ഗ്രേസമ്മാ വർഗ്ഗീസ്


വയറു നിറയ്ക്കാനുള്ള വഴിതേടി കവലയിലെ ആൽമരച്ചുവട്ടിൽ ഇരിക്കുന്നവരുടെ മുന്നിലൂടെയാണ് വയറു കുറയ്ക്കാനുള്ള വഴിതേടി ഗ്രേസമ്മ വർഗീസ് നിത്യവും പ്രഭാത സവാരി ചെയ്യാറുള്ളത്...
ആലിലവയർ അല്ലെങ്കിലും ഗ്രേസ്സമ്മയുടെ വയറിന് അത്യാവശ്യം ഭംഗിയുണ്ടെന്നാണ് നാട്ടുകാർക്ക് പൊതുവേ അഭിപ്രായം. എന്നാലും കഷ്ടിച്ച് മുട്ടോളം എത്തുന്ന ചെറിയ നിക്കറും ഇംഗ്ലീഷ് അക്ഷരങ്ങൾ തലകീഴായി തുന്നിപ്പിടിപ്പിച്ച ഇറുകിയ ടീഷർട്ടും ധരിച്ച് ഗ്രേസ്സമ്മാ വർഗ്ഗീസ് വരുന്നത് കാണാൻ തന്നെ ചേലുണ്ട്... 
ഗ്രേസ്സമ്മാ വർഗ്ഗീസ് വന്നു പോകുന്നതുവരെ അവരെല്ലാം ആ മുൻകാഴ്ചയും പിൻകാഴ്ചയും കണ്ടങ്ങനെ ഇരിക്കും അത്രയും സമയം അവിടം നിശ്ശബ്ദമായിരിക്കും. നിത്യവും കുറച്ച് കാഴ്ചാദാഹികളും അക്കൂട്ടത്തിലുണ്ടെന്നത് സത്യം. 
പലപ്പോഴും ഗ്രേസമ്മാ വർഗ്ഗീസിനൊപ്പം ഒരു വലിയ നായയുമുണ്ടാകും നടത്തത്തിനിടയിൽ വഴിയോരത്തെ ആറാംമൈൽ കുറ്റിയ്ക്കു ചുവട്ടിൽ ആ വലിയനായയ്ക്ക് അപ്പിയിടാനുള്ള സമയം ഗ്രേസമ്മ കൊടുക്കും.. വഴിയോരത്തെ നായമഹിളകളെ കാണുമ്പോൾ ആ നായശ്രേഷ്ടന്റെ ലിംഗാഗ്രം പുറത്തേയ്ക്കുന്തിനിൽക്കുന്നതു കാണുമ്പോൾമാത്രമാണ് ആൽമരച്ചുവട്ടിൽ ഒരു ചിരി ഉണരുക... അതൊന്നും കാര്യമാക്കാതെ തന്റെ ചുമലൊന്ന് ഇടത്തേയ്ക്ക് വെട്ടിച്ച് തന്റെ ചായംതേച്ചുമിനുക്കിയ മുടികളെ സൂര്യപ്രകാശത്തിലുണക്കി ഗ്രേസ്സമ്മാ വർഗ്ഗീസ് നടന്നുപോകും.
നീലിഭൃംഗാദിയും ശംഖുപുഷ്പവും ചെമ്പരത്തിയുമൊക്കെ പരീക്ഷിച്ച് തങ്ങളുടെ മുടിയിഴകളെ നിത്യകളങ്കിതമാക്കാൻ ശ്രമിക്കുന്ന നാട്ടുകാരികളുടെയിടയിലാണ് ഗ്രേസമ്മവർഗ്ഗീസ് തന്റെ മുടിയെ എണ്ണരഹിതമാക്കി പലപല വർണ്ണങ്ങളിൽ പ്രകാശിപ്പിക്കുന്നത്. 
