Posts

Showing posts from 2024

സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്)

Image
സമാഗമവൃത്താന്തം (വഞ്ചിപ്പാട്ട്) പാതിയർത്ഥം സതീർഥ്യനിൽ പാരിതോഷമായി ചൊന്നു, മതിയിനിയവലുണ്ണലരുതു കണ്ണാ.. ഇനിയവൽ ഭുജിച്ചെന്നാൽ ഇവളുമീ പാദംവിട്ടു സതീർത്ഥ്യനിൽ ദാസ്യവേല- യ്ക്കിടയായിടും... അലങ്കാരദീപം വേണ്ട അതിമോഹനങ്ങൾ വേണ്ട അവസാനംവരെയുമീ തൃപ്പാദം മതീ... തിരുമുന്നിൽ പതിയായി ട്ടിരിക്കണമിഹലോക പരമതയിൽ ചൊന്നൊന്നു ലയിക്കുവോളം... ഒരുപിടിയവലുണ്ടീ പ്രിയമാനസ തോഴനെ പ്രഭുവാക്കും ദേവാനിന്റെ മായ മതിയാം.. വിപ്രപത്നി സതീർഥ്യനിൽ മുക്തമനുരാഗം ചേർക്കി ലത്രതന്നെയിവളുമീ ചൊല്പടിയിലമരട്ടെ... ഇത്ഥം ചൊല്ലി മേഘവർണ്ണ- പത്നി തന്റെ പാണികളാൽ കൃഷ്ണഹസ്തമവൽപാത്രം കവർന്നെടുത്തൂ... മുദ്ഗസ്നേഹഭാവത്തോടെ പതിയുടെ സതീർഥ്യന്റെ ക്ഷീണമുക്തിക്കുതകുന്ന വൃത്തികൾ ചെയ്തു.. സത്വമെത്ര മനോഹരം പതിവൃത്തി കാംക്ഷിക്കുന്ന ഉത്തമമാം നാരീജനമെത്രയായാലും ചിത്തമതിൽ ചേക്കേറ്റിയ ഭർതൃരൂപമുപേക്ഷിപ്പാൻ എത്രതന്നെവന്നെന്നാലു- മവൾക്കാകുമോ..? ©️sree. *കുചേലൻ നൽകിയ അവൽഭുജിച്ചനേരം കൃഷ്ണസൗഭാഗ്യങ്ങളുടെ പകുതി കുചേലഭവനത്തിലെത്തിയെന്നാണ് ഐതിഹ്യം. വീണ്ടും അവൽ ഭുജിച്ചാൽ തന്റെ ഭാര്യാസ്ഥാനവും നഷ്ടപ്പെട്ട് കുചേലന്റെ ദാസ്യവേല വേണ്ടിവരുമെന്ന് ഭയന്ന് കൃഷ്ണപത്നി കൃഷ്ണനെ വിലക്...

ഈർക്കിൽകുരുക്കിലെ ഞണ്ടുകൾ

Image
ശൂന്യതയുടെ പാരമ്യതയിലകപ്പെട്ടുപോയൊരു മനസ്സായിരുന്നു അപ്പോൾ... ദിക്കറിയാൻ നക്ഷത്രവിളക്കുകൾ പോലുമില്ലാത്ത ആകാശത്തിനുചുവട്ടിൽ, നിവർത്തിവിടർത്തിയ പായകളേറ്റുവലിക്കാനൊരു ചെറുകാറ്റുപോലുമില്ലാതെ മഹാസമുദ്രത്തിലെവിടെയോ അലസം ശയിക്കുന്നൊരു പായവഞ്ചിപോലെ അയാൾ കണ്ണുകളടച്ചു കിടന്നു... അമാവാസിയിൽ ആകാശത്തുനിന്നു ഭൂമിയെ മൂടിപ്പുതയ്ക്കുന്ന ഇരുട്ടു പോലെ,  നിശ്ശബ്ദത അയാളെ ഒരു ചെറിയ തടവറയിലകപ്പെട്ടുപോയതുപോലെ ശ്വാസം മുട്ടിച്ചു. "ഇല്ലാവചനം പറയുന്ന നിങ്ങളുടെ നാവു പുഴുത്തുചാവും നോക്കിക്കോ..." അവളുടെ അമറിയുള്ള ആക്രോശം അയാളുടെ കർണ്ണപുടങ്ങളിൽ അലയടിക്കുന്നതായി തോന്നി...  അവളുടെ പ്രാക്കാണോ... അതോ ഇല്ലാവചനമെന്നവൾ പ്രഖ്യാപിച്ച വഴക്കുകളുടെ മുലഹേതുക്കളോ അറിയില്ല.. ഒന്നറിയാം അല്ലെങ്കിൽ ഒന്നു മനസ്സിലായി ആംഗലേയ ഭാഷയിൽ വളരെ സാവധാനം മനസ്സിലാവുന്ന ലളിതമായ പദപ്രയോഗങ്ങളിൻ ഡോക്ടർ പറഞ്ഞ വാചകങ്ങൾ...  I didn't tell you to scare you.. Your toothache has already affected your gums and tongue.  We still have hope.. Let's leave a small piece of tongue.. It is a temporary relief... അതേ നാവിനു പുഴുക്കുത്തേറ്റിരിക്കുന...

ദൈവത്താരുടെ മണം

Image
പ്രിയരെ ഒരു കഥ സമർപ്പിക്കുന്നു ... #ദൈവത്താരുടെ_മണം        അകലെ വലിയ പാടത്തിനെ രണ്ടായിപിളർത്തി, തണുത്തു നീണ്ടുകിടക്കുന്ന പാതയിലൂടെ ഒച്ചവച്ച് മൂടൽമഞ്ഞിന്റെ വെളുത്ത പുതപ്പിലൊരു ഓട്ടയുണ്ടാക്കി ഒരു തീവണ്ടികൂടി കടന്നുപോകുന്നു... ഗ്രാമീണരുടെ സമയബോധിനികളിലൊന്നാണ് പുലർച്ചെ 6.15ന് പാണ്ടിനാട്ടിൽ നിന്നു പാഞ്ഞുപോകുന്ന ഈ തീവണ്ടി. അരുണകിരണങ്ങൾ മെല്ലെ ഈ ഭൂമിയെ തഴുകാനാരംഭിച്ചതേയുള്ളൂ... നെൽച്ചെടികളിലിറ്റുനിൽക്കുന്ന ജലകണങ്ങളുമായി സൂര്യാംശുക്കൾ കൂട്ടുകൂടി അവയുമായാണ് ഭൂമിയിലേക്ക് പതിക്കുന്നത്. പകൽവാഴുന്നവന്റെ പൂർണ്ണാധിപത്യത്തിനു ഉപാദിരഹിത വിധേയനായി തൂമഞ്ഞിന്റെ നേർത്ത ആവരണം പ്രകൃതിയിൽനിന്ന് നിഷ്ക്രമിച്ചുതുടങ്ങുമ്പോൾ, കിഴക്കുദിക്കിൽ നിന്ന് ഒരു പകൽ വളരുകയാണ്.... ഗ്രാമഭംഗിയിലേക്ക്.  വയൽവരമ്പ് പുരോഗതിയെ വരവേറ്റ് ചെറിയ റോഡായി മാറിയതാണ്. ഇരുവശവും കറുകയും തിരുതപ്പുല്ലും കാട്ടിഞ്ചിയും വളർന്ന ചെറിയറോഡിന് നിശ്ചിത അകലത്തിൽ കാവൽഭടന്മാരെപ്പോലെ വഴിവിളക്കുതൂങ്ങിയ ഇലക്ട്രിക് പോസ്റ്റുകളുമുണ്ട്.... ചെറിയറോഡ് അവസാനിക്കുന്നതിന്നുമുമ്പാണ് റെയിൽവേ ഗേറ്റ്.. കേരളാ ബോർഡറിലെ അവസാനത്തെ ഗേറ്റാണ്... ഒറ്റവരി റെയിൽപാതയാണിത്... തിരക്...

