ബന്ധനമുക്തി


നീരൊഴുക്കു തീർന്ന

ജലാശയത്തിനുചാരെ

കുളിരുവറ്റിയെന്ന് 

പരിഭവം പറഞ്ഞിരുന്നതാണ് നീ...


പെയ്തുതീരാനിനിയും

മഴമേഘങ്ങളുണ്ടായിരുന്നിട്ടും

നിശ്ചലതയ്ക്ക് കൂട്ടൊരുക്കി

വെയിലുകൊണ്ടിരുന്നവനാണ് ഞാൻ...


ബന്ധനങ്ങളിൽ തളച്ച

പുഴയുടെ നിശ്ചലത,

അതു ഭംഗിയെന്ന് 

നീയന്ന് മൊഴിഞ്ഞിരുന്നു..

ഒരേദിശയിലെ ഒഴുക്ക്

വിരസത മാത്രമെന്നും.


മേഘങ്ങളാൽ പിരിച്ചെടുത്ത

ശുഭ്രനാരുകൊണ്ടാണ്

ഞാനൊരു  സൗഹൃദ പാശമുതിർത്തത്..

നിന്നിലേക്കൊരു സേതുബന്ധനം..



എന്നിട്ടും

വനഗർഭങ്ങളിലുലഞ്ഞ

തുലാമഴപ്പാച്ചിലിൽ

പുഴ കരകേറി, 

പുതിയ ഒഴുക്കിടങ്ങൾ

ചമച്ചതറിയുന്നു ഞാൻ..


ഒഴുക്കൊരു വിരസതയെന്ന്

നിശ്ചലതയാണ് 

സൗന്ദര്യമെന്ന് മൊഴിഞ്ഞിട്ട്...

ബന്ധനമുക്തി തേടുന്നുനീ....


ചെളിക്കുണ്ടിലാഴ്ന്ന

പൊക്കിൾകൊടിയറുത്ത്

നീരിനൊപ്പം നീന്തുന്ന

വെള്ളാമ്പലാകുന്നു നീ.

കടലാഴങ്ങളിലേക്കെങ്കിലും

ബന്ധനമുക്തി തേടുന്നു നീ...

Sree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്