അവൾക്ക് മുടിയില്ലാ എന്നും പലപല വിഗ്ഗുകളാണ് നിത്യവും വയ്ക്കുന്നതെന്നും അവരുടെ "ഗ്രേസ്സ് വില്ല" എന്ന വീട്ടിൽ പണിക്കുപോകുന്ന ലീലാമ്മ പറഞ്ഞുപരത്തുന്നുണ്ടെങ്കിലും അതു വെറും കുശുമ്പുമാത്രമാണെന്ന് എല്ലാവർക്കുമറിവുണ്ട്. 

ബംഗ്ലാവുമുതൽ ഓലക്കുടിൽവരെയുള്ള നാട്ടിൽ നടാടെ ഒരു കണ്ടംബററി ഭവനം.. അതു ഗ്രേസമ്മ വർഗ്ഗീസിന്റേതായിരുന്നു. ഗ്രേസമ്മയ്ക്കും വയ്യാണ്ടിരിക്കണ ഒരമ്മച്ചിക്കും മാത്രം താമസിക്കാൻ മഴവെള്ളം അകത്തെ മീൻകുളത്തിൽ വീഴുന്നതരത്തിനുള്ള ഇത്രയുംവലിയ വീട് എന്തിനെന്നാണ് ആർക്കും മനസ്സിലാകാത്തത്...
 ഗ്രേസമ്മയ്ക്ക് മക്കളില്ല... ആ വീട്ടിൽ ഗ്രേസമ്മ വർഗ്ഗീസ് കഴിഞ്ഞാൽ മറ്റൊരു മനുഷ്യസ്ത്രീ പ്രായം ചെന്ന ഒരമ്മച്ചിയാണ്.. തീരെ അവശയായി കർത്താവിന്റെ അടുത്തെത്താൻ ആത്മാവാൽ ക്യൂ നിൽക്കുന്ന, മരുന്നുകളിൽ ജീവിക്കുന്ന ആ അമ്മച്ചിയെ ആരും പുറത്തു കണ്ടിട്ടില്ല. മാത്രമല്ല അവരുടെ പേരുപോലും ആർക്കുമറിയില്ല.. അവിടെ അകംപുറം പണികൾക്കുപോകുന്നവർക്ക് expiry date കഴിഞ്ഞ് ശയ്യാവലംബിതയായിക്കിടക്കുന്ന ആ സ്ത്രീയുടെ വിഷയങ്ങളിൽ ഒരു കമ്പവും തോന്നാത്തതിനാൽ ഔപചാരികമായ ഒരനുകമ്പച്ചിരിയിൽ ആ വിഷയം ഒതുങ്ങിപ്പോയി എന്നതിനാലും പരദൂഷണക്കമ്മറ്റിയുടെ അജണ്ടയിൽ അവസാനംപോലും അമ്മച്ചിക്ക് സ്ഥാനം കിട്ടിയില്ല...
വീട്ടിനകത്തുമാത്രം വളർത്തുന്ന ദേഹം മുഴുവൻ പഞ്ഞിക്കെട്ടുപോലെ രോമമുള്ള ഒരു നായകൂടി അവിടുണ്ടെത്രെ.. ഊണിലും ഉറക്കത്തിലും അതവരുടെ കൂടെ ഉണ്ടാകുമെന്ന് അടുക്കളക്കാരിയാണ് പുറംലോകത്തെ അറിയിച്ചത്. അതിനെയവർ മകനെപ്പോലെയാണ് നോക്കുന്നതുപോലും. ഗ്രേസ്സമ്മാ വർഗ്ഗീസിന്റെ ഭർത്താവ് പുറംലോകത്തെങ്ങാണ്ടോ വലിയ നിലയിലാണത്രെ.. അവിടെയിരുന്ന് പണംകായ്ക്കുന്ന മരംനട്ടുവളർത്തുന്നുവത്രെ.. അവിടുത്തെ പണത്തിന് ഡോളർ എന്നാണ് പേരെന്നും ആ ഒരുപണം ഇവിടെ 1000 പണത്തിനു തുല്യമാണെന്നുമെക്കെ നാട്ടാരെ ഉദ്ബോധിപ്പിച്ചത് ആ വീടിന്റെ പണിക്കു നേതൃത്വം കൊടുത്ത മൂത്താശ്ശാരി ആയിരുന്നു. അയാൾക്കാ അമൂല്യവിവരങ്ങൾ ലഭിച്ചത് എഞ്ചിനീയറിൽ നിന്നും... സത്യമായിരിക്കും അല്ലെങ്കിൽത്തന്നെ ഒരു എഞ്ചിനീയറുടെ മേൽനോട്ടത്തിൽ ഒരു വീടുപണി നടന്നത് നടാടെ ഗ്രേസമ്മാ വർഗ്ഗീസിന്റെതായിരുന്നു.. സത്യം. മാത്രമല്ല എഞ്ചിനീയർമാർ കളവുപറയില്ല...!!
