Short Story- MALAYALAM
കഥപിറന്ന രാവിൽ
`````````````````````````````
(അഗസ്റ്റ് 29നു *കേരളകൗമുദി* പ്രസിദ്ധീകരിച്ച എന്റെ ചെറുകഥ )
നിനക്കൊരു കഥയെഴുതരുതോ..?
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ നൂറ്റിപ്പതിമൂന്നാം നമ്പർ റൂമിലെ നീണ്ട നിശ്ശബ്ദതയ്ക്ക് വിരാമമിട്ടുകൊണ്ടാണ്, കഫംമുറ്റി ഇടറിയശബ്ദത്തിലൊരു ചോദ്യമുയർന്നത്... ആ ചെറിയ മുറിയിലെ ഏതോ ഒരു ചുവരിൽ തട്ടിച്ചിലമ്പിച്ച് ആ ചോദ്യം പ്രതിധ്വനിയില്ലാതെ ഒടുങ്ങിയെങ്കിലും അതിന്റെ അലകൾ ഹൃദയത്തിനും തലച്ചോറിനുമിടയ്ക്ക് ഇസിജി മോണിറ്ററിംഗ് പോലെ അലയടിക്കാൻ തുടങ്ങി.
ചെറിയ കട്ടിലിൽ കാലുകൾ നിലത്തുകുത്തി എണീറ്റിരുന്നു. വശത്തുവച്ച ലാപ്ടോപ്പ് ഒതുക്കി കൈയെത്തി ലൈറ്റ് തെളിച്ചു. അടുത്ത കട്ടിലിൽ ട്യൂബുലൈറ്റ് ചൊരിഞ്ഞ പ്രകാശത്തിന്റെ അലോസരത്തിൽ കണ്ണുകൾ മുറുകെ അടച്ചുപിടിച്ച് വായ അല്പം തുറന്ന് അച്ഛൻ മലർന്നുതന്നെ കിടക്കുന്നു. ഇരുകരങ്ങളും മടക്കി നെഞ്ചിൽ ചേർത്ത്.....
"അച്ഛനെന്തെങ്കിലും പറഞ്ഞുവോ...?"
പതിയെയാണ് ചോദിച്ചത്.. അല്പവിരാമത്തിനുശേഷം വീണ്ടും ചോദിച്ചു.. "അച്ഛന് ചൂടുവെള്ളമെടുക്കട്ടേ...?"
ഇടതുകൈമുദ്രയിൽ വേണ്ടെന്നു മനസ്സിലായി... വീണ്ടും നിശ്ശബ്ദത... ലാപ്ടോപ്പിൽ സ്ക്രീൻസേവറായി മകളുടെ പടം തെളിഞ്ഞു.
ലൈറ്റുകെടുത്തി മടിയിലേക്കു ലാപ്ടോപ്പ് എടുത്തുവച്ചു.. സ്ക്രീനിലെ മലയാളയക്ഷരങ്ങളെ ശ്രദ്ധാപൂർവ്വം ചേർത്തടുക്കി പദങ്ങൾ കോർക്കവേയാണ് വീണ്ടുമാ ശബ്ദമുയർന്നത്...
നീ എന്താണു ചെയ്യുന്നതു..?
എഴുതുകയാണെന്ന മറുപടി ഉൾക്കൊള്ളാൻ സമയമെടുത്തത് മൗനത്തിൽനിന്നു മനസ്സിലായി.. പേനയും കടലാസുമില്ലാത്ത പുതിയകാലത്തിലെ എഴുത്തുവിദ്യ മനസ്സിലാക്കാനുള്ള താമസമാകും.
"കഥയാണോ...?"
അല്ല ഒരു കവിതയാണ്...
" നിനക്കൊരു കഥയെഴുതരുതോ...?
ഇത്തവണ ആദ്യത്തെ ചോദ്യം ചുമരുകളിലേതോ ഒന്ന് ആവർത്തിച്ചതുപോലെയാണ് തോന്നിയത്..
അച്ഛന് കുറച്ചുനാളായി ചോദ്യങ്ങളാണുള്ളത്..എന്തും ചോദ്യരൂപത്തിലാണവതരിപ്പിക്കുക.. പലതിന്റെയും ഉത്തരത്തിനു കാക്കാറുമില്ല...