Writers block

Image
What is your mind...? ചോദ്യം സക്കർബർഗ്ഗിന്റെ platform ൽ നിന്നാണ്... മനസ്സിലൊരുപാടുണ്ട്... മുറിച്ചുകുത്തിയ മരച്ചുവടിൽ മുളച്ചുപൊന്തുന്ന കൂണുകൾ പോലെ ഒരായിരം കാര്യങ്ങൾ... അവ കഥയായും കവിതയായും ഗാനമായുമൊക്കെ ചിറകുവിടർത്താൻ കാത്തുനിൽക്കുന്നു.. കാത്തിരുന്നു കാലഹരണപ്പെട്ടവ മണ്ണിലലിഞ്ഞുപോകുന്നു.. എങ്കിലും പുതിയ മുകുളങ്ങൾ വീണ്ടും വീണ്ടും... മനസ്സിന്റെ മൂശയിലിട്ട് ഒന്നുകൂടി ചൂടാക്കിയുരുക്കി... പിന്നെ തൂലികയിൽ ആസ്വാദനശേഷിയുടെ സൗരഭം നിറച്ച് എഴുതണമെന്നുണ്ട്.. ആ കൂണുകൾക്ക് ചിറകുനൽകണമെന്നുണ്ട്.. പക്ഷെ... വിരസത.. മടി.. എന്തിന് എന്ന് മനസ്സിന്റെ ഉപചോദ്യം എല്ലാം തകിടം മറിക്കുന്നു... ജീവശ്വാസമെടുക്കാൻ മാത്രം ജലോപരിതലത്തിൽ ഉയർന്നുവരുന്ന മത്സ്യം ആകാശത്തിന്റെ പ്രകാശധാരാളിത്തം എന്തിനു ശ്രദ്ധിക്കണം.. ഉപരിതലത്തിലുയർന്നുനിൽക്കുന്ന പുൽനാമ്പിലെ കുഞ്ഞുസൂര്യനെ എന്തിനുകാണണം.. അതേ മനസ്സിലുള്ളതു കുറിക്കാത്തതിന് വിരസതയും വിമുഖതയും തന്നെയാണ് കാരണം.. അതല്ലാതെ വലിയ വലിയ എഴുത്തുകാർ പറയുന്നപോലെ "റൈറ്റേഴ്സ് ബ്ലോക്കൊന്നുമല്ല.." അല്ലെങ്കിൽ തന്നെ എന്തു ബ്ലോക്ക്.. അതൊക്കെ ചുമ്മാതാ... സത്യം ഇത്രേയുള്ളൂ.. സർഗ്ഗശേഷിയുടെ കു...
Image
Life, Ephemeral Souls A fleeting breath, a flickering light, A cosmic dance, a timeless night.  We come, we live, we fade away,  Like stardust scattered in the day. A mystery, a riddle, a vast unknown,  The journey onward, forever alone. Yet, in our hearts, a spark remains,  A hope that echoes through the plains. Though death may claim our mortal coil,  Our spirits soar, beyond the soil.  Eternal essence, pure and bright,  A cosmic journey towards the light.

വിദൂഷകവിരാമം

Image
ജീവൻ പോകുന്നതിനെക്കാൾ ഭയമാണെനിക്കെന്നും ഉറങ്ങാൻ കിടക്കുന്നത്... ഉയിരകന്നുപോകുന്നത് ഉറക്കത്തിലാണെങ്കിലോ...? എനിക്കെന്തുമാത്രം പറയാനുണ്ടായിരുന്നിനിയും ഒരുപാടുപേരെ ചിരിപ്പിച്ച വിദൂഷകജീവിതത്തിലെ വിരമിക്കലിലെങ്കിലും കുറച്ചുപേരെങ്കിലും കരയേണ്ടതല്ലേ.... അനിവാര്യമായ  മരണത്തിനുമുന്നിലവർ അഭിനയിച്ചെങ്കിലും  കരയുമായിരിക്കും.. ഉറക്കത്തിലങ്ങു പോയാലോ കരയണോ വേണ്ടയോ രണ്ടുണ്ട് നിങ്ങൾക്ക് ചിന്തിക്കാൻ അരങ്ങിനുമുന്നിലമർന്ന്  കണ്ടിരുന്നവർക്ക് മാത്രമല്ല നിനക്കും...  ഓർക്കുക ഒരുമിച്ചുറങ്ങലല്ല  ഓർമ്മിച്ചുറങ്ങലിലായിരുന്നെന്റെ സ്നേഹം ഓർത്തുണരാനും. . അപ്പോഴുമെപ്പോഴും എനിക്കോർമ്മിക്കാനെന്നും നീമാത്രമായിരുന്നു.... #ശ്രീ 

വഴിമറന്ന സന്ദേശങ്ങൾ

Image
ആകാശം കാണാതെ വിരിയിക്കാൻ ശ്രമിച്ച മയിൽപ്പീലിത്തുണ്ടുപോലെ ആകാശത്തിനു കീഴെ കമഴ്ത്തിവച്ച വിളക്കുമരങ്ങൾ സാക്ഷിയാക്കി, നിദ്ര നിശ്ശബ്ദതയെ പ്രണയിക്കുന്നേരം.... നിശ ഇരുവർക്കുമായൊരു പുൽപ്പായ വിരിക്കുന്നു. മന്ദമാരുതൻ രാമച്ചക്കാടു വിട്ട് അലസമണയുന്നുണ്ട്, ചുണ്ടിൽ, മുളങ്കാടിൽനിന്ന് കട്ടെടുത്തൊരു മൂളിപ്പാട്ടുമായ്. ഒളിനയനങ്ങളൊഴിവാക്കി പനിമതിയകലെ, കരിമേഘപ്പുതപ്പുചുറ്റി.! പരസ്പരം പായിക്കുന്ന  വായുദൂതുകളിലൂടെ  നമ്മുടെ ശുഭരാത്രിസന്ദേശങ്ങളിപ്പോൾ വഴിതെറ്റിയലയുകയാവും. എന്നിലേക്കും നിന്നിലേക്കുമണയാതെ. സ്വീകർത്താവിലും പ്രേക്ഷിതനിലേക്കുമുള്ള  വഴിതെറ്റിയലയുകയാവും തീർച്ച, അല്ലായിരുന്നെങ്കിൽ എന്റെ നെടുവീർപ്പുകളെല്ലാം ഈ തണുത്ത രാവിലെങ്കിലും നീയറിയുമായിരുന്നല്ലോ.         #ശ്രീ

