സമർപ്പണം
സമർപ്പണം
"നമ്മൾ പഠിക്കണം
നമ്മൾ പഠിക്കണം
ആദ്യക്ഷരം മുതൽ മേലോട്ട്..
തയ്യാറാകണമിപ്പോൾ തന്നെ
ആജ്ഞാശക്തിയായ് മാറീടാൻ...."
രണ്ടു പ്രായംചെന്ന അമ്മമാർ നാലു ചേച്ചിമാർ രണ്ടു ചേട്ടന്മാർ... ഞാൻ ചൊല്ലിക്കൊടുക്കുന്നതുകേട്ട് അവർ നല്ല ഇമ്പത്തിൽ ഏറ്റുപാടുമായിരുന്നു.. പക്ഷെ ഇത്രകാലമായിട്ടും അവരാരും ആജ്ഞാശക്തിയായി മാറാത്തത് എന്തുകൊണ്ടാവുമെന്ന് ഞാനിടക്കിടെ ആലോചിക്കാറുണ്ട്...
കഥ ഇന്നും ഇന്നലെയുമല്ല.. എന്റെ PDC (പ്രീഡിഗ്രിയും ഒരു ഡിഗ്രിയായിരുന്ന കാലം) കാലത്തേതാണ്. സമ്പൂര്‍ണ സാക്ഷരതായജ്ഞത്തിന്റെ ഭാഗമായിരുന്നു ഞാനും,. മേൽവിവരിച്ച എട്ടുപേരായിരുന്നു എന്റെ ബെസ്റ്റ് സ്റ്റൂഡന്റ്.. ക്ലാസ്സുമുറി സ്റ്റൂഡന്റിൽ ഒരാളായിരുന്ന രമണിചേച്ചിയുടെ വീട്ടുമുറ്റവും. രമണിചേച്ചി ക്ലാസ്സിലെ മുറുക്കാൻ ചെല്ലമായിരുന്നു.. എപ്പോഴും മുറുക്കുന്ന സ്വഭാവമായിരുന്നു ചേച്ചിയുടേത്.
1989-90 കളാണ് എന്റെ നാട്ടിലെ കുന്ന്വോളിലെ (കുന്നുമുകൾ) ചെറിയൊരു കോളനിയിലാണെന്റെ ക്ലാസ്സ് . പേരുപോലെ വലിയ കുന്നിൻമുകളൊന്നുമല്ല ഞങ്ങളൊക്കെ അധിവസിക്കുന്നിടത്തെക്കാൾ അല്പംകൂടി ഉയര്‍ന്ന സ്ഥലമായതിനാലാണ് അങ്ങനെ പേരുപറയുക. ആഴ്ചയിൽ മൂന്ന് ദിനമാണ് ക്ലാസ്സ് അതായത് മുന്ന് പീര്യേഡ്. എല്ലാവരും നിത്യവൃത്ത്യാർത്ഥം കൂലിപ്പണിചെയ്യുന്നതിനാൽ വൈകീട്ട് 6 മണിമുതൽ 7 മണിവരെ,
പാട്ടുകഴിഞ്ഞ് ആദ്യ അരമണിക്കൂർ സ്ലേറ്റിൽ എഴുത്ത്, വായന ഇത്യാദിയാണ്. തുടർന്ന് മണ്ണെണ്ണ വിളക്കിന്റെ വെട്ടം പോരാത്തതിനാൽ അവർക്കറിയുന്ന കഥകളും പാട്ടുകളും പറഞ്ഞും പാടിയുമിരിക്കും.. ചിലപ്പോളത് എട്ടുമണിവരെപോലുമാകും പിന്നെ രണ്ടുബാറ്ററിയുടെ ടോർച്ചുവെട്ടത്തിൽ തിരികെ വീട്ടിലേക്ക്....