ഗ്രേസമ്മയുടെ ഭർത്താവിനെ അന്നാട്ടുകാർ കണ്ടിട്ടേയില്ല.. അവരുടെ ഭർത്താവ് അവരെ കളഞ്ഞിട്ട് ഏതോ മദാമ്മയെ കെട്ടിയെന്നും ഇനി വരില്ല എന്നും അതല്ല അവർക്ക് ഭർത്താവേ ഇല്ല എന്നും അവരീ നാല്പതാം വയസ്സിലും കന്യകയാണെന്നുമൊക്കെ അവിടുത്തെ അടുക്കളക്കാരി അയൽക്കാരോടൊക്കെ പറഞ്ഞുവെങ്കിലും പലതും പലപ്പോഴും മറിച്ചും തിരിച്ചും പറയുന്നതിൽ വൈഭവം തീരെയില്ലാത്ത അവരുടെ പരദൂഷണത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല കുശുമ്പുണ്ടായിട്ടും നാട്ടുകാർക്ക് ഗ്രേസമ്മ വർഗ്ഗീസിനെ മോശക്കാരിയായി കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാലും സ്ത്രീകളിൽ നിന്ന് ഈവിധ വിവരങ്ങൾ ചോർന്നുകിട്ടിയതിന്നാൽ അവരിപ്പോഴും നിത്യകന്യകയാണോന്ന് അറിയാനുള്ള വെറുംത്വര അന്നാട്ടിലെ ആബാലവൃദ്ധപുരുഷാരത്തിനുണ്ടായത് സ്വാഭാവികം.. 
ആയതിന്റെ ബഹിർസ്ഫുരണമായി പിറ്റേന്നുമുതൽ ഗ്രേസമ്മാവർഗ്ഗീസ് നടന്നുവരുമ്പോൾ അവരുടെ ഇറുകിയ T- shirtലൂടെ മുഴച്ചുനിന്ന മാറിടഭംഗിയിലേക്കും നെഞ്ചിൽ മൃദംഗതാളമുണർത്തുന്ന പിൻകാഴ്ചകളിലും മേൽപടി പുരുഷാരം എന്തെക്കെയോ തിരഞ്ഞു.. വെറുതെ. 
മജ്ജയും മാംസവും ശേഷിയുമവശേഷിക്കുന്ന അന്നാട്ടിലെ പുരുഷാരം ഗ്രേസമ്മയെ കിനാക്കണ്ടുറങ്ങി.. ഈവക വിഷയങ്ങളിലൊന്നും തനിക്കൊരു ബന്ധവുമില്ലെന്ന ഭാവത്തിൽ ഗ്രേസമ്മാവർഗ്ഗീസ് തന്റെ മുട്ടാളൻ നായയുമായി അവർക്കുമുന്നിലൂടെ കൂസലന്യേ നടന്നുപോയി. ചെറിയ കമന്റുകൾ കേട്ടില്ലെന്ന് നടിച്ചുവെങ്കിലും അവളുടെ ചുണ്ടിലൊരു വക്രിച്ച പുഞ്ചിരി വിടരുന്നതുകണ്ട് കമന്റുവിട്ട അഭിനവ പൂവാലനണ്ണൻന്മാരിൽ അനുഭൂതിയൊഴുകാൻ വെമ്പി.. അവരെ കളിയാക്കുന്നപോലെ ഗ്രേസമ്മവർഗ്ഗീസിന്റെ നായ അവർക്കുമുന്നിലൂടെ തന്റെ ഉദ്ധരിച്ച ലിംഗാഗ്രം പ്രദര്‍ശിപ്പിച്ചു കടന്നുപോയിരുന്നു. 