തുലാമഴയിൽ

Image
തുലാമഴ ഇടമുറിയാതെ, മച്ചിറമ്പിലെ വെള്ളിനൂൽധാര പൊട്ടുന്നേയില്ല... ആദ്യമൊക്കെ ചന്നംപിന്നം കലപിലകൂട്ടിയ മഴത്തുള്ളികളും പാടാനാരംഭിച്ചിരിക്കുന്നു.. എത്ര താളത്തോടെയാണവർ പുരപ്പുറത്തെ പ്രതലത്തിൽ മൃദംഗധ്വനിയുണർത്തുന്നത് എത്രമനോഹരമായാണവ, മുളയിലകളിൽ തമ്പുരുശ്രുതിയൊരുക്കുന്നത്... നനുത്ത ചിറകുകൾ പൂട്ടിയൊരു പുള്ളിവാലൻകിളിതാ എന്റെ ജാലകപ്പടിയിൽ.. കടുംകാപ്പിയേക്കാൾ ചൂടാണ് പെണ്ണേ നിന്നുടലിനെന്ന് പിന്നുടലിനോട് ചേർന്ന് മൊഴിയുമ്പോൾ... മഴ ഒച്ചയൊതുക്കിയതെന്തിനാവാം...? നിന്റെ മറുവാക്കിനുതന്നെ... ഒരുകമ്പിളിച്ചൂടിനുള്ളിലേക്കവൾ ശബ്ദങ്ങളടക്കുമ്പോൾ മഴ.. വീണ്ടുമൊരു രതിനടനതാളം. #ശ്രീ.

സൗഹൃദം

Image
        വരിക സഖാവേ .. ആർക്കെന്തുചേതമാ- ണെൻപ്രിയാ സൗഹൃദം ഓർത്തിരിക്കാൻ നൂറു  വാക്കിനാലോതുവാൻ. കാത്തിരിക്കാനല്ല ഞാനീ- പറഞ്ഞതൊന്നോർത്തിരിക്കാൻ നിന്റെ ഓർമ്മയിൽ പൂത്തിടാൻ. ഓർമ്മകൾ പൂത്ത മരത്തണലിൽ പകൽ പോകുവോളം ഒന്നു കണ്ടിരിക്കാൻ... ഇന്നലെ കണ്ട കിനാവുപോലോർമ്മതൻ കുഞ്ഞിതൾ മേലേ പൊഴിഞ്ഞുവീഴാ- മതിലെന്റെ ചെറുവണ്ടി മെല്ലെയുരുട്ടി- നാമന്നു നടന്ന വരമ്പു താണ്ടാം. കാവുതീണ്ടി കുളം നീന്തിക്കലക്കിയാ- കാലവർഷക്കൊടും മാരിയേറ്റും, മീനക്കൊടുംവെയിൽ ചൂടേറ്റുവാങ്ങിയ കോമരപ്പാട്ടിന്റെ താളമേറ്റും. നാടുചുറ്റിത്തെണ്ടിയെത്തുന്ന കാറ്റിലൂ ടായിരം തൊങ്ങലാൽ നാമുയർത്തും നീല- വാനിൽ പറക്കുവാനായൊരു പട്ടവു- മായതിനൊപ്പം വിടർന്ന കണ്ണും. നീയോർക്കുമോ പ്രിയാ മാകന്ദസൂനവും മാരിയും മണ്ണും പതം ചേർത്തവാസന. നീ കേട്ടുവോ കരകാക്കുന്ന ദൈവങ്ങ ളാരവം തീർക്കും പടയണിത്താളങ്ങൾ. പാതയോരങ്ങളിൽ പാടവരമ്പിലൂ- ടോടിയൊഴുകി മറഞ്ഞ പകലുകൾ പ്രായമൊരശ്വവേഗത്തിൽ കുതിക്കവേ ബാല്യമകന്നതെന്നോർക്കുവാനായില്ല. ഇല്ലകുതിക്കുന്ന വേഗത്തെ ബന്ധിക്കാ- നല്ല "ലവകുശ"ന്മാരായിരുന്നീല.. നല്ല രണ്ടക്ഷരമോതാതെയെന്നോ നാം തമ്മിൽ പിരിഞ്ഞതാണന്യോന്യമെന്തിനോ. ഓർക്കുകീ സായന്തനത്തിലായെങ...

കുട്ടികൾക്ക് പാടാനൊരു ഗാനം)

Image
പച്ചിലപ്പടർപ്പിലെ വള്ളിക്കുടിലൊന്നിൽ കൊച്ചിളം കൊക്കാലെ പാടുന്ന പൈങ്കിളീ.... ഇത്തറകാലംനീ കൂട്ടിയ പൂങ്കൂട്ടിൽ എത്രകുരുന്നുകൾ എത്രമക്കൾ..... (പച്ചില..) ചിത്രപംതംഗങ്ങൾ ചിത്തിരമക്കൾക്കായ് നൃത്തപഠനം തുടങ്ങിയോ പൈങ്കിളീ.. ചക്കരമാവിലെ മുത്തണിക്കൊമ്പിലെ പൂങ്കുയിലെന്നു തുടങ്ങുന്നു മഞ്ജരി.                             (പച്ചില..) കൂടെപ്പറന്നിട്ടു കൂടുവെടിഞ്ഞവർ ദൂരെപ്പറന്നങ്ങു പോകുന്നേരം അമ്മക്കിളീ നിന്റെ  നെഞ്ചകം തേങ്ങുമോ രാപ്പാട്ടിലോതുമോ തീരാത്ത വേദന..                         (പച്ചില.)  ©️ Sreekumar Sree 11082024

പ്രഭാതസവാരിക്കുശേഷം

Image
.. ആരുടെയോ ശവമഞ്ചം വഹിച്ച വണ്ടി ഇന്നലെ രാത്രിവൈകി ഇതുവഴി പോയിരിക്കുന്നു...! ചുവപ്പും വെള്ളയും നിറത്തിലുള്ള അരളിപ്പൂക്കൾ റോഡിൽ വിതറിയത് തീർച്ചയായും ആ ശവവണ്ടിക്കുമുന്നിൽപോയ വാഹനമാകും.. അതൊരുപക്ഷെ ഒരു ടൂവീലറിന്റെ പിൻസീറ്റുകാരന്റെ പണിയാകണം.. ചെറിയകൂടയിൽനിന്നും പൂക്കൾ വാരിയെടുത്ത് മുന്നിൽ വലിയൊരു ഹാരംചാർത്തിനീങ്ങുന്ന ശവവണ്ടിക്കുമുന്നിലേക്ക് ആ പൂക്കൾ വീശിയെറിഞ്ഞെറിഞ്ഞ് പോയിട്ടുണ്ടാകണം. രാത്രിയിൽ ചെറുമഞ്ഞിന്റെ തലോടലേറ്റ് അവ അല്പവും വാടിയിട്ടില്ല. അധികമാരാലും ചവിട്ടിമെതിക്കപ്പെട്ടിട്ടുമില്ല. ആരാകും ആ വണ്ടിയിലെ ദേഹം..  സാരഥിയും സഹായിയുമല്ലാതെ കരഞ്ഞുകലങ്ങിയ ചിലജോഡി കണ്ണുകൾ ആ വാഹനത്തിലുണ്ടായിരുന്നിരിക്കും.. ഗദ്ഗദത്തോടെ മൂടികെട്ടിയ ആ ശവശരീരത്തിലേക്ക് ഇടയ്ക്കിടെ മിഴിപാകി അവരതിനുള്ളിൽ വീർപ്പുമുട്ടിയിരിക്കയാകും.. ആശുപത്രിമരണത്തിന്റെ ഗന്ധം അവരിൽ മനംപുരട്ടിയടങ്ങുകയാവും. പിന്നിലോ മുന്നിലോ കുറച്ചു ബൈക്കുകൾ, കാറുകൾ.... അകാലമരണമാണെങ്കിൽ ആ വാഹനങ്ങളിലെല്ലാം പരേതന്റെ വർണ്ണചിത്രം രണ്ടു ചുവന്നറോസ്സിന്റെ പശ്ചാത്തലത്തിൽ ആദരാജ്ഞലികളെന്ന അടിക്കുറിപ്പോടെ പതിച്ചിട്ടുണ്ടാകണം...  ശ്മശാനകവാടത്തിലെത്തിനിൽക്കുന്ന യാത്ര...

