Posts

Showing posts from 2018

Poem MALAYALAM

Image
#നന്ദി പിരിഞ്ഞുപോകുന്ന വർഷം.. എനിക്കേറ്റം പ്രിയപ്പെട്ടതാണത്, അതിനാലാണ് പുതുവർഷത്തെക്കുറിച്ചൊന്നും പറയുവാനില്ലാത്തത്... പിരിയുന്നവനുള്ള സത്കാരമാണിനി.. ഞാനവനോ.. അവനെനിക്കോ.. ആരാണ് വിരുന്നുകാരൻ ആരാണ് വിരുന്നൊരുക്കുക..? ആര് ആരിൽനിന്ന് പിരിയണം പിരിയുന്നുവെങ്കിലും പ്രിയസ്നേഹിതാ... നീയാണെനിക്കീ സൗഹൃദങ്ങളുടെ പട്ടുടുപ്പ് തുന്നിത്തന്നത് നന്ദി.            #ശ്രീ

Autobiographical story Malayalam

Image
  #പുസ്തകത്തടവറ (ഒരു പുസ്തകത്തടവുകാരന്റെ ആത്മകഥാകഥനം) ഒരു രഹസ്യം പറയട്ടെ തീവ്രരഹസ്യം.. ഭാര്യ പതിവായി പുസ്തകങ്ങൾ വാങ്ങിത്തരുന്നുണ്ട് ഓരോന്നും വായിച്ചുതീർന്നോ തീർന്നോന്ന് നോക്കിയിരിക്കും അവസാന അദ്ധ്യായം അവസാനിക്കുംമുമ്പ് അടുത്ത പുസ്തകം വാങ്ങിത്തരും... എന്താ സ്നേഹം അല്ലേ... വിഷയം ഇതൊന്നുമല്ല.. ഓഫീസ് വിട്ടുവന്നാൽ അത്യാവശ്യം പണിതീർത്ത് മൊബൈലുനോട്ടവും കഴിഞ്ഞ് പതിയെ പുറത്തേക്കിറങ്ങും.. ഒരു ചെറിയ ചുറ്റിയടികഴിഞ്ഞ് റസിഡൻസ് അസോസിയേഷൻ ലൈബ്രറിയിൽ പോയിരുന്നു വെടിവട്ടവും വായനയും കഴിഞ്ഞ് പത്തുമണിക്ക് വീട്ടിലേക്ക്... ഇതിനിടയിൽ മിനിമം അഞ്ചുപ്രാവശ്യമെങ്കിലും അവളൊന്ന് മിസ്സടിക്കും വീട്ടിൽ വരാനുള്ള സൈറൺമാത്രമൊന്നുമല്ല.. ഇതിനിടയിൽ ആരുമായെങ്കിലും ഞാൻ കത്തിവയ്ക്കുന്നുണ്ടോ എന്നറിയാനൊരു സദുദ്ദേശവുമുണ്ട്.. പോരാത്തതിന് ഓൺലൈനിലാണോ എന്നൊരു വാച്ചിംഗും ഉണ്ട്. അത് വേറേതെങ്കിലും "ഓൺ-ലൈൻ" ആണോന്നറിയാനാ.. പാവം പെണ്ണുങ്ങൾക്കെന്തെല്ലാം കഷ്ടപ്പാടുകൾ... ഇങ്ങനെയിരിക്കെ ഒരീസം ചതുരക്കട്ട എടുക്കാതെയാണ് പുറത്തുപോയത്.. ഭാര്യ പതിവുപോലെ മിസ്സടിതുടങ്ങി. അപ്രതീക്ഷിതമായി എന്റെ ചതുരക്കട്ട മേശമേലിരുന്ന് പാടുന്നത്  ഒരു ഞെട്ടലോ