ഗ്രേസ്സ് വില്ലയിലേക്ക് പുറംപണിക്കു പോകുന്നവനും തേങ്ങയിടാൻ പോകുന്നവൻപോലും കുളിച്ചു കുട്ടപ്പനായി മുക്കാലിഞ്ച് കനത്തിന് പൗഡർ തേച്ചുപിടിപ്പിച്ചു പോകുന്നതുകണ്ട അവന്മാരുടെ പെണ്ടാട്ടിമാർക്ക് അങ്കലാപ്പായി. 

കാര്യമിത്രടമെത്തിയപ്പോഴേക്കും തങ്ങളുടെ ഭർത്താക്കൻമാരെ വീണ്ടെടുക്കാൻ "കാലത്തേയും വെന്തു കാന്തനെ തിരികെ വാങ്ങിയ സാധ്വി" സാവിത്രിയുടെ ഉത്തരവാദിത്വം വേണ്ടിവരുമോ അല്ലെങ്കിൽ.. സത്യവതി ചുമന്നപോലെ ചുമക്കേണ്ടിവരുമോ എന്നുമുള്ള ഭയം പെണ്ണുങ്ങൾ പതിയെ കുശുകുശുപ്പിനാൽ പങ്കുവച്ചു.. 
ചട്ടക്കാരി ഗ്രേസമ്മാവർഗ്ഗീസിനെ ഉള്ളുരുകി പ്രാകിയും പുലഭ്യം പറഞ്ഞും അവർ തങ്ങളുടെ ആകുലതകളിലുഴറി. ഇതൊന്നും തങ്ങൾക്ക് ഏശില്ലെന്നമട്ടിൽ കാമുകവൃന്ദം ആൽച്ചുവട്ടിലെ വായ്നോട്ടവും തനിക്കിതിലൊട്ട് കാര്യമില്ല എന്നമട്ടിൽ ഗ്രേസമ്മവർഗ്ഗീസ് പ്രഭാതസവാരിയും ആ അകമ്പടിക്ക് തന്റെ ചെങ്കോലേന്തി നായയും നടത്തം തുടർന്നു.  
"കന്യകയല്ലെങ്കിലും 
കാമുകി നീ മതി
മേടയതില്ലെങ്കിലും
മേനിയിൽ നീ മതി..." മുടി നീട്ടിവളർത്തി അതിനടിയിൽ പേനും താരനും മൂട്ടയും എന്നുവേണ്ട കുരുവിയെ വരെ തലയിലും താടിയിലും വളർത്തുന്ന നാട്ടിലെ ഏക കവിശ്രേഷ്ഠൻ കോലായിൽ കോവിന്ദൻ ഗ്രേസമ്മയെക്കുറിച്ചെഴുതിയ കവിത പെട്ടെന്ന് പ്രചുരപ്രചാരം നേടുകയുണ്ടായി.. നാട്ടിലെ ആണുങ്ങളെല്ലാം തങ്ങളുടെ വീടർ കേൾക്കാതെ ആ കവിത മൂളിനടന്നു. 
