Article അരകല്ല്

....അരകല്ലും ചില്ലറ ചിന്തകളും....
°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°

നാട്ടിലെത്തിയാൽ മകളുടെ  സന്തോഷങ്ങൾ ഇതൊക്കെയാണ്..
മിക്സി പ്രൌഡിയോടെ വന്നെങ്കിലും തീരെ ഒഴിവാക്കാതെ അരകല്ലിന് ഇപ്പോഴും മുഖ്യസ്ഥാനം തന്നെയുണ്ട്... കിണറ്റുവക്കിലെ തൊട്ടിയും കയറും ...
ഉരക്കളത്തിലെ ഉരൽ..  വിറകടുപ്പ്.. എല്ലാം കാലങ്ങളായി അവർക്കനുവദിച്ച ഇടങ്ങളിൽതന്നെയുണ്ട്.. ഒരുനായ, 
ഒരാൾ വന്നുകയറി ഒരുകുടുംബമായി പരിണമിക്കുന്ന  പൂച്ചകൾ, 
പൗരമുഖ്യനായി അങ്കവാലും തലയെടുപ്പുമുള്ള, പ്രഭാതം വിളിച്ചോതുന്ന ഒരു പൂവനടങ്ങുന്ന കുറച്ചുകോഴികൾ..
മുൻവാതിലിന് സമീപം ചെറിയകൂട്ടിൽ സദാ ചിലയ്ക്കുന്നൊരു തത്ത...
തൊഴുത്തിൽ അകിടുനിറഞ്ഞുതൂങ്ങിയൊരു അമ്മപ്പശുവും കുറുമ്പനായൊരു കിടാവും...
ഇതെല്ലാം  മലയാളികളുടെ വീട് എന്ന സമ്പ്രദായത്തിന്റെ ഒഴിവാക്കാനാകാത്ത സംഗതികളായിരുന്നു...  ഇന്നലെകളുടെ നന്മകളായിരുന്നവ.
മനുഷ്യൻ അണുകുടുംബമായി പരിണമിച്ചതിനോടൊപ്പം അവന്റെ ചുറ്റുപാടുകളും സമൂലപരിവർത്തനം ചെയ്യപ്പെട്ടു...
വീടിനുചുറ്റും കാവലായി മറ്റുള്ളവരെ പാലനംചെയ്ത് ഓടിനടന്ന നായ് പരിപാലനം ഏറെ ആവശ്യമായ പട്ടുമെത്തയിലെ അലങ്കാരജീവിയായിമാറി...
പൂച്ചകൾ ആളൊഴിഞ്ഞ പ്രദേശങ്ങളിലേക്ക് കുടിയൊഴിക്കപ്പെട്ടു...
കമ്പിവലക്കൂട്ടിനുള്ളിലെ പൂവനും പിടയുമല്ലാത്ത ബ്രോയിലർ കോഴികൾ മാംസം  ഉല്പാദിപ്പിക്കുന്നവ മാത്രമായി..
ചെറുകൂട്ടിലെ തത്തകൾ വംശമറ്റു പകരം "സ്നേഹപ്പക്ഷികൾ"  അരങ്ങുകൈയേറി..
പൂവാലിയുടെ നറുംപാലിന് പകരം പാസ്ചറൈസ്ഡ് കവർപാൽ ഗേറ്റിൽ വന്നുവിളിച്ചു... 
കൂത്താടിനടന്ന പൈക്കിടാവ് പുതിയതലമുറയിലെ കുട്ടികളെപ്പോലെ കൂട്ടിലടയ്ക്കപ്പെട്ടു...
അന്യം നിന്നുപോയ ഒരുപിടി നന്മയുടെ ഓർമ്മകൾ താലോലിക്കുന്ന നമ്മുടെ തലമുറകൂടി മൺമറഞ്ഞാൽ ആ ഓർമ്മകളും അന്യമാകുന്നു....

#അനുബന്ധമായി- ധാന്യങ്ങളും കിഴങ്ങുവർഗങ്ങളും മറ്റും പൊടിച്ചും ചതച്ചും അരച്ചു കുഴമ്പാക്കിയും ഉപയോഗിക്കുന്ന രീതി കാർഷിക പരിഷ്കാരത്തിന്റെ ഫലമായി മനുഷ്യൻ ആവിഷ്കരിച്ചു. അരകല്ലും കുഴവിയും അതിപ്രാചീനകാലം മുതൽ ജനങ്ങൾ ഉപയോഗിച്ചുവരുന്നതാണ്. പഴയ ലിബിയയിൽ നിന്നും ഗവേഷണാനന്തരം അരകല്ലുകൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. മിക്സിയുടെ പ്രചാരത്തോടെ പ്രാധാന്യം കുറഞ്ഞെങ്കിലും മിക്ക വീടുകളിലും ഇപ്പോഴും അരകല്ല് ഉണ്ടാകാറുണ്ട്.

#വാൽ- അമ്മിക്കല്ലുപോലെ ഹൃദയം അചഞ്ചലമായിരിക്കണമെന്ന സങ്കല്പത്തിൽ വരൻ വധുവിന്റെ വലതുകാൽ പിടിച്ച് അമ്മിമേൽ ചവിട്ടിക്കുന്ന ഒരു കർമം വിവാഹത്തോടനുബന്ധിച്ചു ബ്രാഹ്മണർ അനുഷ്ഠിക്കാറുണ്ട്. ഇതിന് 'അമ്മിചവിട്ടുക' എന്നാണ് പറയുക.
(ക്ഷമിക്കുക ഓർമ്മകൾ സങ്കടമാകുന്നതിൽനിന്നും വീണ്ടുമൊരു ക്ലീഷേ) ശ്രീ...

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്