വഴിമറന്ന സന്ദേശങ്ങൾ
ആകാശം കാണാതെ
വിരിയിക്കാൻ ശ്രമിച്ച
മയിൽപ്പീലിത്തുണ്ടുപോലെ
ആകാശത്തിനു കീഴെ
കമഴ്ത്തിവച്ച വിളക്കുമരങ്ങൾ സാക്ഷിയാക്കി,
നിദ്ര നിശ്ശബ്ദതയെ
പ്രണയിക്കുന്നേരം....
നിശ ഇരുവർക്കുമായൊരു
പുൽപ്പായ വിരിക്കുന്നു.
മന്ദമാരുതൻ രാമച്ചക്കാടു വിട്ട്
അലസമണയുന്നുണ്ട്,
ചുണ്ടിൽ, മുളങ്കാടിൽനിന്ന്
കട്ടെടുത്തൊരു മൂളിപ്പാട്ടുമായ്. ഒളിനയനങ്ങളൊഴിവാക്കി
പനിമതിയകലെ,
കരിമേഘപ്പുതപ്പുചുറ്റി.!
പരസ്പരം പായിക്കുന്ന
വായുദൂതുകളിലൂടെ
നമ്മുടെ ശുഭരാത്രിസന്ദേശങ്ങളിപ്പോൾ
വഴിതെറ്റിയലയുകയാവും.
എന്നിലേക്കും നിന്നിലേക്കുമണയാതെ.
സ്വീകർത്താവിലും
പ്രേക്ഷിതനിലേക്കുമുള്ള
വഴിതെറ്റിയലയുകയാവും തീർച്ച,
അല്ലായിരുന്നെങ്കിൽ
എന്റെ നെടുവീർപ്പുകളെല്ലാം
ഈ തണുത്ത രാവിലെങ്കിലും
നീയറിയുമായിരുന്നല്ലോ.
Comments