മാ.. യശോദം

Image
മധുമുരളീരവ, ധ്വനിയുണരുന്നെന്റെ മനമൊരു വൃന്ദാവനം യദുകുലനാഥന്റെ കീർത്തനം മൂളുമ്പോൾ ഹൃദയം ദേവാലയം... ഒരു മയിൽപ്പീലിയെ കവിളിലണയ്ക്കുമ്പോൾ തഴുകലാണെന്നങ്ങുതോന്നും നിൻ താമരപാണിയാണെന്നുതോന്നും.. ഒരുമുളം തണ്ടിനെ വെറുതെ തലോടുമ്പോൾ സ്വരമാരിയൊഴുകുന്ന പോലെതോന്നും നിന്റെ മൃദുപഞ്ചമം എന്നുതന്നെ തോന്നും.. ഒരുമഞ്ഞവസനമെൻ അകതാരിൽ കരുതുന്നു ഒരുനാളിൽനീയെന്റെയരികിലെങ്ങാൻ ഒരുവേളയമ്പാടിമണിയായ് നീയണയുകിൽ നെറുകയിൽ സ്വോദംതുടച്ചിടാംഞാൻ... അറിയില്ലമീരയോ പ്രിയരാധയോ നിന്റെ അകതാരിലാകെനിറഞ്ഞിരിപ്പൂ.. അറിയാമതൊന്നുഞാൻ, ഇവരാരുമല്ലനിൻ പ്രിയയാമെശോദരയാകുവാനായ് ഒരുനൂറുജന്മങ്ങൾ തപമാണതറിയുമോ കരുണാമയ ബാലലീലക്കണ്ണാ.. ഒരുനാളിലണയുമോ കുടമണിക്കിടാവിന്റെ അകിടുകവർന്നിടുംമായക്കണ്ണാ അണയുകിൽ പകരുവാൻ നറുവെണ്ണയായ് ജന്മം തപമാണ് മോഹനനീലവർണ്ണാ നിന്നെ- യമൃതൂട്ടുവാനൊരു ജന്മംകണ്ണാ. Sree. 6/12/2020

മഴയൊരു താരാട്ടാണ്.

Image
നിറയെ പ്രണയവുമായൊരാൾ അരികിലിരുന്ന് വെറുതേ ചിലമ്പുന്നപോലാണത്. അവളുടെ ലാസ്യനടനം.. സ്വയംമറന്ന്... , ഇടക്കിടെയവൾ നീണ്ട നറുവിരലാൽ  മുടിയിഴകളിലൂടൊന്ന് തഴുകാറുണ്ട്, ചെറുകാറ്റിലവളുടെ  പാവാടഞൊറികൾ  മുഖത്തുരസാറുമുണ്ട്... ചെറുതുള്ളികളിലൊരു കുളിരുപകരൽ... ഇടയിലിടവേളകളിൽ ചെറുമാരുതന്റെ രംഗപ്രവേശം..! വിദൂഷകവേഷത്തിൽ.. വീണ്ടുമൊരു താണ്ഡവം പിന്നെ മിഴിയടയുംവരെയൊരു താരാട്ട്.... അതേ ഇടവപ്പാതിമഴകൾ താരാട്ടാണ്... താരും തളിരും കുളിരുമ്പോൾ വൃണിതമനങ്ങൾക്കുപോലും കുളിരേകുന്ന താരാട്ട്. Sree. 07.7.24

ലളിതഗാനം

Image
ഏകാന്തതയുടെ തീരത്തിരുന്നൊരു ഭാവഗായകൻ പാടുന്നൂ..... കല്പനയേകിയ കർണ്ണികാരങ്ങൾ മൊട്ടുകരിഞ്ഞതിൻ ദു:ഖഗാനം.... (..............ഏകാന്തതയുടെ) ശുദ്ധമാമൊരു വെൺപ്രതലത്തിൽ ചിത്രണമറിയാത്ത ഗായകൻ പുഷ്പതല്പങ്ങളിൽ മയങ്ങും മനസ്സിനെ തൊട്ടുണർത്താനറിയാതെ.... (..............ഏകാന്തതയുടെ) മുന്തിരിനീരിൻ  ലഹരികടഞ്ഞത് ചുണ്ടുകളിൽ പകരാതെ... രുദ്രാക്ഷമണി,  എണ്ണുംമനസ്സുമായ് ദുഖഗാനം പാടുന്നു.. (..............ഏകാന്തതയുടെ)

മിന്നാമിനുങ്ങ്

Image
# പണ്ട് പിണങ്ങിപ്പോയ  ഒരുപിടി സ്വപ്നങ്ങളുണ്ട്.. മനസ്സിന്റെ മഞ്ചലൊഴിഞ്ഞ് കാരപ്പടർപ്പനും കരിനൊച്ചിയും ഇണചേരുന്ന ഇടവഴിയിലൂടെ നിശ്ശബ്ദം തേങ്ങലടക്കി, പണ്ടേ പോയ്മറഞ്ഞതാണവ. കുന്നോളമുരുട്ടിക്കയറ്റിയ പ്രണയസ്വപ്നങ്ങളിൽ ഒരു കണ്ണീർമഴ പെയ്യിച്ച് അവളകന്നനാളിലാണത്. നനഞ്ഞടർന്ന  പ്രണയവർണ്ണങ്ങളെല്ലാമെടുത്ത് നിലാവില്ലാത്ത രാത്രികളിൽ പൂവാംകുരുന്നിലകളുടെ ഇടയിലിണചേരുന്നുണ്ടവയിന്നും... പിന്നെ തൂവെളിച്ചം മിന്നിച്ച് ഗതകാലത്തിലേക്ക്  ക്ഷണിക്കുന്നുണ്ടെന്നെ..  താപമാറാത്ത മനമുണ്ടിനിയും.. പ്രണയമൂറിപ്പോയ തടയണകളിലെ പരൽമീനുകൾ പുതിയ ഉറവകളില്ലാതെ, തെളിനീരില്ലാതെ വാപിളർന്നു ചത്തിട്ടും, നിലാവുദിക്കാത്ത രാവുകളിലെ നുറുങ്ങുവെട്ടങ്ങളുടെ രതിക്രീഡകൾ കണ്ടിരിക്കാനെന്തുരസം. അവയൊക്കെയെന്റെ  പിണങ്ങിപ്പോയ പ്രണയസ്വപ്നങ്ങളുടെ  പുനർജ്ജനികളായതുകൊണ്ടുതന്നെയെന്നത് സത്യം . #sree.ഇ

