലിടവേള തീർത്തവർ ചുറ്റിലും
പലവുരു ചുണ്ടു, വിരലാൽ തടഞ്ഞവർ
പതിവുചോരാതെ ചൊല്ലുന്നു കാക്കുന്നു
പുരികനേരുകൾ വക്രിച്ചുനോക്കുന്നു.
ഒരുസദാചാരവസ്ത്രം പുതയ്ക്കുന്നു
അരുമസൗഹൃദം തല്ലിക്കെടുത്തുന്നു.
ഒരു കിനാവിന്റെ തീരത്തൊരിക്കൽനാം
ചെറിയകളിയോട-
മൊത്തു തുഴഞ്ഞതും
പിരിയുവാനാശയില്ലാത്ത സൗഹൃദം
പ്രണയമല്ലാതെ കാത്തതുമൊക്കെയും
പുതിയഭാഷ്യം ചമയ്ക്കുന്നവർക്കായി
വെറുതെ പിരിയണോ
ചെല്ലുക പ്രിയസഖീ.
പകുതിയിൽ പിരിഞ്ഞേകയായ് പോകുവാൻ
കഴിയുമോ കൂട്ടുകാരീ നിനക്കിനി..
പറവതത്രയും തീരുമോ നമ്മളിൽ
കറപുരളാത്ത സൗഹൃദമുള്ളനാൾ.
©️Sree
Comments