അമർചിത്രകഥയല്ല_ചരിത്രം


"Those who can't remember the past are condemned to repeat it." - ........ജോർജ് സാന്റായാന

"ചരിത്രത്തിൽ നിന്ന് നമ്മൾ ഒന്നും പഠിക്കുന്നില്ലെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു." -
...........ഹെഗൽ

തളർന്നുപോകാതെ, ചരിത്രത്തെ അതിന്റെ മുഴുവൻ പാഠങ്ങളോടും കാണാൻ പഠിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഉദ്ദേശിക്കുന്ന ഈ രണ്ട് ഉദ്ധരണികളിലൂടെയാണ് നമ്മൾ ചരിത്രചിന്ത ആരംഭിക്കേണ്ടത്. ജോർജ് സാന്റായാനയും ഹെഗലും പറയുന്നത് ഒന്നുതന്നെ — ചരിത്രം ഒരു അധ്യാപകനാണ്, പക്ഷേ അതിൽ നിന്ന് പാഠങ്ങൾ പഠിക്കാൻ മനസ്സില്ലാത്തവർക്ക് അതു ദണ്ഡനമാണ്.



മേലുദ്ദരിച്ചവ രണ്ടും ഒരേ അവബോധത്തിന്റെ അകത്തു നിന്ന് ഉയർന്നുവന്ന വാക്കുകളാണ്. ചരിത്രം ഒരു ദിശാനിർദ്ദേശമാകേണ്ടതുള്ളതെങ്കിലും, അതിനെ നിരാകരിക്കുന്നതിലൂടെയാണ് മനുഷ്യൻ വീണ്ടും വീണ്ടും വഞ്ചിതനാകുന്നത്. ഭരണഘടനകളിലൂടെയും, യുദ്ധങ്ങളിലൂടെയും, സാമൂഹിക നീതിയിലൂടെയും കാലം നൽകിയ പാഠങ്ങൾ പലതവണ നാം അവഗണിച്ചിട്ടുണ്ട്.

നമുക്കു നോക്കാം..
ചരിത്രം — ഒരു പാഠപുസ്തകമോ മുന്നറിയിപ്പോ?

മനുഷ്യചരിത്രം ഒരു വിജ്ഞാനകോശമായി ചിന്തിക്കുമ്പോൾ, അതിലെ ഓരോ പേജും മുന്നറിയിപ്പുകൾ കൊണ്ട് നിറഞ്ഞതാണ്. എങ്കിലും മനുഷ്യർ അതിൽ എഴുതപ്പെട്ട വാക്കുകൾ ഗഹനമായി വായിക്കുന്നില്ല. ഉദാഹരണത്തിന്, നാസി ജർമനിയുടെ നേർക്കാഴ്ച, ഫാസിസത്തിന്റെ വളർച്ച, വംശീയ ഹിംസകൾ, ഇവയെല്ലാം പഴയ പാഠങ്ങൾ വീണ്ടും വീണ്ടും ഒരേ രീതിയിലല്ലെങ്കിൽ പഴയത് പുതിയ മേൽചട്ടയണിഞ്ഞ് എന്നരീതിയിൽ ആവർത്തിച്ചുതന്നെയാണ് സംഭവിക്കുന്നത്... ഗവേഷകരോ ചരിത്രകുതുകികളോ ആരും തന്നെ ചിന്തകളെ ആ ആവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിടുന്നില്ല.

അതുകൊണ്ടുമാകാം ഓരോ സ്വാതന്ത്ര്യസമരങ്ങൾക്കും സാമൂഹിക പ്രക്ഷോഭങ്ങൾക്കും ശേഷവും പിന്നെയും അതേ വീഴ്ചകൾ ആവർത്തിക്കുന്നത്.. അതേ സമരങ്ങൾ പുനരാരംഭിക്കേണ്ടിവരുന്നത്...
 പല രാജ്യങ്ങളും സ്വാതന്ത്ര്യത്തിനു ശേഷം വീണ്ടും പൊളിഞ്ഞ നീതിയും അഴിമതിയും ഏറ്റുപിടിച്ചുകൊണ്ടിരിക്കുന്നു. ഭാരതത്തെ പോലുള്ള രാജ്യങ്ങളിലും, ചിറകുകൾ വ്യത്യസ്തമായാലും തലമേൽപ്പാടുകളും ആഹ്വാനങ്ങളും വിഭിന്നമാണെങ്കിലും പലപ്പോഴും പഴയതരം അധികാര ഭ്രമങ്ങൾക്കാണ് അടിമയായിരിക്കുന്നത്.