ഇതൊന്നും തന്റെ വിഷയമേ അല്ലെന്നുറച്ചുവിശ്വസിച്ച സൂര്യൻ, നിത്യവും ആ നാടിനുമേൽ ഉദിച്ചസ്തമിച്ചുകൊണ്ടിരുന്നു.. നാട്ടിലെ പുരുഷാരത്തിന്റെ ദിനചര്യകളിൽ താളം തെറ്റിയതും സ്ത്രീകളുടെ ആകുലതകളും വർദ്ധിച്ചുവന്നതിനൊപ്പം ദിനങ്ങൾ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു.. 
ഗ്രേസ്സ് വില്ലയിലെ അമ്മച്ചി സ്വർഗ്ഗാരോഹണം പൂകി...!!?
പെട്ടെന്നൊരു വെള്ളിയാഴ്ച വാർത്ത കാട്ടുതീപോലെ പരന്നു... ഗ്രേസമ്മയുടെ അംഗ ചലനാലംങ്കാരങ്ങളിൽ മുഴുകിയ നാട് ഇതിനിടയിൽ ഗ്രേസ്സ് വില്ലയിൽ ശയ്യാവലംബിതയായിക്കിടന്ന അമ്മച്ചിയെ പാടെ മറന്നിരുന്നു. ആ അമ്മച്ചി മരണപ്പെട്ടിരിക്കുന്നു.. വെള്ളിയാഴ്ച വെളുപ്പിന് അമ്മച്ചി കർത്താവിനുമുന്നിലെ ക്യൂ പൂർത്തിയാക്കി... 
വിവരമറിഞ്ഞ് ഗ്രേസ്സ് വില്ലയിലേക്ക് നാടുമുഴുവൻ ഒഴുകി.. ആ അമ്മച്ചിയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത പുരുഷാരം ഗ്രേസ്സ് വില്ലയിൽ തടിച്ചുകൂടി.. അല്ലെങ്കിലും ഗ്രേസ്സമ്മാ വർഗ്ഗീസിനെ കാണാനുള്ള ഒരവസരവും ഈ പുരുഷാരം നഷ്ടപ്പെടുത്തിയിരുന്നില്ല എന്നതായിരുന്നു സത്യം. ഗ്രേസമ്മയ്ക്കുമുന്നിൽ സങ്കടം അഭിനയിച്ചു പൊലിപ്പിക്കാൻ ചുവന്നുള്ളിവരെ രഹസ്യമായി കരുതി കരഞ്ഞു തളരാനെത്തിയവരെ നിരാശപ്പെടുത്തുന്നതായിരുന്നു ഗ്രേസമ്മയുടെ പ്രകടനം.. അമ്മച്ചിയെ വൃത്തിയാക്കി മൊബൈൽ മോർച്ചറിയിലാക്കാനുള്ള നടപടികൾ ഗ്രസമ്മ തയ്യാർ ചെയ്തിരുന്നു. ഹാളിനു നടുവിലെ അവരുടെ ഭൗതികശരീരം കാണുന്നതിനെക്കാൾ വന്നവർക്ക് കൗതുകമായത് ചെറിയ മുരൾച്ചയോടെ അവരെ സൂക്ഷിച്ചിരുന്ന മൊബൈൽ മോർച്ചറി ആയിരുന്നു, ഒപ്പം നിർവ്വികാരമായി പതുപതുത്ത സോഫാസെറ്റിയിൽ ഗ്രേസമ്മാ വർഗ്ഗീസും. 
