മൂന്ന് ദിവസം മുമ്പ്.


അവളിറങ്ങുന്നതിനുമുമ്പേ ക്ലിനിക്കിനു പുറത്തിറങ്ങി.. അവൾ ഫാർമസിയിൽനിന്നു മരുന്നുകൂടി വാങ്ങിയേ വരുകയുള്ളൂ.. അധികം മരുന്നൊന്നുമില്ല.. അല്പം വിറ്റാമിനുകൾ പിന്നെ ഓർമ്മകുറയാതിരിക്കാൻ എന്തെക്കെയോ... 

"എന്തുകാര്യവും കഴിഞ്ഞ മൂന്ന് ദിവസമായതായാണ് എപ്പോഴും പറയുക.. മുമ്പൊക്കെ ഒരാഴ്ചയായിരുന്നു പറയുക...വയ്യായ്മ കൂടുകയാണോ ഡോക്ടർ... ?. അവളുടെ പരവേശം കണ്ടപ്പോൾ ചിരിയാണ് തോന്നിയത് . പക്ഷെ ഡോക്ടർ വളരെ ഗൗരവക്കാരനാണ് അയാളുടെ കാബിനിലിരുന്ന് ചിരിക്കാനാകില്ല. 

" ഏയ് ഭയക്കാനൊന്നുമില്ല.. അൾഷിമേഴ്സിന്റെ തീവ്രതയൊന്നുമല്ല... എന്നാലൊട്ടു തുടക്കമല്ലെന്ന് പറയാനുമാകില്ല. പിന്നെ മൂന്നുദിവസം... അതു നിങ്ങൾക്ക് തോന്നുന്നതാകും ഒരുപക്ഷെ നിങ്ങളെ ഇദ്ദേഹം വിവാഹം ചെയ്തിട്ട് മുപ്പത് വർഷമാകില്ലേ.. അതതദ്ദേഹം മറന്നില്ലല്ലോ. .. അതുതന്നെ വലിയ കാര്യമല്ലേ"

 ഡോക്ടർ അവളെ സമാധാനിപ്പിച്ചു.. എന്തെക്കെയോ വീണ്ടും പറഞ്ഞുതുടങ്ങിയപ്പോഴാണ് ഡോക്ടറുടെ കാബിൻ വിട്ടത്... കഴിഞ്ഞ "മൂന്നുദിവസംമുമ്പും" വന്നതാണല്ലോ... സ്ഥിരപല്ലവി കേൾക്കേണ്ട... 

 പുറത്ത് ചെരുപ്പുകൾ കൂടികിടന്നിടത്തുനിന്ന് ചെരുപ്പിലേക്ക് കാലുകൾ തിരുകികയറ്റി.. എന്തോ പന്തികേടുണ്ട്.. എന്താദ് പാകമാകാത്തപോലെയാണോ.. അല്ലല്ലോ... അതിന്റെ പുറകുവശത്തെ വള്ളിരണ്ടും പൊട്ടിയിരിക്കയാണല്ലോ.. !!!! 
കഴിഞ്ഞ "മൂന്ന് ദിവസത്തിനുമുമ്പ്" വാങ്ങിയതാണ് ഇത്രപെട്ടെന്ന് കേടായല്ലോ..." 

"ഇതെന്തുകൂത്താ.. ഇതാരുടെ ചെരുപ്പാണ് മനുഷ്യാ.. നിങ്ങളെക്കൊണ്ടുതോറ്റു.. ദേ ഇതാ നിങ്ങളുടെ ചെരുപ്പ്, അതുമാറ്റൂ.. അതു മറ്റാരുടെതോ ആണ്..."

 അവൾ തന്റെ വീട്ടിലുപയോഗിക്കുന്ന ചെരുപ്പുമായി നിൽക്കുന്നു.. ശരിയാണ് ചെരുപ്പ് മാറിപ്പോയി... വീട്ടിലിടുന്ന ചപ്പലുമായാണ് പോന്നത്...
എന്നാലും ഞാനെന്താ ചെരുപ്പ് മറന്നത്... അല്ലാ പുറത്തിടുന്ന ചെരുപ്പല്ലേ ഇടെണ്ടത്... മോശമായില്ലേ.. ദേ ഈ ചെരുപ്പ് കഴുകീട്ട് മൂന്ന് ദിവസമായി... 