രണ്ടു വൃദ്ധയായവരെ പഠിപ്പിക്കുന്നത് ഏറ്റവും രസാവഹവും ആയാസരഹിതവുമായിരുന്നു, എന്നാൽ രണ്ട് ചേട്ടന്മാർക്ക് ചുട്ട അടി കൊടുക്കാൻ തോന്നിയിരുന്നു.. അതിലൊരുചേട്ടൻ എന്നും വാറ്റുചാരായത്തിന്റെ ഗന്ധരാജനായിരുന്നു. എന്നാലും വഴക്കുപറഞ്ഞാൽപോലും ഒരു നിഷ്കളങ്കമായ ചിരിയോടെ ഇരിക്കുമായിരുന്നു. ചേച്ചിമാർ പഠിക്കാനുത്സാഹികളും മിടുക്കികളുമായിരുന്നു. വിജ്ഞാനത്തിന്റെ അക്ഷരതേൻതുള്ളികൾ ഒന്നൊന്നായി ഹൃദിസ്ഥമാക്കുമ്പോൾ ഇരുണ്ട നിറമുള്ള അവരുടെ മുഖത്തെ രണ്ടു വെള്ളാരം കണ്ണുകളുടെ തിളക്കം ഇന്നും എനിക്കോർമ്മയുണ്ട്. അതുകൊണ്ടാവും നാട്ടിലുണ്ടായിരുന്ന പല സാക്ഷരതാക്ലാസ്സുകളും ആരംഭശൂരത്വം കഴിഞ്ഞവസാനിച്ചപ്പോഴും എന്റെ കളരി തടസ്സമില്ലാതെ മുന്നോട്ടുപോയത്. ക്ലാസ്സ് നടന്നിരുന്നത് രമണിചേച്ചിയുടെ വീട്ടുമുറ്റത്തായിരുന്നതിനാൽ ചേച്ചിയെ ഞങ്ങൾ ക്ലാസ്സ് മാനേജരായി നിയമിച്ചിരുന്നു. മുറ്റമെല്ലാം നന്നായി അടിച്ചുവാരി പഴയ പനമ്പായയും പ്ലാസ്റ്റിക്ക് ചാക്കുമൊക്കെ റെഡിയാക്കിവച്ച് കുളിച്ച് പനങ്കുലപോലുള്ള മുടിയൊക്കെ അഴിച്ചുവിടർത്തി നന്നായി ചോപ്പിച്ച് മുറുക്കാൻ ചവച്ച്, ചേച്ചി റെഡിയായിരിക്കും. എണ്ണകറുപ്പുള്ള ശരീരവും മുടിയുമുള്ള ചേച്ചി മുറുക്കാൻ തിന്നു ചുണ്ടും പല്ലും ചൊമന്നങ്ങനെ നിൽക്കുന്നതു കണ്ടാൽ തമിഴ്ഗ്രാമങ്ങളിലെ പരദേവതമാരായ അമ്മനോ, മുത്തുമാരിദേവിയോ നിൽക്കുന്നപോലെ തോന്നുമായിരുന്നു. ആയതിന് ഒരു അരളിമാലയും കിരീടവും മാത്രമേ കുറവുണ്ടായിരുന്നുള്ളൂ...
നിർഭാഗ്യവശാൽ ചേച്ചിയുടെ ഭർത്താവ് ഒരു അക്ഷരാഭ്യാസവിരോധിയും. ചെങ്കല്ലുണ്ടാക്കുന്ന ചൂളയിലെ പണികഴിഞ്ഞ് അദ്ദേഹമെത്തുമ്പോൾ ചേച്ചി ക്ലാസ്സിലായിരിക്കും എന്നാലും അദ്ദേഹമൊരു അലോസരവും കാട്ടിയിട്ടില്ല.. ക്ലാസ്സുകഴിയുംവരെ ഉമ്മറത്തെ ചെറിയ മൺതിണ്ണയിൽ കാജാബീഡി ആസ്വദിച്ചിരിക്കും.. സന്ധ്യാനേരത്ത് ആ ബീഡിത്തീക്കനൽ വിടരുകയും അണയുകയും ചെയ്യുന്നത് നല്ലൊരു കാഴ്ചയായിരുന്നു.. ക്ലാസ്സ് കഴിഞ്ഞുള്ള വെടിവട്ടചർച്ചയിലേക്ക് അദ്ദേഹവും കൂടുമായിരുന്നു.
കാലങ്ങൾ ഒരുപാട് കഴിഞ്ഞു അമ്മൻദേവിപോലുള്ള രമണിചേച്ചി പുതിയ അവതാരങ്ങളെ പ്രസവിച്ചില്ല.. അവരുടെ ഭർത്താവു മൺമറഞ്ഞു.. ആ വയസ്സായ രണ്ടുപേരും.. നാലുചേട്ടന്മാരിൽ മൂന്നുപേരും സ്വർഗ്ഗാരോഹിതരായി (സ്വർഗ്ഗവും നരകവുമുണ്ടെങ്കിൽ തീർച്ചയായും അവർ സ്വർഗ്ഗലോകവാസികളാകും കാരണം അവർ നല്ല മനുഷ്യർ മാത്രമായിരുന്നു) നാലാമത്തെയാൾ കിടപ്പിലാണ് ചേച്ചിമാരെല്ലാം വൃദ്ധകളോ അതിന്റെ പടിവാതിലിലോ എത്തിക്കഴിഞ്ഞു..
അക്ഷരങ്ങൾ കൂട്ടിവായിക്കാനായപ്പോഴേക്കും ക്ലാസ്സുകളും മീഷനുമവസാനിച്ച, തുടർവിദ്യാഭ്യിസ പദ്ധതി അങ്ങുമിങ്ങും ചെറിയ അനക്കങ്ങളുണ്ടാക്കിയെങ്കിലും ആരംഭദിശയിലേ പാളിപ്പോയി.. ഈയുള്ളവനും എല്ലാം മറന്നു..