... ഇന്നു നാലാം ദിവസമാണ് പ്രായാധിക്യത്താലുള്ള അലോസരങ്ങളാലാണ് ഈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതു. കുടുംബഡോക്ടർ ഉള്ളതിനാലും പതിവുരോഗിയായതിനാലുമാണ് പകൽ മുഴുവൻ കാശിന് ഒരു ബൈസ്റ്റാൻഡറെ നിയമിച്ചത്. രാത്രിയിൽ അച്ഛനൊപ്പം മക്കളാരെങ്കിലുമാണ്. അമ്മയുടെ ദേഹവിയോഗത്തിനുശേഷം അച്ഛൻ ഇങ്ങനെയാണ് എല്ലാമാസവും അഞ്ചു ദിവസമെങ്കിലും ഈ ആശുപത്രിയിലാകും... മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് സിഗരറ്റും ബീഡിയും പുകച്ചുതള്ളുന്നതിന്റെ പാർശ്വഫലമാണീ ചുമയും കഫവും എന്നതിനപ്പുറം കാര്യമായി യാതൊരുവിധ അസുഖങ്ങളും അച്ഛനെ തീണ്ടിയിട്ടില്ല.....
കഥയെഴുതുകയോ...? ഒരു മറുചോദ്യമെറിഞ്ഞ് അച്ഛനിലേക്ക് കണ്ണെറിഞ്ഞെങ്കിലും മനസ്സ് മറ്റെവിടേക്കോ ഒഴുകിയിറങ്ങിപ്പോയി..
" എന്താ രവീ.. ഒരു കഥയെഴുതരുതോ.." ശരത്താണ് ആദ്യമായി അങ്ങനെ ചോദിച്ചത്.. "രവിയ്ക്ക് കഥയെഴുത്താവും നന്നായിണങ്ങുക ആ മനസ്സിലായിരം കഥയുണ്ടാകും അതല്ലേ ഇത്ര വാചാലമാകാനാകുന്നത്.." ബിന്ദുകൃഷ്ണനാണ് നിർബന്ധിച്ചിട്ടുള്ളത് പലപ്പോഴും.. ഏവരോടും ഒരു പുഞ്ചിരിയിലൂടെ മറുപടിപറഞ്ഞു. എന്നാലും പലപ്പോഴും രണ്ടു ചായഗ്ലാസ്സുകളുടെ നീരാവിയ്ക്കപ്പുറമിരുന്ന് ബിന്ദു ആ മഹാകാര്യം ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പത്തുവരിക്കവിതപോലെ അത്ര എളുതല്ല കഥ. ഒരു വിഷയം വേണം അതിനെ നിക്ഷേപിക്കാൻ ഗർഭപാത്രം പോലൊരു കാലം.. അതിനുവളരാനാവശ്യമായ തന്തുക്കൾ.. കൃത്യമായി പരിപാലനംപോലെ ശാഖോപശാഖകളെ കോർത്തും ചീകിയുമൊരു പരിസമാപ്തി.. അല്ലെങ്കിൽ പുതുതലമുറയിലെ രചനകൾപോലെ ആദിയുമന്ത്യവുമില്ലാതെ എവിടെയോ തുടങ്ങി ഭ്രൂണഹത്യപോലെ എങ്ങോ അവസാനിപ്പിക്കുന്നൊരു കഥനം... അത്രയുമേറെ ക്ഷമയും സമയവുമെവിടെ.. ഉണ്ടാകുമായിരിക്കും എന്നാലും അതിനൊരു ബീജാങ്കുരമെവിടെ....
"കഥയുണ്ട് നമുടെയൊക്കെ ജീവിതം കഥയാണ്.. നമ്മൾ നമ്മളല്ലാതെ നമ്മളിൽ നിന്നിറങ്ങിനിന്ന് നമ്മെത്തന്നെ നോക്കണം അപ്പോഴേ നമ്മുടെ കഥ കാണാനാകൂ..."
മനസ്സിന്റെ ഒഴുക്കിനെ തടഞ്ഞുനിർത്തി മനസ്സുവായിച്ചപോലെ അച്ഛൻ പതിയെ പറയുകയാണ്..
"എനിക്കും നിനക്കും മാത്രമല്ല നമുക്കുചുറ്റും കഥയുണ്ട് അല്ലെങ്കിൽ എല്ലാം കഥയാണ് ദൈവം ആർക്കോ പറഞ്ഞുകൊടുക്കുന്ന, കാട്ടിക്കൊടുക്കുന്ന കഥ.."
