ദൈവത്താരുടെ മണം
പ്രിയരെ ഒരു കഥ സമർപ്പിക്കുന്നു ...
#ദൈവത്താരുടെ_മണം
അകലെ വലിയ പാടത്തിനെ രണ്ടായിപിളർത്തി, തണുത്തു നീണ്ടുകിടക്കുന്ന പാതയിലൂടെ ഒച്ചവച്ച് മൂടൽമഞ്ഞിന്റെ വെളുത്ത പുതപ്പിലൊരു ഓട്ടയുണ്ടാക്കി ഒരു തീവണ്ടികൂടി കടന്നുപോകുന്നു... ഗ്രാമീണരുടെ സമയബോധിനികളിലൊന്നാണ് പുലർച്ചെ 6.15ന് പാണ്ടിനാട്ടിൽ നിന്നു പാഞ്ഞുപോകുന്ന ഈ തീവണ്ടി. അരുണകിരണങ്ങൾ മെല്ലെ ഈ ഭൂമിയെ തഴുകാനാരംഭിച്ചതേയുള്ളൂ... നെൽച്ചെടികളിലിറ്റുനിൽക്കുന്ന ജലകണങ്ങളുമായി സൂര്യാംശുക്കൾ കൂട്ടുകൂടി അവയുമായാണ് ഭൂമിയിലേക്ക് പതിക്കുന്നത്. പകൽവാഴുന്നവന്റെ പൂർണ്ണാധിപത്യത്തിനു ഉപാദിരഹിത വിധേയനായി തൂമഞ്ഞിന്റെ നേർത്ത ആവരണം പ്രകൃതിയിൽനിന്ന് നിഷ്ക്രമിച്ചുതുടങ്ങുമ്പോൾ, കിഴക്കുദിക്കിൽ നിന്ന് ഒരു പകൽ വളരുകയാണ്.... ഗ്രാമഭംഗിയിലേക്ക്.
വയൽവരമ്പ് പുരോഗതിയെ വരവേറ്റ് ചെറിയ റോഡായി മാറിയതാണ്. ഇരുവശവും കറുകയും തിരുതപ്പുല്ലും കാട്ടിഞ്ചിയും വളർന്ന ചെറിയറോഡിന് നിശ്ചിത അകലത്തിൽ കാവൽഭടന്മാരെപ്പോലെ വഴിവിളക്കുതൂങ്ങിയ ഇലക്ട്രിക് പോസ്റ്റുകളുമുണ്ട്....
ചെറിയറോഡ് അവസാനിക്കുന്നതിന്നുമുമ്പാണ് റെയിൽവേ ഗേറ്റ്.. കേരളാ ബോർഡറിലെ അവസാനത്തെ ഗേറ്റാണ്... ഒറ്റവരി റെയിൽപാതയാണിത്... തിരക്കുകുറഞ്ഞ railwaygate. ഇരട്ടവരിപ്പാതയുടെ പണിയും പുരോഗതിയിലാണ്.. പാർശ്വങ്ങളിലെ വയലുകളെ മണ്ണിട്ടുമൂടി ഒരുവരിപ്പാതകൂടി ഉടനെ ആരംഭിക്കുന്നുണ്ട്.
മൂന്ന് വർഷമാകാറായി ഇവിടെ Track Maintenar എന്ന ഔദ്യോഗിക വേഷത്തിൽ വന്നിട്ട്.. ആദ്യത്തെ പോസ്റ്റായിരുന്നു ഇതുവരെ മാറ്റം വന്നില്ല അല്ലെങ്കിൽ മാറ്റത്തിന് അപേക്ഷിച്ചില്ല എന്നതാണ് സത്യം. എന്തുകൊണ്ടോ ഈ ഗ്രാമവും ഇവിടുത്തെ ആവാസവ്യവസ്ഥയുമൊക്കെ മനസ്സിനിണങ്ങിപ്പോയി, പിന്നെ യന്ത്രമുരൾച്ചതിങ്ങിയ നാട്ടിലേക്ക് മടങ്ങിപ്പോകാൻ പ്രത്യേക കാരണങ്ങളൊന്നുമില്ലല്ലോ...!
സ്വസ്ഥമാണിവിടം. ശാന്തം.
ചന്ദനവല്ലിയും സുഗന്ധിയും പതിവുപോലെ ഉപചാരഭാവത്തിൽ ചിരിച്ചു കടന്നുപോയി... ഒപ്പം അവരുടെ വസ്ത്രാഞ്ചലങ്ങളിൽ നിന്നെന്നവണ്ണം അല്ലെങ്കിൽ കൈകളിൽ കരുതിമടക്കിയ ഇലക്കീറിനുള്ളിലെ പ്രസാദചന്ദനത്തിൽനിന്ന് ഒരു സുഗന്ധവും...
