ഗൃഹപാഠം_മറന്നവൻ
നീലപ്പുകച്ചുരുളുകളുടെ
ചുരുൾകുരുക്കിലൊന്നിൽ
മകൻ തൂങ്ങിയാടിയപ്പോഴാണ്
നീയെന്നെ വിരൾചൂണ്ടിയത്....
ആറിഞ്ചു വെട്ടത്തിലെ
നീലത്തടാകത്തിൽ
മകൾ മുങ്ങിമരിച്ചനാളാണ്
നീയെന്ന ഭർത്സിച്ചത്..
വിരലഗ്രങ്ങളിലൂടൊഴുകിയ
ചാറ്റൽമഴ നനഞ്ഞാണ്
നിനക്കെന്നെ നിഷേധിക്കാൻ
ഊർജ്ജമേറിയതെന്നറിയാതെ ഞാൻ,
ദിനരാത്രങ്ങളളന്ന-
ജീവിതയാത്രയിലായിരുന്നു...
മകനൊരു മഴക്കാടു തീർത്തതും
മകളൊരുമ്പെട്ടൊരു കടലു കടഞ്ഞതും
ഇടയിലെപ്പോഴോ...
നീ നിനക്കായൊരു ദ്വീപ് തീർത്തതും
അറിയാതെപോയത്.....
കൈകുഴഞ്ഞൊരു നാവികാഭ്യാസിയാണ്
ഞാൻ, ഗൃഹനാഥൻ...
നിങ്ങളുടെ ദൂരത്തിലേക്കെത്താൻ
തണ്ടൊടിഞ്ഞൊരു പങ്കായം ബാക്കി.
എന്റെ വഞ്ചിപ്പാതയിൽ
നീർച്ചുഴികൾ തീർക്കയാണ് നീയിന്ന്..
ബർമുഡ ഡ്രയാങ്കിളിലാണ് ഞാൻ
ഭൂപടം നഷ്ടമായ യാത്രക്കാരൻ....
പിന്നോട്ടോടുന്ന യന്ത്രസാമഗ്രികളില്ലാത്ത
ജീവിതയാനത്തിലാണ് ഞാൻ,
മുങ്ങിയമരലാണിനി വേണ്ടത്
തിരുശേഷിപ്പുകളില്ലാതെ.
#ശ്രീ...
Comments