ഭൂമിപ്പെണ്ണ്

Image
പോക്കുവെയിൽ പൊന്നുരുക്കി പെണ്ണതുതൊട്ടൊരു പൊട്ടുകുത്തി.... പൊട്ടുനനഞ്ഞതിൽ പൊൻവെളിച്ചം പെണ്ണിൻമുഖമാകെ പൊന്നുവർണ്ണം പൊന്നു കടംകൊണ്ട് വാനിലൊരുസൂര്യൻ പെണ്ണതുകണ്ടു മുഖം കറുത്തു.. പൊന്നുടൻ പെണ്ണിനു നൽകി മറഞ്ഞവൻ ഖിന്നയായാകാശമിരുളുവാങ്ങി. പെണ്ണുടനവളുടെ വാർമുടിയിൽനിന്നു മുല്ലപ്പൂവാകെ കുടഞ്ഞെറിഞ്ഞു പൂപറന്നയ്യയ്യാ രാവിന്റെ കമ്പള മേലുടുപ്പാകെ പരന്നുനിന്നു.. കാർനിറവർണ്ണത്തിൽ വെള്ളിക്കുരുപ്പിന്റെ, ചേലുകാണാൻ ചന്ദ്രനോടിവന്നു ചേലുനിറഞ്ഞു വഴിഞ്ഞൊരു വെട്ടത്തിൽ പെണ്ണുചിരിച്ചു കുഴഞ്ഞുനിന്നു. പെണ്ണുചിരിച്ചൊരു നേരമതാ വിണ്ണിൽ പിന്നെയും വന്നൊരു പൊന്നുസൂര്യൻ പെണ്ണു കെറുവിക്കാൻ നിന്നില്ലയന്നേരം പൊൻവെയിൽ പെണ്ണിനു പൊന്നുനൽകി. #ശ്രീ

പ്രണയനം

Image
കണ്ടതില്ലെന്ന് നീ പേർത്തു കേഴിടും കണ്ണനെന്നുമടുത്തുവന്നീടിലും കണ്ടിരിക്കിലുമൊന്നും മതിവരാ, കള്ളനാണവൻ പണ്ടേ കുറുമ്പനും. കണ്ണനിന്നവൻ നിൻ ചാരെവന്നിട്ട് ചെമ്മെ നിൻ പിൻകഴുത്തു നുകർന്നിടെ, മന്ദമാരുതനെന്നു നിനച്ചുനീ മെല്ലെ വസ്ത്രാഞ്ചലംകൊണ്ടുമൂടവേ, കള്ളനെന്തിനോ ചെല്ലുപരിഭവ- ക്കൂറണിഞ്ഞു മറഞ്ഞതുമായിടാം.. നന്നെ നീമറച്ചീടിലും നിൻതനു പണ്ടുപണ്ടേയവൻ കണ്ടതോർക്ക നീ വസനമേതും കവർന്നവൻ പണ്ടൊരു വടതരു മുകളേറിയതോർക്കണം. കട്ടെടുത്തന്നു നിൻ നറുവെണ്ണപോൽ ശുദ്ധമാമുടൽ ലാവണ്യമൊക്കെയും ഒട്ടുലാസ്യം കലർന്നതിൽപിന്നെനീ- യിത്രനാളുമാസ്പർശനം തേടവേ ഒട്ടവൻവന്ന നേരമിതെന്തിനായ് മുറ്റുമോദം മറച്ചു മറയുന്നു. കണ്ണുപൊത്തി പരിഭവം കൂറുന്നു. #ശ്രീ .

വെയിലുതിന്നുമ്പോൾ

Image
തണലിനും ചുങ്കമുള്ളപ്പോൾ നിഴലുവേണ്ടെന്ന് വയ്ക്കുന്നു പകൽ.! പകലിനു പരിധിയുള്ളപ്പോൾ വെയിലു കൊള്ളുന്നിരുൾ... കാറ്റുവലയ്ക്കുന്നുണ്ട് പായ് വഞ്ചിയൊന്നിനെ കാറ്റുപിടിക്കാത്ത കനവുകളതിൽ.... പ്രകൃതി.....!!. കാഴ്ചകളെ മുൻധാരണകളുമായി ഇണക്കിക്കൂട്ടുന്നു ചിലർ നിഴലിനെ നിനയ്ക്കുന്നവർ വെയിലുതിന്നുന്നവന്റെ നോവറിയാത്തവർ നിഴലിൽ തണൽകൊള്ളുന്നു ഇരുളുവോളം ഇരുളുകൂടുമ്പോൾ കൂരായണ....!!.
Image
വിഷു വന്നുപോകുന്നു നാളിൽ നാളിൽ കണി മലരൊന്നു പൂക്കുന്നു നീളെ നീളെ.. കിളിവന്നുപാടുന്നു കാതിനോരം വരുംവിഷുവിലും നാമിതുപോലെയാകാം. ഒരുവേള വേനലിൻതാപമേറി കണി മലരുകൾ വാടിയിലന്യമാകാം വിഷുപ്പക്ഷിയുമീണം മറന്നുപോകാം പകൽ പതിയേയിരുണ്ടുകറുത്തുപോകാം... ഒരു വെയിൽതിന്നു ഞാൻ ദൂരേ മറഞ്ഞിടാം ഒരുനിലാവിൽ നീയിരുണ്ടുപോകാം നിഴലുകൾ നമ്മളെ വിട്ടുപോയീടാമീ പതിവുകളിൽ നമ്മളന്യരാകാം... അറിയുനീയെങ്കിലുമതുവരെഞാൻ അമരത്തുതന്നെയിരിക്കിലുമെന്നുടെ അണിയത്തുനീമാത്രമായിരിക്കും വഞ്ചി കരകാണാക്കടലിൽ തുഴഞ്ഞിടുമ്പോൾ.....
Image
ഒന്നുപൊഴിഞ്ഞിടൂ.. (#ആകാശവാണ്_ഏപ്രിൽ15ന്_സംപ്രേഷണംചെയ്യുന്ന_എന്റെഗാനം ഒന്നു പൊഴിഞ്ഞിടൂ നെഞ്ചിലേക്കീയിളം പൊൻവെയിൽ മാഞ്ഞിടും മുമ്പേ.... പണ്ടേ കൊതിച്ചതല്ലേനിന്റെ ചെങ്കവിൾ  കുങ്കുമരാശിയിലൊന്നു തൊടാൻ ചന്ദനനെറ്റിയിലൊന്നുതൊടാൻ.... [ഒന്നുപൊഴിഞ്ഞിടൂ...... ] സന്ധ്യാംബരത്തിന്റെ  പൊൻനിറം ചാഞ്ഞുനിൻ വെൺ കപോലങ്ങളിൽ തങ്ങി നിൽക്കേ. അന്നേ കൊതിച്ചുഞാൻ നിൻതിരുനെറ്റിയിൽ പൊൻതിലകക്കുറിയായിമാറാൻ ജീവസ്പന്ദനം നീ മാത്രമാകാൻ... [ഒന്നുപൊഴിഞ്ഞിടൂ.....] പാരിജാതം പൂത്തപൂമണം കട്ടൊരു ഈറൻനിലാവു വിളിപ്പുനമ്മെ കൂടേയണയുമോ ദൂരേപനിമതി പാലൊളിമിന്നുന്ന കാഴ്ചകാണാൻ വാകപൂക്കും കാവിലൊന്നുപോകാൻ... [ഒന്നു പൊഴിഞ്ഞിടൂ....] ©️Sreekumarsree

