Autobiographical story Malayalam

  #പുസ്തകത്തടവറ

(ഒരു പുസ്തകത്തടവുകാരന്റെ ആത്മകഥാകഥനം)

ഒരു രഹസ്യം പറയട്ടെ തീവ്രരഹസ്യം.. ഭാര്യ പതിവായി പുസ്തകങ്ങൾ വാങ്ങിത്തരുന്നുണ്ട് ഓരോന്നും വായിച്ചുതീർന്നോ തീർന്നോന്ന് നോക്കിയിരിക്കും അവസാന അദ്ധ്യായം അവസാനിക്കുംമുമ്പ് അടുത്ത പുസ്തകം വാങ്ങിത്തരും...
എന്താ സ്നേഹം അല്ലേ... വിഷയം ഇതൊന്നുമല്ല.. ഓഫീസ് വിട്ടുവന്നാൽ അത്യാവശ്യം പണിതീർത്ത് മൊബൈലുനോട്ടവും കഴിഞ്ഞ് പതിയെ പുറത്തേക്കിറങ്ങും.. ഒരു ചെറിയ ചുറ്റിയടികഴിഞ്ഞ് റസിഡൻസ് അസോസിയേഷൻ ലൈബ്രറിയിൽ പോയിരുന്നു വെടിവട്ടവും വായനയും കഴിഞ്ഞ് പത്തുമണിക്ക് വീട്ടിലേക്ക്... ഇതിനിടയിൽ മിനിമം അഞ്ചുപ്രാവശ്യമെങ്കിലും അവളൊന്ന് മിസ്സടിക്കും വീട്ടിൽ വരാനുള്ള സൈറൺമാത്രമൊന്നുമല്ല.. ഇതിനിടയിൽ ആരുമായെങ്കിലും ഞാൻ കത്തിവയ്ക്കുന്നുണ്ടോ എന്നറിയാനൊരു സദുദ്ദേശവുമുണ്ട്.. പോരാത്തതിന് ഓൺലൈനിലാണോ എന്നൊരു വാച്ചിംഗും ഉണ്ട്. അത് വേറേതെങ്കിലും "ഓൺ-ലൈൻ" ആണോന്നറിയാനാ.. പാവം പെണ്ണുങ്ങൾക്കെന്തെല്ലാം കഷ്ടപ്പാടുകൾ... ഇങ്ങനെയിരിക്കെ ഒരീസം ചതുരക്കട്ട എടുക്കാതെയാണ് പുറത്തുപോയത്.. ഭാര്യ പതിവുപോലെ മിസ്സടിതുടങ്ങി. അപ്രതീക്ഷിതമായി എന്റെ ചതുരക്കട്ട മേശമേലിരുന്ന് പാടുന്നത്  ഒരു ഞെട്ടലോടെയാണ് അവൾ കണ്ടത്... ഏറെനേരം അവൾ  ചിന്താവിഷ്ടയായ ശാന്തയാവാനിരുന്നു.. എത്ര ശ്രമിച്ചിട്ടും ശാന്തയാവാനാകാതെ പതിയെ അവളും ലൈബ്രറിഹാളിലെത്തി.. ഒരുകൂട്ടം തരുണീമണികളുംകൂടിയുള്ള ചർച്ചാവേദിയാണീ ലൈബ്രറിയെന്ന് ഞെട്ടലോടെയാണ് എന്റെ "കണവ"  അന്ന് മനസ്സിലാക്കിയത്... 
പിന്നങ്ങോട്ട് പൊത്തോംവാങ്ങൽ പതിവായി ഇപ്പോൾ ഏതു പുസ്തകം വേണോന്നരുളിയാൽ മതി പിറ്റേന്ന് റെഡി...
കീശ കാലിയായാലും വേണ്ടില്ല ചേട്ടൻ വീട്ടിലിരുന്ന് വായിച്ചാൽ മതീന്നാ "സഹധരമണി"യുടെ ഭാഷ്യം...
ഇനി  എല്ലാ പൊത്തകകമ്പനികളോടും ഒരു ശുപാർശ... നിങ്ങൾ പുസ്തകവില്പനയ്ക്കായി ഭർതൃമതികളെ സമീപിപ്പിൻ എന്തെന്നാൽ നിങ്ങൾ വിജയിക്കുകതന്നെചെയ്യും കാരണം അവരുടെ സംശയമനസ്സുകളുടെ അടിത്തറകൾ പൂഴിമണ്ണിലല്ല... പാറപ്പുറത്തുതന്നെയാണ് പണിഞ്ഞിരിക്കുന്നത്.....
(ചിത്രം വായനയ്ക്കെത്തിച്ച പുതിയ പുസ്തകങ്ങൾ).
#ശ്രീ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്