"ഹൊ ഈ മനുഷ്യനെക്കൊണ്ടു തോറ്റു.. ദേ നിങ്ങളിട്ടിരിക്കുന്ന ചെരുപ്പ് രാവിലെ നിങ്ങൾതന്നെ കഴുകിയതാ... പിന്നെ നിങ്ങൾ വീട്ടീന്ന് ഇറങ്ങുമ്പോൾ ചെരുപ്പ് മറന്നതല്ല ഇതു മതീന്ന് നിശ്ചയിച്ചതാ.. " 
അവൾക്ക് ദേഷ്യം വരാൻ തുടങ്ങിയിട്ടുണ്ട്... അടുത്തുകണ്ട ഓട്ടോയിലേക്ക് കയറുമ്പോൾ എന്തോ പിറുപിറുക്കുന്നുമുണ്ട്... 

എനിക്കിപ്പോൾ ഓർമ്മക്കുറവുണ്ട് സത്യം.. പക്ഷെ ഈ ഓട്ടോ... മൂന്ന് ദിവസം മുമ്പ് ഇതിൽ തന്നെയല്ലേ വന്നത്..? സംശയം ഓട്ടോക്കാരനോട് പങ്കുവച്ചു.. 
" ഇല്ല സാർ.. ഞാൻ നിങ്ങളെ ആദ്യമായാണ് കാണുന്നത്" അയാൾ പറഞ്ഞവസാനിപ്പിച്ചിട്ടും വിശ്വാസം വരുന്നില്ല... "ഓർമ്മക്കുറവുണ്ട്.... ഓർമ്മക്കുറവുണ്ട്..."

 പറഞ്ഞത് അവൾ കേട്ടിരിക്കണം... 
"ദേ മനുഷ്യ നമ്മൾ മൂന്നു ദിവസംമുമ്പ് ഒരിടത്തും ഓട്ടോയിൽ പോയില്ല.. ഡോക്ടറെക്കാണാൻ വന്നതും മൂന്ന് ദിവസംമുമ്പല്ല.. ഒരുമാസം മുമ്പാണത്.. കൃത്യം മുപ്പതു ദിവസം മുമ്പ്.. ഒരു അൾഷിമേഴ്സുകാരൻ...!! ഡോക്ടർ പറഞ്ഞതുകേട്ടില്ലേ.. നിങ്ങൾക്കങ്ങനെ പ്രശ്നമൊന്നുമില്ല... നിങ്ങൾക്കാരോ മുന്നുദിവസംമുമ്പെന്നതിൽ കൈവെഷം തന്നിരിക്കുവാ.. മറ്റുള്ളവരെ പ്രയാസപ്പെടുത്താൻ..."
 
അവൾ പതിയെ പല്ലിറുമ്മിക്കൊണ്ടാണ് പറഞ്ഞത്.. 
അവൾക്കിപ്പോൾ ദേഷ്യമാണ്... എന്തിനും ഏതിനും മൂന്നുദിവസം മുമ്പും അവളെന്നോട് കയർത്തിരുന്നു... മക്കളും അങ്ങനെതന്നെ അവരും മൂന്നുദിവസംമുമ്പാണ് വന്നുപോയത്.  

ശരിയാണ് എനിക്കു കുഴപ്പമൊന്നുമില്ല. എത്ര കൃത്യമായാണ് ഓട്ടോക്കാരന് വീട് കാണിച്ചുകൊടുത്തത്... ആറാംമൈലുകഴിഞ്ഞ് വിനായകസ്റ്റോഴ്സിന്റെ ഇടത്തുകൂടിയുള്ള ഇടറോഡ്.. ഇറക്കമിറങ്ങിയാൽ രണ്ടാമത് റൈറ്റിൽ വീട്, പ്യൂവർ വൈറ്റ്പെയിന്റടിച്ച, മൂന്നാമത്തെ.. ഗേറ്റിന്റെ ഇടതുവശം മജന്റയും ഇളംമഞ്ഞയും വെള്ളയും ഇടകലർന്ന് നിറയെപൂക്കളുള്ള ബോഗൻവില്ലപടർന്ന വീട്... കൃത്യം. 