വന്നനാൾ മുതൽ കാണുന്ന കാഴ്ച... പതിവായി പാടത്തിനക്കരെയുള്ള പഞ്ചിയമ്മൻ ക്ഷേത്രത്തിലേക്കാണ് ചന്ദനവല്ലിയും സുഗന്ധിയും പോയിവരുന്നത്. Gate കടന്ന് മുന്നിലൂടെ പോകുമ്പോൾ ചന്ദന ഒന്നു പുഞ്ചിരിക്കും സുഗന്ധി ചേച്ചിയുടെ പുറകിലൂടെ ഒന്നുനോക്കും കണ്ണുകളിൽ പ്രകാശമാണവൾക്ക്... പക്ഷെ പെട്ടെന്ന്തന്നെ മുഖം ചേച്ചിയുടെ പിന്നിലേക്ക് താഴ്ത്തി നടന്നുപോകും എന്നാലും അവൾ കണ്ണുകൾകൊണ്ടാണ് പുഞ്ചിരിക്കുന്നതെന്നത് സത്യം.
"കണ്ണുകൾ കൊണ്ട് ഒരു പെണ്ണിന് ഇത്ര മനോഹരമായി പുഞ്ചിരിക്കാനാകുമോ... ആകുമെന്ന് ആദ്യമായി മനസ്സിലായത് സുഗന്ധിയുടെ നോട്ടത്തിൽ നിന്നാണ്."
ഒരു സുപ്രഭാതമോ ശുഭരാത്രിയോ "ഹലോ" എന്ന പദമോ ഈ ഗ്രാമവാസികൾ പറഞ്ഞുകേട്ടതായി ഓർമ്മയില്ല. പക്ഷെ അവർ അതിലും മനോഹരമായി പുഞ്ചിരിക്കും. അവരുടെ കണ്ണുകളിൽ സദാ സഹവർത്തിത്വവും കരുണയുമൊക്കെ പ്രകടമാണ്.. ആത്മാര്‍ത്ഥതയും.
"നല്ല കുട്ടികളാ സാറേ... എണ്ണക്കറുപ്പ് ശരീരത്തിനാ അകം നല്ല വെളുപ്പാ ആശാന്റെ മക്കളാ.. നല്ലവരാ.."
Railway gate നടുത്ത് ചായപീടിക നടത്തുന്ന മണിയനാ ചന്ദനവല്ലിയെയും സുഗന്ധിയെയും കുറിച്ച് പറഞ്ഞത്. "ആശാന്റെ മക്കളല്ലേ.. വളർത്തുദോഷം വരില്ലാത്രെ" അവരുടെ അച്ഛനെ എല്ലാവരും ആശാനെന്നാണ് വിളിക്കുക ഒരുപക്ഷെ മണിയനുപോലും ആശാന്റെ ശരിയായ പേരറിയില്ലാന്ന് തോന്നുന്നു. ആശാൻ നല്ലൊരു തുന്നൽക്കാരനാണത്രെ.. ഗ്രാമത്തിന്റെ തുന്നൽക്കാരൻ.. തമിഴകത്തുനിന്ന് കുടിയേറിയതാണ്. ഇപ്പോൾ പ്രായം കാഴ്ചയേയും ആരോഗ്യത്തെയും ബാധിച്ചതിനാൽ പഴയതുപോലെ പണിയെടുക്കാൻ വയ്യാണ്ടായി.
മണിയൻ പറഞ്ഞത് സത്യമാണ് കറുത്തനിറമാണവർക്ക് പക്ഷെഒരു ഗ്രാമത്തിന്റെ വിശുദ്ധിയുടെ പ്രതീകംപോലാണ് ആ രണ്ടുപേരും കടന്നുപോകുമ്പോൾ തോന്നാറുള്ളത്. അവർക്കൊപ്പം ആ സുഗന്ധവുമുണ്ടാകും എപ്പോഴും.. എള്ളിൻ കറുപ്പിനകത്ത് തുമ്പപ്പൂവിന്റെ ചന്തം പോലാണ് അപൂർവ്വമായെങ്കിലും അവർ ചിരിക്കുമ്പോൾ വേദ്യമാകുക.
"നല്ല പഠിപ്പുണ്ട് സാറെ കുട്ട്യോൾക്ക്,.. ഗവർമെന്റ് ജോലിക്ക് ഒരുപാട് എഴുതണുണ്ട്.. പാവങ്ങൾ ഇതുവരെ ഒന്നും ശര്യായി വന്നില്ല. കുട്യോളുടെ കല്യാണപ്രായമായതില് ആശാനും ആധിയുണ്ടേ..; രണ്ടാളും ചെറ്യ വ്യത്യാസേ ഉള്ളൂ... ഓരോ പണികിട്ടാണ്ട് ആശാനെക്കൊണ്ട് കൂട്ട്യാ കൂടാത്ത പരുവമാ..."
ചുരുങ്ങിയ വാക്കുകളിൽ മണിയൻ ആ കുടുംബത്തിന്റെ കാര്യങ്ങളുടെ ഒരേകദേശ ചിത്രം പങ്കുവച്ചു.
ജോലി.. അതെത്രയും വേഗം കിട്ടട്ടെ ഞാനും പ്രാർത്ഥിച്ചു.
"ഇപ്പോൾ ഏതെങ്കിലും ലിസ്റ്റിൽ ഉണ്ടോ...?" സംസാരിക്കാനൊരു വിഷയം കിട്ടിയപ്പോഴാണ് അവരോട് സംസാരിച്ചത്..