നിഷേധക്കാഴ്ചകൾ

Image
പ്രതിധ്വനികളില്ലാതെ വാക്കുകൾ മരിച്ചയിടത്താണ് നിശ്ശബ്ദത ആരംഭിച്ചത്... ചില നിശ്ശബ്ദതകളെന്നിൽ പെരുമുഴക്കങ്ങളാണ് തീർക്കുന്നത്.... ഇന്നലെ മരിച്ചുപോയവനെന്ന്  മുദ്രണംചെയ്തടക്കിയയിടങ്ങളിൽ ഇന്നൊരു മണ്ണുമാന്തികൈ, തേടുന്നുണ്ടടക്കംചെയ്ത മനസ്സുകൾ, ഒരുപാട് പകരുവാനും  പറയാതെപോയതറിയിക്കാനും...! അതേ ഇപ്പോഴും  ചില മരണങ്ങളിൽ ഞാൻ  നിഷേധിയുടെ നോട്ടമാണ് മണക്കുന്നത്.. അവശേഷിക്കുന്ന നോട്ടങ്ങൾ  ദൈന്യതമുറ്റിയ മുത്തുകളല്ല, ദീനതയുടെ തിമിരംമൂടിയ വെറും വെളുപ്പു കുമിളകളാണവ, എന്റെ കാഴ്ചയിൽ.... ഒരുപക്ഷേ എന്റെ കാഴ്ചയുടെ പോരായ്മയാവാമത്.... ©️Sree. 

ഗൃഹപാഠം_മറന്നവൻ

Image
നീലപ്പുകച്ചുരുളുകളുടെ ചുരുൾകുരുക്കിലൊന്നിൽ മകൻ തൂങ്ങിയാടിയപ്പോഴാണ് നീയെന്നെ വിരൾചൂണ്ടിയത്.... ആറിഞ്ചു വെട്ടത്തിലെ നീലത്തടാകത്തിൽ മകൾ മുങ്ങിമരിച്ചനാളാണ് നീയെന്ന ഭർത്സിച്ചത്.. വിരലഗ്രങ്ങളിലൂടൊഴുകിയ ചാറ്റൽമഴ നനഞ്ഞാണ് നിനക്കെന്നെ നിഷേധിക്കാൻ ഊർജ്ജമേറിയതെന്നറിയാതെ ഞാൻ, ദിനരാത്രങ്ങളളന്ന- ജീവിതയാത്രയിലായിരുന്നു... മകനൊരു മഴക്കാടു തീർത്തതും മകളൊരുമ്പെട്ടൊരു കടലു കടഞ്ഞതും ഇടയിലെപ്പോഴോ... നീ നിനക്കായൊരു ദ്വീപ് തീർത്തതും അറിയാതെപോയത്..... കൈകുഴഞ്ഞൊരു നാവികാഭ്യാസിയാണ്  ഞാൻ, ഗൃഹനാഥൻ... നിങ്ങളുടെ ദൂരത്തിലേക്കെത്താൻ തണ്ടൊടിഞ്ഞൊരു പങ്കായം ബാക്കി. എന്റെ വഞ്ചിപ്പാതയിൽ നീർച്ചുഴികൾ തീർക്കയാണ് നീയിന്ന്.. ബർമുഡ ഡ്രയാങ്കിളിലാണ് ഞാൻ ഭൂപടം നഷ്ടമായ യാത്രക്കാരൻ.... പിന്നോട്ടോടുന്ന യന്ത്രസാമഗ്രികളില്ലാത്ത ജീവിതയാനത്തിലാണ് ഞാൻ, മുങ്ങിയമരലാണിനി വേണ്ടത് തിരുശേഷിപ്പുകളില്ലാതെ. #ശ്രീ...

എന്റെപ്രായം_ചോദിക്കരുത്

Image
ഞാനിപ്പോൾ മച്ചിലെവിടെയും മാറാലതൂക്കാറില്ല.. തലതൂക്കിപക്ഷികൾക്ക് ഇപ്പോൾ എന്നെ ഭയവുമില്ല. ഭയമില്ലെങ്കിലും ബഹുമാനമുണ്ടെന്ന് അവർ ഭാവിക്കുന്നുണ്ട്.. മക്കൾ, അവരിപ്പോൾ നല്ല അഭിനേതാക്കളാണ്. ഒരുവിളിയിൽ ഒതുങ്ങിയടുത്തെത്തു- മായിരുന്നവൾ കൈയ്യാലപ്പുറത്തെ പരദൂഷണവട്ടത്തിലാണ് വിളികേൾക്കാറില്ലെപ്പൊഴും ചെകിടിയായത്രെ..! കണ്ണട പതിവായി കള്ളം കാണിക്കുന്നുണ്ടാവാം പത്രത്താളിലെ നല്ല വാർത്തകളെ അതു മറച്ചുപിടിക്കുന്നു. രോഗങ്ങളും സൗഹൃദവും ഒരുപോലെയാണ്... ചെറിയ സൗഹൃദങ്ങൾ പെട്ടെന്നവസാനിക്കുന്നു.. വലിയ സൗഹൃദങ്ങളും പെരിയ രോഗങ്ങളും കൂട്ടുകൂടിയാൽ ഒടുക്കംവരെ കൂടെക്കാണും.  അതുമാത്രമാണെന്നും കൂട്ട്.  Sree. 

മഞ്ഞവെയിൽപ്പെയ്ത്ത്

Image
സായാഹ്നത്തിന്റെ മഞ്ഞവെയിൽ.... അതെന്റെ പുറംചുവരുകളെ, അലങ്കരിക്കയായിരുന്നു, ഇന്നലെയോളം... ! അകത്തുവരാതെ ഞാനെന്റെ ജാലകത്തെ ബലപ്പെടുത്തിയിരുന്നെന്നും വാതിൽപ്പുറങ്ങളിലേക്ക് ഞാനൊന്നു ചൂഴ്ന്നുനോക്കുകപോലുമുണ്ടായില്ല. അകംതീണ്ടിയിന്നത്..! ഇണചേർന്നെന്നിലത്...! എട്ടുകാലിപ്രണയംപോലെ..! ആൺചിലന്തിയായി പരിണമിച്ചിരുന്നാദ്യമേ ഞാൻ.. പുറംതോട് മാത്രം ബാക്കി; ശിഷ്ടപിണ്ഡവൃത്തിക്ക്.. #Sree