Poem MALAYALAM

Image
#ഈ_ഭൂമിയിൽ കാലമറിയിച്ച പെൺകൊടി നാണത്താൽ നമ്രയായതുപോലീ കതിർക്കുല, പാലുറച്ച ഭാരംതിങ്ങി മെല്ലെയൊന്നാ- കുലാൽ ഭൂമിമാറത്ത് ചായവേ... കുഞ്ഞുചൂടാലൊരു സ്പർശസാന്ത്വനം നല്കിടുന്നു പകൽവാഴുമർക്കനും..    ഇത്രയുന്മാദഹർഷം പൊഴിക്കുമീ വർഷകാലത്തിലെത്തുന്ന കാമുകൻ, ചിത്തമാകെ തണുക്കുവാനേകിടും സത്തിനാൽ മത്തുചൂടുന്നു ഭൂമിയും. എട്ടുനാളിലും മഞ്ഞനീരാടിയാ നർത്തനം ചെയ്തുറങ്ങുന്ന മായിക, സ്വപ്നലോകരജസ്വലകന്യപോൽ സർഗ്ഗദേവതയായ്ചമഞ്ഞീടുന്നു എത്ര സുന്ദരമീശ്വരകല്പിതം എത്ര വശ്യമാണീവിധം ഭൂമിയും ഒട്ടുനാൾകൂടിയേകുമോ സംസാര- മെത്രക്ലേശമെന്നാകിലുമെൻ ഭവാനെത്രമാത്രം മനോഞ്ജമായ്തീർത്തൊരീ സ്വർഗ്ഗരാജ്യത്തിലാവതുകാലവും. ....   #sreekumarsree

Poem MALAYALAM

Image
         ഒരു നാടൻപാട്ട് മുക്കുറ്റി പൂത്തതു കണ്ടുവോടി നമ്മ മുറ്റം ചുവന്നതും കണ്ടുവോടീ.. മൂവന്തിപ്പെണ്ണിന്റെ പ്രായം തികഞ്ഞിട്ട് ചന്തം വരുത്തിയൊതുക്കിയപോൽ.. ചെമ്മാനത്തെങ്ങാനും കണ്ടുവോടിയന്തി- ച്ചന്തയ്ക്കു പോകുന്ന പൊൻപരുന്ത് രാകിപ്പറന്നിട്ട് തൂവലനങ്ങാതെ, വള്ളിയടർന്ന കിനാവുപോലെ. പൊൻതിരപൊങ്ങണ കണ്ടുവോടീ കടലമ്മ തുളുമ്പണ കണ്ടുവോടീ.. നീളെവീശും വലയാകെ നിറയുന്ന ചാകരച്ചാളത്തുടിപ്പുകണ്ടാ... കുങ്കുമചോപ്പുള്ള പെണ്ണിനെക്കണ്ടാടി ചന്തം തുടിക്കണ മോറു കണ്ടാ.. നാലാളുകൂടുംബം നാണിച്ചു നിന്നിട്ട് കാൽവിരൽ ചിത്രം വരച്ച കണ്ടാ...? മാറുമറച്ചൊരു പെണ്ണിനെ കണ്ടോടീ ചേറു പുരണ്ട കവിളുകണ്ടാ.. കാരിരുൾ തോല്ക്കും നിറമാണതെങ്കിലും പൂവുപോൽ ചേലുള്ള ചങ്കവൾക്ക്.. ചന്തം വരുത്താത്ത പെണ്ണിനെകണ്ടവ- രന്തിച്ചു ചിന്തിച്ചു ചൊല്ലിപോലും പെണ്ണിവൾ സുന്ദരി മെയ്യാലയല്ലേലു- മുളളാലെ പെണ്ണിവളാണ് പെണ്ണ്. ചിന്തിച്ചു നിക്കാതെ പന്തലുതീർക്കണം വായ്ക്കുരവയ്ക്കാറുപെണ്ണുവേണം മോഹിച്ച ചെക്കനിങ്ങെത്തുന്ന നേരത്ത് നാലാളു കൈചേർത്തൊനുഗ്രഹിക്കാം.                ശ്രീ..

Poem MALAYALAM

Image
     കല്പിതം കുളിരേറ്റടിമുടി തണ്ടുലഞ്ഞ പൂവിൻ തളിരുടൽ പുല്കിയുണർത്തികാറ്റ്, ഒരുമൂടൽ മഞ്ഞുവന്നിരുളുനൽകീ കാറ്റിന്നധരമാ പൂവിൽ കരൾ കവർന്നു. വെയിലേറ്റുവാടിക്കൊഴിഞ്ഞപൂവിൻമന- മരുമയായ് തേടിയാപ്രിയ ദേവനെ ഒരുനേരം പോലുമാ മാരുതനെത്തിയി ല്ലടിയിൽ പൊഴിഞ്ഞ പൂങ്കനവുതേടി. മഴയേറ്റുലഞ്ഞലിഞ്ഞീമണ്ണിലിന്നവൾ ചെറുപ്രാണിതൻ ഭോജ്യമായിടവെ നറുസുമം തേടിയാകരിവണ്ടിനൊപ്പമിന്ന- വനെത്തിയധരത്താലമൃതുണ്ണുവോൻ ഉലകിതിൽ സൗഭഗം നശ്വരമെന്നുള്ളൊ- രറിവുപകർന്നിടും കാഴ്ചയേകാൻ.  ജഗദീശ്വരൻ ചമയ്ക്കും വർണ്ണമീവിധ- മനവദ്യമല്ലോ നാം കണ്ടിരിപ്പൂ.                     ശ്രീ.