"ഞാനൊന്നിലുമില്ല സാർ.. ഇവൾ ഒന്നുരണ്ടെണ്ണത്തിലുണ്ട്.. പക്ഷെ സംവരണമൊക്കെ കഴിഞ്ഞ് കിട്ടുമോ ആവോ.. പഞ്ചിയമ്മ തുണയ്ക്കണം" ചന്ദനവല്ലിയാണ് മറുപടി പറഞ്ഞത്. സുഗന്ധി തെല്ലു ചന്ദനയെ ചേർന്നുനിന്നു.
"ജോലി ശ്രമിച്ചാൽ കിട്ടും നന്നായി പരിശ്രമിക്കൂ.. ഞാനും പ്രാർത്ഥിക്കാം പഞ്ചിയമ്മയോട് രണ്ടാൾക്കുവേണ്ടിയും..." മറുപടി സുഗന്ധിയോടാണ് പറഞ്ഞത്. ആ കണ്ണുകളിലാകെ ഒരു പ്രകാശവും പരിഭ്രമവും നിഴലിച്ചുകണ്ടു. അവൾ ചേച്ചിയുടെ കൈത്തണ്ടയിലെ പിടിമുറുക്കി..
"വരട്ടെ സാർ.. " അതുപറഞ്ഞ് ചന്ദനവല്ലി നടന്നുപോയി പിടി വിടാതെതന്നെ സുഗന്ധിയും... കൂടെ കടന്നുപോകുന്ന ആ സുഗന്ധത്തിന്റെ അലകൾ ചുറ്റും അല്പനേരം തങ്ങിനിന്ന് അലിഞ്ഞുപോകുന്നു..
ഗ്രാമത്തിലെ പകലിരവുകൾക്ക് തീവണ്ടിയുടെ വേഗമില്ലാതിരുന്നു. ഗ്രാമീണരുടെ അയവാട്ടിനിൽക്കുന്ന പൈക്കളെപ്പോലെ ദിനങ്ങൾ പതിയെ മടിപിടിച്ച് കടന്നുപോയി. ദിനചര്യപോലെ സുഗന്ധിയും ചന്ദനവല്ലിയും തന്റെ ചിന്താമണ്ഡലത്തിൽ ചേക്കേറിയിരിക്കുന്നു. ദിനവും അവരെ കാണുക എന്നത് തന്റെ തന്നെ ആവശ്യംപോലെ എന്നുമുതലാണ് തോന്നിത്തുടങ്ങിയത്..? അറിയില്ല. പഞ്ചിയമ്മയെ തൊഴുതുമടങ്ങുമ്പോൾ വിശേഷദിനങ്ങളിൽ അവർ പ്രസാദം നൽകുക പതിവായി.
"ഈ പ്രസാദത്തിനെന്താ ഇത്രസുഗന്ധം... " ഒരിക്കൽ അവരോടുതന്നെ ചോദിച്ചു...
" പഞ്ചിയമ്മയുടെ മണമാണു സാർ.. അതുതാൻ ദൈവത്താരുടെ മണം" ചന്ദനവല്ലി പുഞ്ചിരിയോടെയാണ് മൊഴിഞ്ഞത്...
ദൈവത്താരുടെ മണം..!! ദൈവങ്ങൾക്കെല്ലാം ഇങ്ങനെ മണമുണ്ടോ.. !? അറിയില്ല, പക്ഷെ ഒന്നുറപ്പാണ് ഈ നാട്ടിലെ പഞ്ചിയമ്മയ്ക്കൊരു മണമുണ്ട്... ആ പ്രസാദത്തിനൊരു പ്രത്യേകമണമുണ്ട്... ആ മണം അവർക്കുമുണ്ട്, ചന്ദനവല്ലിക്കും സുഗന്ധിക്കുമുണ്ട് ആ മണം... അവരുടെ ദൈവത്താരുടെ മണം.
മാസങ്ങൾ പലതുകഴിഞ്ഞിട്ടും ഓരോ കൂടിക്കാഴ്ചയിലും സുഗന്ധിയുടെ കണ്ണുകളിലെ പരിഭ്രമത്തിന്റെ അലകൾ മാറിയിട്ടില്ല. ആ കണ്ണുകളിലേക്ക് നോക്കുമ്പോൾ സ്വച്ഛമായ ജലപ്പരപ്പിൽ അലസം നീന്തിനിന്ന ചെറുമീൻ ഭയപ്പെട്ട് തെന്നിത്തെന്നി മാറുന്നപോലെ അവളുടെ കൃഷ്ണമണികൾ കൺതടാകത്തിനുള്ളിലാകെ പരതിയോടുമായിരുന്നു. പരമാവധി മുഖംതരാതെ അവൾ കുനിഞ്ഞുപോകും പിന്നെ പിന്തിരിഞ്ഞുനോക്കും അപ്പോഴാണ് നെഞ്ചിലെവിടെയോ ഒരു ചെറുസ്പന്ദനമുണ്ടാകുക.
എന്തിനെന്നറിയില്ല... സുഗന്ധി എന്ന ചിന്ത തന്റെ ഏകാന്തതകളിലേക്ക് കൂട്ടുവരുന്നപോലെ... ഭൂതകാലത്തിന്റെ ഓർമ്മകളിൽ ഇരുണ്ടുപോയ തന്റെ അമാവാസികളിലേക്ക് അവളൊരു നെയ്ത്തിരികത്തിച്ചു നിൽക്കുന്നപോലെ.. !