നമ്മുടെ നവയുഗ വിദ്യാഭ്യാസം ചരിത്രബോധം ഉൾക്കൊള്ളുന്നുവോ?
ഇന്ന് വിദ്യാലയങ്ങളിലും സർവകലാശാലകളിലും ചരിത്രത്തെ കുറിച്ച് പഠിപ്പിക്കുന്നു. പക്ഷേ അതു വെറും തീയതികളും സംഭവങ്ങളുമാക്കി മാറ്റുകയാണെങ്കിൽ, അതിന്റെ ആത്മാവ് നമുക്ക് നഷ്ടമായിരിക്കുന്നു. ചരിത്രം അതിന്റെ സംവേദനാത്മകതയോടെയും നൈതികബോധത്തോടെയും പഠിക്കപ്പെടണം. നിർഭാഗ്യവശാൽ അക്കാര്യത്തിൽ ലോകം ഒരുപാട് പിന്നിലാണ് അല്ലെങ്കിൽ ബോധപൂർവ്വമുള്ള അലംഭാവമാണ്. നീതിയുക്തമല്ലാത്ത ചരിത്രരേഖകളും ആത്മാവറിയാത്ത പഠനങ്ങളും പഠനോപാദികളും അനുവർത്തിക്കുന്നതുതന്നെ പുതിയ തലമുറയോടുള്ള കടുത്ത നീതിനിഷേധമാണ്. 

ഇന്നും തുടരുന്ന വീഴ്ചകളും അതിലൂടെയുള്ള പാഠങ്ങളും അറിഞ്ഞിട്ടും പ്രയോഗിക്കാത്തത് മനപൂർവ്വമല്ലാതെ മറ്റെന്താണ്. 

ഭൂമിശാസ്ത്രപരമായ ബൗദ്ധികതകളിലും അന്താരാഷ്ട്ര തർക്കങ്ങളിലും പഴയ പാഠങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. പരിസ്ഥിതി നാശം, വർഗീയ വിഷം, മതാധികാരം, ശാസ്ത്രത്തെയും സാങ്കേതികതയെയും ദുരുപയോഗം ചെയ്യുന്ന നിലപാടുകൾ എല്ലാം അത് തന്നെയാണ് തെളിയിക്കുന്നത്.

ചരിത്രം ഒന്നുകിൽ നമ്മെ കാത്തുസൂക്ഷിക്കും, അല്ലെങ്കിൽ നമ്മെ ശിക്ഷിക്കും. മനുഷ്യത്വം അതിന്റെ താനെടുത്ത വഴികൾ തിരിച്ചറിയാതെ തുടരുന്നിടത്തോളം, കർമ്മഫലചക്രം പോലെ വിനാശങ്ങൾ വീണ്ടുംവീണ്ടും ആവർത്തിക്കപ്പെടും.
മതാന്ധതയും രാഷ്ട്രീയവും ഇണചേരും.. പിറക്കുന്നതെല്ലാം സാത്താന്റെ സന്തതികളാകും.. അശാന്തിയും അസമത്വവും സമാധാനമില്ലായ്മയുമെല്ലാം ഭരണകൂടങ്ങളുടെ സംഭാവനയായിരിക്കും.. പഴയ ചരിത്രങ്ങളെ തമസ്കരിക്കയോ തിരസ്കരിക്കയോ ചെയ്യും... പുതിയ പാർശ്വവൽക്കരിക്കപ്പെട്ട ചരിത്രപുസ്തകങ്ങൾ രചിക്കപ്പെടും അവയിലൊന്നും സത്യത്തിനുവേണ്ടി ധർമ്മയുദ്ധം ചെയ്തു പരാജയപ്പെട്ടവരുടെ കഥയുണ്ടാകില്ല.. 

കാരണം എഴുതപ്പെടുന്ന ചരിത്രമെപ്പൊഴും വിജയിക്കുള്ള സ്തുതിപാടൽ കൂടിയാണ്.. ചരിത്രം അതു പരാജയപ്പെട്ടവന്റെകൂടി നീതിയാണ്.. അങ്ങനെയല്ലാത്തിടത്തോളം ചരിത്രമൊരു സത്യമല്ല.. കേവലമൊരു അമർചിത്രകഥ മാത്രമായിരിക്കും.

സാന്റായാനയും ഹെഗലും നമ്മോട് പറയുന്നത് അതാണ് പുതു തലമുറയ്ക്ക് സത്യസന്ധമായ ചരിത്രത്തെ ഓർമ്മിപ്പിക്കുക അതിലൂടെ നമ്മൾ ഒരു പുതിയ ഭാവിയിലേക്ക് മുന്നേറാം.
#Sreekumarsree 





Comments

Popular posts from this blog

കാളകൾ ഒരു പഠനം

അനുവദിക്കുമെങ്കിൽ