പ്രഭാതസവാരിക്കുശേഷം
..
ആരുടെയോ ശവമഞ്ചം വഹിച്ച വണ്ടി ഇന്നലെ രാത്രിവൈകി ഇതുവഴി പോയിരിക്കുന്നു...! ചുവപ്പും വെള്ളയും നിറത്തിലുള്ള അരളിപ്പൂക്കൾ റോഡിൽ വിതറിയത് തീർച്ചയായും ആ ശവവണ്ടിക്കുമുന്നിൽപോയ വാഹനമാകും.. അതൊരുപക്ഷെ ഒരു ടൂവീലറിന്റെ പിൻസീറ്റുകാരന്റെ പണിയാകണം.. ചെറിയകൂടയിൽനിന്നും പൂക്കൾ വാരിയെടുത്ത് മുന്നിൽ വലിയൊരു ഹാരംചാർത്തിനീങ്ങുന്ന ശവവണ്ടിക്കുമുന്നിലേക്ക് ആ പൂക്കൾ വീശിയെറിഞ്ഞെറിഞ്ഞ് പോയിട്ടുണ്ടാകണം. രാത്രിയിൽ ചെറുമഞ്ഞിന്റെ തലോടലേറ്റ് അവ അല്പവും വാടിയിട്ടില്ല. അധികമാരാലും ചവിട്ടിമെതിക്കപ്പെട്ടിട്ടുമില്ല.
ആരാകും ആ വണ്ടിയിലെ ദേഹം..
സാരഥിയും സഹായിയുമല്ലാതെ കരഞ്ഞുകലങ്ങിയ ചിലജോഡി കണ്ണുകൾ ആ വാഹനത്തിലുണ്ടായിരുന്നിരിക്കും.. ഗദ്ഗദത്തോടെ മൂടികെട്ടിയ ആ ശവശരീരത്തിലേക്ക് ഇടയ്ക്കിടെ മിഴിപാകി അവരതിനുള്ളിൽ വീർപ്പുമുട്ടിയിരിക്കയാകും.. ആശുപത്രിമരണത്തിന്റെ ഗന്ധം അവരിൽ മനംപുരട്ടിയടങ്ങുകയാവും. പിന്നിലോ മുന്നിലോ കുറച്ചു ബൈക്കുകൾ, കാറുകൾ.... അകാലമരണമാണെങ്കിൽ ആ വാഹനങ്ങളിലെല്ലാം പരേതന്റെ വർണ്ണചിത്രം രണ്ടു ചുവന്നറോസ്സിന്റെ പശ്ചാത്തലത്തിൽ ആദരാജ്ഞലികളെന്ന അടിക്കുറിപ്പോടെ പതിച്ചിട്ടുണ്ടാകണം...
ശ്മശാനകവാടത്തിലെത്തിനിൽക്കുന്ന യാത്ര പലവട്ടം കണ്ടിട്ടുണ്ട്... ഇന്നലെയും ആരോ... തീർച്ച.. അതാണ് റോഡിന് ഇടതുവശംനീളെ ഈ അരളിപ്പൂക്കൾ ചിതറിയിരിക്കുന്നത്. അവയെ ചവിട്ടിമെതിക്കേണ്ട.. വലതുവശം ചേർന്ന് നടക്കാം..
ചിന്തകൾ അവസാനിപ്പിച്ചപ്പോഴാണോർത്തത്.. പതിവിൽ കൂടുതൽ നടന്നിരിക്കുന്നു അതും ആയാസരഹിതമായി.. മഞ്ഞവൃത്തത്തിൽ കറുത്തനിറംകൊണ്ട് അടയാളംചേർത്ത ഇലക്ട്രിക് പോസ്റ്റിനു കൈതാങ്ങി ഒരുനിമിഷം നിന്നു. എവിടെനിന്നോ പാഞ്ഞെത്തിയൊരു നായ തന്നെ ഗൗനിക്കാതെ ആ പോസ്റ്റിനുചുവട്ടിൽ പിൻകാലുയർത്തി മൂത്രമൊഴിച്ച് അവിടം തന്റേതുമാത്രമാണെന്നുറപ്പാക്കി, ഒന്നുമണത്തിട്ട് വീണ്ടും അടുത്ത അതിരുപതിക്കാനായി പാഞ്ഞുപോയി..
ഇന്നിനി മതി, പ്രഭാതസവാരി മതിയാക്കി തിരികെ നടന്നുതുടങ്ങി.. സൂര്യാംശുവിനെ വരവേൽക്കുവാൽ ആകാശം പതിയെ തയ്യാറാകുന്നു.. റോഡിലെ ശ്വാനനിശാചരർ പുലർകാലയുറക്കംവിട്ട് അലസം അങ്ങോട്ടുമിങ്ങോട്ടുമുലാത്തി, അവരവരുടെ അതിർത്തികല്ലുകളിൽ മൂത്രാഭിഷേകംചെയ്യുന്നു.. പതിവു നടത്തക്കാർ പലരും എതിരെ വരുന്നുണ്ട്.. അഭിവാദനചേഷ്ഠകൾക്ക് മറുപടിയില്ലാത്തത് അരണ്ടവെട്ടത്തിലെ കാഴ്ചക്കുറവാകണം. പതിവിലും നേരത്തെയാണല്ലോ ഞാനിന്ന്... ,
അവളിപ്പോൾ എണീറ്റ് അടുക്കളയേറിയിട്ടുണ്ടാകും..
മകൾ;...
കോളേജിന് സമയമാകുമ്പോഴേക്കും എഴുന്നേൽക്കാറുള്ളൂ... പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത മകൻ, രാവേറെ മൊബൈൽ നോക്കിയിരിക്കും ഇനി നട്ടുച്ചയ്ക്കാണ് പള്ളിയുണരൽ.. അതും അവൾ അവന്റെ മുറിയുടെ വാതിൽ തല്ലിപ്പൊളിക്കുമ്പോൾ...