ഏറെ ആലോചനകൾക്കു ശേഷമാണ് ഒന്നു തീരുമാനിച്ചത്.. പക്ഷെ ആരോട് പറയും... എങ്ങിനെ അവതരിപ്പിക്കും.. ഒരെത്തും പിടിയുമില്ല.. നഗരത്തിലാണെങ്കിൽ തടഞ്ഞുനിർത്തി ഒരു പെണ്ണിനോട് തനിക്കിഷ്ടമാണെന്ന് മുഖത്തുനോക്കി പറയാനാകും.. പക്ഷെ ഇവിടെ, ഈ വിശുദ്ധിയുടെ പകലുകൾ പെയ്യുന്നിടത്തെ, ദൈവത്താരുടെ മണംപേറിനടക്കുന്ന ഗ്രാമകന്യകയോട്.. അതും ഭയന്ന പേടമാനിനെപ്പോലെ പതുങ്ങുന്ന ഈ പെൺകുട്ടിയോട് മുഖത്ത് നോക്കി എങ്ങനെ അവതരിപ്പിക്കും... അതും അതെപ്പോഴും മൂത്തവളുടെ തണലിൽമാത്രം പ്രത്യക്ഷപ്പെടുമ്പോൾ ...? ഒരവസരമാണാവശ്യം.. സുഗന്ധിയുടെ മനസ്സറിയണം, ശേഷം അവളുടെ വീട്ടുകാരോട് ചോദിക്കാം... മനസ്സിലുറപ്പിച്ചു നടക്കാൻ തുടങ്ങിയിട്ടും ദിനങ്ങൾ കടന്നുപോകുന്നതല്ലാതെ ഒരവസരവും ഒത്തുവരുന്നില്ല...
പകലുകളിലെ ദർശനങ്ങളും ചന്ദനവല്ലിയോടുള്ള പതിവു കുശലങ്ങളും വിട്ട് മറ്റൊന്നുമുണ്ടായില്ല. ഗ്രാമത്തിന്റെ ദിനങ്ങൾ മാത്രം ആരോ ലിവർ ഉയർത്തുമ്പോൾ കടന്നുവരുന്ന തീവണ്ടിപോലെ വന്നുപോയിരുന്നു.
ഡ്യൂട്ടി ഓഫുള്ള ഒരു ദിവസമാണ് ചന്ദനവല്ലിയും സുഗന്ധിയും പഞ്ചിയമ്മയുടെ കോവിലിലെത്തും മുമ്പ് എത്തി, അവർ തൊഴുതുമടങ്ങിയ നേരം പതിയെ കുശലങ്ങൾ പറഞ്ഞ് അവർക്കുപുറകെ നടന്നത്.. പിന്നിലൂടെ നടക്കാറുള്ള സുഗന്ധി തന്റെ സാമീപ്യമുള്ളതിനാലാകും ചന്ദനവല്ലിയുടെ മുന്നിൽകയറി നടന്നു. ഒന്നും പറയാനാകുന്നില്ല.. രണ്ടുപേരോടും. പതിവുകുശലങ്ങൾ പോലുമാകാതെയാണ് മണിയന്റെ ചായപീടികവരെ എത്തിയത്.
തിരക്കുകളില്ലാത്ത പീടികയാണ്... സമോവാർ തിളയ്ക്കാൻ തുടങ്ങുന്നു..
" സാറിന് ആ കുട്യോളെ വല്യ ഇഷ്ടമാണല്ലേ..? " മണിയൻ വെട്ടിത്തുറന്നാണ് ചോദിച്ചത്.. പുഞ്ചിരിച്ചുകൊണ്ടാണ് അയാളെ അഭിമുഖീകരിച്ചത്...
"ഇളയവളയാ ഇഷ്ടം ല്യോ....? "
കൃത്യമായ അയാളുടെ ചോദ്യം പെട്ടെന്നുണ്ടായപ്പോൾ
സമോവറിലെ ജലത്തിന്റെ തീവ്രതയറിയാനിട്ടിരിക്കുന്ന നാണയത്തുട്ടിന്റെ വിറയൽപോലെ നെഞ്ചു പിടയ്ക്കാൻ തുടങ്ങി...
നിഷ്കളങ്കമായ മനുഷ്യരാണ് എത്ര പെട്ടെന്നാണ് തന്റെ മനസ്സയാൾ വായിച്ചത്.
ചായകൊണ്ടു വച്ചപ്പോൾ അയാളുടെ മുഖത്തുനോക്കി പിന്നെ ചുറ്റുമാരുമില്ലെന്നുറപ്പാക്കിയിട്ടാണ് പറഞ്ഞത്
" അതേ ചേട്ടാ... വെറുമൊരിഷ്ടമല്ല... കെട്ടിക്കേറ്റാനാ... പക്ഷെ അതൊട്ട് ആരോട് പറയാനാന്നാ.."
മണിയൻ പൊട്ടിച്ചിരിയോടെ അടുത്തിരുന്നു. പിന്നെ സാവകാശം പറഞ്ഞു.