മനസ്സിലേക്കെവിടെനിന്നോ ഊർജ്ജപ്രവാഹം വന്നണയുന്നതുപോലെ തോന്നി. ലാപ്ടോപ്പ് മടക്കി കൈയെത്തി ലൈറ്റ് തെളിച്ചു. നാല്പതുവാട്ട് വെള്ളപ്രകാശം അച്ഛന്റെ കൃഷ്ണമണികളെ കുറുകിച്ചു. ലൈറ്റ് കെടുത്താൻ കൈയാലാജ്ഞാപിച്ചതനുസരിച്ചു.
" വെട്ടം ശബ്ദങ്ങളെ തടയുകയാണെപ്പോഴും അല്ലെങ്കിൽ ശബ്ദങ്ങൾക്ക് വെളിച്ചത്തെ ഭയമായിരിക്കും... പ്രകാശത്തെക്കാൾ പറയാനുള്ളത് ഇരുട്ടിനായിരിക്കും.. ശബ്ദത്തിനാണേറ്റവും ഭാരം പ്രകാശത്തെക്കാൾ"
ഒരാമുഖംപോലെ അച്ഛൻ പറഞ്ഞുനിറുത്തി. ശരിയാണ് പ്രകാശത്തിന്റെ തീഷ്ണജ്വാലയവസാനിച്ചിട്ടാണല്ലോ ഇടിമുഴക്കമണയുന്നത്.. ശരിയാണ് ശബ്ദത്തിനാകും കൂടുതൽ ഭാരം..!
നീണ്ട മൗനം ഭഞ്ജിക്കാൻ തോന്നിയില്ല... നെടുനേരം കഴിഞ്ഞു... ഇടയ്ക്കിടെ അടുത്തമുറിയിലെവിടെനിന്നോ നേർത്ത ഞരക്കവും മൂളലും പതിയേ കടന്നുവരുന്നു. നൈറ്റ് ഡ്യൂട്ടി നോക്കുന്ന ഏതോ മാലാഖയുടെ പാദസരം ഇടനാഴിയിലൂടെ ചിലച്ചുപോയി.. അടുത്ത മുറിയിൽനിന്നും തീരെ പരിക്ഷീണിതയായി "അയ്യപ്പസ്വാമീ..." എന്ന നാമം ഉയർന്നുതാഴ്ന്നു.. ഏതോ വൃദ്ധമാനസം തന്റെ ഇഷ്ടദേവനെ ഭജിച്ചുറങ്ങാൻ ശ്രമിക്കയാവും. ഒരു കഥാബീജം അച്ഛനിൽനിന്നടർന്നവീഴുവാൻ അതേറ്റുറപ്പിച്ച് കടഞ്ഞെടുക്കാൻ പാകമായ മനസ്സും കണ്ണും അരണ്ടവെട്ടത്തിൽ അച്ഛനുചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു.. നെഞ്ചിൽ പിണച്ചുവച്ച കൈകൾ വഴുതി ബെഡ്ഡിലേക്കൂർന്നുവീണിരിക്കുന്നു.. ഒരല്പവിരാമം തീർത്ത് അച്ഛനുറങ്ങുകയാണ്.
കണ്ണിണകളെ ആരോ തഴുകിയടച്ചപോലെ, സുബോധത്തെ പാടേ തള്ളിയകറ്റി നിദ്ര അധികാരം സ്ഥാപിക്കുന്നു.. കാലുകൾ ബെഡ്ഡിലേക്കെടുത്തുവച്ചു അച്ഛനെപ്പോലെ മലർന്നുകിടന്നു ഇരുകരങ്ങളും നെഞ്ചിലെടുത്തുവച്ചുകൊണ്ട്.