സായാഹ്നത്തിൽ ചായയും ബിസ്കറ്റുമായി സിറ്റൗട്ടിലിരിക്കെയാണ് മുന്നിലെ വഴിയിലൂടെ झाड़ू.... झाड़ू.... എന്നവിളിച്ചുകൊണ്ടു ഒരു ബംഗാളി ഒരുകെട്ടു ചൂലുമായി കടന്നുപോയത്... 
"ഇയാൾ മൂന്നുദിവസംമുമ്പും ഇതുവഴി പോയില്ലേ.. അപ്പോഴല്ലോ നിയൊരു നീലനിറത്തിലെ ചൂൽ മേടിച്ചത്...? ചോദ്യംകേട്ട് അവളൊന്നു നോക്കി.. പിന്നെ അല്പം പൊട്ടിത്തെറിച്ചുപോയി..
 " മനുഷ്യാ.. ഞാനൊരു... ചൂലും വാങ്ങിയില്ല രണ്ടുവർഷമായി ഈ വീട്ടിൽ ചൂലുവാങ്ങിയിട്ട്.. അതും ചുവപ്പുനിറം.. നിങ്ങൾതന്നെ ദേ അവിടുത്തെ വിനായകയിൽ നിന്ന് വാങ്ങിയത്... " അവൾ നീരസത്തോടെ പുറത്തേയ്ക്ക് നോക്കിയിരുന്നു. 

"നിയെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നത്.. എനിക്ക് ഓർമ്മ കിട്ടാഞ്ഞല്ലേ.. എനിക്ക് മറവികൊണ്ടല്ലേ.. മൂന്നുദിവസം മുമ്പ് ഡോക്ടറെ കാണാൻപോയപ്പോൾ...'"- മുഴുമിക്കുംമുമ്പ് അവൾ ചാടിവീണു...
 "മൂന്ന് ദിവസം മുമ്പല്ല ഇന്ന് ഇന്ന് രാവിലെയാണ് കാണാൻപോയത്.. നിങ്ങളോട് സ്നേഹത്തോടെ പെരുമാറണമെന്ന് ഡോക്ടർ പറഞ്ഞകാര്യമല്ലേ പറയാനുള്ളത്... അത് ഇന്നുമാത്രമല്ല എന്നും ഡോക്ടർ പഴയുന്നുണ്ട്.. ആണ്ടുമാസം തീയ്യതി മൂന്നുദിവസമാണെങ്കിലും ഡോക്ടർ പറഞ്ഞത് മറന്നില്ലല്ലോ.. ഭാഗ്യം... "

 കൈയിൽ ബാക്കിയിരുന്ന ചായ പുറത്തേയ്ക്ക് വീശിക്കളഞ്ഞിട്ട് അവൾ ചവിട്ടിക്കുലുക്കി അകത്തേയ്ക്ക് പോയി... പതിവുപുലമ്പലോടെ.. 

രാത്രി, ഗേറ്റുപൂട്ടി വീടും പൂട്ടി വായനാമുറിയിലെത്തി.. അപ്പൊഴേക്കും ഹാളിൽ അവൾ തുടങ്ങിയിരുന്നു... 

"ഈ താക്കോലുകൾ ഇവിടാണോ ഇടുന്നത്.. വേണ്ടാന്ന് പറഞ്ഞാലും പൂട്ടാനിറങ്ങും.. പൂട്ടിയോ ഇല്ലയോന്ന് വീണ്ടും നോക്കണം.. താക്കോലുകൾ എവിടേലും കൊണ്ടിട്ടാൽ രാവിലെ തുറക്കണ്ടായോ..?" 

എല്ലാം ഭദ്രമായി പൂട്ടിയതാ.. അവൾ വീണ്ടും പോയി പരിശോധിക്കുന്നു.. തുറക്കുന്നു പൂട്ടുന്നു.. മൂന്നുദിവസം മുമ്പ് ഒരു പൂട്ട് മറന്നുപോയി അതിനാണ് ഇന്നും ഈ പുകില്. 

രാത്രിയിൽ കിടപ്പുമുറിയിൽ അവൾ ഒരുവശം ചരിഞ്ഞ് ഉറങ്ങുകയാണ്.. പതിയെ കിടക്കയിലിരുന്നു.. അവളെ വിളിക്കുന്നതിനുമുമ്പ് അനക്കംതട്ടി അവളുണർന്നെണീറ്റ് ചോദ്യഭാവത്തിൽ മുഖത്തുനോക്കി...

"അത്.. എനിക്കിന്ന് ഗുളികകൾ തരാൻ മറന്നാണ് നീ കിടന്നത്.. അതുകൊണ്ടാ വിളിച്ചത്.. നിനക്കിപ്പോൾ നല്ല ഓർമ്മക്കുറവുണ്ട്.. മൂന്നുദിവസംമുമ്പും നീ ഇതുപോലെ..." 