പതിവു പാൽ/പത്ര വിതരണക്കാർ തലങ്ങും വിലങ്ങും പായുന്നു. പ്രധാനറോഡുവിട്ട് വീട്ടിലേക്കുള്ള വഴിയേറി.. പതിവിനു വിപരീതമായി ചെറിയ വഴിയിൽ വാഹനങ്ങളുണ്ട്,,, കാറുകൾ, മോട്ടോർ ബൈക്കുകൾ.... വീട്ടിലേക്ക് തിരിയുന്നിടത്താണത്.. ഒരു കരിങ്കൊടി കെട്ടിയിരിക്കുന്നു..! വീടിന്റെ ചെറിയ മുറ്റത്തൊരു നീല ടാർപാളിൻ വലിച്ചുകെട്ടിയിരിക്കുന്നുണ്ട്..
ഗേറ്റിനകത്ത് പത്രമില്ല.. വീടാകെ ആളുകളുണ്ട്. അടുത്തുള്ള ബന്ധുക്കൾ, ആരുമാരും മുഖത്തുനോക്കുന്നില്ലല്ലോ... എന്നോടൊന്നും മിണ്ടുന്നിമില്ല.. ആഹാ. മകനെന്താ ഇത്ര പുലർച്ചെ സെറ്റിയിൽ ചടഞ്ഞിരിക്കുന്നു. മകളോ... ?. കുളിക്കയാകുമോ കോളേജുണ്ടല്ലോ...
അവളെവിടെ, അടുക്കളയിൽ മറ്റു പെണ്ണുങ്ങളാണെല്ലോ..
പതിയെ ബെഡ്റൂമിലേക്ക് കയറാനാഞ്ഞു.
തന്റെ സ്വകാര്യഭൂമിക. നിറയെ സ്ത്രീകൾ... കിടക്കയിൽ ചുമർചാരി അവളിരിപ്പുണ്ടല്ലോ മകളല്ലേ അവളുടെ മടിയിൽ..? നല്ല കാഴ്ച... അവളെന്തിനാ ഇങ്ങനെ കരയുന്നത്.. മകളും. ഒന്നുമൊന്നും മനസ്സിലാകുന്നില്ല. ഒന്നുറപ്പ് പ്രഭാതസവാരിക്കുശേഷമുള്ള ചായ, അതിന്നിനി കിട്ടില്ല. അതു ബോധ്യമായപ്പോഴേക്കും ഒരു വിഭ്രാന്തിപോലെ തോന്നി.. പോട്ടെ ആരെങ്കിലുമൊന്ന് മിണ്ടിക്കൂടേ.. എന്തിനുമേതിനും എന്നോടഭിപ്രായം ചോദിക്കുന്നവരാണ് കൂടിയിരിക്കുന്നവരിൽ പലരും... എന്നിട്ടും.. ആകെ ഒരു പരവേശമാകുന്നു. ഒന്നാളൊഴിഞ്ഞെങ്കിൽ കുളിക്കാമായിരുന്നു. ഒരുങ്ങി ഓഫീസിലേക്ക് പോകാമായിരുന്നു... അല്ലെങ്കിൽ ആളൊന്നൊഴിഞ്ഞെങ്കിൽ അവളുടെയും കുട്ടികളുടെയും പ്രയാസമെന്തെന്നെങ്കിലും ചോദിക്കാമായിരുന്നു...
ഇനി...? ചോദ്യം ആരോട് ചോദിക്കാൻ ആരും മുഖം തരുന്നില്ല.. ഉമ്മറത്തെ സ്വന്തം ചാരുകസേര ഒരു ഇളമുറക്കാരൻ കൈയേറിയിരിക്കുന്നു.. അകത്തും മുറ്റത്തുമൊക്കെ നല്ല തിരക്ക്..
പതിയെ പുറത്തിറങ്ങി.. ഇടവഴിയിൽ വീണ്ടും വാഹനങ്ങൾ വന്ന് പാർക്ക്ചെയ്യുന്നുണ്ട്... ഇനിയിപ്പോൾ സ്കൂൾവണ്ടികളുടെ സമയമാണ്... ഈ വാഹനങ്ങളൊക്കെ ഒന്നു ഒതുക്കിയിട്ടിരുന്നെങ്കിൽ.. ഒന്നിരിക്കാനെവിടെയാണിടം..? സ്വന്തമായിരുന്നിടമൊക്കെ ആരെക്കെയോ കൈയേറിയിരിക്കുന്നു. ഇനി... വീട്ടിലെ തിരക്കൊഴിയട്ടെ.. അല്ലെങ്കിൽ അവൾ തേടിവിളിക്കട്ടെ.. ഒരർദ്ധവിരാമചിഹ്നം ആരോ എന്റെ മനസ്സിൽ കോറിയിട്ടിരിക്കുന്നു..
പതിയെ ഇടവഴിതാണ്ടി നടന്നു... എങ്ങോട്ടെന്നില്ലാതെ....,
[ഇടനേരത്തെ
നിലവിളികളിലോ
കുറച്ചധികം
അടക്കിപ്പിടിക്കുന്ന
തേങ്ങലുകളിലോ
അവസാനിക്കുന്നതാണ്
ഓരോ മരണങ്ങളും...
ആരുമറിയാതെ
ഇടനെഞ്ചിൽ പൊഴിയുന്ന
കുറച്ചു കണ്ണീർത്തുള്ളികളുണ്ട്..
അവസാനിക്കാറില്ലയവ..]
©️sreesavidham. 09.12.22.
Comments