ഒന്നു വീണാൽ
ഒന്നു വീണാൽ...?
മേഘം പോലെ തളിർത്ത ആകാശം
മാറിമറിയും
പ്രതീക്ഷയുടെ പുഞ്ചിരി ചേർത്തുപിടിച്ചവർ
പുതിയൊരു മഴക്കാലത്തിന് കറുത്തിരുളും..
ഒന്നു വീണാൽ...?
കരളുറക്കിയ മൗനത്തിന്റെ അടിവാരം
അഗാധചിന്തയുടെ പോർക്കളമാവും,
അവിടെയാരംഭിക്കും നമ്മൾ കാണാത്ത
വെളിച്ചത്തിനായുള്ള യുദ്ധം...
ഒന്നു വീണാൽ...?
ഒരു കടലിരമ്പത്തിൽ വേദനയുടെ തൊലിപ്പുറത്ത്,
ജീവിതം വീണ്ടും തന്റെ ഭാഷ ചൊല്ലും,
നമ്മൾ കേൾക്കാതിരുന്ന ആ സംഗീതം
നമ്മെ തൊട്ടുണർത്തും, പുതുവെളിച്ചത്തിലേക്ക്...
ഒന്നു വീണാൽ...
അതൊരു തുടർച്ച മാത്രമാകാം
ഒരുപാട് ഉയരങ്ങളിലേക്കുള്ള
മറ്റൊരു പടിയിറക്കവുമാകാം.
വീഴ്ചയെ പാടിപ്പാടി ഉയരാനാണ്
ജീവിതം നമ്മെ എഴുത്തിനിരുത്തിയത്..
-ശ്രീകുമാർ ശ്രീ-
Comments