ന്യൂജൻ_റിമൈൻഡർ

Image
. "ഇന്ന് നമ്മൾ കണ്ടെത്തിയ ദിനമാണ്... ഈ ദിനം നമ്മുടെ ദിനമാണ്..".. അവൻ അവളുടെ കാതിൽ മൊഴിഞ്ഞു... "അതെ.. ഇതു നമ്മുടെ പ്രേമ സാക്ഷാത്കാരത്തിന്റെ നളാണ്.. ഇതു നമ്മൾ ഒരിക്കലും മറക്കരുത്..." അവന്റെ കണ്ണുകളിൽ നോക്കി അവളും പ്രതിവചിച്ചു... എല്ലാ വർഷവും ഈ ദിനം നമുക്ക് ആഘോഷിക്കാം മറക്കാതിരിക്കാം.. അതുപറഞ്ഞ് ഇരുവരും തങ്ങളുടെ ഫോൺ എടുത്ത് "ഗൂഗിൾ കലണ്ടറിൽ" അന്നത്തെ ദിനം Reminder സെറ്റുചെയ്തു.... ഫെബ്രുവരി 29 എന്ന തീയതി എങ്ങനെ എല്ലാവർഷവും  Remind ചെയ്യുമെന്നറിയാതെ GOOGLE CALENDAR ചിന്താവിഷ്ടനായിരുന്നു. ©️sree. 

പുഴ വരച്ചു....

Image
പുഴ വരയ്ക്കുമ്പോൾ അവളെന്ന് നാമം വേണം.. അവൾ പെറ്റ സൈകതങ്ങളും വരയ്ക്കണം. അവളിലൊത്തിരി നീർകിളികൾ നീന്തിത്തുടിക്കണം അവളിലായിരം താമരകൾ അതിലോലമാകണം.. അതിലൊരു വെൺതാമര അതിവിശിഷ്ടം...! പുഴ വരയ്ക്കുമ്പോൾ അവളിലാകാശം തെളിയണം.. അതിനതിരുകളിൽ തരുലതാദികളുടെ നിഴൽ, അവളിലലിയണം അതിലോലമൊരു പനിമതി... പുഴവരയ്ക്കുമ്പോൾ പുഴമാറിലാകെയും പുള്ളിവാലൻ മീനുകൾ..! പുഴയിലൊരു ചെറുതോണി പുഴയരുകിലൊരു പൂമരം. പുഴ വരയ്ക്കാനിരുന്നുഞാൻ വരതീർന്നു, നോക്കുവിൽ മുകളിലായ് വായ് വട്ടംകുറുകിയ ചേർപ്പുമായ് ചുവടിൽ മുന്നിഞ്ചിന്റെ ചുറ്റളവിലൊരുപുഴ.... പൂവില്ല പുള്ളിവാൽ മീനില്ല  പുഴയിലെ തോണിയിൽ പാട്ടില്ല പതിവായി പുഴയാകെ പൂക്കുന്ന നെയ്യാമ്പലും കുളിരില്ല തെളിനീരിനുറവയും കണ്ടില്ല പുഴവരയ്ക്കാനേറെ നിറവുമില്ല... പുഴവരച്ചിന്നുഞാൻ വരപൂർത്തിയായിതാ "ഒരുലിറ്ററളവുള്ള" തെളിവുള്ള പൂമ്പുഴ...!! തുണിസഞ്ചിക്കൂട്ടിലായ് ഒരുവലിയ പുഴയവൾ, ഇരുപതുകാശിന്റെ പുഴ സുന്ദരി..... (നാളെ…. ഞാനെന്റെ മണ്ണും മണമുള്ളകാറ്റും മധുവുള്ള പൂവും മനമൊത്തവീടും വരയ്ക്കുന്നുണ്ട് ഇത്തിരിക്കുഞ്ഞൻ ഓക്സിജൻ ബലൂണിനുള്ളിൽ) Sree. 3.2.24

സമർപ്പണം

Image
സമർപ്പണം "നമ്മൾ പഠിക്കണം നമ്മൾ പഠിക്കണം  ആദ്യക്ഷരം മുതൽ മേലോട്ട്.. തയ്യാറാകണമിപ്പോൾ തന്നെ ആജ്ഞാശക്തിയായ് മാറീടാൻ...." രണ്ടു പ്രായംചെന്ന അമ്മമാർ നാലു ചേച്ചിമാർ രണ്ടു ചേട്ടന്മാർ... ഞാൻ ചൊല്ലിക്കൊടുക്കുന്നതുകേട്ട് അവർ നല്ല ഇമ്പത്തിൽ ഏറ്റുപാടുമായിരുന്നു.. പക്ഷെ ഇത്രകാലമായിട്ടും അവരാരും ആജ്ഞാശക്തിയായി മാറാത്തത് എന്തുകൊണ്ടാവുമെന്ന് ഞാനിടക്കിടെ ആലോചിക്കാറുണ്ട്...  കഥ ഇന്നും ഇന്നലെയുമല്ല.. എന്റെ PDC (പ്രീഡിഗ്രിയും ഒരു ഡിഗ്രിയായിരുന്ന കാലം) കാലത്തേതാണ്. സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായിരുന്നു ഞാനും,.  മേൽവിവരിച്ച എട്ടുപേരായിരുന്നു എന്റെ ബെസ്റ്റ് സ്റ്റൂഡന്റ്..  ക്ലാസ്സുമുറി സ്റ്റൂഡന്റിൽ ഒരാളായിരുന്ന രമണിചേച്ചിയുടെ വീട്ടുമുറ്റവും. രമണിചേച്ചി ക്ലാസ്സിലെ മുറുക്കാൻ ചെല്ലമായിരുന്നു.. എപ്പോഴും മുറുക്കുന്ന സ്വഭാവമായിരുന്നു ചേച്ചിയുടേത്. 1989-90 കളാണ് എന്റെ നാട്ടിലെ കുന്ന്വോളിലെ (കുന്നുമുകൾ) ചെറിയൊരു കോളനിയിലാണെന്റെ ക്ലാസ്സ് . പേരുപോലെ വലിയ കുന്നിൻമുകളൊന്നുമല്ല ഞങ്ങളൊക്കെ അധിവസിക്കുന്നിടത്തെക്കാൾ അല്പംകൂടി ഉയര്‍ന്ന സ്ഥലമായതിനാലാണ് അങ്ങനെ പേരുപറയുക. ആഴ്ചയിൽ മൂന്ന് ദിനമാണ് ക്ലാസ്സ് അതായത് മ...
Image
തൊള്ളായിരത്തി ഇരുപത്തെട്ടിൽ, ശ്രീനാരായണഗുരു ഭൂമിവിട്ട കന്നി മാസത്തിൽ, നാറാപിള്ള കുഞ്ഞു അമ്മയ്ക്ക് പുടവകൊടുത്ത് അവളെ അയ്യാട്ടുമ്പിള്ളിയിലേക്ക് കൊണ്ടുവന്നു. മുമ്പ് ശ്രീനാരായണനെ പരി ഹസിച്ചതിനുള്ള ശിക്ഷ നാറാപിള്ളയ്ക്കു കൊടുക്കാൻ കാലം ചെറിയ കനലുകൾ ശേഖരിച്ചുവച്ചിരുഗന്നു. ആദ്യരാത്രി, വെറിപൂണ്ട് ആൺ നായ്ക്കളുടെ വെറുപ്പുളവാക്കുന്ന ഓലിയും ഒന്നിലേറെ നായകന്മാർ ഭോഗിച്ചുപേക്ഷിച്ച പെൺപട്ടികളുടെ ദയനീയമായ മോങ്ങലുകളും ഇടവിട്ടു കേട്ടുകൊണ്ടിരുന്ന ആ കന്നിമാസരാത്രി, കുഞ്ഞു അമ്മയോട് തന്റെ ലക്ഷണംകെട്ട മുഖത്ത് ശൃംഗാരം വരുത്തിക്കൊണ്ട് നാറാപിള്ള ചോദിച്ചു:  “കുഞ്ഞേ”,  താൻ വാങ്ങിവച്ചിരുന്ന കാശുമാലയിട്ട് കൂടുതൽ സുന്ദരിയായി ഇരുന്ന പുതുപ്പെണ്ണിനെ നാറാപിള്ള കുറ്റി വിരലുകൊണ്ട് തൊട്ടു:  “എന്റെ കാശല്ലാതെ, കുഞ്ഞിന് ഇഷ്ടം തോന്നണ എന്തെങ്കിലും എനിക്കൊണ്ടോ?” കയറ്റുകട്ടിലിൽ കണ്ണുപൊത്തിയിരിക്കുകയായിരുന്ന കുഞ്ഞു അമ്മ ഉടൻ പറഞ്ഞു:  “ഉം, എണ്ട്. “എന്താത്?”,  ആകാംക്ഷ പൊറാനാകാതെ നാറാപിള്ള അവളുടെ കൈകൾ പിടിച്ചു മടിയിൽ ചേർത്തു. കുഞ്ഞുഅമ്മയുടെ മുഖം തുടുത്തു. സ്വരം നനുത്തു.  “നിങ്ങടെ പേര്!” “ഏത്? നാറാപിള്ളാന്നോ?” “അല്ല, മുഴുപ്പേര്, കുഞ്ഞു അ...