Poster Malayalam

Image
ഒരിക്കലെങ്കിലും സ്വപ്നലോകത്തിൽ അഭിരമിക്കാത്തവരുണ്ടാകുമോ... അതിന്റെ ചിറകേറി സീമകൾക്കപ്പുറം ജീവിക്കാത്തവരുണ്ടാകുമോ..      ഉണ്ടെങ്കിൽ നിസ്സംശയം പറയാം.. അവർക്കൊരു മനസ്സുണ്ടാവില്ല തീർച്ച... FB Sreekumar S ree

Short Story- MALAYALAM

Image
കഥപിറന്ന രാവിൽ ````````````````````````````` (അഗസ്റ്റ് 29നു *കേരളകൗമുദി*  പ്രസിദ്ധീകരിച്ച എന്റെ ചെറുകഥ ) നിനക്കൊരു കഥയെഴുതരുതോ..? മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ  നൂറ്റിപ്പതിമൂന്നാം നമ്പർ റൂമിലെ നീണ്ട നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ടാണ്, കഫംമുറ്റി ഇടറിയശബ്ദത്തിലൊരു ചോദ്യമുയർന്നത്... ആ ചെറിയ മുറിയിലെ ഏതോ ഒരു ചുവരിൽ തട്ടിച്ചിലമ്പിച്ച് ആ ചോദ്യം  പ്രതിധ്വനിയില്ലാതെ ഒടുങ്ങിയെങ്കിലും അതിന്റെ അലകൾ ഹൃദയത്തിനും തലച്ചോറിനുമിടയ്ക്ക് ഇസിജി മോണിറ്ററിംഗ്  പോലെ അലയടിക്കാൻ തുടങ്ങി.  ചെറിയ കട്ടിലിൽ കാലുകൾ നിലത്തുകുത്തി  എണീറ്റിരുന്നു. വശത്തുവച്ച ലാപ്ടോപ്പ് ഒതുക്കി കൈയെത്തി ലൈറ്റ് തെളിച്ചു. അടുത്ത കട്ടിലിൽ ട്യൂബുലൈറ്റ് ചൊരിഞ്ഞ പ്രകാശത്തിന്റെ അലോസരത്തിൽ കണ്ണുകൾ മുറുകെ അടച്ചുപിടിച്ച് വായ അല്പം തുറന്ന് അച്ഛൻ മലർന്നുതന്നെ കിടക്കുന്നു. ഇരുകരങ്ങളും മടക്കി നെഞ്ചിൽ ചേർത്ത്..... "അച്ഛനെന്തെങ്കിലും പറഞ്ഞുവോ...?" പതിയെയാണ് ചോദിച്ചത്.. അല്പവിരാമത്തിനുശേഷം വീണ്ടും ചോദിച്ചു.. "അച്ഛന് ചൂടുവെള്ളമെടുക്കട്ടേ...?" ഇടതുകൈമുദ്രയിൽ വേണ്ടെന്നു മനസ്സിലായി... വീണ്ടും നിശ്ശബ്ദത... ലാപ്ടോപ്പിൽ സ്

Poem MALAYALAM

Image
   പ്രവാസക്കനവ്. "നിലതെറ്റി വന്നിടും പെരുമഴയിരവുമാ- യിണചേർന്നുറങ്ങുവാൻ കൂട്ടുകൂടേ.. ഒരുവൃശ്ചികക്കുളിർ മഞ്ഞേറ്റുവിടരാൻ- വെള്ളുടയാട തുന്നിയ പിച്ചകമുണരവേ.." അരുമയായൊരുപൂവു നുള്ളിയാ കരിമുടിച്ചുരുളിൽ തിരുകുവാനെന്തുമോഹം പതിയെയെൻ മാറിൽ ചൊരിയുമാ തിരുമുടിയകിൽമണം മുകരുവാ നെന്തുമോഹം.. ചെറുചൂടുപകരുമെ ന്നംഗുലീലാളനം തരളിതമാക്കുന്നതെന്നുനിന്നെ..? നെടുപ്രവാസത്തിന്റെയിരുളിൽ ഞാനൊത്തിരി കടുരസം മോന്തിയുറങ്ങിടുമ്പോൾ ഉണരുമ്പൊഴാസർഗ്ഗസന്ധ്യയിലെത്തിടാൻ തപമാണെൻ മനമെന്നുമെൻ പിറാവേ.. #ശ്രീ  

