ഈർക്കിൽകുരുക്കിലെ ഞണ്ടുകൾ
ശൂന്യതയുടെ പാരമ്യതയിലകപ്പെട്ടുപോയൊരു മനസ്സായിരുന്നു അപ്പോൾ... ദിക്കറിയാൻ നക്ഷത്രവിളക്കുകൾ പോലുമില്ലാത്ത ആകാശത്തിനുചുവട്ടിൽ, നിവർത്തിവിടർത്തിയ പായകളേറ്റുവലിക്കാനൊരു ചെറുകാറ്റുപോലുമില്ലാതെ മഹാസമുദ്രത്തിലെവിടെയോ അലസം ശയിക്കുന്നൊരു പായവഞ്ചിപോലെ അയാൾ കണ്ണുകളടച്ചു കിടന്നു... അമാവാസിയിൽ ആകാശത്തുനിന്നു ഭൂമിയെ മൂടിപ്പുതയ്ക്കുന്ന ഇരുട്ടു പോലെ, നിശ്ശബ്ദത അയാളെ ഒരു ചെറിയ തടവറയിലകപ്പെട്ടുപോയതുപോലെ ശ്വാസം മുട്ടിച്ചു.
"ഇല്ലാവചനം പറയുന്ന നിങ്ങളുടെ നാവു പുഴുത്തുചാവും നോക്കിക്കോ..."
അവളുടെ അമറിയുള്ള ആക്രോശം അയാളുടെ കർണ്ണപുടങ്ങളിൽ അലയടിക്കുന്നതായി തോന്നി...
അവളുടെ പ്രാക്കാണോ... അതോ ഇല്ലാവചനമെന്നവൾ പ്രഖ്യാപിച്ച വഴക്കുകളുടെ മുലഹേതുക്കളോ അറിയില്ല.. ഒന്നറിയാം അല്ലെങ്കിൽ ഒന്നു മനസ്സിലായി ആംഗലേയ ഭാഷയിൽ വളരെ സാവധാനം മനസ്സിലാവുന്ന ലളിതമായ പദപ്രയോഗങ്ങളിൻ ഡോക്ടർ പറഞ്ഞ വാചകങ്ങൾ...
I didn't tell you to scare you.. Your toothache has already affected your gums and tongue. We still have hope..
Let's leave a small piece of tongue.. It is a temporary relief...
അതേ നാവിനു പുഴുക്കുത്തേറ്റിരിക്കുന്നു... അല്പം മുറിച്ചുകളയണം... പിന്നെ ഒരുപക്ഷെ സംസാരിക്കാനാവില്ല കുറച്ചുകാലമെങ്കിലും.. അല്ലെങ്കിൽ പതിയെ "ഞണ്ടുകാലുകളുടെ" പിടിയിൽ നിന്ന് വിട്ടുവരുന്നതുവരെ അസ്പഷ്ടമായ ശബ്ദങ്ങൾ....
"Maybe liquid food will not be possible for a while.. everything will be fine..."
ഭീതിപ്പെടുത്താതെ ഡോക്ടർ അറിയിക്കുകയാണ്.. അന്നനാളത്തിലേക്ക് ഒരു ട്യൂബിലൂടെ ദ്രാവകരൂപത്തിൽ ഭക്ഷണം..!! ഒന്നോർത്താൽ എത്രസുഖം.. ചവയ്ക്കേണ്ട രുചിഭേദമറിയേണ്ട..! പല്ലുതേയ്ക്കേണ്ട...!! അല്ലെങ്കിലും തേയ്ക്കാനിനി വായുടെ ഒരുഭാഗത്ത് പല്ലുകളൊന്നും അവശേഷിച്ചിട്ടില്ല.
ഓപ്പറേഷന്റെ തീയ്യതി കുറിച്ചത് നിർവ്വികാരമായാണ് കേട്ടിരുന്നത്... മറ്റെന്നാൾ...
അന്ന് വെള്ളിയാഴ്ചയാണ് അതാകുമ്പോൾ ഒരുദിവസത്തെ ലീവുമതി അവൾക്കും മക്കൾക്കും പിന്നെ രണ്ടാം ശനിയും ഞായറും.. ഞായറാഴ്ച ആശുപത്രി വിടാം.. പിന്നെ മുറിവുണങ്ങിയിട്ട് റേഡിയേഷൻ ആരംഭിക്കും..
കുറച്ചുകാലമായി കൂട്ടുകൂടിയ ബ്ലഡ് പ്രഷറിന്റെ മരുന്നിനു പുറമെ കഴിക്കാൻ ഒരുപിടി ഗുളികകൾകൂടി തന്നു..
" നന്നായി ആഹാരം കഴിച്ച് ഉറങ്ങണം വെള്ളിയാഴ്ച പുലർച്ചെ ആറു മണിക്ക് എത്തുക.. ഏഴുമണിക്കാണ് ഓപ്പറേഷന്റെ ഷെഡ്യൂൾ ആരംഭിക്കുക" ജൂനിയർ ഡോക്ടറുടെ നിർദ്ദേശം .