നമ്മുടെമാത്രം പ്രണയം

Image
എന്തെന്നാൽ നീ മന്ത്രിച്ചതെന്റെ ഹൃദയത്തോടാണ് നീ ചുംബിച്ചതെന്റെ ആത്മാവിനെയാണ്.. മായുന്നില്ലയാ മുദ്രണം ദുരിതത്തിരമാലയിലും അകലുന്നില്ലയാസ്വനം എന്റെ കർണ്ണവരുതിക്കുമപ്പുറം.. എന്തെന്നാൽ നീ മന്ത്രിച്ചതെന്റെ മോഹങ്ങളോടായിരുന്നു നീ ചുംബിച്ചതെന്റെ ആവേശങ്ങളിലായിരുന്നു... "നമ്മുടെ പ്രണയം കടൽകാറ്റേറ്റു, തിരതൊടുന്നൊരു തിരമാലയല്ലായിരുന്നു.. ആയിരംതിരകളെ ഗർഭംചുമക്കുന്ന ആഴക്കടലായിരുന്നത്.." അതുകൊണ്ടാകണം ഒരുകുമ്പിൾ ജലത്തിലും നമ്മുടെമാത്രം പ്രണയത്തിന്റെ ഉപ്പുരുചി,.. ഒരുചെറുകാറ്റിലും അതിനെപ്പൊഴും ജീവന്റെ ഉപ്പുമണം.... ©️Sreekumar Sree 16.07.2023

ബന്ധനമുക്തി

Image

ഭൂതകാലം

Image
ഭൂതകാലം ഭൂതകാലം ഒരു വേട്ടപ്പട്ടിയാണ്... ഓർമ്മ ചെല്ലുംചെലവും കൊടുത്തുവളർത്തുന്ന വേട്ടപ്പട്ടി... സന്തോഷത്തിന്റെ നിമിഷക്കുമിളകളെ ഒരു കുരയാലത് പൊട്ടിച്ചുകളയുന്നു... ആഹ്ലാദത്തിന്റെ നൂലിഴയെ പേപിടിച്ച ദ്രംഷ്ടങ്ങളാൽ മുറിച്ചുവിടുന്നൂ.... നൂൽപൊട്ടിയ പട്ടമാകിലും ദൂരേക്കൊരു കാറ്റാഞ്ഞുവീശിലും അതെന്നിലേക്കുതന്നെ കൂപ്പുകുത്തുന്നു.!! അതെന്നിലെന്തിനോ സ്വയമണിഞ്ഞ ചങ്ങലയാൽ ബന്ധനസ്ഥനാകുന്നു.  #sree. 26.10.22

മൂന്ന് ദിവസം മുമ്പ്.

Image
അവളിറങ്ങുന്നതിനുമുമ്പേ ക്ലിനിക്കിനു പുറത്തിറങ്ങി.. അവൾ ഫാർമസിയിൽനിന്നു മരുന്നുകൂടി വാങ്ങിയേ വരുകയുള്ളൂ.. അധികം മരുന്നൊന്നുമില്ല.. അല്പം വിറ്റാമിനുകൾ പിന്നെ ഓർമ്മകുറയാതിരിക്കാൻ എന്തെക്കെയോ...  "എന്തുകാര്യവും കഴിഞ്ഞ മൂന്ന് ദിവസമായതായാണ് എപ്പോഴും പറയുക.. മുമ്പൊക്കെ ഒരാഴ്ചയായിരുന്നു പറയുക...വയ്യായ്മ കൂടുകയാണോ ഡോക്ടർ... ?. അവളുടെ പരവേശം കണ്ടപ്പോൾ ചിരിയാണ് തോന്നിയത് . പക്ഷെ ഡോക്ടർ വളരെ ഗൗരവക്കാരനാണ് അയാളുടെ കാബിനിലിരുന്ന് ചിരിക്കാനാകില്ല.  " ഏയ് ഭയക്കാനൊന്നുമില്ല.. അൾഷിമേഴ്സിന്റെ തീവ്രതയൊന്നുമല്ല... എന്നാലൊട്ടു തുടക്കമല്ലെന്ന് പറയാനുമാകില്ല. പിന്നെ മൂന്നുദിവസം... അതു നിങ്ങൾക്ക് തോന്നുന്നതാകും ഒരുപക്ഷെ നിങ്ങളെ ഇദ്ദേഹം വിവാഹം ചെയ്തിട്ട് മുപ്പത് വർഷമാകില്ലേ.. അതതദ്ദേഹം മറന്നില്ലല്ലോ. .. അതുതന്നെ വലിയ കാര്യമല്ലേ"  ഡോക്ടർ അവളെ സമാധാനിപ്പിച്ചു.. എന്തെക്കെയോ വീണ്ടും പറഞ്ഞുതുടങ്ങിയപ്പോഴാണ് ഡോക്ടറുടെ കാബിൻ വിട്ടത്... കഴിഞ്ഞ "മൂന്നുദിവസംമുമ്പും" വന്നതാണല്ലോ... സ്ഥിരപല്ലവി കേൾക്കേണ്ട...   പുറത്ത് ചെരുപ്പുകൾ കൂടികിടന്നിടത്തുനിന്ന് ചെരുപ്പിലേക്ക് കാലുകൾ തിരുകികയറ്റി.. എന്തോ പന്...