" എന്റെ സാറെ.. ആശാൻ അവശനാണെങ്കിലും നല്ല എനജാതിയുള്ള ആളാ... തമിഴ്നാട്ടിലെ നല്ല കുടുംബക്കാരാ... ജാതീം മതോക്കെ നോക്കാതെ ആശാന് പറ്റില്ല.. ആനമെലിഞ്ഞൂന്ന് വച്ച് തൊഴുത്തിലേറ്റാനാവുമോ..? " അർദ്ധവിരാമത്തിനുശേഷം മണിയൻ തുടർന്നു... "ന്നാലും നമക്ക് നോക്കാം സാറേ.. ഞാൻ ആശാനോട് സംസാരിക്കാം.. സാറ് എനജാതീലൊക്കെ മുന്നിലല്ലേ... ? " മറുപടി പറഞ്ഞില്ല... എനജാതി.. എന്തുജാതി... ഉണ്ണാനുമുടുക്കാനും അല്ലലിത്താവനായിരിക്കണം മനുഷ്യനായിരിക്കണം. എനിക്ക് ജാതിതൊട്ടുകൂട്ടണ്ടാ... മണിയനോട് ഒന്നും പറയാൻ തോന്നിയില്ല പതിയെ എണീറ്റുപുറത്തിറങ്ങി.
പീടികയിലേക്ക് ആളുവരുന്നുണ്ട്..
"നമുക്കു നോക്കാം സാറേ മണിയനേറ്റു... പക്ഷെ സാറു കാത്തിരിക്കണം... മൂത്തവളിരിക്കുമ്പോൾ ആശാൻ സമ്മതിക്കുമോന്നാ..." മണിയൻ പിന്നിലെത്തി അടക്കം പറഞ്ഞു.
ഗ്രാമത്തിന്റെ പകൽ പതിവുപോലെ ഉറക്കംവിട്ടുണർന്നുവരുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്ത് മേയുന്ന കന്നുകാലികൾക്കൊപ്പം കൊറ്റികളും കാക്കകളും അകമ്പടിക്കാരപ്പോലെ അന്നംതേടിനടക്കുന്നു.. ഇരതേടലിനൊരു ധർമ്മമുണ്ട് പ്രകൃതിയുടെ ധർമ്മം. അതനുസ്യൂതം തടസ്സമില്ലാതിരിക്കുമ്പോഴാണ് അതിജീവനം വേണ്ടാതാകുന്നത്. പക്ഷെ മനുഷ്യൻമാത്രം തന്റെ ആർത്തിയാൽ എല്ലാം തകിടംമറിക്കുന്നു... ചിന്ത കാടുകയറിയപ്പോഴാണ് മറ്റൊരു കുറ്റബോധമുണ്ടായത്.. ഞാനും ഒരു നിയമം തെറ്റിക്കയാണോ... മണിയൻ പറഞ്ഞപോലെ ചേച്ചി പുരനിറഞ്ഞുനിൽക്കെ അനുജത്തിയെ വേൾക്കാൻ ശ്രമിക്കുക പരമ്പരാഗത നിയമങ്ങളെ തെറ്റിക്കയല്ലേ... ഓ അതില്ല ഞാൻ മനസ്സു തുറന്നെന്നേയുള്ളൂ... ഒത്തുവരുകയാണെങ്കിൽ ചന്ദനവല്ലിയുടെ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കാം.
ദിവസങ്ങൾ വീണ്ടും കടന്നുപോയി ഗ്രാമത്തിലെ വേനൽ പാടശേഖരങ്ങളെയാകെ വിണ്ടുകീറിയിട്ടു.. അവശേഷിച്ച ഇത്തിരിവെള്ളപ്പൊത്തുകളിലെ ചെളിക്കുഴികളിൽ പുള്ളിവാലൻമീനുകൾ അതിജീവനത്തിനായി ദീർഘസമാധിപൂണ്ടു. മനസ്സിലെ ചിന്തകളുടെ ആധിപേറുംപോലെ സൂര്യൻ തന്റെ സർവ്വാധിപത്യം ഗ്രാമത്തിനുമേൽ പ്രയോഗിക്കുകയാണെന്ന് തോന്നി.
"നമുക്ക് വഴിയുണ്ടാക്കാം സാറെ... ഞാനാശാനോട് ചെറുതായൊന്ന് സൂചിപ്പിച്ചിട്ടുണ്ട്. ഇതിപ്പോ മൂത്തവളാണേൽ നീക്കുപോക്കായേനെ.. വേനലുകഴിയട്ടെ.."
മണിയന്റെ ആശ്വാസവചനങ്ങളാണ്. അകട്ടെ അങ്ങിനെ... എന്നാലും മനസ്സൊന്നു തുറക്കാനായെങ്കിൽ.. അതിനൊരവസരംപോലും ലഭിക്കുന്നില്ല.. കാര്യങ്ങൾ അവരുടെ ചെവിയിലെത്തിയിട്ടുണ്ടോ... പ്രഭാതങ്ങളിലെ ദർശനങ്ങളിൽ ഭാവവ്യത്യാസങ്ങളൊന്നുമില്ല. ഇനി മണിയൻ കളവുപറയുകയാണോ... അതിനു തരമില്ല.
പതിവിലധികം നീണ്ട വേനലിന്റെ ഒരു പകലിലാണ് അവിചാരിതമായി southern Railway office ൽ നിന്ന് സന്ദേശമെത്തിയത്..