"എന്റെ പൊന്നുമനുഷ്യാ.. നിങ്ങൾ വായിച്ചുകൊണ്ടിരിക്കെ, ഞാനാണ് നിങ്ങളുടെ അണ്ണാക്കിലേക്ക് ഗുളികയും വെള്ളവും തന്നത്.. പിന്നെ നിങ്ങൾ പറഞ്ഞ മൂന്ന് ദിവസം മുമ്പുള്ള കാര്യം.. അതു മൂന്നുമാസം മുമ്പാണ് ഒരു ദിവസം എങ്ങനെയോ മരുന്നുതരാൻ മറന്നത്.. ഭാഗ്യം അതെങ്കിലും ഓർത്തല്ലോ..." 

 ചുവന്നുകലങ്ങിയ അവളുടെ കണ്ണുകളെ നേരിടാനാകാതെ കുനിഞ്ഞിരുന്നു. അല്പസമയത്തിനുശേഷം അവൾ പതിയെ പിടിച്ചു കിടത്തി.. ബെഡ്സ്വിച്ച് ഓഫ്ചെയ്തു... 

"നീയെന്റെ അടുത്തു കിടക്ക് എത്രകാലമായി നീയടുത്തു കിടന്നിട്ട്.. " പറഞ്ഞിട്ട് അവളെ ചേര്‍ന്നുകിടന്നു.. അവൾ പതിയെ തിരിഞ്ഞു അടുത്തേയ്ക്ക് നീങ്ങിക്കിടന്നു.. ഒരു നെടുവീർപ്പുയർന്നമർന്നു... പിന്നെ പതിയെ സംസാരിക്കാൻ തുടങ്ങി..

 " നോക്കൂ.. നിങ്ങൾക്ക് വലിയ ഓർമ്മക്കേടൊന്നുമില്ല.. 
 പല്ലുതേയ്ക്കുമ്പോൾ മകന്റെ ബ്രഷ് മാറാറില്ല അങ്ങനെ മാറാൻ നിങ്ങളുടെ മകനുമിവിടില്ല... നിങ്ങൾ കുളിമുറിയിൽ അനുരാഗസുധയാൽ... എന്ന പാട്ട് പാടുമ്പോൾ വരികൾ തെറ്റാറില്ല.. പച്ചക്കറിവാങ്ങി ഓഫീസിലും ഓഫീസ് ഫയൽ ഫ്രിഡ്ജിലും കൊണ്ടുവയ്ക്കാൻ നിങ്ങളിപ്പോൾ സർക്കാരുദ്ദ്യോഗസ്ഥനുമല്ല.. 
ഉണ്ണിയപ്പം പോയിട്ട് കുട്ടിക്കാലത്തെ നിങ്ങളുടെ ഇഷ്ടപലഹാരമോ ഇഷ്ടങ്ങളിലോ നിങ്ങൾക്കിപ്പോൾ അശേഷം താല്പര്യമില്ല. 
ശരിക്കും നിങ്ങൾക്ക് മറവിരോഗമാണോ.. അതോ അത് അഭിനയിക്കയാണോ എന്നാണ് എന്റെ സംശയം... "

അവൾ പതിയെ പറയുന്നത് ഒരു താരാട്ടുപോലെയാണ് അനുഭവപ്പെട്ടത്... ഉറക്കംവരുന്നുണ്ട്... അവളപ്പോഴും തുടരുകയാണ്....

"നോക്കൂ... മൂന്ന് ദിവസത്തെ ഓർമ്മയിലല്ല മുപ്പതുവർഷത്തെ ഓർമ്മയിലാണ് ഞാൻ ജീവിക്കുന്നത്.. ഒരു സ്ത്രീക്ക് അതിനുമുമ്പുള്ള ഏറ്റവും മനോഹരമായ ഇരുപത്തിരണ്ട് വർഷങ്ങളാണ് ഞാൻ നിങ്ങൾക്കായി, ഈ കുടുംബത്തിനായി മറന്നത്... പിന്നെ നിങ്ങൾ പറഞ്ഞില്ലേ അടുത്തുകിടന്നിട്ട് ഒരുപാട് കാലമായെന്ന്... ഞാൻ കഴിഞ്ഞ മുപ്പതുവർഷവും നിങ്ങളുടെ അടുത്താണ് കിടന്നത്... പക്ഷെ നിങ്ങൾ...... "

 മുഴുമിക്കുന്നതിനുമുമ്പ് അവളുടെ ശബ്ദമിടറി.. പിന്നെയതൊരു ഗത്ഗദമായി പരിണമിച്ചു...
 പൂർണ്ണനിശബ്ദത...