വന്നവർക്കെല്ലാം അടുക്കളക്കാരിയുടെ മേൽനോട്ടത്തിൽ നല്ല ജ്യൂസുവെള്ളം നൽകികൊണ്ടിരുന്നു.. അമ്മച്ചിയുടെ മകൻ വന്നാലേ പള്ളിയിലേക്കെടുക്കൂ എന്നും അയാൾ ഞായറാഴ്ച പുലർച്ചെ എത്തുമെന്നും അതിനാലാണ് അമ്മച്ചിയെ ഐസ്സിലിട്ടു വച്ചേയ്ക്കുന്നതെന്നും പുരുഷാരത്തിന് അറിവുകിട്ടി.. ആയതിനാൽ ഊഴം വച്ച് പുരുഷാരം ഗ്രേസമ്മാവില്ലയിൽ തങ്ങി... ഗ്രേസമ്മ ഒറ്റയ്ക്കാവരുതല്ലോ... അതിനിടയിൽ ചെടികൾക്ക് നനയ്ക്കാനിറങ്ങിയ ഗ്രേസമ്മയിൽ നിന്ന് അല്പം അധികാരഭാവത്തിൽ തന്നെ കവി കോലായിൽ കോവിന്ദൻ ഹോസ്സ് പിടിച്ചുവാങ്ങി ചെടിനനച്ചു... മുറ്റമടിക്കൽ മാറാല തൂക്കൽ എന്നുവേണ്ട സകലമാന പണിയും ഊഴമിട്ട് ഊഴമിട്ട് നാട്ടുകാർ ചെയ്തുകൊണ്ടിരുന്നു.. ഗ്രേസമ്മയടെ മുട്ടൻ നായയെ അപ്പിയിടിക്കാൻ കൊണ്ടുപോകാൻ കൂടുതുറക്കാൻ ശ്രമിച്ചവനെ നായ മുരൾച്ചയോടെ എതിരേറ്റു.. 

ഞായറാഴ്ച ഉടനെത്തരുതേയെന്ന് ആണുങ്ങളും ആ ദിനമൊന്ന് കഴിഞ്ഞെങ്കിലെന്ന് പെണ്ണുങ്ങളും അവരവരുടേതായ ദൈവങ്ങളോട് പ്രാർത്ഥിച്ചു. ദൈവം പെൺപക്ഷക്കാരനായിരുന്നു.. അമ്മച്ചി മരിച്ച് രണ്ടാം ദിനം പുലർച്ചെ ഞായറാഴ്ചയും അമ്മച്ചിയുടെ മകനും കൂടെ ഒരു സ്ത്രീയും ആഗതരായി.. 
തന്റെ അമ്മച്ചിക്ക് കൂട്ടുനിന്ന, ഉത്തരവാദപ്പെട്ട നാട്ടുകാർക്ക് അമ്മച്ചിയുടെ മകൻ അലക്സാണ്ടർ വർഗ്ഗീസ് ജേക്കബും ഭാര്യ കാതറീൻ ജേക്കബും പ്രത്യേകം നന്ദി പറഞ്ഞു. അമ്മച്ചിക്കുവേണ്ടി വീടുവച്ചപ്പോഴും കേറിത്താമസത്തിനും വരാത്തതിനാലാണ് നാട്ടുകാരെ പരിചയപ്പെടാനാകാത്തതെന്നും അവർ നാട്ടുകാരോട് ക്ഷമാപണത്തിൽ ബോധിപ്പിച്ചു... അതിലൊന്നും ഒരു പരിഭവമില്ലാത്ത പുരുഷാരം ഉള്ളാലെ സന്തോഷിച്ചു കാരണം അപ്പോഴും ഗ്രേസമ്മാ വർഗ്ഗീസിന് ഉടയനെന്നു പറഞ്ഞൊരാൾ വന്നിട്ടില്ല.. അതിനർത്ഥം അവർ നിത്യഹരിതകന്യക തന്നെ... പുരുഷാരം മുന്തിയ ജ്യൂസ് കുടിച്ച് നെടുവീർപ്പിട്ടു.. ഏവർക്കും നഗരത്തിലെ മുന്തിയ ഭക്ഷണകലവറയിൽ നിന്ന് വരുത്തിയ പെറോട്ടയും ബീഫും ചിക്കനുമൊക്കെ യഥേഷ്ടം വിളമ്പിയപ്പോഴും ഭക്ഷണവണ്ടി മടങ്ങിയനേരം വീട്ടിനകത്തെ പഞ്ഞിക്കെട്ടുള്ള നായയെക്കൂടി അവർ കൊണ്ടുപോയപ്പോഴും ഗ്രേസമ്മയെ കണ്ടിരുന്നില്ല.. വീട് അടച്ചിടുകയാണെന്നും നിങ്ങളുടെയൊക്കെ സ്നേഹം ഈ വീടിനോടു ഉണ്ടാകണമെന്നും കുറച്ചുകാലം കഴിഞ്ഞ് തങ്ങൾ മടങ്ങിവരുമെന്നുമുള്ള വീട്ടുടയന്റെ പ്രസ്താവന ഏവരെയും ഞെട്ടിച്ചു... 
