സ്പർശം(ചെറുകഥ)
പ്രഭാതങ്ങളിൽ ഇപ്പോൾ മനസ്സിലൊരു അസ്വസ്ഥതയുമായാണ് എണീക്കുക...! കൈവിരലുകളിൽ വലതുകൈയുടെ നടുവിരലും മോതിരവിരലും തളർന്നുപോകുന്നു, കഴിഞ്ഞ ചില ആഴ്ചകളായി ഇതു പതിവായിരിക്കുന്നു ...

 പകൽപോലെ രാത്രികളിലും ആ മരവിപ്പ് വേട്ടയാടുന്നുണ്ടിപ്പോൾ.. പ്രഭാതങ്ങളിലെല്ലാം ആ മരവിപ്പ് മനസ്സിലേക്കും അരിച്ചുകയറുന്നതുപോലെയാണ്... 

ആയുസ്സ് പകുതികഴിഞ്ഞ വഴിയിൽ നിൽക്കുന്ന മനുഷ്യൻ, ജീവിതമെന്ന പടവുകൾ ഒരുപാട് കയറിയവനാണ്. തനിക്ക് തന്റെ കൈകൊണ്ടുമാത്രം ജീവിക്കാനാവുമെന്ന് എപ്പോഴും വിശ്വസിച്ചവൻ. കൗമാരകാലംമുതൽ മണ്ണിനൊപ്പം കളിച്ചും കിതച്ചും നടന്നതാണ്, എല്ലാം ഈ കൈകളുടെ കരുത്തിലായിരുന്നു...

പക്ഷേ ഇപ്പോൾ,... ഈ രണ്ട് വിരലുകൾ ചെറുതായി "ഒന്നിനും പറ്റാത്തവ" ആയി മാറിയതുപോലെ തോന്നുന്നു. ആദ്യദിവസങ്ങളിൽ അത് അവഗണിച്ചിരുന്നാണ് പക്ഷെ...
 'ചൂടേറിയതുകൊണ്ടായിരിക്കാം', ' കൈ തലയ്ക്കടിയിൽ വച്ചു കിടന്നതിനാലാകാം" 
അവൾ ആശ്വസിപ്പിക്കുകയാണ്.. ... സ്വഭാവികമായ വീക്ഷണം. ആകാം ആകട്ടെ... പിന്നെ അങ്ങനെ ആയിരുന്നെങ്കിലെന്ന് ആശ്വസിക്കുകയായിരുന്നു...

പക്ഷേ, ഭയംകൊണ്ട് ഉള്ളിൽ മാനസികമായൊരു കുഴൽപ്പാട്ട് തുടങ്ങിയിരുന്നു. രാത്രികളിൽ ഉറങ്ങാതിരിക്കുകയും, കൈ തട്ടി ഉണർത്താൻ ശ്രമിക്കലും പതിവായി... 

 ഇതൊരു നാഡിരോഗം ആകുമോ? പാർക്കിൻസൺസിന്റെ തുടക്കം ആകുമോ? അത്തരം രോഗങ്ങൾക്കുള്ള പ്രാരംഭ ലക്ഷണങ്ങളല്ലേ ഇതു?
 എന്ത് അപകടകരമായ കാഴ്ചപ്പാടുകൾ!.. അപകടകരമായ ചിന്തകൾ..

വൈശാഖൻ ഭയപ്പെട്ടു.
പക്ഷേ അതിനെ മറ്റുള്ളവരിൽനിന്ന് മറയിലാക്കിയതും അയാളാണ്... ഒടുവിൽ മാത്രമാണ് അവളോടുപോലും അയാളതു പങ്കുവച്ചത്.. അവൾ പലതവണ പറഞ്ഞു — “ നമുക്കൊരു ഡോക്ടറെ കാണണം.. . ഇതൊന്നും നമുക്ക് പരിചയമുള്ളതല്ലല്ലോ..."

" പക്ഷേ നീ പേടിച്ചാലോ അതു നമ്മെ തോല്പിക്കാനാണെങ്കിൽ നീ ഭയക്കില്ലേ... നിനക്കാകുമോ അതിനുമുന്നിൽ പിടിച്ചുനില്ക്കാൻ.. എതിരിടാൻ?”.. അയാളുടെ ചോദ്യത്തിന് അല്പനേരത്തെ മൗനത്തിനുശേഷം അവളൊന്ന് നെടുവീർപ്പിട്ടു...

പത്രത്താളിനുള്ളിൽ വന്ന പരസ്യകടലാസിന്റെ പിന്നിലെ വെളുത്ത പ്രതലത്തിലേക്ക് ഒരു ചിത്രം വരയ്ക്കണമെന്ന് വൈശാഖന് പെട്ടെന്നാണ് തോന്നിയത്.. 
മേശമേലിരുന്നൊരു പെൻസിൽ കടന്നെടുത്ത് കടലാസുമായി അയാളല്പനേരം ഇരുന്നു... എന്തുവരയ്ക്കാൻ... പെട്ടെന്നാണ് അന്നത്തെ പ്രധാനവാര്‍ത്ത, ഉത്സവപ്പറമ്പിലെ ആന വിരണ്ട് ഓടിയത് ഓർമ്മയിലെത്തിയത്..!

