മൗനത്തിന്റെ മുറിവുകൾ
അമ്മ മരണപ്പെടുംവരെ
അയാളൊരു രോഗിയായിരുന്നു...
വിവാഹശേഷമാണ്
അയാളുടെ രോഗങ്ങൾ
അമ്മയുടെ നാവുവിട്ടൊഴിഞ്ഞത്
പതിയെ പതിയെ...
അവളുടെ രോഗങ്ങളിലാണ്
അയാളുടെ രോഗം
മുക്തിനേടിയത്..
മക്കളുടെ രോഗങ്ങൾ കണ്ട്
അയാളിലെ അസുഖങ്ങളെല്ലാം
മണ്ടിയൊളിച്ചു...
എവിടേക്കോ......
വൃദ്ധമാതാവിന്റെ രോഗങ്ങൾ
വാർദ്ധക്യസഹജമെന്നയാൾ
ആശ്വാസിച്ചു...
ഏകനായപ്പോഴാണ്
അയാളുടെ രോഗങ്ങൾ
മടങ്ങിവന്നത്...കൂട്ടിന്.
നല്ലപ്രായത്തിലെ
കള്ളുകുടിയെന്ന്
കൺമണിമകളോതുന്നു,
നല്ലപാതിയോട്...!!
അനവസരത്തിലിനിയെന്ത്
മരുന്നുസേവയെന്നാണ്
മകൻ അപ്പോത്തിക്കിരി..!
മുറിഞ്ഞുപോകുന്നൊരു നിശ്വാസം
കാത്തുകാത്താണ്
അവളുണരുന്നത്..
ശിഷ്ടജീവിതം മക്കളോടാക്കുവാൻ..!
തളർച്ചയില്ലാതെ തഴമ്പിച്ച
മനസ്സാണയാൾക്ക്
താങ്ങിനും തണലിനുമിന്ന്
ഒരുപിടി രോഗങ്ങളുടെ
കൂട്ടുണ്ടയാൾക്ക്..
അതിനാലയാൾക്കെന്നും
മൗനമാണിപ്പോൾ...
സ്വയം മുറിവേല്പിക്കുന്ന മൗനം.
©️reserved.sreekumarsree24012025

Comments