Poem MALAYALAM

Image
===================: നാളെയാണ് ആ വിവാഹം ===================: പ്രണയിക്കാനവൾ തീരുമാനിച്ചു. ആദൃഇഷ്ടത്തെ പക്വത ഇല്ലായ്മ പരിഹസിച്ചു പിന്നെ പ്രണയിയുടെ പ്രായകുറവ്...!!!. മൂന്നാമൻ ജാതിയിൽ അന്യനാണത്രെ...?! അടുത്തയാൾ കുടുംബത്തിനനഭിമതൻ.. അഞ്ചാമനൊരു പഞ്ഞക്കാരൻ.!. ഒരുവൻ മരിച്ചവളുടെ ഭർത്താവായിരുന്നു..? ഒരാൾ അനൃദേശവാസി; ഇഷ്ടങ്ങൾക്ക് കാലദേശങ്ങൾ അതിരുവരയ്കുന്നു ... പ്രണയത്തെ പണവും മഹിമയും കൊണ്ടളക്കുന്നു ... പ്രായ കാല ഭേദങ്ങളില്ലാതെ പ്രണയിക്കാനാവില്ലന്നറിഞ്ഞ ആ നൃൂ ജനറേഷൻ സുന്ദരി;.. ഒടുവിൽ രക്ഷിതാക്കൾ വാങ്ങിനൽകിയ ആ പുരുഷ കണ്ഠത്തിനെതന്നെ വരിച്ചു.......

Poem MALAYALAM

Image
    രംഗബോധം ഇടനാഴിയിൽ അവനുണ്ട് അദൃശൃനായി... ഒരു ഞരക്കം, തുടർന്നൊരു തേങ്ങൽ, നിലവിളി,.... അവൻ കയറിയിറങ്ങുന്ന- യിടങ്ങളിൽനിന്നുയർന്നേക്കാം...  ഈ മുറിയും തിരയുകയാവും... ജാലകത്തിയശ്ശീലകൾ അഴിച്ചുവിടുക.. മറകളെന്തിന് വെറുതെ,. പണ്ടേ മരിച്ചവനാണ്... പിന്നെന്തിന്  നിങ്ങളെന്റെ വാതിൽ താഴിടണം... അശക്തനാണ് ഞാൻ  എനിക്ക്‌ വേണ്ടി എന്റെ വാതായനം ആരെങ്കിലും തുറന്നിടുക .... ഞാനവനെ സ്വാഗതം ചെയ്തോട്ടെ..... അല്ലെങ്കിൽ അവനെന്നെ. നിലവിളികൾക്കും തേങ്ങലുകൾക്കും മുമ്പ്, ഒരു ദീർഘനിശ്വാസത്തിനുമാത്രം ഇടവേള തരിക.         ശ്രീ...

Poster Malayalam

Image
ഏറെനേരം പതംപറഞ്ഞെന്തിനോ ഈ മഴക്കുളിർ ചൂടേറ്റടങ്ങവേ, നേരമേറെ കടന്നതറിഞ്ഞില്ല രാവണഞ്ഞതുമോർത്തില്ലയിന്നുഞാൻ.

Poem MALAYALAM

Image
  ആമുഖമില്ലാതെ നിന്റെ പ്രഭാതങ്ങളെ നറുംമഞ്ഞാൽ ഞാൻ തണുപ്പിക്കുന്നു.. നിന്റെ അങ്കണങ്ങളിലെന്റെ സ്നേഹം നിറമുള്ള പൂക്കൾ വിടർത്തിയിരിക്കുന്നു നിന്റെ മേലെന്റെ കരുതൽ പട്ടുകമ്പളംപോലെ പുതച്ചിരിക്കുന്നു... നിന്റെ താപമലിയിച്ചൊഴുക്കാൻ എന്റെ ആകാശം സദാ പൊഴിയാനായി നിൽക്കുന്നു... ഇനിയുമുണരുക... ഈ സുന്ദരപ്രഭാതത്തിന്റെ മടിയിലേക്ക്... പ്രദോഷത്തിന്റെ ചെന്തുടിപ്പിനുമുന്നേ നിനക്കുഞാനെന്റെ ഹൃദയവും അതുതിർക്കുന്ന ചുംബനങ്ങളും  പങ്കുവയ്ക്കാം... #ശ്രീ. 7/11/18.