-ഇരുളിന്റെ കട്ടി പതിയെ കുറയുകയാണ്.. നേരിയപ്രകാശരശ്മികൾ ഒരു കടവിനെ കേന്ദ്രീകരിക്കുന്നു.. മഞ്ഞുമൂടിയൊരു പ്രഭാതത്തിലേക്ക് മനസ്സാണോ കാഴ്ചയാണോ സജ്ജമാക്കുന്നത്..!? കടവിന്നോരത്തുനിന്നും ഒരു ചെറിയ കുട്ടിയുടെ ദീനസ്വരത്തിൽനിന്നൊരു കഥാസാഗരമൊഴുകിവരുന്നു. ഒരു തറവാടിന്റെ, ഗ്രാമത്തിന്റെ, ആ ഗ്രാമത്തിലെ മൂന്നു തലമുറകളിലൂടെ അനുസ്യൂതമൊഴുകുന്നൊരു കഥ ഇതിഹാസസമാനമായി അർദ്ധവിരാമമില്ലാതെ, വ്യാസകണ്ഠത്തിൽനിന്നെന്നപോലെ ഒഴുകിയണഞ്ഞ് ഉപബോധമണ്ഡലത്തിലെ ചപ്പുചവറുകളെ ചിക്കിയകറ്റി പതിയേ ക്രമംചേരുന്നു... ഉപസംഹാരമവതരിപ്പിക്കാതെ ആ കഥനമെവിടെവച്ചോ പെട്ടെന്നവസാനിച്ചു....!-
നിശ്ശബ്ദതയ്ക്കു കനമേറിയപ്പോഴാണ് മൊബൈൽ അലറാം ചിലച്ച് ഞെട്ടിയുണർന്നത്.. അടുത്ത ഗുളിക നൽകേണ്ട സമയമായി.
ഗുളികയും വെള്ളവുമെടുത്ത് അടുത്തുചെന്നു.. പതിയെ തൊട്ടുവിളിച്ചു... ഒരുപ്രാവശ്യം.. ആകെയൊരു തണുപ്പ്.. അച്ഛന്റെ വലംകൈയിൽനിന്നാ തണുപ്പ് സ്വന്തം ശരീരത്തിലേക്കരിച്ചുകയറിയപോലെ മനസ്സൊരുനിമിഷം മരവിച്ചുനിന്നു.. പറഞ്ഞുതീരാതെ കഥയവസാനിപ്പിച്ച്, കൈകൾ നെഞ്ചിൽനിന്നൂർന്നുവീണ അവസ്ഥയിൽ തന്നെ അച്ഛൻ ശയിക്കയാണ്... ഇതുവരെ ഒരു സ്വപ്നത്തിലായിരുന്നെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല.. ഇതിഹാസംപോലൊരു കഥപറഞ്ഞ അതും സ്വന്തം നാടിന്റെ കഥപറഞ്ഞത് അച്ഛനായിരുന്നില്ലേ.. ? സ്വപ്നമായിരുന്നിട്ടുകൂടി എത്ര കണിശമായി സംഭവങ്ങളെ കോർത്തിണക്കിയിരിക്കുന്നു.. കണ്ട സ്വപ്നത്തെ വിശ്വസിക്കാനാകുന്നില്ല.. വലിയൊരു തിരശ്ശീലകെട്ടി മുന്നിലാടിയ കഥപോലെ കഥാപാത്രങ്ങളും കഥാമുഹൂർത്തങ്ങളും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു.. എന്നിട്ടും കിനാവിലെ കാഥികൻ ഒന്നുമറിയാതെ നിത്യശാന്തിയുടെ തീരത്ത് മയങ്ങുന്നു.. സത്യവും മിഥ്യയും വേർതിരിക്കാനാവാതൊരു മുഹൂർത്തം... ഇടനാഴിയിലൂടെ ചിലച്ചുപോയ പാദസരം പരിസരബോധത്തിലേക്ക് മനസ്സിനെ കൊണ്ടുവന്നു.. കൈവിരലുകൾ നെഴ്സസ് റൂമിലേക്കുള്ള കാളിംഗ്ബെൽ പരതി.. പിന്നെ കണ്ണുകളടച്ചിരുന്നു... കഥയവസാനിച്ച കളിയരങ്ങിനുമുന്നിലെന്നപോലെ..
(കഥ ഇവിടെ തുടങ്ങുകയാണ് ഒരു സ്വപ്നദർശനത്തിലൂടെ മനസ്സിലെത്തിയ അപൂർണ്ണമായൊരു കഥ- ഉപാസനയുടെ പരിസമാപ്തിയ്ക്കുമുമ്പെപ്പോഴെങ്കിലും ആ കഥ പറയാൻ ശ്രമിക്കാം. #ശ്രീ)
Comments