മിന്നാമിനുങ്ങ്
#
പണ്ട് പിണങ്ങിപ്പോയ
ഒരുപിടി സ്വപ്നങ്ങളുണ്ട്..
മനസ്സിന്റെ മഞ്ചലൊഴിഞ്ഞ്
കാരപ്പടർപ്പനും കരിനൊച്ചിയും
ഇണചേരുന്ന ഇടവഴിയിലൂടെ
നിശ്ശബ്ദം തേങ്ങലടക്കി,
പണ്ടേ പോയ്മറഞ്ഞതാണവ.
കുന്നോളമുരുട്ടിക്കയറ്റിയ
പ്രണയസ്വപ്നങ്ങളിൽ
ഒരു കണ്ണീർമഴ പെയ്യിച്ച്
അവളകന്നനാളിലാണത്.
നനഞ്ഞടർന്ന
പ്രണയവർണ്ണങ്ങളെല്ലാമെടുത്ത്
നിലാവില്ലാത്ത രാത്രികളിൽ
പൂവാംകുരുന്നിലകളുടെ
ഇടയിലിണചേരുന്നുണ്ടവയിന്നും...
പിന്നെ തൂവെളിച്ചം മിന്നിച്ച്
ഗതകാലത്തിലേക്ക്
ക്ഷണിക്കുന്നുണ്ടെന്നെ..
താപമാറാത്ത മനമുണ്ടിനിയും..
പ്രണയമൂറിപ്പോയ തടയണകളിലെ
പരൽമീനുകൾ
പുതിയ ഉറവകളില്ലാതെ,
തെളിനീരില്ലാതെ
വാപിളർന്നു ചത്തിട്ടും,
നിലാവുദിക്കാത്ത രാവുകളിലെ
നുറുങ്ങുവെട്ടങ്ങളുടെ
രതിക്രീഡകൾ കണ്ടിരിക്കാനെന്തുരസം.
അവയൊക്കെയെന്റെ
പിണങ്ങിപ്പോയ
പ്രണയസ്വപ്നങ്ങളുടെ
പുനർജ്ജനികളായതുകൊണ്ടുതന്നെയെന്നത് സത്യം .
Comments