സൗഹൃദം

        വരിക സഖാവേ..

ആർക്കെന്തുചേതമാ-
ണെൻപ്രിയാ സൗഹൃദം
ഓർത്തിരിക്കാൻ നൂറു 
വാക്കിനാലോതുവാൻ.

കാത്തിരിക്കാനല്ല ഞാനീ-
പറഞ്ഞതൊന്നോർത്തിരിക്കാൻ
നിന്റെ ഓർമ്മയിൽ പൂത്തിടാൻ.

ഓർമ്മകൾ പൂത്ത മരത്തണലിൽ
പകൽ പോകുവോളം ഒന്നു
കണ്ടിരിക്കാൻ...

ഇന്നലെ കണ്ട കിനാവുപോലോർമ്മതൻ
കുഞ്ഞിതൾ മേലേ പൊഴിഞ്ഞുവീഴാ-
മതിലെന്റെ ചെറുവണ്ടി മെല്ലെയുരുട്ടി-
നാമന്നു നടന്ന വരമ്പു താണ്ടാം.

കാവുതീണ്ടി കുളം നീന്തിക്കലക്കിയാ-
കാലവർഷക്കൊടും മാരിയേറ്റും,
മീനക്കൊടുംവെയിൽ ചൂടേറ്റുവാങ്ങിയ
കോമരപ്പാട്ടിന്റെ താളമേറ്റും.

നാടുചുറ്റിത്തെണ്ടിയെത്തുന്ന കാറ്റിലൂ
ടായിരം തൊങ്ങലാൽ നാമുയർത്തും നീല-
വാനിൽ പറക്കുവാനായൊരു പട്ടവു-
മായതിനൊപ്പം വിടർന്ന കണ്ണും.

നീയോർക്കുമോ പ്രിയാ മാകന്ദസൂനവും
മാരിയും മണ്ണും പതം ചേർത്തവാസന.
നീ കേട്ടുവോ കരകാക്കുന്ന ദൈവങ്ങ
ളാരവം തീർക്കും പടയണിത്താളങ്ങൾ.

പാതയോരങ്ങളിൽ പാടവരമ്പിലൂ-
ടോടിയൊഴുകി മറഞ്ഞ പകലുകൾ
പ്രായമൊരശ്വവേഗത്തിൽ കുതിക്കവേ
ബാല്യമകന്നതെന്നോർക്കുവാനായില്ല.

ഇല്ലകുതിക്കുന്ന വേഗത്തെ ബന്ധിക്കാ-
നല്ല "ലവകുശ"ന്മാരായിരുന്നീല..
നല്ല രണ്ടക്ഷരമോതാതെയെന്നോ നാം
തമ്മിൽ പിരിഞ്ഞതാണന്യോന്യമെന്തിനോ.

ഓർക്കുകീ സായന്തനത്തിലായെങ്കിലു
മാത്മസഖേ വന്നു ചാരത്തിരിക്ക നീ.
ഓർക്ക ഞാനാരായിരുന്നു നിനക്കല്ല,
നീയെനിക്കാരായിരുന്നെന്നുവെങ്കിലും.

ഓർമ്മകൾ പൂക്കുവാനീ തണൽ തേടുക
ഓർത്തെടുക്കാനായ് കൊടുംതപം ചെയ്യുക.
ഓർമ്മ മുറിഞ്ഞ മനസ്സെങ്കിലും പ്രിയാ
ഓമനിക്കാമൊന്നു പോയ്മടങ്ങാം സഖേ

കാലം പകുത്ത വരമ്പു താണ്ടിച്ചെറു
ചാലിൽ തുടിക്കുമാ ഓർമ്മക്കിടാങ്ങളെ
നാലുകൈചേർത്തു പിടിച്ചെടുക്കാം
നെഞ്ചിലാനന്ദമോടൊന്ന് ചേർത്തുവയ്ക്കാം.
       ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്