ശ്രാദ്ധവിഹിതം

ഇരുൾകനക്കുന്ന നേരത്തുനീയെന്റെ
ഇടതുഭാഗത്തുതന്നെയിരിക്കുക..  
മിഴിയനക്കങ്ങളുടയുന്നനേരമെൻ
അതിമയക്കമുണർത്താതിരിക്കുക..

ചിറകുപൂട്ടുകയാകുമെൻ ചിന്തകൾ
ചെറുചിരിയെന്റെ ചുണ്ടിൽ വിരിഞ്ഞിടാം
ചിലഞരക്കങ്ങൾ പോലതിൻ വാക്കിനായ്
ചെവിയണച്ചുപിടിക്കാതിരിക്കുക.

ഒരുകണമെന്റെ മിഴിയിലുടഞ്ഞിടാം
മറുമൊഴി മിഴി നിറയാതിരിക്കണം
പെരുവിരൽതുമ്പു ചെറുതായ് വിറച്ചിടാം
ചേർത്തുവച്ചു വിളിക്കാതിരിക്കുക...

ഓർക്കുകയേറെ ദൂരമുണ്ടാമെന്റെ
നേർത്ത ജീവനുപോകുവാനായിനി,
കാത്തുവയ്ക്കുവാനൊന്നും കരുതാത്ത
മൂർദ്ധജീവിതമസ്തമിക്കുന്നിതാ..

കൂട്ടിവച്ചില്ല ശ്രാദ്ധമൂട്ടാൻ തരി,
നെൽമണിക്കതിർ കോലോത്തറകളിൽ,
നട്ടുകാത്തില്ല തെക്കേത്തൊടിയിലായ്
നാട്ടുമാവൊന്നു ചുട്ടുകരിക്കുവാൻ..

സ്മരണചേർത്തൊരു ചില്ലുകൂടാക്കിയീ
തിരുമുഖത്തു നീ തൂക്കാതിരിക്കണം
തിരിതെളിക്കരുതെന്നുടെ ചിന്തകൾ
മനമിടയ്ക്കു പതംപറഞ്ഞീടുകിൽ..

ചേർത്തണയ്ക്കരുതോർമ്മകളെന്നെയും
നേർത്ത ചിന്തകളാചിതയിലൂട്ടുക
ഓർത്തുവയ്ക്കരുതൊന്നുമേ മേലിലും
ഓർമ്മകൾ വിറ്റു ശ്രാദ്ധമൂട്ടീടുക.

ഒരുതിരികെട്ടപോലെ കരുതണം
മറുതിരിക്കായി നല്ലെണ്ണകരുതണം
ശുഭകരം ജന്മനിമിഷമെന്നാകുകിൽ
മരണവുമതുപോൽതന്നെ നിശ്ചയം..
ഇരുനിമിഷങ്ങളും ഭവാനറിയാതെ
ഭവിതമാകുകയില്ലയതോർക്കുക.
#ശ്രീ


Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