"അച്ഛൻ ചത്തുമണക്കുന്നൂ..
അമ്മ കരഞ്ഞു മയങ്ങുന്നൂ..
പൂച്ച വിശന്നുമയങ്ങുന്നു
പട്ടി പതുക്കെ മോങ്ങുന്നു... "
.... കാലം കുറച്ചപ്പുറത്തെ കവിതയാണ്.. ഏകദേശം 30 വർഷം പഴക്കമുള്ള കവിത...!! അച്ഛന്റെ മരണമണമെഴുതിയ കവി ഇപ്പോൾ അച്ഛനായിക്കഴിഞ്ഞിരിക്കുന്നു.. അപ്പൂപ്പനാകാൻ നിൽക്കുന്നു...

കൗമാരകാലത്താണ്.... കൂട്ടുകാരന്റെ അച്ഛൻ, നാട്ടിലെ ഗവൺമെന്റാശുപത്രിയിൽ കിടപ്പാണ്.. വാറ്റുചാരായസേവയിൽ post graduate ആയ അപ്പന് ആശുപത്രിയിൽ കൂട്ടിരിപ്പുകാരൻ കൂട്ടുകാരനാണ്...
 
'കൂട്ടാരനോടുള്ള കൂട്ടിന്റെ തോതു കുറയാതിരിക്കാനാണ് ഞങ്ങൾ മറ്റുകൂട്ടാരന്മാർ ആശുപത്രിയിലെത്തിയത് രോഗിയെ (അവന്റെ അച്ഛനെ) സന്ദര്‍ശിക്കലാണ് സദുദ്ദേശം. '

രാത്രി അപ്പന് കലശലായ പ്രയാസമനുഭപ്പെടുന്നതിനാലും മറ്റു രോഗികളുടെ പ്രശ്നങ്ങളാലും മകൻ കൂട്ടാരനും ഉറങ്ങാൻ പറ്റുന്നില്ലത്രെ.. പീഡീസീ (pre-degree) ക്കാരനായ മകൻ പഠിക്കാനുള്ള സദുദ്ദേശാർത്ഥം... ഒന്നുരണ്ടു പൊത്തോം ബുക്കുംകൂടി ആശുത്രീലേക്കെടുത്തിട്ടുണ്ട് എന്തിനോ ആവോ..? 
എന്നാലും ഒരു വലിയ വിശേഷമുണ്ടായി... പഠിക്കാനെടുത്ത ബുക്കിന്റെ നടുപേജിൽ ഒരു നെടുനീളൻ കവിത എഴുതി നമ്മുടെ കൂട്ടാരൻ... കവിതയക്ക് പേരിടൽ ചടങ്ങിനായാണ് അവനാ കവിത ഞങ്ങൾക്ക് നീട്ടിയത്... 

എന്റെ ഓര്‍മ്മയിൽ നിന്നു ഇന്നും മായാതെ നിൽക്കുന്ന ആ കവിതയിലെ ആദ്യ നാലുവരികളാണ് മേലുദ്ദരിച്ചവ..! (ആ കവിതയ്ക്ക് ഞങ്ങൾ പേരു നിശ്ചയിച്ചോ എന്ന് ഓർമ്മയില്ല)
ഒരുപക്ഷെ ഇന്നിന്റെ നേർ ചിത്രമാണ് അതെന്നത് ഒരു വിരോധാഭാസമായി തോന്നുന്നുണ്ടോ..?

ഒരു വ്യക്തി അത്യാസന്ന നിലയിലായാൽ നമ്മുടെ മാമാ മാധ്യമങ്ങൾ ഏതുസമയവും പ്രസിദ്ധീകരിക്കാനുതകുന്ന വിധത്തിൽ തയ്യാറാക്കി വച്ചിരിക്കുന്ന അയാളുടെ Bio-data, upgrade ചെയ്യുന്ന തിരക്കിലാകും. 
മുഖപുസ്തക പ്രമുഖരോ (കാലിക-പുംഗവന്മാർ) ഉടനെഴുതും.. അത്രേയുള്ളൂ.. അവരുടെ കടമ അവസാനിച്ചു.. അച്ഛൻ മരിച്ചാലും അപരൻ മരിച്ചാലും ഒരേ ചേതോവികാരമാണ്... 

വീണ്ടും കവിതയിലേക്ക് മടങ്ങിവരാം..
"അച്ഛൻ ചത്തുമണക്കുന്നു...." കവിയുടെ വരി ഇന്നോർത്തപ്പോൾ സത്യമെന്ന് തോന്നുന്നു.. 
മരണത്തിന് മണമാണോ... അതേ തീർച്ചയായും മരണമെല്ലാം സുഗന്ധപൂരിതമല്ലേ... 
പലവിധ ചന്ദനത്തിരികളാണ് മരണവീടുകളിൽ പുകയ്ക്കുക..
പക്ഷെ അവയെല്ലാം ഒരേതരം ഗന്ധമായാണ് പ്രസരിപ്പിക്കുക..
 
ആരാധനാലയങ്ങളിൽ കത്തിക്കുന്ന അതേ ചന്ദനത്തിരികൾ മരണവീടുകളിലെരിയുമ്പോൾ.. വിവിധങ്ങളായിട്ടും എന്തുകൊണ്ടോ അവയുടെ ഗന്ധം ഏകത്വമായി തോന്നുന്നു.
ഒരുപക്ഷെ ആ തിരികളെരിയുന്നതിനെപ്രതി എല്ലാ മനസ്സിലും ഒരേ ചേതോവികാരമുൾക്കൊള്ളുന്നതിനാലാവണം....
ഒരുകാര്യം ഉറപ്പാണ്... 
എല്ലാ മരണങ്ങൾക്കും ഗന്ധമുണ്ട്...

[അപ്പോൾ ഒരു കവിത കുറിക്കാം..]
എല്ലാ മരണങ്ങൾക്കും ഗന്ധമുണ്ട്...
എല്ലാ മരണങ്ങളും മണമാണ്...
എല്ലാ മരണങ്ങളിലും 
ഒരു അമ്മക്കരച്ചിലുണ്ട്....
എല്ലാ മരണങ്ങൾക്കുശേഷവും
ഒരു മാർജ്ജാരന്റെ വിശപ്പ് 
അവശേഷിക്കുന്നുണ്ട്..
എല്ലാ മരണങ്ങളിലും 
ചങ്ങലയഴിച്ചുവിടാത്ത
ഒരു ശ്വാനന്റെ അനാഥത്വമുണ്ട്..
എല്ലാ മരണങ്ങളും 
ഒരു കവിതയുടെ തുടർച്ചയാണ്..
©️sree08022025.18.24

Comments

Popular posts from this blog

കാളകൾ ഒരു പഠനം

എന്റെപ്രായം_ചോദിക്കരുത്