"ഇന്ന് എല്ലാം കഴിക്കാമല്ലോ.. എന്താ വേണ്ടത് പുറമെ നിന്ന് മേടിക്കാം.". അവൾ മൊബൈൽഫോണിലെ ഭക്ഷണവിതരണക്കലവറ ഓപ്പണാക്കിയിട്ട് മുഖത്തുനോക്കി..
അല്പനേരം ആലോചിച്ചാണ് മറുപടി കൊടുത്തത്..
"ഒരു പിസ്സാ... "
അതു നിങ്ങൾക്കിഷ്ടമാണോ...! മകളുടെ ഇഷ്ടമല്ലേ..?
"ഒരു ചിക്കൻ ഷവായ് പത്തിരി, കുബ്ബൂസ്...
ഇതെന്തു കൂത്ത് ഇതെല്ലാം മോന്റെ വിഭവങ്ങളല്ലേ... " കഴിക്കുമെങ്കിൽ വാങ്ങാം..
അവളുടെ വിരലുകൾ ആറിഞ്ചുസ്ക്രീനിനെ തലോടവേ പതിയെ മൊഴിഞ്ഞു...
"ദോശയും ചമ്മന്തിയും പപ്പടവും രസവടയും... പിന്നെ അല്പം പാലട പായസം... പായസം നിനക്കിഷ്ടമല്ലേ..."
അവൾ മുഖത്തുനോക്കി.. ആ ഭാവം ശ്രദ്ധിച്ചില്ല ഒരു പുഞ്ചിരിയോടെ ആവശ്യങ്ങളിൽ ഉറച്ചുനിന്നു.
" ഓർഡർ ചെയ്തിട്ടുണ്ട് കഴിച്ചാൽ മതി.." അതുപറഞ്ഞ് അവൾ എണീറ്റുപോയി...
ഇനി... ഇനിമുതലാണ് അവളുടെ ദുരിതം ആരംഭിക്കുക.. ശരീരത്തിൽ ഞണ്ടു ചേക്കേറിയ ഒരുവനെ സംരക്ഷിക്കേണ്ടിവരിക.. എത്രകാലം.. ഒരുപക്ഷെ ആ ദുരിതത്തിനെ കുടിയിറക്കിവിട്ടാലും.. ഓരോ ദിനവും ഓരോ വേദനയിലും ഒള്ളിലുറങ്ങിയ ഭയം പതിയെ തലപൊക്കും കരിയിലക്കുഴികളിലുറങ്ങുന്ന സർപ്പം വീണ്ടും പഴുത്തിലകൾ വീഴുമ്പോൾ തലപൊക്കി നോക്കുന്നപോലെ... എത്രകാലം.. ?
ആമയുടെ പുറംതോടുപോലെ, മരുഭൂവിലെ ഒട്ടകക്കൂനുപോലെ, ജീവിതാവസാനംവരെ ചുമക്കാനൊരു ഭയം.
"ഗുളികകൾ കഴിക്കണം
വെള്ളം എടുത്തുവച്ചിട്ടുണ്ട്.. പതിവുപോലെ മറക്കരുത്..."
ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ്ബിന്നിലേക്ക് തട്ടുമ്പോൾ അവൾ ഓർമ്മിപ്പിച്ചു... കരുതലോടെ..
പകൽ പതിയെ അസ്തമിച്ചു.. സന്ധ്യയും ആകാശഗോളങ്ങൾ അവ്യക്തമായി ഉയർന്നുവരുന്നു.. ബ്ലഡ്പ്രഷറിന്റെ ഗുളികകൾ മുഴുവനും ഒരുമിച്ചു കഴിച്ചതിനപ്പുറം എണ്ണം ആകാശഗോളങ്ങൾ....!!! അവയിലെവിടെയോ ഒരു വിശ്രമകാലം ആരംഭിക്കുന്നു.. അതിലേക്കെത്താനൊരു പരവേശം.. ബോധമില്ലായ്മയിലും തെളിഞ്ഞുമറയുന്ന രൂപങ്ങൾ.. ഒരായുസ്സുകൊടുത്തു പണിഞ്ഞ വീട്... ഉയിരുപകുത്തു കടഞ്ഞെടുത്ത മക്കൾ... തേടിയെടുത്ത ഭാര്യ.. ചുറ്റുവട്ടത്തെ കൂട്ടുകാർ സഹപ്രവർത്തകർ... കാഴ്ചകൾ പുറകിലേക്കോടുകയാണ്.. താണ്ടിയ വഴികൾ.. ദുരിതപർവ്വങ്ങൾക്കുമപ്പുറം ഇരുകരങ്ങളിൽ അഭയമായ് വളർന്ന നാളുകൾ.. കൗമാരത്തിനുമുമ്പ്... കുട്ടിത്തത്തിന്റെ മുതിര്‍ന്ന ഭാവം.. നാട്ടിടവഴികൾ.. നാലുമണിപ്പൂവുകൾ..