Poster Malayalam

Image
പൂലരശിൻ കുടിയിരിപ്പുണ്ടൊരുമഴ എന്റെ മോഹംപോൽ പൊഴിയാത്ത പൂമഴ.. എന്നെയാകെ നനയ്ക്കും തുലാമഴ... #sree

Poem Malayalam

Image
ഒറ്റയാക്കരുതെന്നെ °°°°°°°°°°°°°°°°°°°°°°°° ഒറ്റപ്പെടാനിന്ന് ഇഷ്ടമില്ലെനിക്കേറ്റം ഒറ്റയാക്കുവേനേറെ പണിപ്പെടാതിരിക്കുനീ ഒറ്റയ്കുമാത്രം പോകാനൊക്കുന്ന വിദൂരത്തിലൊക്കുമ്പോ- ളൊറ്റയാനായ് നിശ്ചയമകന്നിടാം... സത്യമായേതൊന്നിലും ഇഷ്ടമുണ്ടാക്കീടാതെ ഒട്ടുമേ പരാതിയും ചൊല്ലാതെ വിടവാങ്ങാം ഒറ്റപ്പെടുത്താതിനി ഒറ്റയാനല്ലെന്നോർക്കൂ..     Sreekumar sree

Poem MALAYALAM

Image
    വഴിമറന്ന സന്ദേശങ്ങൾ നിദ്ര നിശബ്ദതയെ പ്രണയിക്കുന്നേരം.... നിശ ഇരുവർക്കുമായൊരു പുൽപ്പായ വിരിക്കുന്നു. മന്ദമാരുതൻ രാമച്ചക്കാടുവിട്ട് അലസമണയുന്നുണ്ട്, ചുണ്ടിൽ മുളങ്കാടിൽ നിന്ന് കട്ടെടുത്തൊരു മൂളിപ്പാട്ടുമായ്. ഒളിനയനങ്ങളൊഴിവാക്കി പനിമതിയകലെ, കരിമേഘപുതപ്പുചുറ്റി...! പരസ്പരം പായിക്കുന്ന വായുദൂതുകളിലൂടെ നമ്മുടെ ശുഭരാത്രി സന്ദേശങ്ങളിപ്പോൾ വഴിതെറ്റിയലയുകയാവും. എന്നിലേക്കും നിന്നിലേക്കുമണയാതെ. സ്വീകർത്താവിലും പ്രക്ഷിതനിലേക്കുമുള്ള വഴിതെറ്റിയലയുകയാവും തീർച്ച, അല്ലായിരുന്നെങ്കിൽ എന്റെ നെടുവീർപ്പുകളെല്ലാം ഈ തണുത്തരാവിലെങ്കിലും നീയറിയുമായിരുന്നല്ലോ.         #ശ്രീ

Poem MALAYALAM

Image
ഇനി വലിയകളികൾ_മാത്രം ആർത്തവരക്തമൊപ്പുന്ന പ്ലാസ്റ്റിക്പാഡുകളുടെ പരസ്യകോലാഹലങ്ങൾക്കിടയിൽ. മിന്നിമറയുന്ന കോമാളിജീവിതങ്ങൾ, സീരിയൽ കേമത്തരങ്ങൾ... കോമഡിപ്രയോഗങ്ങൾ.... വില്ലനും നായകനും കോമാളിവേഷത്തിനും ചായമിടുന്നതൊരേമുഖം.. വിഡ്ഢിവേഷപ്പടയാടിയൊരു വിഡ്ഢിപ്പെട്ടി നിറയ്ക്കുന്നു. ബാത്ത്റൂം ക്ലീനിങ്ങിന്റെ തത്ത്വശാസ്ത്രം.. താരനകറ്റുന്ന താരപ്രഭ ഒരുരൂപയുടെ വിസ്മയം കാട്ടാൻ പത്തുകോടിയുടെ വിശ്വരൂപം കോൾമയിൽക്കൊള്ളിക്കും കോലാഹലം..! പത്തുരൂപയുടെ മാജിക്കിൽ മനുഷ്യനെ ഒന്നിനും കൊള്ളാത്തതാക്കുന്ന തൃസന്ധ്യബഹളം.. വിഡ്ഢിപ്പെട്ടി.. മൂലയിലിരുന്നാളെ വിഴുങ്ങുന്ന മൂദേവീ വിസ്മയം.      #ശ്രീ...

