Poem MALAYALAM

         ഒരു നാടൻപാട്ട്

മുക്കുറ്റി പൂത്തതു കണ്ടുവോടി നമ്മ
മുറ്റം ചുവന്നതും കണ്ടുവോടീ..
മൂവന്തിപ്പെണ്ണിന്റെ പ്രായം തികഞ്ഞിട്ട്
ചന്തം വരുത്തിയൊതുക്കിയപോൽ..

ചെമ്മാനത്തെങ്ങാനും കണ്ടുവോടിയന്തി-
ച്ചന്തയ്ക്കു പോകുന്ന പൊൻപരുന്ത്
രാകിപ്പറന്നിട്ട് തൂവലനങ്ങാതെ,
വള്ളിയടർന്ന കിനാവുപോലെ.

പൊൻതിരപൊങ്ങണ കണ്ടുവോടീ
കടലമ്മ തുളുമ്പണ കണ്ടുവോടീ..
നീളെവീശും വലയാകെ നിറയുന്ന
ചാകരച്ചാളത്തുടിപ്പുകണ്ടാ...

കുങ്കുമചോപ്പുള്ള പെണ്ണിനെക്കണ്ടാടി
ചന്തം തുടിക്കണ മോറു കണ്ടാ..
നാലാളുകൂടുംബം നാണിച്ചു നിന്നിട്ട്
കാൽവിരൽ ചിത്രം വരച്ച കണ്ടാ...?

മാറുമറച്ചൊരു പെണ്ണിനെ കണ്ടോടീ
ചേറു പുരണ്ട കവിളുകണ്ടാ..
കാരിരുൾ തോല്ക്കും നിറമാണതെങ്കിലും
പൂവുപോൽ ചേലുള്ള ചങ്കവൾക്ക്..

ചന്തം വരുത്താത്ത പെണ്ണിനെകണ്ടവ-
രന്തിച്ചു ചിന്തിച്ചു ചൊല്ലിപോലും
പെണ്ണിവൾ സുന്ദരി മെയ്യാലയല്ലേലു-
മുളളാലെ പെണ്ണിവളാണ് പെണ്ണ്.

ചിന്തിച്ചു നിക്കാതെ പന്തലുതീർക്കണം
വായ്ക്കുരവയ്ക്കാറുപെണ്ണുവേണം
മോഹിച്ച ചെക്കനിങ്ങെത്തുന്ന നേരത്ത്
നാലാളു കൈചേർത്തൊനുഗ്രഹിക്കാം.
               ശ്രീ..

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്