'സ്ഥലംമാറ്റമാണ്... രണ്ടോ മൂന്നോവർഷം കൂടുമ്പോഴുള്ള General Transfer.....! കർണ്ണാടകയിലാണ്.. അധികം ഉൾപ്രദേശമല്ലാത്ത ചെറിയൊരു സ്റ്റേഷനുസമീപമുള്ള ഒരു gate പോയിന്റാണ്.
ഡ്യൂട്ടിക്കിടയിലാണ് ചായപീടികയിലേക്ക് ഓടിപ്പോയത്... മണിയനോട് ആധിയോടെ പറഞ്ഞുനിർത്തി.
ഏറെ നേരം മണിയൻ ആലോചിച്ചിരുന്നു..
"സാറ് പേടിക്കണ്ട ഇന്ന് ഇരുട്ടട്ടെ പീടിക അടച്ചശേഷം ഞാൻ ആശാനെക്കാണാം.. എന്റെ അറിവിൽ ആശാന് സമ്മതമാ മൂത്തോളുടെ കാര്യം കഴിഞ്ഞേ പറ്റൂ... വൈകീട്ട് ഞാനാശാനെക്കാണാം.." മണിയൻ ആശ്വസിപ്പിക്കയാണോ.. പക്ഷെ സുഗന്ധിയോട് ഒരുവാക്ക്... ഒന്നു സംസാരിക്കാനെങ്ങനെ... പുലർച്ചെ ഷിഫ്റ്റ് കഴിഞ്ഞാൽ ഈ ഗ്രാമത്തോട് വിടപറയണം...
"അതുസാരമില്ല സാറെ നാളെ ഡ്യൂട്ടികഴിഞ്ഞ് നമുക്ക് കൊച്ചുങ്ങളോട് സംസാരിക്കാം.. ഓര് ക്ഷേത്രത്തിൽ പോയി വരുമ്പോൾ ഞാൻ വിളിക്കാം.. സാറ് സംസാരിച്ചിട്ട് പൊക്കോ.. ബാക്കിയൊക്കെ വഴിയേ സംസാരിക്കാം..." മണിയന്റെ ഉപാദികളിൽ മനസ്സു ശാന്തമായില്ല..
പാളങ്ങളിലൂടെ കടന്നുപോകുന്ന വണ്ടികളുടെ മുരൾച്ച നിലയ്ക്ക്ത്തപോലെ തലയിൽ മുഴങ്ങിനിന്നു. രാത്രി ഏഴരയ്ക്കുള്ള വണ്ടി കടന്നുപോയി.. ഗേറ്റുതുറക്കുമ്പോൾ മണിയന്റെ കടയിലേക്ക് നോക്കി അയാൾ പീടിക അടച്ചുകഴിഞ്ഞു.. പതിവിനു വിപരീതമായി അയാൾ വരമ്പുതാണ്ടി കിഴക്കുഭാഗത്തോട്ട് ടോർച്ച്തെളിച്ചുപോകുന്നു.. തീർച്ച സുഗന്ധിയുടെ വീടുനോക്കിയാകണം.. അയാൾ വാക്കുപാലിക്കുന്നു..
ഒരുപക്ഷെ ഈ ഗ്രാമത്തിലെ അവസാനത്തെ രാത്രിയാണിത്... ആകാശത്ത് അർദ്ധചന്ദ്രനുണ്ട്.. കുറച്ച് നക്ഷത്രങ്ങളും. പ്രതീക്ഷകൾ നിറഞ്ഞ മനസ്സുപോലെ ആകാശം. രത്നങ്ങൾകോർത്ത മാല ധരിച്ചപോലെ. അറിയാതെ ഒരു നെടുവീർപ്പുയർന്നു. നാളത്തെ ഇവിടുത്തെരാത്രി എനിക്കന്യമാണ്... ഇവിടുത്തെ ഒരു കൊച്ചുവീട്ടിൽ മനസ്സു ജാമ്യപ്പെടുത്തിയൊരു യാത്ര... അടുത്ത വണ്ടിയുടെ സിഗ്നലാണ് ചിന്തകളുടെ ചരടുപൊട്ടിച്ചത്.. 11.20ന്റെ വണ്ടിയാണ്..
വണ്ടി കടന്നുപോയിട്ടും ഒരു നിലവിളി മുഴങ്ങുന്നുണ്ടോ.. തോന്നിയതല്ല.. കിഴക്കുനിന്നാണ്. പെട്ടെന്ന് ഗ്രാമമുണർന്നപോലെ.. അവിടെനിന്ന് ആളും ബഹളവുമുണ്ട്.. ആരോ ഓടിവരുന്നുണ്ട്..
"ആശാനു വയ്യാണ്ടായി അക്കരയിലെ കാറുപിടിക്കാനാ.. ആശൂത്രീലെത്തിക്കണം... " ഓടിവന്ന ചെറുപ്പക്കാരൻ പറഞ്ഞുകൊണ്ട് പോയി..
മുന്നിൽ മണിയനുണ്ട്.. വേറെയും ചിലർ ചേര്‍ന്ന് ആശാനെ താങ്ങിയെടുത്തിരിക്കുന്നു. ആശാന്റെ ഭാര്യയും ചന്ദനവല്ലിയും സുഗന്ധിയുമുണ്ട് വേറെയും പലരും ടോർച്ചുകൾ മിന്നിച്ച് gate നടുത്തെത്തിയപ്പോഴേക്കും വടക്കുനിന്നൊരു കാറും എത്തി.
