ഗ്രാമസന്ധ്യകൾ

ഓർമ്മകളിലെ ഗ്രാമസന്ധ്യയിൽ അനശ്വരമായി നിൽക്കുന്ന ഒരു കാഴ്ചയുണ്ട്...
പകലണയുന്ന നേരം 
പാടംതാണ്ടി വരുന്ന
ഗൃഹനാഥനെത്തേടി
കണ്ണുനട്ടിരിക്കുന്ന മുഖങ്ങൾ..

സന്ധ്യ വിടപറയാനാരംഭിക്കുമ്പോൾ
ഗ്രാമമാകെ ഒരു ഗന്ധമുണ്ട്
വെണ്മേഘങ്ങൾ താഴേക്ക് 
വീണുചിതറിയപോലെ
പിച്ചകവും പാരിജാതവും 
മൊട്ടുവിടരുന്ന സുഗന്ധം..
വേലിത്തെറ്റി പകരുന്ന ഗന്ധം..

അത്താഴശ്ശീവേലി കഴിഞ്ഞ്
ഗ്രാമക്ഷേത്രത്തിൽ നിന്നുയരുന്നൊരു
ശംഖനാദമുണ്ട്
അതിനൊപ്പം അമ്മമ്മമാർ
ഒരു ചെമ്പരത്തിയിതളെടുത്ത്
കിണ്ടിയിലെ ജലത്തിൽ മുക്കി
നിലവിളക്കിന്റെ തിരിയണയ്ക്കും...
അപ്പോഴേക്കുമവരുടെ നാവിൽ
ഹരിനാമകീർത്തനത്തിന്റെ 
അവസാന വരികളാവും...
അതുവരെ നിശ്ശബ്ദതപൂണ്ട
തെഴുത്തിലെ പശുക്കിടാവുമുതൽ
അടുക്കളപ്പുറത്തെ അരുമപ്പൂച്ചകൾവരെ
തങ്ങളുടെ വിശപ്പറിയിക്കും...
അതേ..., അത്താഴത്തിനു സമയമായി..
മനയിലായാലും തറവാടിലായാലും കുടിലിലായാലും...
അത്താഴത്തിന് സമയമായി. 
പകൽബന്ധനത്തിന്റ അറുതികാത്ത്
സ്വാതന്ത്ര്യത്തിന്റെ നിശയിലേക്കിറങ്ങാൻ
ഉരക്കളമുറ്റത്ത് ബന്ധിതനായ ശ്വാനൻ
തിരക്കുകൂട്ടുമപ്പോൾ.. 
ഇനി രാവ് അവനു സ്വന്തം... 
ഗ്രാമം സൗന്ദര്യം തന്നെയായിരുന്നു.. ഗ്രാമത്തിന്റെ സമസ്ത ഭാവങ്ങളും എന്നും വശ്യമനോഹരമായിരുന്നു.. 
©️sree


Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