"അപ്പോൾ ഗ്രേസമ്മയും...? " ഏവർക്കും ആ ചോദ്യം തികട്ടിവന്നെങ്കിലും ഗദ്ഗദത്താൽ ശബ്ദം പുറത്തുവന്നില്ല. ഒരു കാർ ഗേറ്റുകടന്നുവരികയും അതിൽനിന്ന് ഒരു കുറിയമനുഷ്യൻ ഇറങ്ങിവന്ന് വീട്ടുടയനുമായി സംസാരിക്കുകയുമൊക്കെ ചെയ്തു.. പിന്നെ വീട്ടുടമ അയാളെ കൂടിനിന്ന പുരുഷാരത്തിന് പരിചയപ്പെടുത്തി...
"ഇതാണ് വർഗ്ഗീസ്.. നിങ്ങൾക്കറിയില്ലേ ഇവിടുത്തെ ഹോം നെഴ്സ് ഗ്രേസമ്മാ വർഗ്ഗീസിന്റെ ഭർത്താവാണ്.. ഇനിയിപ്പോ വീട് അടച്ചിടുകയല്ലേ.. ഗ്രേസമ്മയെ കൂട്ടികൊണ്ടുപോകാനാ ഇദ്ദേഹം വന്നത്... " 
അതുകേട്ട് നാട്ടിലെ മുഴുവൻ ഈച്ചകൾക്കും കയറിപ്പോകാനാകുന്ന വിധം പുരുഷാരത്തിന്റെ വായ തുറന്നുതന്നെയിരുന്നു.. അവരുടെ മുന്നിലൂടെ തന്റെ കെട്ടുംപറ്റും തീർത്ത പരദൂഷണക്കമ്മറ്റി ചെയർപേഴ്സൺ അടുക്കളപ്പണിക്കാരി, ചെറിയ പൊതിക്കെട്ടുകളുമായി ഗേറ്റുകടന്നുപോയി.. 
ഒപ്പം സാരിയും ബ്ലൗസുമണിഞ്ഞ് മുടിചീകികെട്ടി രണ്ടുബാഗുമായിവന്ന ഗ്രേസമ്മാവർഗ്ഗീസിനെ പുരുഷാരം നോക്കിനിന്നു.. അവൾ വീട്ടുടമയോടും ഭാര്യയോടും യാത്രപറയുന്നതോ ഭർത്താവ് പെട്ടികൾ കാറിന്റെ ഡിക്കിയിലാക്കുന്നതോ പുരുഷാരം കണ്ടില്ല... പട്ടിക്കൂടുതുറന്ന് ആ വലിയ നായയെ അവൾ അരുമയോടെ തലോടി അവനെയും കൂട്ടി കാറിൽ കയറി പുറപ്പെടുന്നതെന്നും പുരുഷാരത്തിന്റെ കാഴ്ചയിൽ പതിഞ്ഞിരുന്നില്ല.. കാറിലേക്ക് കയറുന്ന നായശ്രേഷ്ടന്റെ ലിംഗാഗ്രം അപ്പോഴും പുറത്തേയ്ക്കുന്തിനിൽക്കുന്നുണ്ടായിരുന്നു.
(മലയാളിയുടെ കൊടിയ ലൈംഗിക ദാരിദ്ര്യ ചിന്തകൾക്കു സമർപ്പിതം)





Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്