Poem MALAYALAM
കല്പിതം
കുളിരേറ്റടിമുടി തണ്ടുലഞ്ഞ പൂവിൻ
തളിരുടൽ പുല്കിയുണർത്തികാറ്റ്,
ഒരുമൂടൽ മഞ്ഞുവന്നിരുളുനൽകീ
കാറ്റിന്നധരമാ പൂവിൽ കരൾ കവർന്നു.
വെയിലേറ്റുവാടിക്കൊഴിഞ്ഞപൂവിൻമന-
മരുമയായ് തേടിയാപ്രിയ ദേവനെ
ഒരുനേരം പോലുമാ മാരുതനെത്തിയി
ല്ലടിയിൽ പൊഴിഞ്ഞ പൂങ്കനവുതേടി.
മഴയേറ്റുലഞ്ഞലിഞ്ഞീമണ്ണിലിന്നവൾ
ചെറുപ്രാണിതൻ ഭോജ്യമായിടവെ
നറുസുമം തേടിയാകരിവണ്ടിനൊപ്പമിന്ന-
വനെത്തിയധരത്താലമൃതുണ്ണുവോൻ
ഉലകിതിൽ സൗഭഗം നശ്വരമെന്നുള്ളൊ-
രറിവുപകർന്നിടും കാഴ്ചയേകാൻ.
ജഗദീശ്വരൻ ചമയ്ക്കും വർണ്ണമീവിധ-
മനവദ്യമല്ലോ നാം കണ്ടിരിപ്പൂ.
ശ്രീ.
Comments