 ശരിയാണ് ആനയെ വരയ്ക്കാം. 
ഒരു കരിവീരന്റെ ചിത്രം അയാൾ മനസ്സിലേക്കാവാഹിച്ചു.. പിന്നെ കടലാസിലേക്കത് പകർത്താനാഞ്ഞു.. 
കരവും കരിയുമാണ് ചിത്രരചനയിലെ ഏറ്റവും ദുഷ്കരമായത് എന്ന് കേട്ടിട്ടുണ്ട്... എന്നാലിവിടെ ദുഷ്കരമായികൊണ്ടിരിക്കുന്ന കരംകൊണ്ട് ഒരു കരിയെ വരച്ചുനോക്കുകയാണ്.. വിരോധാഭാസം.

വരകൾ മനസ്സുപറയുന്നിടത്തേയ്ക്കെത്തുന്നില്ല.. ഇരുവിരലുകളിലെ മരവിപ്പ് മറ്റുവിരലുകളിലേക്കും പകരുന്നപോലെ... ചിത്രരചന അപൂർണ്ണമായി അവശേഷിച്ചു... രൂപം പൂർത്തിയാകാത്ത ആനചിത്രത്തിലെ വികൃതമായ രണ്ടുകൊമ്പുകൾ തന്റെ മരവിച്ച വിരലുകൾപോലെ തന്നെനോക്കി പരിഹസിക്കുന്നതായി തോന്നി... പെൻസിൽ വിരലിൽനിന്ന് വീണ് ഉരുണ്ടുപോയി.. വയ്യ ഇനി ആവില്ലായിരിക്കും. 

ചായഗ്ളാസ്സിലെ പിടി വഴുതുന്നതുകണ്ടാണ് അവൾ കർക്കശമായി അയാളോട് ആവശ്യപ്പെട്ടത്.. 

  " ആശുപത്രിയിലേക്കു പോകാം... ഒരു ന്യൂറോളജിസ്റ്റിന്റെ അടുത്തേക്ക്.
 നാഡിജന്യ പ്രശ്നമാകാനിടയില്ല. ഇത്തരം വിരൽ മരവിപ്പ് ചിലപ്പോൾ cervical spondylosis, അല്ലെങ്കിൽ repetitive strain injury മൂലമുള്ളതാകാമെന്നാണ് ഞാൻ ഗൂഗിളിൽ കണ്ടത് ഫിസിയോതെറാപ്പിയും lifestyle മോഡിഫിക്കേഷനും മതിയാകും"  

"പോകാം.. സമയമാകട്ടെ" അയാൾ പതിയെ പ്രതികരിച്ചു..
ഒരു തണുത്ത തരിപ്പുണ്ടായി.. വീണ്ടുമാ വിരലുകളിൽ.. പിന്നെ ഒരു ചൂട് മനസ്സിൽ നിന്ന് വിരലുകളിലേക്ക് പ്രവഹിക്കുന്നതുപോലെ തോന്നി... 

വൈശാഖനിൽ അടക്കിനിർത്തിയ ഭയം കൈവിട്ടുപോയി, അയാൾ തന്റെ പ്രിയപ്പെട്ട ജനാലയ്ക്കരികിലേക്ക് നീങ്ങിയിരുന്നു.. നേരെ ഇരുന്ന് ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ മരവിച്ച വിരലുകൾ കൊണ്ട് ജനലഴികളിൽ താളം പിടിക്കാൻ ശ്രമിച്ചു.. 
വിരലുകൾ തളർന്നവയാകാം.. പക്ഷേ മനസ്സ് തളർന്നില്ല.
താളം കിട്ടിയപ്പോഴേയ്ക്കും , അയാളിലൊരു പുഞ്ചിരി ഉദയംകൊണ്ടു.. 

"ദൂരെ ചക്രവാളത്തിന്റെ അതിരുഭേദിച്ച് ജ്വലിച്ചുനിന്ന സൂര്യൻ അണഞ്ഞുപോകുന്നതുനോക്കി അയാൾക്കുപിന്നിൽ അവൾ നെടുവീർപ്പിട്ടു.."

തന്റെ ആത്മാവിനെ സ്പര്‍ശിക്കുന്ന മരവിപ്പിന്റെ തണുപ്പിനും ഭയത്തിന്റെ ഇരുണ്ട പാളികൾക്കും ഒരിക്കലും സ്വയം വിട്ടുകൊടുക്കാതിരിക്കാൻ വൈശാഖൻ ജനലഴികളിൽ മൃദുവായി തട്ടി ഒരു താളം ചമച്ചുകൊണ്ടേയിരുന്നു. 

#Sreekumarsree11052025.
©️reserved.




Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