 എപ്പൊഴോ.. നിദ്രയുടെ ആഴങ്ങളിലെവിടെയോ ഒരു തുരുത്തുകണ്ടെത്തി.. മുപ്പതാണ്ടുപഴക്കമുള്ള സ്വപ്നത്തുരുത്ത്..
  അതിൽ പഴമയുടെ പ്രൗഡി വിളിച്ചോതുന്ന ആ ഓടുമേഞ്ഞ വലിയ വീടിനുമുന്നിലെത്തിനിന്ന വെളുത്ത അംബാസ്സഡർ കാറിൽനിന്ന് ആദ്യം ദല്ലാളും പിന്നെ രണ്ടുമൂന്ന് പേരും...
 "ഇതാണ് മണവാളൻ കുട്ടി.. ശരിക്ക് കണ്ടോളൂ.. പത്മനാഭന്റെ മണ്ണീന്നാ... ഗവർമെന്റ് പണിയാ.."

 കൂടിയിരിക്കുന്നതിലാരോ ചായതുമായിവന്ന പെൺകുട്ടിക്ക് കാട്ടികൊടുക്കുന്നു... അകത്തെ ജനാലക്കമ്പികളിലൂടൂർന്നുവീണ വളക്കിലുക്കങ്ങൾക്കുപുറകിൽ വേറെയും ചിലജോഡി നയനങ്ങൾ സാകൂതം നോക്കുന്നുണ്ടാകണം. 

"എന്തേലും മിണ്ടിപ്പറയാം ചെക്കനോ പെണ്ണിനോ... കാലോക്കെ മാറിവരുന്നു.. എന്തേ." ആരുടെയോ ഔദാര്യം..

ഒഴിഞ്ഞ ചെമ്പുചായത്തട്ടം അവളുടെ കൈയിലുണ്ട്.. ഒരു ധൈര്യശേഖരണത്തിനെന്നപോലെ അവളതിൽ തെരുപ്പിടിക്കുന്നുമുണ്ട്..

"എന്താ പേര്....."
"........ ... സൗദാമിധി"
"സൗദാമിനി... പഠിക്കയാണോ"
            "ഉം......"
" കുട്ടിക്ക് എന്നെ ഇഷ്ടമായോ.."
"............"
"മൗനം സമ്മതമാണോ..."
"..............".
ഒഴിഞ്ഞ ചായത്തട്ടം അറിയാതെ അവളുടെ കൈയിൽനിന്ന് താഴെവീണുപോയി.. താഴെവീണുകറങ്ങിത്തീരാൻ കാത്തുനിൽക്കാതെ, അതിന്റെ ശബ്ദം നിലയ്ക്കുംമുമ്പ് അവളകത്തേയ്ക്ക് ഓടിമറഞ്ഞു....

"വിണ്ടും ആ പൂച്ച അടുക്കളയിൽ കയറി... നാശം..." പുലമ്പിക്കൊണ്ടാണ് അവൾ ഞെട്ടിയെണീറ്റത് ലൈറ്റ് തെളിച്ച് ആ പൂച്ചയെ പ്രാകികൊണ്ട് അവൾ അടുക്കളയിലേക്ക്... 

"സൗദാമിനീ... മൂന്ന് ദിവസം മുമ്പും ആ പൂച്ച....." പറയാൻ വന്നത് പെട്ടെന്ന് വിഴുങ്ങി.. ഓ വേണ്ട.. മുന്ന് ദിവസംമുമ്പ് പൂച്ച വന്നത് ഒരുപക്ഷെ അവൾ ഓർക്കുന്നുണ്ടാവില്ല പാവം... അവൾക്ക് നല്ല ഓർമ്മപ്പിശകുണ്ട്. 

കണ്ണുകൾ മുറുകെയടച്ചുകിടന്നു.. ഒരുദിവസത്തെ ഓർമ്മകൾകൂടി മറക്കണം.. നാളത്തെ ദിനത്തിൽ നിന്ന് പിന്നിലൊരുദിനത്തിന്റെകൂടി ഓർമ്മൾ ഈ മയക്കത്തിൽ മങ്ങിപ്പോകട്ടെ. 
    ശ്രീ. 11.01.2024




Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്