നെയ്യാമ്പൽ ചേലൊത്തൊരാത്തോല്


നെയ്യാമ്പപ്പൂവൊത്തൊരാത്തോല്..
കൽപ്പടവിൻചാരെയോരത്ത്
തൂവെള്ളക്കാലുകൾ നീട്ടിജലത്തിലൊ-
രോമനക്കുഞ്ഞല തീർത്തിടുമ്പോൾ..

വെള്ളിക്കൊലുസ്സലവെട്ടം തിളങ്ങണ
ചന്തത്തിലയ്യയ്യാ ചേർന്നിട്ട്
കുഞ്ഞലനീന്തിയാ തുള്ളിത്തുടിക്കണ
പൊന്മീനും പൂമീനുമെത്തിടുന്നു
ആ പൊൻപാദമയ്യയ്യാ മുത്തിടുന്നൂ..

ഇക്കിളിപൂണ്ടവളന്നേരമോമന
കൈകളാവെള്ളത്തിലാഴ്ത്തുമ്പോൾ
നെയ്നിറകൈകളിലെന്തോ പരതിയ
കുഞ്ഞുമീൻകൂട്ടങ്ങൾ തുള്ളുന്നൂ
പിന്നെ ഓട്ടുകരിവള മുത്തുന്നു
മാനംനോക്കുമാ മീനുകൾ ചുറ്റുന്നു..

കള്ളിക്കരമുണ്ടു ചുറ്റിയെന്നാത്തോല്
മെല്ലജലാശയം പൂകുമ്പോൾ
കുഞ്ഞരഞ്ഞാണത്തിൻ വെള്ളിക്കുണുക്കിലാ
വെള്ളിവാലൻ മീനുമുത്തുന്നു
അരക്കിങ്ങിണിമുത്തുകളാടുന്നു.
കുഞ്ഞുപരൽമീൻ വിളിക്കവെയാത്തോല്
കൈകൾ വിടർത്തിത്തുഴയുന്നു
കാലുകളന്നോരമോമനവാലായി
മെയ്യാകെസ്വർണ്ണശല്ക്കങ്ങളായീ..
കൂടെനീന്തും സ്വർണ്ണമീനുകളാത്തോലിൻ
പീതവർണ്ണംകണ്ടു കൺമിഴിക്കേ
നീളെനീന്തിയെന്റെകണ്ണുവെട്ടത്തിന്റെ
ദൂരെമാഞ്ഞെങ്ങോമറഞ്ഞുനീന്തി.. 

പിന്നെയിതേവരെ വന്നില്ലയാത്തോല്
പുള്ളിവാൽമെല്ലെയിളക്കിനീന്തി
പിന്നൊയൊരിക്കലും കേട്ടില്ലയാത്തോലിൻ
ചന്തംവഴിയും മൊഴിയൊന്നുമേ



©️sree11022025.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്