Poem MALAYALAM

Image
യാത്രപോകാത്തവർ ```````````````````````````````` പാതകൾ..., സർപ്പങ്ങളാണ് പിന്നറ്റം കെട്ടിവലിച്ച മണ്ണിരകൾപോലവ നീണ്ടുനീണ്ടുപോകുന്നു. കടമെടുത്ത പ്രതലങ്ങളിൽ ചത്തുമലച്ചുകിടക്കുമത്. നെടുകെയും കുറുകെയും പഥികരെ ചുമക്കുകയാണത്.. വിയർത്തും തണുത്തും നീണ്ട നിശ്വാസങ്ങളുടെ ആലസ്യംപൂണ്ടുറങ്ങുന്നവ. യാത്രയ്ക്കു കൂട്ടാക്കാതെ നിത്യം നിശ്ചലവുമാണത്. നിശ്ശബ്ദവും നീണ്ടുനിവർന്നതുമായൊരു സത്യം. പാതകൾ.... "യാത്രപോകാതെ"- ദേശങ്ങളിൽനിന്നു ദേശങ്ങൾ താണ്ടുന്നവർ.           #ശ്രീ.

Poster Malayalam

Image
പറക്കാൻ ചിറകുകൾ ഇല്ലെങ്കിൽ വ്യവസ്ഥിതികളിൽ നിന്ന് ആകാവുന്നവിധത്തിൽ കുതിച്ചു ചാടാൻ മോഹിക്കാറുണ്ട് മനസ്സ്.  അത് പറക്കലെന്ന് വ്യാഖ്യാനിക്കേണ്ടതില്ല.. പ്രതിഷേധങ്ങൾക്ക് കരുത്തുപോരാതെ വരുമ്പോൾ ഒഴിഞ്ഞുമാറലാണ്...    #ശ്രീ.

Article അരകല്ല്

Image
....അരകല്ലും ചില്ലറ ചിന്തകളും.... °•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•° നാട്ടിലെത്തിയാൽ മകളുടെ  സന്തോഷങ്ങൾ ഇതൊക്കെയാണ്.. മിക്സി പ്രൌഡിയോടെ വന്നെങ്കിലും തീരെ ഒഴിവാക്കാതെ അരകല്ലിന് ഇപ്പോഴും മുഖ്യസ്ഥാനം തന്നെയുണ്ട്... കിണറ്റുവക്കിലെ തൊട്ടിയും കയറും ... ഉരക്കളത്തിലെ ഉരൽ..  വിറകടുപ്പ്.. എല്ലാം കാലങ്ങളായി അവർക്കനുവദിച്ച ഇടങ്ങളിൽതന്നെയുണ്ട്.. ഒരുനായ,  ഒരാൾ വന്നുകയറി ഒരുകുടുംബമായി പരിണമിക്കുന്ന  പൂച്ചകൾ,  പൗരമുഖ്യനായി അങ്കവാലും തലയെടുപ്പുമുള്ള, പ്രഭാതം വിളിച്ചോതുന്ന ഒരു പൂവനടങ്ങുന്ന കുറച്ചുകോഴികൾ.. മുൻവാതിലിന് സമീപം ചെറിയകൂട്ടിൽ സദാ ചിലയ്ക്കുന്നൊരു തത്ത... തൊഴുത്തിൽ അകിടുനിറഞ്ഞുതൂങ്ങിയൊരു അമ്മപ്പശുവും കുറുമ്പനായൊരു കിടാവും... ഇതെല്ലാം  മലയാളികളുടെ വീട് എന്ന സമ്പ്രദായത്തിന്റെ ഒഴിവാക്കാനാകാത്ത സംഗതികളായിരുന്നു...  ഇന്നലെകളുടെ നന്മകളായിരുന്നവ. മനുഷ്യൻ അണുകുടുംബമായി പരിണമിച്ചതിനോടൊപ്പം അവന്റെ ചുറ്റുപാടുകളും സമൂലപരിവർത്തനം ചെയ്യപ്പെട്ടു... വീടിനുചുറ്റും കാവലായി മറ്റുള്ളവരെ പാലനംചെയ്ത് ഓടിനടന്ന നായ് പരിപാലനം ഏറെ ആവശ്യമായ പട്ടുമെത്തയിലെ അലങ്കാരജീവിയായിമാറി... പൂച്ചകൾ ആളൊഴിഞ്ഞ പ്രദേശങ്ങളി