പുഴ വരച്ചു....

പുഴ വരയ്ക്കുമ്പോൾ
അവളെന്ന് നാമം വേണം..
അവൾ പെറ്റ സൈകതങ്ങളും വരയ്ക്കണം.

അവളിലൊത്തിരി നീർകിളികൾ
നീന്തിത്തുടിക്കണം
അവളിലായിരം താമരകൾ
അതിലോലമാകണം..
അതിലൊരു വെൺതാമര
അതിവിശിഷ്ടം...!

പുഴ വരയ്ക്കുമ്പോൾ
അവളിലാകാശം തെളിയണം..
അതിനതിരുകളിൽ
തരുലതാദികളുടെ നിഴൽ,
അവളിലലിയണം
അതിലോലമൊരു പനിമതി...

പുഴവരയ്ക്കുമ്പോൾ
പുഴമാറിലാകെയും
പുള്ളിവാലൻ മീനുകൾ..!
പുഴയിലൊരു ചെറുതോണി
പുഴയരുകിലൊരു പൂമരം.

പുഴ വരയ്ക്കാനിരുന്നുഞാൻ
വരതീർന്നു, നോക്കുവിൽ
മുകളിലായ് വായ് വട്ടംകുറുകിയ ചേർപ്പുമായ്
ചുവടിൽ മുന്നിഞ്ചിന്റെ
ചുറ്റളവിലൊരുപുഴ....

പൂവില്ല പുള്ളിവാൽ മീനില്ല 
പുഴയിലെ തോണിയിൽ പാട്ടില്ല
പതിവായി പുഴയാകെ പൂക്കുന്ന നെയ്യാമ്പലും
കുളിരില്ല തെളിനീരിനുറവയും കണ്ടില്ല
പുഴവരയ്ക്കാനേറെ നിറവുമില്ല...

പുഴവരച്ചിന്നുഞാൻ
വരപൂർത്തിയായിതാ
"ഒരുലിറ്ററളവുള്ള" തെളിവുള്ള പൂമ്പുഴ...!!
തുണിസഞ്ചിക്കൂട്ടിലായ്
ഒരുവലിയ പുഴയവൾ,
ഇരുപതുകാശിന്റെ
പുഴ സുന്ദരി.....
(നാളെ….
ഞാനെന്റെ മണ്ണും മണമുള്ളകാറ്റും
മധുവുള്ള പൂവും
മനമൊത്തവീടും
വരയ്ക്കുന്നുണ്ട്
ഇത്തിരിക്കുഞ്ഞൻ
ഓക്സിജൻ ബലൂണിനുള്ളിൽ)
Sree. 3.2.24




Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്