" നെഞ്ചുവേദന വന്നതാണ്... ആശൂത്രീലോട്ട് കൊണ്ടോവാ.. "
മണിയനോട് മറുപടി പറയാനില്ല.. കാറിലേക്ക് ആശാനെ കയറ്റാൻ കൂട്ടുനിന്നു മണിയനും അതിനകത്തേയ്ക്ക് കയറി, ഭാര്യയും കുട്ടികളും.
പിന്നിലേക്ക് നോക്കി... നിറമിഴികളോടെ.. സുഗന്ധി തലയുയർത്തിനോക്കി.. സങ്കടങ്ങളുടെ പെരുമഴ തന്റെ നെഞ്ചിലേക്കൊഴുകുംപോലെ... ഡോർ അടയ്ക്കുമ്പോൾ മണിയൻ കൈയിലൊന്ന് അമർത്തിപ്പിടിച്ചു തലകുലുക്കി... വണ്ടി ആശുപത്രി ലക്ഷ്യമാക്കിപ്പാഞ്ഞുപോയി... ആളുകൾ പിരിഞ്ഞു.
അടുത്തവണ്ടിയുടെ സിഗ്നലാണ് സ്വബോധത്തിലേക്ക് കൂട്ടിവന്നത്... ഇനി രണ്ടു വണ്ടികൾ കൂടിയുണ്ട് ശേഷം ഇവിടുത്തെ ജോലി അവസാനിക്കുന്നു. രണ്ടുദിവസമുണ്ട് മൂന്നാം നാൾ പുതിയ സ്ഥലത്ത് ചേക്കേറണം. പിന്നെ...?
കണ്ടതെല്ലാം കഴിഞ്ഞ രണ്ടുവർഷങ്ങൾ ഒരു സ്വപ്നമായിരുന്നോ... അല്ല അല്ല.. ഒരുപക്ഷെ ആണെങ്കിൽ ആ സ്വപ്നത്തിലൊരു സത്യമുണ്ട്.. സുഗന്ധി... അതുമാത്രം സ്വപ്നമല്ല. സത്യം മാത്രം.
***********
ദിവസങ്ങൾ പത്തുമുപ്പതു കഴിഞ്ഞു. പുതിയ ജോലിസ്ഥലം ഒരു അർദ്ധനഗരമാണ് എന്നിട്ടും രണ്ടുദിവസത്തേയ്ക്ക് ലീവ് കിട്ടാൻ, ഒരു പകരക്കാരനെ തരപ്പെടാനാകാത്തതിനാൽ താമസിച്ചുപോയി.. പഴയ ഗ്രാമത്തിൽ കാലുകുത്തിയപ്പോൾതന്നെ മനസ്സിലും ശരീരത്തിലും ഒരു തണുപ്പനുഭവപ്പെട്ടു. ഗ്രാമത്തിലെ വേനലവസാനിച്ച് മഴ തുടങ്ങിയിരിക്കുന്നു.. ഒരു ചാറ്റമഴയുമായാണ് മണിയന്റെ പീടികയിലേക്ക് ഓടിക്കയറിയത്.. പരിചിതമുഖങ്ങൾ പതിവുപുഞ്ചിരികൾ സമ്മാനിച്ചു... മണിയൻ പതിവുചായ കൊണ്ടുവച്ചു... മറ്റൊന്നും ചോദിക്കാനില്ല.. മണിയന്റെ മുഖത്തുനോക്കി.. അയാൾക്കറിയും നോട്ടത്തിലെ ചോദ്യം മണിയൻ മുഖംകുനിച്ചുനിന്നു. പഞ്ചിയമ്മൻ ക്ഷേത്രത്തിലെ പ്രഭാതപൂജാസമയമാണ്. സുഗന്ധിയുടെ വരവുപ്രതീക്ഷിച്ച് പുറത്തേയ്ക്ക് നോക്കി. ചുമലിൽ മണിയന്റെ കൈപടം പതിയെ അമർന്നു. അയാൾക്കൊപ്പം അയാൾ നിവർത്തിപ്പിടിച്ചകുടയ്ക്കുള്ളിലേറി പുറത്തുകടന്നു..
" അന്ന് രാത്രി ഞാനെല്ലാം ആശാനോട് പറഞ്ഞു.. ആശാന് വലിയ സന്തോഷമായിരുന്നു.. മൂത്തവളുടെ കാര്യത്തിൽ ഒരു തീരുമാനമാകുന്നതുവരെ കാത്തിരിക്കണമെന്നായിരുന്നു ആശാന്റെ ഡിമാന്റ്.. പക്ഷെ....." മണിയനൊന്ന് നിർത്തി വിദൂരതയിലേക്ക് നോക്കി...
"പക്ഷെ...? എന്തുപക്ഷെ..? എന്റെ ജാതീം കുലോമാണോ..? ഞാൻ മേനോനാണെന്ന് മണിയൻ പറഞ്ഞില്ലേ.. എന്തുകൊണ്ടും ഞങ്ങൾ പിള്ളമാരെക്കാൾ മേന്മയില്ലേ.."