ഈയടുത്തകാലത്ത് രമണിചേച്ചിയെ വീണ്ടുംകണ്ടുമുട്ടി... ചേച്ചി വലിയ ഭയഭക്തിബഹുമാനത്തിൽ പൂർവ്വവിദ്യാർത്ഥിയെപ്പോലെ മുന്നിൽവന്നപ്പോൾ ശരിക്കും ഞാനൊന്നു കുഞ്ഞായിപ്പോയി..
"നിങ്ങൾ പഠിക്കണം..
നിങ്ങൾ പഠിക്കണം...
ആദ്യാക്ഷരംമുതൽ മേലോട്ട്......." ചേച്ചി പഠിച്ചതൊന്നും മറന്നിട്ടില്ല.. പക്ഷെ പഠിപ്പിച്ച ഞാനെല്ലാം മറന്നുപോയിരുന്നു... പനങ്കുലമുടിയെല്ലാം പോയി കരിവീട്ടിനിറംമങ്ങിയ രമണിചേച്ചിക്ക് നൂറുരൂപ മുറുക്കാൻ വാങ്ങാൻ നീട്ടി, സ്നേഹപൂർവ്വം നിരസിച്ച ചേച്ചി ഒരുവിവരംകൂടി പറഞ്ഞു... വായനിറച്ചും പുണ്ണാണെന്ന് ഇനി മുറുക്കാനാകില്ല എന്ന്... ചേച്ചിക്കറിവുള്ളതിനെക്കാൾ ആ വാപ്പുണ്ണിനെക്കുറിച്ച് അറിവുള്ളതുകൊണ്ട് ഞാനൊന്ന് നടുങ്ങി.. പിന്നെ പഴയ മുറുക്കിചുവന്ന് മുടിയഴിച്ചുനിന്ന അമ്മൻദേവി രൂപത്തെ മനസ്സിലോർത്തു.. ചേച്ചി തിരിഞ്ഞുനടന്നപ്പോഴും ഞാനവിടെ ഏറെനേരം നിന്നുപോയി... അതേ ചേച്ചിയും തീർച്ചയായും സ്വർഗ്ഗവാതിലിലേക്ക് കടക്കാനായുകയാണ്...
തിരികെപ്പോരുമ്പോൾ മനസ്സിലൊരു വേദന അരിച്ചുപെയ്യാൻ തുടങ്ങിയിരുന്നു... എന്റെ പ്രിയപ്പെട്ട ആദ്യ വിദ്യാർത്ഥികൾ.. ഇനിയെന്റെ കുത്തിക്കുറിക്കലുകളെല്ലാം നിങ്ങൾക്കുള്ള സമർപ്പണമാണ്.. എന്നിലുണരുന്ന കഥകളുടെ ആദ്യബീജം പാകിയത് നിങ്ങളാണ്.. എന്റെ കവിതകളുടെ തുടിതാളത്തിന്റെ ആത്മാവ് നിങ്ങൾ പാടിത്തന്ന പഴമ്പാട്ടിലെ മിത്തുകളും.
സംവേദനങ്ങൾക്ക് അക്ഷരങ്ങളാവശ്യമില്ലാത്തൊരു ലോകത്ത് സസുഖം വാഴുമ്പോൾ നിങ്ങളുടെ നേരംപോക്കിന് ഈയുള്ളവന്റെ എഴുത്തുകൾ വായിച്ച് ചിരിക്കുമെന്ന് ഞാനും സ്വപ്നം കാണുന്നു...
എന്നാലും ഒടുവിൽ പുതിയൊരധ്യാപനവൃത്തിതേടി നിങ്ങളുടെ ചാരെയെത്തുമ്പോൾ പണ്ട് നിത്യം ക്ലാസ്സുകൾ അവസാനിപ്പിച്ച് നാമൊരുമിച്ച് പാടാറുള്ള ആ വരികൾപാടി നിങ്ങളെന്ന സ്വീകരിക്കുമെന്ന് ഞാൻ പ്രത്യാശിക്കുന്നു.. ഞാനുമൊന്ന് മൂളിപ്പോകുന്നു....
"അക്ഷരജ്ഞാനം അറിവല്ല
അറിവിന്റെ രക്ഷാകവാടമാണെന്നുള്ളതോർക്കുക..
ഇക്കവാടത്തിൻ അകംപുക്കുവാനെത്തി-
നിൽക്കും സഹചരെ നിങ്ങൾക്ക് സ്വാഗതം..
(ഒരുപിടി ഓർമ്മകൾക്കുമുന്നിൽ-ശ്രീ).30/8/21
Comments