കറുകയും കണ്ണാന്തളിയും വട്ടയുമൊക്കെ ആർത്തുപടരുന്ന വയൽ വരമ്പുകളിലെ ചെറിയ ഭൂതക്കുഴികൾ.. ആൻറിന പോലെ കണ്ണുകളുന്തി കാരമുള്ളുകൾ പതിച്ചകൈകളുമായി ഭൂതക്കുഴികളിൽ നിന്നു പുറത്തുവരുന്ന ചാരനിറമുള്ള ഞണ്ടുകൾ....!! പുറത്തുവരുന്നവനെ കുടുക്കാൻ, പച്ച ഈർക്കിലിൽ കുരുക്കിട്ടു കാത്തിരിപ്പ്.. ഈർക്കിൽ കടിച്ചുമുറിച്ചെറിയുന്നു കുരുക്കിലാകുന്നവന്റെ മിടുക്ക്... കല്ലിനിടിച്ചു തച്ചുകൊന്നവനെ, അവന്റെ മിടുക്കിനെ..
ഉമിക്കരിയും ഉപ്പും ചേർത്തു പല്ലുതേച്ച നാവുവടിക്കാനെടുത്തു രണ്ടായിക്കീറിയ പച്ചയീർക്കിലിൽ അവന്റെ ശാപം.. പഴത്തിലൊരു പുഴുവായൊളിച്ച തക്ഷകനെപ്പോലെ.. ഈർക്കിൽ വിട്ട് നാവിലേക്ക്.. പല്ലുകളും മോണകളും ... എല്ലാമവനിന്ന് സ്വന്തം..
മരുന്നിനും മന്ത്രവരുതികൾക്കുമപ്പുറം അവൻ മെടഞ്ഞ കുരുക്ക്... അഴിക്കാൻ ശ്രമിക്കുന്തോറും പുതിയ പുതിയ ഇടങ്ങളിലേക്ക് ഉള്ളിലൂഴ്ന്നുകയറുന്നു... മുറുകുന്നു...
ഇല്ല തോല്കാനാകില്ല കുരുക്കുകൾ മുറുകുമ്പോൾ തച്ചുകൊല്ലാൻ വിജയിക്കാൻ അവനവസരം കൊടുക്കില്ല ഞാൻ...
ഓർമ്മകൾ പതിയെ ക്രമം വിടുന്നു..
കണ്ണുകൾ തുറക്കണം.. ദാഹം.. ഒടുങ്ങാത്ത ദാഹം..
അടഞ്ഞകണ്ണുകൾക്കുള്ളിലെരിയുന്ന അവബോധത്തിന്റെ അവസാന തരിമ്പും അണയുകയാണ്..
ഉള്ളിലെവിടെയോ മറ്റൊരു പ്രപഞ്ചം..
അതിന്റെ ഭ്രമണപഥത്തിലേക്ക് വലിച്ചെടുക്കുകയാണ്..
ഭൂമിയും ചന്ദ്രനും സൂര്യനുമെന്ന വേർതിരിവില്ലാത്ത പ്രപഞ്ചം..
ഹൈഡ്രജനും ഓക്സിജനും അനുപാതം ചേര്‍ന്ന് ജലവും മഴയും പുഴയും കൈതോടുമില്ലാത്തൊരു ലോകം..
ഭൂതക്കുഴികളും അവയിലെ ചാരപ്രകൃതരായ വട്ടക്കണ്ണൻ ഞണ്ടുകളുമില്ലാത്ത ലോകം.....
ഒടുവിലിതാ.... ഒരുപ്രകാശം അതിൻ്റെ ക്രമാനുഗതമായ വ്യാപനം ആരംഭിച്ചിരിക്കുന്നു. അതിന്റെ ആകാശമുറ്റത്ത് സാന്ത്വനമായി ഒരു തേജസ്സ് മാടിവിളിക്കുന്നു..
രാത്രിയുടെ ഭയവും പകലിന്റെ വിഹ്വലതയുമില്ലാത്ത ശാന്തത, നീണ്ടൊരു നിദ്രയ്ക്ക് ആകാശസീമകളിൽ നിന്നൊരു താരാട്ട്...
നനവില്ലാത്ത, ചെളികെട്ടാത്തൊരു ഭൂതക്കുഴിയിൽ മഞ്ചാടിക്കുരുവട്ടത്തിൽ കണ്ണുകളും കാരമുള്ളുചേർത്ത കാലുകളുമായി വീണ്ടുമൊരു ജന്മം... ഈർക്കിൽ കുരുക്കുകൾ ഭൂതക്കുഴികളുടെ അരികുതേടി നീണ്ടുവരുംവരെ ഇനി സുഷുപ്തി....
©️reserved
Sreekumar Sree
Comments