ശ്വാസംവിടാതെ അത്രയും പറഞ്ഞുപോയി..
"അയ്യോ അതല്ല സാറെ .. ആശാന് തന്റെ മക്കളെ ഇഷ്ടത്തോടെ കൈപിടിക്കാനെത്തുന്നവന്റെ ജാതി ഒരു കാര്യമെ അല്ലായിരുന്നു... "
"പിന്നെന്താ പ്രശ്നം.. തുറന്നുപറ.."
"പ്രശ്നമൊന്നുമല്ല.. വിധി...അന്നുരാത്രി.. അതുപറഞ്ഞു ഞാൻ വീട്ടിൽ പോയശേഷമാണ് ആശാന് സുഖമില്ലാന്ന് ആരോ പറഞ്ഞറിഞ്ഞത്.. സാറിനോർമ്മയില്ലേ... ആ രാത്രി. ആ രാത്രി ആശുപത്രിയിൽ വച്ച് ആശാൻ മരിച്ചുപോയി അറ്റാക്കായിരുന്നു....."
ചെറിയ പാളങ്ങളെക്കുലുക്കി കടന്നുപോയ ചരക്കുതീവണ്ടിയുടെ ഒച്ചയിൽ മണിയന്റെ ശബ്ദം ഒലിച്ചുപോയതുപോലെ തോന്നി...... ഏറെനേരം ആ മഴയത്ത് അങ്ങനെ നിന്നു...
" കുട്ടികളോട് ഒന്നും പറയാനായില്ലെനിക്ക്.. ചടങ്ങുകൾ കഴിഞ്ഞുടൻ അവരുടെ അമ്മയുടെ ആളുകൾവന്ന് അവരെയെല്ലാം കൂട്ടികൊണ്ടുപോയി... കോയമ്പത്തൂരിലെവിടേക്കോ... വീടും പറമ്പും കിട്ടിയ വിലക്ക് ആധാരമാക്കി... "
മഴ ശക്തമാകുകയാണ്... മണ്ണിലേക്ക്... മരവിച്ച മനസ്സിൽ ഒരുവേനൽ കടുക്കുന്നു... അതിൽ നട്ടുനനച്ചൊരു ദേവതാരുവൃക്ഷത്തിന്റെ ശാഖോപശാഖകളിലുടെ വേനൽ തീമഴപെയ്യിക്കുന്നു.. ഇലകളും പൂക്കളും ശിഖരങ്ങളും കരിഞ്ഞ് തായ്ത്തടിക്ക് തീപിടിക്കുന്നു.. നിർവ്വികാരതയോടെ താഴേക്ക് നോക്കി.. വരമ്പിനുതാഴെ ചെറിയ തോട്ടിലൂടൊരു കുഞ്ഞുമീൻ ഒഴുക്കിനെതിരെ നീന്താനായുന്നു. ഒഴുക്കിന് ശക്തിയാകുമ്പോൾ സ്വച്ഛമായ ജലപ്പരപ്പിൽ അലസം നീന്തിനിന്ന ചെറുമീൻ ഭയപ്പെട്ട് തെന്നിത്തെന്നി മാറി പാർശ്വങ്ങളിലഭയം തേടുന്നു.. സുഗന്ധിയുടെ കൃഷ്ണമണികൾ കൺതടാകത്തിനുള്ളിലാകെ പരതിയോടുന്നപോലെ... പിന്നെവന്ന കുത്തിയൊലിപ്പിൽ ആ മത്സ്യം ഒഴുകിപ്പോകുന്നു..
"മഴ കനക്കുന്നു സാറേ, പീടികേലോട്ട് കേറാം... " ഭൂതകാലത്തിലെവിടെനിന്നോ എന്നപോലെ മണിയന്റെ ശബ്ദം... പതിയെ അയാളുടെ കുടവട്ടത്തിൽനിന്നിറങ്ങി പെരുമഴയിലേക്ക്... തീതിന്നുനീറിയ തായ്ത്തടിയിൽ മഴത്തുള്ളികൾ ശക്തിയായിപതിച്ചുകൊണ്ടിരുന്നു.. മഴ നിറകണ്ണിനെ മറച്ചുപിടിച്ചു. ഒരു പെരുമഴയെ ആവാഹിച്ച് നിത്യം പെയ്യാൻ നെഞ്ചിലടക്കിപ്പിടിച്ചുനടന്നു.. ഒരുവിടപറയൽപോലെ മഴ, സമാന്തരങ്ങളായ പാളങ്ങളിൽ ആർത്തലച്ചു പെയ്യാൻതുടങ്ങി. മഴയിൽ ആരോ ഉപേക്ഷിച്ച ഇലക്കീറിലെ പഞ്ചിയമ്മയുടെ പ്രസാദവും തെച്ചിപ്പൂവും നനഞ്ഞൊഴുകി... അതിലപ്പോൾ ആ മണമില്ലായിരുന്നു.. ദൈവത്താരുടെ മണം...
മഴകവർന്ന ആ മണം മനസ്സിലാവാഹിക്കാനാകാതെ നടന്നുകൊണ്ടേയിരുന്നു...
Sreekumar Sree. ©️ reserved.
Comments